നുബുവ്വത്തിന്റെ  അത്ഭുത സാക്ഷ്യങ്ങള്‍, വായിച്ചിരിക്കേണ്ട കൃതി

കഅ്ബയുടെ ചാരെ നബി (സ) സുജൂദിലാണ്, ഒരു വലിയ പാറക്കല്ലുമായി ശത്രുവായ അബുൽ ഹകം അടുക്കുന്നു, പെട്ടെന്ന് തന്നെ പിന്തിരിഞ്ഞോടുന്നു. മുഹമ്മദിന്റെ അടുത്ത് ഭീമാകാരനായ ഒരൊട്ടകത്തെ കണ്ട് പേടിച്ചെന്ന് ശത്രു. അത് ജിബ്‌രീൽ ആയിരുന്നെന്ന് പുണ്യ നബി പിന്നീട് സാക്ഷ്യപ്പെടുത്തുന്നു. നാല് ഹദീസ്-ചരിത്ര ഗ്രന്ഥങ്ങൾ അവലംബമായി നൽകിയ അപൂർവ്വമായ അമാനുഷികത ഇങ്ങനെ വായിക്കാം.

പ്രവാചക ചരിത്ര പഠനം വിശ്വാസത്തിന്റെയും മുഅ്ജിസത്തുകൾ  പ്രവാചക ജീവിതത്തിന്റെയും ഭാഗമാണല്ലോ. വിശുദ്ധ ഖുർആൻ തന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം. പക്ഷേ അത് ബൗദ്ധികമാണ്. സംഭവബഹുലമായ പ്രബോധന കാലഘട്ടത്തിൽ പ്രവാചകത്വത്തിന് സാക്ഷ്യം വഹിക്കുന്ന അനവധി അത്ഭുതങ്ങൾ പ്രകടമായിട്ടുണ്ട്. അത്ഭുതം കാണിക്കാൻ വേണ്ടി അൽഭുതം കാണിക്കുകയായിരുന്നില്ല നബി(സ്വ) ചെയ്തത്. അത് അമ്പിയാക്കളുടെ സ്വഭാവമോ രീതിയോ ആയിരുന്നില്ല താനും. പ്രവാചക ജീവിതത്തിലെ അത്തരം അല്‍ഭുത സംഭവങ്ങളെ അവലംബ സഹിതം കോര്‍ത്തിണക്കുന്ന കൃതിയാണ്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറിയുടെ നബുവ്വതിന്റെ അല്‍ഭുത സാക്ഷ്യങ്ങള്‍. സ്വഹാബത്തിന്റെ ദൃഷ്ടി സാക്ഷ്യം വഹിച്ച, നമ്മളിലേക്ക് അപൂർവമായി എത്തിയ  പല ഗ്രന്ഥങ്ങളിൽ പരന്നുകിടക്കുന്ന അമാനുഷിക സംഭവങ്ങൾ ഈ ഗ്രന്ഥം അവലംബം സഹിതം മനോഹരമായി കോർത്തെടുക്കുന്നു.

നബി(സ്വ)യുടെ ജീവിതത്തിലെ തീർത്തും വിസ്മയാജനകമായ, കൂടുതൽ വിഷയീഭവിക്കാത്ത ചില ചരിത്ര കഥകളാണ് ഗ്രന്ഥകാരന്‍ ഇതില്‍ എടുത്തുദ്ധരിക്കുന്നത്. ഇരുളടഞ്ഞ കാമകേളികളാൽ കറുത്തിരുണ്ട കാലഘട്ടത്തിൽ ഈമാനിക പ്രകാശം വിതറിയ 28 ചരിത്ര സംഭവങ്ങൾ ഈ ഗ്രന്ഥരചയിതാവിന്റെ ആഴമുള്ള ഗവേഷണം വരച്ചിടുന്നു. ഓരോ അധ്യായത്തിലും പ്രവാചകരുടെ അതുല്യമായ വ്യക്തിപ്രഭാവത്തെ ശത്രു മിത്ര ഭേദമന്യേ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. താളുകൾ ഓരോന്നായി മുന്നോട്ടു മറിയുമ്പോഴും പ്രവാചകരുടെ അമാനുഷികത കൂടുതൽ കൂടുതൽ വ്യക്തമാകുന്നു, അവിടത്തോടുള്ള ഇഷ്ടം പതിന്മടങ്ങ് വർദ്ധിക്കുന്നു. ഓരോ അധ്യായത്തിന്റെ തലക്കെട്ടും ആകർഷകമാണ്. സുജൂദ് ചെയ്യുന്ന ഒട്ടകം എന്ന അധ്യായത്തിൽ സഹാബത്ത് പറയുന്നത് ഇങ്ങനെയാണ് ഉദ്ദരിക്കുന്നത്,  ബുദ്ധിയില്ലാത്ത മൃഗങ്ങൾ താങ്കൾക്ക് സുജൂദ് ചെയ്യുന്നു, ബുദ്ധിയുള്ള ഞങ്ങൾ താങ്കൾക്ക് സുജൂദ് ചെയ്യേണ്ടയോ? ഇത് കേട്ട പ്രവാചകരുടെ പ്രതികരണം അതിലേറെ ചിന്തിപ്പിക്കുന്നതാണ്, ആരോടെങ്കിലും മറ്റൊരാൾക്ക് സുജൂദ് ചെയ്യാന്‍ കല്പിക്കുമായിരുന്നുവെങ്കിൽ ഭർത്താവിന് മുമ്പിൽ ഭാര്യ സുജൂദ് ചെയ്യണമെന്ന് ഞാൻ നിങ്ങളോട് കല്പിക്കുമായിരുന്നു എന്നായിരുന്നു അത്.

ചരൽക്കല്ലുകൾ, സസ്യലതാദികൾ, നാൽക്കാലികൾ, മൃഗങ്ങൾ തുടങ്ങി ചേതനവും അചേതനവുമായതെന്തും തിരുനബിയെ  സ്നേഹിച്ചിരുന്നു എന്നതിലെ യുക്തി വായനക്കാരനെ ബോധിപ്പിക്കാന്‍ ഈ കൃതിക്ക് സാധിച്ചിട്ടുണ്ട്. ശത്രുക്കളെ വാളു കൊണ്ടല്ല മറിച്ച് മയമുള്ള സംസാരം കൊണ്ട് കീഴടക്കണമെന്നും പ്രവാചകരെ വധിക്കാൻ നടന്നവരെല്ലാം പിന്നീട് അവിടത്തോട് ചേർന്നുനിന്ന് ജീവിച്ചുതീർക്കുകയാണ് ചെയ്തതെന്നും ഈ പുസ്തകം പറയാതെ പറയുന്നുണ്ട്. പ്രവാചക സ്നേഹത്തിന്റെ ആഴവും പരപ്പും വരികളിൽ പടർത്തി ചരിത്ര വായനയോട് ഇണങ്ങുന്ന അവതരണ ശൈലിയിൽ വിരചിതമായ ഈ കൃതി തീർത്തും വായനായോഗ്യം തന്നെ. 

പട്ടിക്കാട് ജാമിഅ നൂരിയ്യാ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നൂറുൽ ഉലമയുടെ പബ്ലിഷിങ്ങ് ബ്യൂറോയാണ് പ്രസാധകര്‍. 95 പേജുള്ള ഈ കൃതിക്ക് 100 രൂപയാണ് മുഖവില.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter