പ്രീമിയർ ലീഗും ഇഫ്താർ ബ്രേക്കും; ഉൾകൊള്ളലിന്റെ മനോഹര ചിത്രങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വാശിയേറയുള്ള പോരാട്ടങ്ങൾക്കിനി ഉൾകൊള്ളലിന്റെ മനോഹാരിത കൂടിയുണ്ടാവും. റമദാനിൽ നോമ്പ് തുറക്കാൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഇടവേള നൽകണമെന്ന നിർദ്ദേശം റഫറി മാർക്ക് നൽകപ്പെട്ടത് ഇതാണ് സൂചിപ്പിക്കുന്നത്.

മുസ്‍ലിം വിശ്വാസം അനുവർത്തിക്കുന്ന ഒട്ടേറെ താരങ്ങളുണ്ടെന്നതിലുപരി പല അർത്ഥതലങ്ങളിലും ഈ നീക്കത്തെ വായിച്ചെടുക്കാം. ഇസ്‌ലാം ഭീതിയുടെ കാലത്തെ ഉൾകൊള്ളലിന്റെ ചിത്രങ്ങൾക്ക് മനോഹാരിത ഏറെയാണ്. ചരിത്രത്തിലാദ്യമായി ഇഗ്ലീഷ് ലീഗിൽ ഇഫ്താർ ഇടവേള നൽകപ്പെട്ടത് കഴിഞ്ഞ വർഷത്തെ ലെസ്റ്റർ സിറ്റി - ക്രിസ്റ്റൽ പാലസ് മത്സരത്തിലായിരുന്നു. ലെസ്റ്ററിന്റെ വെസ്ലി ഫൊഫാനക്കായിരുന്നു അന്ന് ആ ചരിത്ര നിയോഗം. അതിന്ന് മുമ്പ് ജർമൻ ബുണ്ടസ്ലിഗയിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.

മുസ്‍ലിം സമൂഹത്തിനെതിരായ നിരന്തര വെറുപ്പുൽപാദനത്തിനിടയിലും ഇത്തരം നല്ല നീക്കങ്ങള്‍ എങ്ങനെ സാധ്യമായി എന്നതിന്റെ ഉത്തരമാണ് മുസ്‍ലിം താരങ്ങളുടെ സാമൂഹിക സ്വാധീനം. പ്രായോഗിക മതമെന്ന നിലക്ക് ഇസ്‍ലാമിന്റെ വിശാല കാഴ്ചപ്പാടുകളുടെ നേർസാക്ഷ്യമാണ് മുസ്‍ലിം താരങ്ങളുടെ ഇസ്‍ലാം അനുവർത്തനങ്ങൾ. കാൽപന്തുകളിയുടെ സാമൂഹിക ഇടങ്ങളിൽ ചെറുതല്ലാത്ത മാറ്റങ്ങളാണ് മുസ്‍ലിം താരങ്ങൾ സാധ്യമാക്കിയിരിക്കുന്നത്. പ്രഫഷണൽ ഫുട്ബോളിന്റെ തിരക്കിനിടയിലും മതവിശ്വാസങ്ങൾ അനുവർത്തിക്കുന്ന താരങ്ങൾ എന്നും പ്രചോദനമാണ്.

പ്രധാനമായും നാല് വിഷയങ്ങളിലാണ് കളിക്കളത്തിൽ അവർ വെല്ലുവിളികൾ നേരിടുന്നത്. ദിവസേന അഞ്ച് നേരമുള്ള നിസ്കാരങ്ങളാണ് അതിൽ ഏറ്റവും പ്രധാനം. സാധാരണയായി നിസ്കാര സമയങ്ങളിലാണ് പല മത്സരങ്ങളും നടക്കാറ്. നിസ്കാര വിഷയങ്ങൾ ചർച്ചക്കെടുക്കുമ്പോൾ മറക്കാനാവാത്തതാണ് വർഷങ്ങൾക്ക് മുമ്പ് ഒരു ഇഗ്ലീഷ് ക്ലബിൽ ഒരു കൂട്ടം മുസ്‍ലിം താരങ്ങൾ കൊണ്ടുവന്ന മാറ്റങ്ങൾ.

പ്രമുഖ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റടിന്റെ ലൈനപ്പിൽ 2012 സീസണിൽ നാല്‌ മുസ്‍ലിം താരങ്ങളായിരുന്നു സ്ഥിരമായി ഇടം നേടിയിരുന്നത്. ഡെമ്പ ബാ, പാപിസ് സിസ്സെ, ഹാതിം ബിൻ അറഫ, ചെയ്ക് തിയോതെ എന്നിവരാരിരുന്നു അവര്‍. ടീം അംഗങ്ങളുടെ വിശ്വാസ കാര്യങ്ങൾ ഏറെ പ്രധാനമാണെന്ന് മനസ്സിലാക്കിയ പരിശീലകൻ അലൻ പാർഡ്യൂ അവരുടെ ആവശ്യ പ്രകാരം സെന്റ് ജെയിംസ് പാർക്കിൽ ഒരു മൾട്ടി ഫെയ്ത്ത് പ്രയർ റൂം തന്നെ സജ്ജമാക്കുകയാണുണ്ടായത്. സംസ്കാരിക വൈജാത്യങ്ങളെ ഉൾകൊള്ളാൻ പ്രാപ്തമാക്കുന്നതാണ് ഒരു മുസ്‍ലിമിന്റെ വിശ്വാസ വിജയം. 2014-15 സീസണിൽ പ്രമുഖ  ജംഗ്ലീഷ് പത്രമായ ദി ഗാർഡിയൻ ഇരുപത് ഇംഗ്ലീഷ് ടീമുകൾക്കുമിടയിൽ ഒരു സർവേ നടത്തിയത് ഏറെ വാർത്തയായിരുന്നു. തങ്ങളുടെ ക്ലബിൽ പ്രാർത്ഥനാ മുറികളുണ്ടോ എന്നായിരുന്നു അവയിലെ ഒരു ചോദ്യം. ഉണ്ടെന്നും ഉണ്ടാക്കാൻ പദ്ധതിയുണ്ടെന്നുമുള്ള മറുപടികളായിരുന്നു കൂടുതലും ലഭിച്ചത്. മതാനുവർത്തനത്തിന്റെ പേരിൽ ഭീകരവാദിയായി ചിത്രീകരിക്കപ്പെട്ടിരുന്ന ഇംഗ്ലീഷ് കളിക്കളങ്ങളിലെ ഈ മാറ്റം പ്രത്യാശ പകരുന്നത് തന്നെയാണ്.

റമളാൻ വ്രതാനുഷ്ഠാനമാണ് വെല്ലുവിളി ഉയർത്തുന്ന മറ്റൊരു പ്രധാന ഘടകം. ചിലരെങ്കിലും ഇതിനെ പർവതീകരിച്ചു കാണുന്നു എന്നതാണ് വസ്തുത. ശാരീരിക ക്ഷമത ഏറെ ആവശ്യമാകുന്ന കായിക ഇനമെന്ന നിലക്കാവാം ഇത്തരം കാഴ്ചപ്പാടുകൾ. എന്നാൽ വ്രതാനുഷ്ഠാനം നൽകുന്ന മാനസിക കരുത്തിനെ കുറിച്ചാണ് അനുഭവിച്ചറിഞ്ഞ താരങ്ങൾക്ക് പറയാനുള്ളത്. തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളെല്ലാം നോമ്പുകാരനായിരിക്കെ ആയിരുന്നുവെന്നാണ് മുൻ ഈജിപ്ത് താരം അബ്ദുൽ സാഹിർ അൽ സഖയുടെ സാക്ഷ്യം.

2018 ലോകകപ്പിൽ ഉറുഗ്വേയുമായുള്ള മത്സരത്തിന് ഈജീപ്ത് ടീം എത്തിയത് മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമായിരുന്നു. ജീവിത മാതൃകകളാണ് മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതെന്നതിന്റെ നേർസാക്ഷ്യങ്ങളാണ് ഇത്തരം അനുഭവങ്ങൾ.

കിറ്റ് സ്പോൻസർഷിപ്പുകളിലും ഇന്ന് പല നീക്കുപോക്കുകൾക്കും ടീമുകളും ഉടമകളും തയ്യാറാവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കളിക്കളങ്ങളിൽ എന്നും കറുത്ത അധ്യായങ്ങളാണ് വംശീയ അധിക്ഷേപങ്ങൾ. മുസ്‌ലിം താരങ്ങളും ഇതിന് ഇരയാവുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. എങ്കിലും, ഇവിടെയെല്ലാം ഇപ്പോള്‍ ഏറെ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. സ്റ്റാൻഫോഡ് സർവകലാശാലയുടെ പഠനപ്രകാരം മുഹമ്മദ് സലാഹ് ലിവർപൂളിനായി സൈൻ ചെയ്തതു മുതൽ മേഴ്സിസൈഡ് പ്രവിശ്യയിൽ ഇസ്‍ലാം ഭീതിക്ക് ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. താരത്തിന്റെ ഇടപെടലുകളും സാമൂഹ്യമാധ്യമ പോസ്റ്റുകളും ഇതിന് കാരണമായതായി പഠനം പറയുന്നുണ്ട്. ഫിഫയുടെ വീഡിയോ ഗെയിമിൽ സലാഹിന്റെ സുജൂദ് ചെയ്തുള്ള ഗോളാഘോഷം ഇടം പിടിക്കുന്നത് വരെയെത്തി കാര്യങ്ങൾ. ഇസ്‍ലാമിലെ അനുഷ്ഠാനങ്ങളെ പലരും അടുത്തറിയുകയായിരുന്നു ഇതിലൂടെ.

വ്യക്തി പ്രഭാവത്തിലൂടെ വെറുപ്പിനെ ഇല്ലായ്മ ചെയ്യാമെന്നതിന്റ ഉദാഹരണങ്ങളാണിതെല്ലാം. തങ്ങളുടെ പരമ്പരാഗത ബീർ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സാദിയോ മാനെക്കും നുസൈർ മസ്റാവിക്കും ബയേൺ അധികൃതർ അനുവാദം നൽകിയത് ഈയിടെയായിരുന്നു. പാരാ സോഷ്യൽ കോണ്ടാക്റ്റ് ഹൈപോതിസീസെന്ന സാമൂഹ്യ ശാസ്ത്ര തത്വമനുസരിച്ച് കാംബ്രിഡ്ജ് സർവകലാശാലയുടെ സലാഹിനെ കുറിച്ചുള്ള പഠനം കണ്ടെത്തിയത് ഏറെ ആശ്വാസകരമായ വസ്തുതകളായിരുന്നു. സലാഹിന്റെ വ്യക്തി പ്രഭാവം മുൻധാരണകളെ ഇല്ലാതാക്കുന്നതാണെന്നായിരുന്നു അവർ എത്തിച്ചേർന്ന നിഗമനം. ലീഡ്‌സ് സർവകലാശാലയിലെ ബെൻ ബേഡ് എന്ന ഗവേഷക വിദ്യാർഥി ഇസ്‍ലാം സ്വീകരിച്ചതും ഇതേ പഠനത്തിലായിരുന്നു. ഈയിടെയാണ് ചെൽസി തങ്ങളുടെ ഹോം ഗ്രൗണ്ടായ സ്റ്റാം ഫോഡ് ബ്രിഡ്ജിൽ സമൂഹ നോമ്പുതുറ ഒരുക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

വെറുപ്പിന്റെ നിർമ്മാണ ശാലയായ യൂറോപിലും സാംസ്കാരിക വൈജാത്യങ്ങളെ ഉൾകൊള്ളുന്നവരുണ്ടെന്നത് ഏറെ ആശ്വാസകരമാണ്. ഇസ്‍ലാമോഫോബിയ എന്ന മാരക വ്യാധി അരങ്ങു തകർക്കുമ്പോഴും ഇത്തരം ഉൾകൊള്ളലിന്റെ ചിത്രങ്ങൾ നാം കാണാതിരുന്നു കൂടാ.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter