ഖുർആനും ഗണിതശാസ്ത്രവും: അദ്ധ്യായ ക്രമീകരണത്തിലെ  സംഖ്യാത്ഭുതങ്ങൾ

ഇസ്‌ലാമികാശയാദർശങ്ങളുടെ പ്രചാരകരാവാനും മനുഷ്യ സമൂഹത്തെ പ്രബുദ്ധതയിലേക്ക് നയിക്കാനുമാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. ഏകനായ സ്രഷ്ടാവിലേക്ക് മാത്രമായിരിക്കണം കൈകളുയരേണ്ടതെന്ന ആശയം പ്രചരിപ്പിച്ച അവരെ സമുദായം എതിർക്കുകയും കളവാക്കുകയും ചെയ്യുമ്പോഴാണ് അല്ലാഹു അവരെ മുഅ്ജിസത് നൽകി സഹായിക്കുന്നത്.  ആ കാലഘട്ടത്തിലെ അഗ്രഗണ്യരായ വിദ്വാന്മാരെ വരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഈ മുഅ്ജിസത്തുകൾ. 

വൈദ്യശാസ്ത്രം അതിന്റെ അത്യുന്നതിയിൽ എത്തിയിരുന്ന സമയത്തായിരുന്നു അതിനേയും കവച്ചു വെച്ചു മരിച്ചവരെ ജീവിപ്പിക്കാനും അന്ധർക്ക് കാഴ്ചശക്തി നൽകാനുമുള്ള അമാനുഷിക സിദ്ധി അല്ലാഹു ഈസ നബി (അ) ന് നൽകിയത്. അതുപോലെത്തെന്നെ മാരണ വിദ്യയിൽ പ്രഗത്ഭരായിരുന്ന മൂസാ നബിയുടെ സമുദായം അദ്ദേഹത്തിന്റെ മുഅ്ജിസത്തുകൾക്ക് മുന്നിൽ മുട്ടുമടക്കി കീഴടങ്ങി. ഇപ്രകാരം  ഓരോ സമുദായത്തിലേയും മികച്ചുനിൽക്കുന്ന വിജ്ഞാനശാഖയോട് ഏറ്റുമുട്ടുന്നതായിരുന്നു ഓരോ മുഅ്ജിസത്തുകളും എന്നര്‍ത്ഥം. 

അപ്രകാരം തന്നെയായിരുന്നു നബി (സ്വ) തങ്ങളുടെ ഏറ്റവും വലിയ മുഅ്ജിസത് ആയി കണക്കാക്കപ്പെടുന്ന ഖുർആൻ. സാഹിത്യകുലപതികളായ ആറാം നൂറ്റാണ്ടിലെ അറബി സമൂഹം അതിന്റെ വശ്യതക്ക് മുന്നിൽ അന്ധാളിച്ചു നിന്നു. എന്നാൽ നബി (സ) അന്ത്യദൂതരായതിനാൽ ഈ ഖുർആൻ കാലാതിവർത്തിയായി നിലനിൽക്കേണ്ടതുണ്ട്.  ഖുർആൻ ആറാം നൂറ്റാണ്ട് മുതൽ ഇരുപത്തി ഒന്നാം നൂറ്റാണ്ട് വരെയുള്ളവർക്കും ഇനി വരാനിരിക്കുന്നവർക്കും മുന്നിൽ തകർക്കാൻ കഴിയാത്ത കാലത്തിനൊത്തുയരുന്ന വെല്ലുവിളിയാകണം.

ഡിജിറ്റൽ അൽഗോരിതം അഭിവാജ്യഘടകമായി മാറിയ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സംഖ്യാത്ഭുതങ്ങളുടെ കൂ‌ടി മഹാ സാഗരം തീർക്കുകയാണ് ആറാം നൂറ്റാണ്ടിൽ ഇറക്കപ്പെട്ട ഈ ദൈവിക ഗ്രന്ഥം. ആകസ്മികമായി സംഭവിച്ചതാണ് എന്ന്  സ്ഥാപിച്ചെടുക്കാൻ സാധിക്കാത്ത രീതിയിലാണ് ഇതിലെ സംഖ്യാല്‍ഭുതങ്ങളും അവ ഉള്‍ക്കൊള്ളുന്ന ഖുർആനികാദ്ധ്യായങ്ങുളുടെ ക്രമീകരണവും അതിന്റെ സൂക്തങ്ങളും. ഖുർആനിലെ ഏതെങ്കിലുമൊരു അദ്ധ്യായത്തിന്റെ ക്രമീകരണത്തിലോ അതിന്റെ സുക്തങ്ങളുടെ എണ്ണത്തിലോ വ്യത്യാസം വന്നാൽ ഈ സംഖ്യാത്ഭുതങ്ങൾ ഇല്ലാതാവുമെന്നതും അതിന് ശക്തി പകരുന്നു.

ആദ്യമായി, ഖുർആനിലെ അദ്ധ്യായങ്ങളെ നമുക്ക് രണ്ട് വിഭാഗമാക്കിത്തിരിക്കാം. "മുതജാനിസ് " അഥവാ ആ അധ്യായത്തിന്റെ ക്രമ നമ്പറും അതിലെ സൂക്തങ്ങളുടെ എണ്ണവും ഒറ്റയോ അല്ലെങ്കിൽ ഇരട്ടയോ ആയത്. ഉദാഹരണത്തിന് ഒന്നാം അദ്ധ്യായമായ "സൂറത്തുൽ ഫാതിഹ". അതിൽ 7 സുക്തങ്ങളുണ്ട്. ഇവ രണ്ടും ഒറ്റയായതിനാൽ ഈ അദ്ധ്യായം "മുതജാനിസ്" വിഭാഗത്തിൽ പെടും. അതുപോലെതന്നെ മറ്റൊരുദാഹരണമാണ് രണ്ടാം അദ്ധ്യായമായ "സൂറതുൽ ബഖറ". ഈ അധ്യായത്തിൽ 286 സൂക്തങ്ങളുണ്ട്. ഇവ രണ്ടും ഇരട്ട ആയതിനാൽ "ബഖറയും" ഈ വിഭാഗത്തിൽ പെടുന്നതാണ്. ഇങ്ങനെ 114 അദ്ധ്യായങ്ങളിൽനിന്നും അതിന്റെ പകുതി അധ്യായങ്ങൾ അഥവാ 57 അദ്ധ്യായങ്ങൾ ഈ വിഭാഗത്തിൽ പെടുന്നതാണ്. മാത്രമല്ല ഈ 57 അദ്ധ്യായങ്ങളുടെ ക്രമ നമ്പറുകളുടെയും സൂക്തങ്ങളുടെ എണ്ണങ്ങളുടെയും ആകെത്തുക ഖുര്‍ആനിലെ ആകെ സൂക്തങ്ങളുടെ ആകത്തുകയായ 6236 ആണെന്നതും അല്‍ഭുതകരം തന്നെ.  

രണ്ടാമത്തെ വിഭാഗമാണ് "ഗൈറുൽ മുതജാനിസ്" അഥവാ ക്രമനമ്പറുകൾ ഒറ്റയാവുമ്പോൾ സൂക്തങ്ങൾ ഇരട്ടയായത്, അല്ലെങ്കിൽ ക്രമനമ്പർ ഇരട്ടയാവുമ്പോൾ സൂക്തങ്ങൾ ഒറ്റയായത്. ഉദാഹരണത്തിന് മൂന്നാം അദ്ധ്യായമായ 'സൂറത്തു ആലു ഇംറാൻ'. അതിൽ 200 സുക്തങ്ങളാണുള്ളത്. ഇതിൽ ക്രമനമ്പർ ഒറ്റയും സൂക്തങ്ങളുടെ എണ്ണം ഇരട്ടയുമാണ്. അതുപോലെ മറ്റൊരുദാഹരണമാണ് ആറാം ആദ്ധ്യായമായ 'സൂറതുൽ അൻആം'. അതിൽ 165 സുക്തങ്ങളുണ്ട്. ഇവയും മുമ്പ് പ്രസ്താവിക്കപ്പെട്ടതുപോലെ ഒന്ന് ഒറ്റയും മറ്റൊന്ന് ഇരട്ടയും ആയതിനാൽ രണ്ടാം വിഭാഗമായ 'ഗൈറുൽ മുതജാനിസിൽ' പെടുന്നതാണ്. 

രണ്ടാമത്തെ വിഭാഗത്തിലും 114 അദ്ധ്യായങ്ങളിൽനിന്നും പകുതി അദ്ധ്യായങ്ങൾ അഥവാ 57 അദ്ധ്യായങ്ങൾ ഉൾകൊള്ളുന്നു. മാത്രമല്ല ഈ അദ്ധ്യായങ്ങളുടെ ക്രമ നമ്പറുകളുടെയും സുക്തങ്ങളുടെയും ആകെത്തുക; ഖുർആനിലെ 114 സൂറത്തുകളുടെ ക്രമ നമ്പറുകളുടെ ആകെത്തുകയായ (1+2+3 .......112+123+114) ആറായിരത്തി അഞ്ഞൂറ്റി അൻപത്തി അഞ്ച് (6555) ആണെന്ന് കാണാവുന്നതാണ്. 

ഇനി മറ്റൊരത്ഭുതം നോക്കാം. ഒന്നാം വിഭാഗമായ മുതജാനിസില്‍ 30 അദ്ധ്യായങ്ങൾ ഇരട്ട സൂക്തങ്ങളും ഇരട്ട ക്രമ നമ്പറും ഉള്ളവയാണ്.  അവശേഷിക്കുന്ന 27 അദ്ധ്യായത്തിൽ ഇവ രണ്ടും ഒറ്റയുമാണ്. ഇപ്രകാരം തന്നെ രണ്ടാം വിഭാഗമായ ഗൈറുൽ മുതജാനിസിൽ ഇരട്ട സൂക്തങ്ങളും ഒറ്റ ക്രമ നമ്പറുകളുമുള്ള അദ്ധ്യായങ്ങൾ മുപ്പതും (30) ഒറ്റ സൂക്തങ്ങളും ഇരട്ട ക്രമ നമ്പറുകളുമുള്ള അദ്ധ്യായങ്ങൾ ഇരുപത്തി ഏഴും(27) ആണ്.  

ഇവ യാദൃച്ഛികമായി സംഭവിച്ചതാണ് എന്ന് ഒരിക്കലും പറയാനാവില്ല. ഈ വിഷയത്തിന്റെ ആധികാരികത മനസ്സിലാക്കാൻ വേണ്ടി,  സൂറത്തുൽ ബഖറയിൽ 286 സുക്തങ്ങൾക്ക് പകരം 285 സുക്തങ്ങളാണ് എന്ന് സങ്കല്പിക്കാം.  തുല്യമായി 57 അദ്ധ്യായങ്ങളുണ്ടായിരുന്ന മുൻപ്രസ്താവിക്കപ്പെട്ട രണ്ട് വിഭാഗങ്ങളിൽ അൻപത്തി എട്ടും (58) അൻപത്തി ആറും (56) അദ്ധ്യായങ്ങൾ ആയി മാറും. അതുപോലെ തന്നെ 'സൂറതുൽ ബഖറയെ രണ്ടാം അദ്ധ്യായത്തിൽ നിന്നും മൂന്നാം അദ്ധ്യായമാക്കി മാറ്റിയാൽ ഈ കോർവ തകർന്നടിയും. 

ഖുർആനിന്റെ സൂക്തങ്ങളുടെ ക്രമം അല്ലാഹുവിൽനിന്നും വഹ്‌യ്‌ മുഖേനെ ലഭിച്ചതാണ് എന്ന വിഷയത്തിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണെങ്കിലും ഖുർആനിന്റെ അദ്ധ്യായങ്ങളുടെ ക്രമീകരണം അല്ലാഹുവില്നിന്നും വഹ്‌യ്‌ മുഖേനെ ലഭിച്ചതാണോ എന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. അലി(റ), ഇബ്‌നു മസ്ഊദ് (റ), ഉബയ്യ് ബിന് കഅ്ബ് (റ) എന്നീ സ്വഹാബികളുടെ മുസ്ഹഫുകളിലെ അദ്ധ്യായക്രമീകരണത്തിലെ വൈവിധ്യമാണ് സൂറത്തുകളുടെ ക്രമീകരണം സ്വഹാബത്തിന്റെ ഇജ്തിഹാദ് അടിസ്ഥാനപ്പെടുത്തിയാണ് എന്ന് അഭിപ്രായപ്പെടുന്നരുടെ അടിസ്ഥാനം. എന്നാൽ ഭുരിപക്ഷം പണ്ഡിതന്മാരും സൂറതുകളുടെ ക്രമീകരണവും അല്ലാഹുവില്നിന്ന് തന്നെയാണെന്ന് അഭിപ്രായപ്പെടുന്നവരാണ്. ഉസ്മാൻ(റ) വിന്റെ നിർദേശ പ്രകാരം സൈദ് ബിൻ സാബിത്(റ) ഒരുമിച്ച് കൂട്ടിയ മുസ്ഹഫിനെ അടിസ്ഥാനമായി ലഭിച്ച മുൻപ്രസ്താവിക്കപ്പെട്ട അത്ഭുതങ്ങളും ക്രമവും ഖുർആനിന്റെ അദ്ധ്യായങ്ങളുടെ ക്രമീകരണം അല്ലാഹുവില്നിന്നും വഹ്‌യ്‌ മുഖേനെ ലഭിച്ചതാണ് എന്ന ഭൂരിപക്ഷാഭിപ്രായത്തെ ശക്തിപ്പെടുത്തുന്നതാണ്.
 
Reference: ترتيب سور وآيات القرآن الكريم : قراءة معاصرة  لعبد الله جلغوم

Leave A Comment

5 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter