അഫ്ഗാന്‍ ദൗത്യത്തില്‍ യു.എസ് പരാജയപ്പെട്ടു 

20 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന്  യു.എസ്, നാറ്റോ സേനകള്‍ പിന്‍വാങ്ങുകയാണ്. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ മുന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായിയുമായി ദി ഹിന്ദു നടത്തിയ അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ.

വിവര്‍ത്തനം അബ്ദുല്‍ ഹഖ് മുളയങ്കാവ്

അഫ്ഗാന്‍ ദൗത്യത്തില്‍ യു.എസ് പരാജയപ്പെട്ടു 
ഹമീദ് കര്‍സായി/സുഹാസിനി ഹൈദര്‍

20 വര്‍ഷങ്ങള്‍ക്ക് ശേഷം യു.എസ്-നാറ്റോ സൈന്യം പിന്മാറുകയാണ്. അവരുടെ ദൌത്യത്തെ എങ്ങനെ വിലയിരുത്തുന്നു?

അഫ്ഗാനിസ്ഥാനില്‍ നേരത്തെ തീവ്രവാദവും ഭീകരവാദവും ഉണ്ടായിരുന്നില്ലെന്നാണ് എന്റെ കാഴ്ചപ്പാട്. സെപ്തംബര്‍ 11 ലെ ദുരന്തത്തിന് ശേഷം അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനിലെത്തിയപ്പോള്‍, രാജ്യത്തുണ്ടായ ആക്രമണത്തില്‍ നിന്ന് മോചിതരാകുമെന്ന പ്രതീക്ഷയില്‍ ബഹുഭൂരിപക്ഷം ആളുകളും അവരെ പൂര്‍ണഹൃദയത്തോടെ സ്വീകരിച്ചു. അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും അഫ്ഗാന്‍ ജനതയുടെ പരിശ്രമം കൊണ്ടും അഫ്ഗാന്‍ പുനനിര്‍മിക്കുമെന്നും അവരില്‍ പ്രതീക്ഷയര്‍പ്പിച്ചു. ഇന്ത്യയടക്കം ഞങ്ങളെ സഹായിച്ച എല്ലാവരോടും ഞങ്ങള്‍ നന്ദി പറയുന്നു, പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്നത് പൂര്‍ത്തീകരിക്കപ്പെടാത്ത ദൗത്യത്തിന്റെ  ദുരന്തമാണ് എന്ന് വേണം പറയാന്‍. അമേരിക്ക ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് അഫ്ഗാനില്‍ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പോരാടുകയും സുസ്ഥിരത കൈവരിക്കുകയും ചെയ്യുമെന്നതാണ്. എന്നാല്‍ അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്, ഞങ്ങളുടെ അവസ്ഥയൊന്ന് നോക്കൂ, ഒന്നരമാസം മുമ്പാണ് 85 ലധികം സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ടത്. ഇത് ഐ എസും ദാഈശുമൊക്കെ അതിന്റെ പിതൃത്വം അവകാശപ്പെടുന്നു. അഥവാ, ഇത്തരം ഭീകര സംഘങ്ങളെയൊന്നും അല്‍പം പോലും നിയന്ത്രിക്കാന്‍ അമേരിക്കന്‍ സൈന്യത്തിനോ നാറ്റോ സേനക്കോ ആയിട്ടില്ല എന്നല്ലേ ഇത് മനസ്സിലാക്കിത്തരുന്നത്. 

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി അഫ്ഗാന്‍ പ്രസിഡണ്ട് ഗാനിഫറുമായി സംസാരിച്ച്, ഒരു ട്രാന്‍സിഷന്‍ ഗവണ്‍മെന്റ് പ്രൊപോസല്‍ മുന്നോട്ട് വെച്ചിരുന്നല്ലോ. അതില്‍ താലിബാന്‍ ഔദ്യോഗിക വൃത്തങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു, ഇത് പ്രാവര്‍ത്തികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ,? 


ഞങ്ങളുള്ള അതേ രാജ്യത്ത് തന്നെയാണ് താലിബാനും അവരുള്ള രാജ്യത്ത് തന്നെയാണ് ഞങ്ങളും, അതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ് ഇരിക്കേണ്ടത്. മാത്രവുമല്ല ഞങ്ങളെ തമ്മിലടിപ്പിച്ച് വിദേശികള്‍ ലാഭം കൊയ്യുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. അതിനാല്‍ അഫ്ഗാനില്‍ സമാധാനം പുലരുകയും സുരക്ഷിതത്വം കൈവരിക്കുകയും ചെയ്യുന്ന ഏത് സംവിധാനത്തോടും രാജ്യത്തെ ജനത പൂര്‍ണ്ണ ഹൃദയത്തോടെ സഹകരിക്കും.

ഏകദേശം പകുതിയിലധികം അമേരിക്കന്‍ സൈനികരും കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പിന്മാറിയിട്ടുണ്ട്. എന്നിട്ടും താലിബാന്‍ ആക്രമണം തുടരുകയാണ്?

അവരത് ചെയ്യാന്‍ പാടില്ല, അത് വളരെ തെറ്റാണ്. 

അവര്‍ക്ക് എവിടെ നിന്നാണ് പിന്തുണ ലഭിക്കുന്നത്,? നിങ്ങളുടെ അഭിപ്രായത്തില്‍ എന്തുകൊണ്ടാണ് അവര്‍ ഈ അക്രമം തുടരുന്നത്?

തീര്‍ച്ചയായും അഫ്ഗാന്റെ അയല്‍പ്രദേശങ്ങളില്‍ നിന്ന് അവര്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. അത് വളരെ കാലമായിട്ടുള്ളതാണ്.  നാം അതെ കുറിച്ച് സംസാരിച്ചിട്ടുള്ളതുമാണ്, അഫ്ഗാനിലെ ഈ പരാജിത അവസ്ഥക്ക് രണ്ടു വശങ്ങളുണ്ട്, ഒന്ന് അമേരിക്കന്‍ നയത്തിന്റെ ദുരന്ത ഫലമാണ് അത്, അതിന്റെ അലയൊലികള്‍ അഫ്ഗാനിലിപ്പോള്‍ ദൃശ്യമാണ്. മറ്റൊന്ന് അയല്‍രാജ്യമായ പാകിസ്ഥാനുമായുള്ള അവരുടെ പെരുമാറ്റവും. ഒരേ സമയം അവര്‍ പാകിസ്ഥാനെതിരെ പരാതിപ്പെടുകയും എന്നിട്ട് അവര്‍ അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. ഈ രണ്ട് വൈരുദ്ധ്യങ്ങളാണ് ഞങ്ങള്‍ അനുഭവിക്കുന്നത്.

ഒരു ട്രാന്‍സിഷന്‍ ഗവണ്‍മെന്റില്‍ നിങ്ങള്‍ സമവായ സ്ഥാനാര്‍ത്ഥിയാകാമെന്ന് നിര്‍ദേശിച്ച ഒരു റിപ്പോര്‍ട്ട് ഇന്ത്യയില്‍ ഉണ്ടായിരുന്നു.?

അങ്ങനെ ഉണ്ടാവുമെന്ന് ഞാന്‍ കാണുന്നില്ല, അതങ്ങനെ സംഭവിക്കേണ്ട ഒന്നല്ല, അത്തരമൊരു ക്രമീകരണത്തിന് നേതൃത്വം നല്‍കുന്നത് സമാധനത്തിനായുള്ള എന്റെ ശ്രമങ്ങളെ വേദനിപ്പിക്കും, എന്റെ ശ്രമങ്ങള്‍ ആ രീതിയില്‍ കളങ്കപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അഫ്ഗാനിസ്ഥാനിലെ ഒരു പൗരനെന്ന നിലയില്‍ ഞാന്‍ അഫ്ഗാന്‍ ജനതയുടെ, എന്റെ, എന്റെ കുട്ടികളുടെ, കൂട്ടുകാരുടെ, രാജ്യത്തിന്റെ സമാധാനപരമായ ജീവിതത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. അതേ സമയം, ഗവണ്‍മെന്റായി മാറുന്ന ഒരു സംവിധാനത്തിന്റെയും ഭാഗമാകാന്‍ ഞാനില്ല.

പാകിസ്ഥാന്‍ സന്ദര്‍ശനം ഉള്‍പ്പെടെ വിവിധ ഗ്രൂപ്പുകളുമായുള്ള ചര്‍ച്ചക്കുള്ള ഒരു ഗ്രാന്‍ഡ്കൗണ്‍സില്‍ പ്രതിനിധി സംഘത്തെ നിങ്ങള്‍ നയിക്കുമെന്ന് കേള്‍ക്കുന്നു, പാകിസ്ഥാനില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍, മറ്റു ഔദ്യോഗികവൃത്തങ്ങള്‍ എന്നിവരില്‍ നിന്നും രേഖാമൂലം ഞങ്ങള്‍ ഇതിനെ കുറിച്ച്  കേട്ടിട്ടുണ്ട്. അത്തരം പ്രസ്താവനകള്‍ എപ്പോഴും വരാറുമുണ്ട്, അതേസമയം അത് യാഥാര്‍ഥ്യമാവുമെന്നും ഞങ്ങള്‍ വളരെയധികം പ്രതീക്ഷിയര്‍പ്പിക്കുന്നു. പാകിസ്ഥാനില്‍ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്. പ്രസ്താവനകള്‍ സത്യമാവുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, അത് സത്യമെങ്കില്‍ അത് ശരിയാണെങ്കില്‍ പാകിസ്ഥാനും അഫ്ഗാനും തമ്മില്‍ സൗഹൃദവും സാംസ്‌കാരിക-സാമൂഹിക മേഖലകളിലെല്ലാം സഹകരണം സാധ്യമാവും, അപ്പോഴും ഞാന്‍ അടിവരയിട്ട് ഊന്നിപ്പറയുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തില്‍ തീവ്രവാദം അവസാനിപ്പിക്കുന്നതും ഉള്‍പ്പെടണമെന്നതാണ്.

ഈ സന്ദര്‍ശനത്തിലൂടെ നിങ്ങള്‍ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നത്. ഇതിനര്‍ഥം കഴിഞ്ഞവര്‍ഷം ഉദ്ഘാടനം ചെയ്തതായി കണ്ട ദോഹയിലെ ചര്‍ച്ചകള്‍ ഒരു അന്തിമഘട്ടത്തിലെത്തിയെന്നാണോ?

ദോഹ ചര്‍ച്ചകള്‍ ഇതുവരെ കാര്യക്ഷമമായെന്ന് പറയാന്‍ കഴിയില്ല, ഞങ്ങള്‍ ആഗ്രഹിച്ചപോലെ ഒരു ഫലം അതില്‍ കണ്ടില്ല, അത് വിജയിക്കണമെന്ന് ഞങ്ങള്‍ അതിയായി ആഗ്രഹിച്ചിരുന്നു, താലിബാന്‍ മൂവ്‌മെന്റിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു, പാകിസ്ഥാനുമായുള്ള ഞങ്ങളുടെ കരാര്‍ സാധ്യമാവുകയാണെങ്കില്‍ ഇരുരാജ്യങ്ങളെയും മികച്ച ബന്ധത്തിലേക്ക് നയിക്കാന്‍ അത് സാഹായകമാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്ന റിസല്‍ട്ട്, അതിനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ഒരു ഇന്ത്യന്‍ പ്രതിനിധി സംഘം താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിക്കുന്ന വാര്‍ത്ത ഖത്തറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വഴി ഞങ്ങള്‍ക്കറിയാന്‍ സാധിച്ചു, അതിനോടുള്ള താങ്കളുടെ പ്രതികരണം എന്താണ്?

ഇന്ത്യയുടെ ഏറ്റവും പഴയ ഒരു സുഹൃത്താണ് അഫ്ഗാനിസ്ഥാന്‍, ഞാന്‍ ഇന്ത്യന്‍ വിദ്യഭ്യാസത്തിന്റെ ഉത്പന്നമാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു, അതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്, ഇന്ത്യ നല്ലൊരു സഖ്യരാജ്യംകൂടിയാണ്, അഫ്ഗാനില്‍ ഇന്ത്യ നടപ്പിലാക്കിയ വിവിധ പുനര്‍നിര്‍മ്മാണ വികസന പദ്ധതികളുണ്ട്, ദക്ഷിണേഷ്യയില്‍ സമാധാനപരമായി  നാം എല്ലാവരും ഒരുമിച്ച് ജീവിക്കണം എന്നത് വളരെകാലമായി ആഗ്രഹിക്കുന്ന സ്വപനമാണ്. ഈ രാഷ്ട്രങ്ങള്‍ക്കിടയില്‍ യൂറോപ്യന്‍യൂണിയന്‍ ലാഭകരവും സ്വതന്ത്രവുമായ ആശയവിനിമയം നടത്തുന്നുണ്ട്. സമാധചര്‍ച്ചയെന്നല്ല എല്ലാ കാര്യങ്ങളിലും ഇന്ത്യ ഈ മേഖലയിലെ പ്രകിയയുടെ ഭാഗമായിരിക്കണമെന്ന് നമുക്ക് എങ്ങനെ അംഗീകരിക്കാതിരിക്കാന്‍ കഴിയും, അത്‌കൊണ്ടാണ് താലിബാനുമായി ഇന്ത്യ നടത്തിയ ചര്‍ച്ചകളെ ഞാന്‍ സ്വാഗതം ചെയ്യുന്നത്. വളരെ വൈകിയെങ്കിലും അത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അത് യാഥാര്‍ഥ്യമാവാന്‍ ആഗ്രഹിക്കുന്നു. 

യഥാര്‍ത്ഥത്തില്‍ താലിബാന്‍ പരിഗണിക്കപ്പെടേണ്ട ശക്തി തന്നെയായിരുന്നുവെന്ന് ഇന്ത്യക്ക് സമ്മതിക്കേണ്ടിവന്നുവെന്നും അഫ്ഗാനിസ്ഥാനിലെ അക്രമം ഇന്ത്യയെ ബാധിക്കുമെന്നും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

അരക്ഷിതാവസ്ഥയുടെയും സംഘര്‍ഷത്തിന്റെയും തുടര്‍ച്ചയായുള്ള വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. അഫ്ഗാനില്‍ കൂണ്‍പോലെ വളരുന്ന തീവ്രവാദം ആദ്യം ആഴത്തില്‍ ബാധിക്കുന്നത് പാകിസ്ഥാനെയായിരിക്കും, പിന്നെ അത് വഴി ഇന്ത്യയിലേക്ക് കടക്കും, അതിനാല്‍ അഫ്ഗാനിസ്ഥാനിലെ ത്രീവവാദം ഏത് വിധേനയും അഫ്ഗാന്റെ അയല്‍രാജ്യത്തെ ബാധിക്കും, അതിനാല്‍ ഇന്ത്യയും അഫ്ഗാനും അല്ലെങ്കില്‍ പാകിസ്ഥാനും ഉള്‍പ്പെടുന്ന ഏതൊരു കരാറും തീവ്രവാദവും ഭീകരവാദവും ഉന്മൂലനം ചെയ്യാന്‍ ഉതകുന്നതും അത് നമുക്ക് ഏവര്‍ക്കും ഏറെ ഗുണകരവുമായിരിക്കുകയും ചെയ്യും, മാത്രവുമല്ല അത് നിറവേറ്റേണ്ടത് നമ്മുടെ കൂട്ടമായ ഉത്തരവാദിത്വമാണെന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നു. 

എത്രകാലം അഫ്ഗാനിലെ ജനാധിപത്യ നേതൃത്വം താലിബാനുമായുള്ള ഇടപെഴകല്‍ തുടരും, അവര്‍ക്കുള്ള റെഡ്‌ലൈന്‍ എപ്പോഴായിരിക്കും? താലിബാനോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കുമോ? ഞങ്ങള്‍ അവരോട് പൊരുതി ഇനിയും പൊരുതുമെന്ന് പറയുമോ?

അതെ, അവിടെ കൃത്യമായ അതിര്‍ വരമ്പുകളുണ്ട്(റെഡ് ലൈന്‍). ചുവന്ന വരകള്‍ അഫ്ഗാന്റെ പരമാധികാരമാണ്. മുമ്പ് സോവിയറ്റ് യൂണിയനോട് പ്രതികരിച്ച അതേ രീതിയില്‍ തന്നെയാണ് ഞങ്ങള്‍ അമേരിക്കയോടും പ്രതികരിച്ചത്. അഫ്ഗാന്‍ ജനതയുടെ ഇഷ്ടത്തിനൊത്ത് ഭാവി നിര്‍ണ്ണയിക്കുന്ന ഒരു സര്‍ക്കാറിനെയാണ് അഫ്ഗാന്‍ ജനത ആഗ്രഹിക്കുന്നത്, അതാണ് അവര്‍ തെരഞ്ഞെടുക്കുന്നതും, അവിടെ ദൈവം അവര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ആസ്വദിക്കാനും സ്ത്രീകള്‍ക്ക് ശരിയായി സമൂഹത്തില്‍ സ്ഥാനം ലഭിക്കാനും ഞങ്ങള്‍ ഒരുമിച്ച് സന്തോഷത്തിലും ഐക്യത്തിലും സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കാനും സാധിക്കും. ഇതൊന്നും വിട്ട്‌വീഴ്ച ചെയ്യാത്ത അതിര്‍വരമ്പുകളാണ്. ഇതൊക്കെ താലിബാനോട് വളരെ കൃത്യമായ നിലപാടാണ്.
എന്റെ സ്വന്തം പെണ്‍മക്കള്‍ അഫ്ഗാനിസ്ഥാനില്‍ വളരുന്നുണ്ട്. അവര്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന കൊച്ചുപെണ്‍കുട്ടികളാണ്. അവര്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് മികച്ച ഭാവി ഉണ്ടായിരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്ന വിദ്യഭ്യാസം നേടണമെന്നും അവര്‍ രാജ്യത്തെ സേവിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു, രാജ്യത്തെ എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിലൊന്നും ഒരു വിട്ട്‌വീഴ്ചക്കും തയ്യാറല്ല.

അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഇന്ത്യക്ക് എങ്ങനെ സഹായിക്കാനാവുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

2011 ല്‍ ഇന്ത്യയുമായി തന്ത്രപ്രധാനമായ ഒരു കരാറില്‍ ഞങ്ങള്‍ ഒപ്പുവെച്ചിരുന്നു. മറ്റൊരു രാജ്യവുമായി ആ ഒരര്‍ഥത്തില്‍ ഞങ്ങള്‍ ഒപ്പുവെച്ച ആദ്യകരാര്‍. അഫ്ഗാന്‍ സുരക്ഷയെന്നാല്‍ അഫ്ഗാന്‍ ജനതക്ക് നല്‍കുന്നതാണ്. അമേരിക്കന്‍ ഐക്യനാടുകള്‍ ഉള്‍പ്പെടെ ഞങ്ങളുടെ നല്ല സുഹൃത്തുക്കളാകാന്‍ ആഗ്രഹിക്കുന്ന എല്ലാരാജ്യങ്ങളുമായും മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ഒരു സമാധാനപരമായ അഫ്ഗാനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സംഭാവന അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നതും ഈ രാജ്യത്തെ സുരക്ഷിതത്വത്തിന് അനിവാര്യവുമാണ്.

അപ്പോള്‍ റഷ്യയുടെയും ചൈനയുടെയും പങ്കെന്താണ്?

2018 നവംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ റഷ്യ വളരെ ഫലപ്രദമായ രീതിയിലാണ് മോസ്‌കോയിലെ അഫ്ഗാന്‍ ചര്‍ച്ചകള്‍ നടത്തിയത്. അവസാനം നടന്ന ട്രോയിക്ക പ്ലസ് മീറ്റിംഗ് അഫ്ഗാനെ കുറിച്ച് വളരെ നല്ല പ്രസ്താവനയോടെയാണ് അവസാനിച്ചത്. റഷ്യ ആവുന്നതെല്ലാം ചെയ്തു, ഇനിയും  ഒരുപാട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. 
ചൈന അഫ്ഗാന്റെ ഒരു നല്ല സുഹൃത്താണ്, നല്ല അയല്‍വാസിയാണ്, അഫ്ഗാനുമായി ബന്ധപ്പെട്ട് അവര്‍ കൂടുതല്‍ ഇനിയും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ട്രോയിക്ക പ്ലസില്‍ ഇറാനും ഇന്ത്യയും ഉള്‍പ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ മേഖലയില്‍ സമാധാനം കൈവരിക്കുന്നത്  മത്സരങ്ങളും നിഷേധാത്മക നിലപാടും ഒഴിവാക്കി നാമെല്ലാവരും കൈകോര്‍ത്ത് പിടിക്കുമ്പോഴാണ്. 

തീവ്രവാദത്തിനെതിരെ പോരാടുമ്പോള്‍ അഫ്ഗാന്‍ ദൗത്യത്തില്‍ യു.എസ് പരാജയപ്പെട്ടുവെന്ന് നിങ്ങള്‍ പറഞ്ഞുവല്ലോ. അഫ്ഗാനിസ്ഥാന്റെ നേതൃത്വം രാജ്യസുരക്ഷയും ഐക്യവും നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നതും ശരിയല്ലേ?

അഫ്ഗാന്‍ ജനതയായ ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലാതെ ജീവിക്കാന്‍ കഴിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഏഴ് വര്‍ഷം മുമ്പ് അഫ്ഗാന്‍ ഭരണഘടനയനുസരിച്ച് അധികാരം പുതിയ സര്‍ക്കാറിന് കൈമാറിയിരുന്നു. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ഐക്യരാജ്യമെന്നും മെച്ചപ്പെട്ട ഭാവി പ്രതീക്ഷിക്കുന്ന ഒരു രാജ്യമെന്നുമൊക്കെയുള്ള പ്രതീക്ഷ എനിക്കുണ്ടായിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും അത് നല്‍കാന്‍ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിച്ചു.

അഫ്ഗാനിസ്ഥാന്റെ ഭാവിയിലേക്ക് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് നിരാശ തോന്നുന്നുണ്ടോ? സെപ്തംബര്‍ കടന്നുവരുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുകയാണോ അതോ മെച്ചപ്പെടുകയോ?

ഇത് നമ്മുടെ രാജ്യമാണ്. ഞങ്ങള്‍ ഈ മണ്ണിന്റെ മക്കളാണ്, അതിനെ സംരക്ഷിക്കുകയും വളര്‍ത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും സുരക്ഷിതത്വം നല്‍കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ അഫ്ഗാനിസ്ഥാന്‍ വളരെ പ്രയാസകരമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു. ഞങ്ങള്‍ അതിലൂടെ ഒരുപാട് കടന്നുപോയി. ഞങ്ങള്‍ മാറ്റങ്ങളെ ഉള്‍കൊള്ളുന്ന ജനതയാണ്. സ്വന്തം രാജ്യം വളര്‍ത്തുന്നതിന് അഫ്ഗാന്‍ യുവാക്കള്‍ക്കിടയില്‍ നല്ല കഴ്ചപ്പാടുണ്ട്. നമ്മുടെ സ്വന്തം സുരക്ഷ നാം തന്നെ ഒരുക്കണം. സ്വസുരക്ഷക്കായി മറ്റുള്ളവരെ ആശ്രയിക്കരുത്. അഫ്ഗാനിസ്ഥാന്‍ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് നമ്മുടെ അയല്‍രാജ്യങ്ങള്‍ മനസ്സിലാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തിവ്രവാദത്തെ മാറ്റി നിറുത്തി പാകിസ്ഥാനും അഫ്ഗാനും സാംസ്‌കാരികമായി ബന്ധം കൈവരിക്കുന്നതിലാണ് ഭാവി നിലനില്‍ക്കുന്നതെന്ന് തിരിച്ചറിയുന്നു, ആ ബന്ധം നിലനില്‍ക്കണമെന്നാണ് അഭ്യര്‍ത്ഥന. 

(കടപ്പാട് ദിഹിന്ദു)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter