ഏക സിവിൽ കോഡ്: വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍

വിവിധ മതവിശ്വാസങ്ങളും സംസ്കാരങ്ങളും ആയിരത്തിലേറെ സിവിൽ നിയമങ്ങളും നിലകൊള്ളുന്ന ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് ഭരണഘടനാ നിർദേശ തത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യ പ്രഖ്യാപനം നടത്തിയതിനെ തുടർന്ന് നമ്മുടെ രാജ്യം വീണ്ടും പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വേദിയാവുകയാണ്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രധാനമന്ത്രി പയറ്റുന്ന രാഷ്ട്രീയ ആയുധമായി മാത്രം ഏക സിവിൽ കോഡിനെ ഗണിക്കാനാവില്ല. അതിനപ്പുറം ആർ എസ് എസ്സിന്റെയും സംഘപരിവാറിന്റെയും ഹിഡൻ അജണ്ടയായ ഹിന്ദുത്വ രാഷ്ട്ര സംസ്ഥാപനമെന്ന ചിരകാലാഭിലാഷപൂർത്തീകരണത്തിന്റെ സുപ്രധാന ചുവടുവെപ്പുകൂടിയായി വേണം ഇതിനെ കാണാന്‍.

2016ൽ നരേന്ദ്ര മോദി സർക്കാർ നിയോഗിച്ച നിയമ കമ്മീഷൻ 2018ൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പോലും പല ജാതികളും മതങ്ങളും ആചാരങ്ങളും സംസ്കാരങ്ങളും നില നിന്ന് പോരുന്ന മതേതര ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിന് യൂണിഫോം സിവിൽ കോഡ് അനുചിതവും അനിവാര്യവുമല്ലെന്ന യാഥാർത്യമാണ് ചൂണ്ടി കാണിച്ചിരുന്നത്. എന്നാൽ ഈ വസ്തുത തിരിച്ചറിഞ്ഞിട്ടും മനസ്സിലാക്കിയിട്ടും 2019 ൽ വീണ്ടും ഇതേ വാദം ഉന്നയിക്കാനാണ് ബിജെപിയും സംഘപരിവാറും സന്നദ്ധമായത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ജനങ്ങളും  വൈവിധ്യങ്ങളേയും ബഹുസ്വരതയേയും ഉൾകൊള്ളാൻ ഉത്സാഹം പ്രകടിപ്പിക്കുന്ന ഈ സത്യാനന്തര യുഗത്തിൽ അനേകം സംസ്കാരങ്ങളുടേയും മതങ്ങളുടേയും സങ്കരഭൂമിയായി അറിയപ്പെടുന്ന ഇന്ത്യയുടെ സമത്വസുന്ദരമായഭരണഘടനാ നിയമങ്ങളെ പൊളിച്ചെഴുതാനും ഒരേ നിയമങ്ങളുടേയും സംസ്കാരങ്ങളുടേയും ഏകശിലയിൽ ഉടച്ചുവാർക്കാനും ആർക്കാണിത്ര തിടുക്കം? നിലവിലെ ഭരണഘടനാ സിവിൽ നിയമങ്ങൾ തങ്ങൾക്കപ്രിയമാണെന്ന് നമ്മുടെ രാജ്യത്തെ ഒരു കമ്മ്യൂണിറ്റിയും പരാതിപ്പെട്ടിട്ടില്ലാത്ത ഈ സാഹചര്യത്തിൽ പിന്നെന്തിനാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ ഇത്രമേൽ പിടിവാശി കാണിക്കുന്നത്? ഉത്തരം വളരെ ലളിതമാണ്, മതേതര നിലപാടുകളെ നഖശിഖാന്തം വിമർശിക്കുകയും ഹിന്ദു ദേശിയതക്കായി നിരന്തരം വാദിക്കുകയും ചെയ്ത സവർക്കറിന്റെ മനുസ്മൃതിയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യം തന്നെ.

നിലവിൽ വേണ്ടത്ര ഭരണ നേട്ടങ്ങളോ ജനകീയ പദ്ധതികളോ സാമൂഹിക പരിഷ്കാരങ്ങളോ പറയാനില്ലാത്ത ഈ സാഹചര്യത്തിൽ, തുടർ ഭരണം വ്യാമോഹിക്കുന്ന ഭാരതീയ ജനതാ പാർട്ടിക്ക് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പും അതിനു മുമ്പുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും വിജയം വരിക്കൽ അനിവാര്യമാണ്. അത് കൊണ്ട് തന്നെ ജനങ്ങളെ കയ്യിലെടുക്കാനും വോട്ട് പെട്ടിയിലാക്കാനും അതുവഴിഭരണം അരക്കിട്ടുറപ്പിക്കാനും ഏതു നെറികെട്ട മാർഗ്ഗവും അവർ സ്വീകരിക്കുമെന്നതിൽ തർക്കമില്ല, മാത്രമല്ല രണ്ടു മാസത്തോളമായി മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വർഗ്ഗീയ കലാപം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചർച്ചാ വിഷയമായിട്ടും ആളിക്കത്തികൊണ്ടിരിക്കുന്ന   കലാപാഗ്നിയെ കെടുത്താനാകാത്തതിന്റെ ജാള്യതയും ഭരണപരാജയവും മറച്ചുവെക്കാനും, അതോടൊപ്പം മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം രാജ്യമാകെ സംഘ പരിവാർ രാഷ്ട്രീയത്തിനെതിരെ രൂപപ്പെട്ട വിശാലമായ പ്രതിപക്ഷ ഐക്യവും ചർച്ചകളും കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടേയും കേന്ദ്രങ്ങളിൽ തെല്ലൊന്നുമല്ല അസ്വസ്ഥത സ്വഷ്ടിക്കുന്നത്. അത് കൊണ്ട് തന്നെ ഭരണ കെടുകാര്യസ്ഥതയിൽ നിന്നും വീഴ്ച്ചയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തുവാനുമുള്ള രാഷ്ട്രീയ തന്ത്രമായിട്ടും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിലയിരുത്താവുന്നതാണ്. വിശേഷിച്ച്  കശ്മീർ വിഷയങ്ങളിലും യൂണിഫോം സിവിൽ കോഡിലും കേന്ദ്ര സർക്കാർ നയങ്ങൾക്കൊപ്പം നിന്ന ആം ആദ്മി പാർട്ടിയടക്കം പ്രതിപക്ഷ ഐക്യത്തിന് പച്ചക്കൊടി കാണിക്കുകയും പരവതാനി വിരിക്കുകയും ചെയ്ത പ്രത്യേക സാഹചര്യത്തിൽ.

ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള നാല്പത്തിനാലാം ആർട്ടികൾ "രാജ്യം ഏക സിവിൽകോഡിനായി ശ്രമിക്കണമെന്ന" ഭരണഘടനാ നിർദേശക തത്വമാണ് നരേന്ദ്ര മോദിയും സംഘപരിവാറും നടപ്പാക്കാൻ ഇപ്പോൾ ഉന്നയിക്കുന്ന വാദം. എന്നാൽ ഓരോ പൗരനും ഭരണഘടന തന്നെ വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളായ മതവിശ്വാസം, ഓരോ മത വിഭാഗങ്ങൾക്കും മതകാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം, വ്യത്യസ്ത സംസ്കാരം നിലനിർത്താനുള്ള അവകാശം തുടങ്ങി  ആർടിക്കൾ ഇരുപത്തിയഞ്ചും ഇരുപത്തിയാറും (ബി) ഇരുപത്തിയൊമ്പതും ഒരുമിച്ച് പോകില്ലയെന്നതാണ് കാതലായ പ്രശ്നം.

സമാനമായ ഈ പ്രതിസന്ധി ഭരണഘടനാ രൂപീകരണ വേളയിലും ഉളവായിയെന്നത് നാം വിസ്മരിച്ചു കൂടാ, ഏക സിവിൽ കോഡ് മൗലികാവകാശമായി നിലനിറുത്തണോ എന്നതായിരുന്നു അന്ന് അസംബ്ലിയിൽ ഉയർന്ന ചോദ്യം. ഇതിനെ ചൊല്ലി ശക്തമായ വാദങ്ങൾക്കും തർക്കങ്ങൾക്കും ചർച്ചകൾക്കും അസംബ്ലി സാക്ഷിയായി. ഒടുവിൽ സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ളവരുടെ വാദങ്ങൾ അംഗീകരിച്ച് നാലിനെതിരെ അഞ്ച് വോട്ടുകൾക്ക് ആ വാദം തള്ളപ്പെട്ടു. അങ്ങനെ മതമൗലികവകാശങ്ങൾക്ക് കീഴിലെ വിദൂര സാധ്യതയായി ഏക സിവിൽകോഡ് കൂട്ടി ചേർക്കപ്പെട്ടുവെന്നതാണ് യാഥാർത്ഥ്യം.

രാജ്യത്തെ എല്ലാപൗരന്മാർക്കും വിവാഹം, വിവാഹ മോചനം, പിൻ തുടർച്ചാവകാശം, ദത്ത് തുടങ്ങിയവയിൽ ഒറ്റ നിയമമെന്നതാണ് എകസിവിൽ കോഡ് കൊണ്ട് ഉന്നംവെക്കുന്നത്. നൂറ്റാണ്ടുകളായി പല മതങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും വെച്ച് പുലർത്തുന്ന ഇന്ത്യയുടെ മതേതര സ്വഭാവത്തിന് ഒട്ടും നിരക്കാത്തതെന്നു മാത്രമല്ല സാമൂഹികമായ വൻ പ്രത്യാഘാതങ്ങളും ഭവിഷത്തുകളും ഇതുമൂലം സംഭവിക്കുമെന്നതാണ് സത്യം. വിശിഷ്യ ന്യൂനപക്ഷ മതവിഭാഗങ്ങളായ ക്രിസ്ത്യൻ, മുസ്‍ലിം, സിഖ്, പാഴ്സി തുടങ്ങിയ ജനവിഭാഗങ്ങൾക്കിടയിൽ ഭൂരിപക്ഷമത വിഭാഗമായ ഹൈന്ദവ മത വിശ്വാസാചാരങ്ങൾ അടിച്ചേൽപ്പിക്കപ്പെടുമെന്ന വർധിത ആശങ്കയും ഭീതിയും തളം കെട്ടി നിൽക്കുന്ന ഫാഷിസ്റ്റ് ഭരണകാലത്ത്.

നിലവിൽ യൂണിഫോം സിവിൽ കോഡിനോടുകൂടെ മുത്തലാഖ് പോലോത്ത വിഷയങ്ങൾ പൊക്കി പിടിച്ച് കേവലം മുസ്‍ലിം പ്രശ്നമായി ചിത്രീകരിച്ച് ആസൂത്രിതമായി ഈ ഹിഡൺ അജണ്ട നടപ്പാക്കാനുള്ള ഫാഷിസ്റ്റ് രാഷ്ട്രീയ തന്ത്രം നാം തിരിച്ചറിഞ്ഞേ തീരൂ. പല മതങ്ങളും ഭാഷകളും സംസ്കാരങ്ങളും കളിയാടുന്ന നമ്മുടെ രാജ്യത്തെ വൈവിധ്യങ്ങളെ പിഴുതെറിയാനുള്ള ഈ ഏകാധിപത്യ മനോഭാവത്തെ ചെറുത്തു തോൽപ്പിക്കാൻ മതേതര ചേരികൾ ഉണർന്ന് പ്രവർത്തിക്കൽ അനിവാര്യമാണ്. ആരോഗ്യം, വിദ്യാഭ്യസം, സാമ്പത്തികം, തൊഴിൽ തുടങ്ങി ഭരണഘടന മൗലികാവകാശങ്ങളായി ഗണിക്കുന്ന, ജനങ്ങളെ ബാധിക്കുന്ന നിരവധി പൊതു പ്രശ്നങ്ങൾ ഉണ്ടായിരിക്കെ വെറും നിർദേശകതത്വമായ ഏക സിവിൽകോഡിൽ മാത്രം കേന്ദ്ര സർക്കാറും ബി ജെ പിയും കണ്ണുവെക്കുന്നതിൽ ദുരൂഹതകൾ ഏറെയാണ്. 

സംഘ പരിവാർ വാട്സപ്പ് ബുദ്ധിജീവികൾ പ്രചരിപ്പിക്കും പോലെ കേവലം മുസ്‍ലിം പ്രശ്നമായി ഇതിനെ ചുരുക്കി കെട്ടി കൂടാ. ഏക സിവിൽ കോഡ് നടപ്പായാൽ കുടുതൽ പ്രതിസന്ധി സൃഷ്ടിക്കുക ജാതികളും ഉപജാതികളും ഗോത്രങ്ങളും ഉപഗോത്രങ്ങളുമായി വിവിധ വിശ്വാസാചാരങ്ങൾ വെച്ച് പുലർത്തുന്ന ഹിന്ദു ജനവിഭാഗങ്ങൾക്കിടയിൽ തന്നെയാണ്. ആ ബോധ്യവും ബോധവും മോദിക്കും ബി ജെ പിക്കും നല്ലവണ്ണമുണ്ട്. അതിനാലാണ് മധ്യേപ്രദേഷിലെ ഭൂരിപക്ഷ ഹിന്ദു വോട്ടുകളെ ലക്ഷ്യം വെച്ച് ഏക സിവിൽ കോഡും മുത്തലാഖും രാജ്യം നേരിടുന്ന വൻപ്രശ്നമായി ചിത്രികരിച്ച് പ്രധാനമന്ത്രി തന്നെ പരസ്യ പ്രസ്താവന നടത്തി വിവാദങ്ങൾക്ക് തിരികൊളുത്തിയതെന്നു വേണം മനസ്സിലാക്കാൻ. 

യൂണിഫോം സിവിൽകോഡിന്റെ മറവിൽ ഹിന്ദുകാർഡിറക്കി വർഗ്ഗീയ ധ്രുവീകരണത്തിലൂടെ വോട്ട് പെട്ടിയിലാക്കാനുള്ള ഈ രാഷ്ട്രീയ കൗശലം അത്ര എളുപ്പം ഫലിക്കുമെന്ന് കരുതുന്നവർ ഇന്ത്യയുടെ ഭൂതകാല ചരിത്രത്തെ അറിയാത്തവരെന്നേ പറയാൻ കഴിയൂ. കാരണം ഹിന്ദു വിഭാഗങ്ങളിലെതന്നെ മതനിയമങ്ങളെ ഏകീകരിക്കുന്നതിന്റെ ഭാഗമായി 1947 ഏപ്രിൽ 11ന് അംബേദ്കർ ഹിന്ദു കോഡ് ബിൽ  ഭരണഘടനാ അസംബ്ലിയിൽ അവതരിപ്പിക്കുകയും നീണ്ട നാല് വർഷത്തെ ചർച്ചകൾക്കൊടുവിൽ അത് വോട്ടിനിടുകയും ചെയ്തപ്പോൾ 28 ൽ 23 പേരും എതിർക്കുകയാണ് ചെയ്തത്, ഇതിനെതുടർന്നാണ് 1951 സെപ്റ്റംബർ 27 ന്,  ഉപയോഗിക്കാതെയും പാടാതെയും കൊന്നു, മരിച്ചു എന്ന് ഹിന്ദു കോഡിനെ വിശേഷിപ്പിച്ച് സ്വയം രാജിക്കത്ത് നൽകി അംബേദ്ക്കർ മന്ത്രിസഭയിൽ നിന്ന് പുറത്തുപോയതും. സ്വതന്ത്ര ഇന്ത്യൻ പാർലമെൻറിൽ ഒരു ബില്ലിൻമേലുള്ള ഏറ്റവും ദൈർഘ്യമേറിയ ചർച്ചയായി രുന്നു അത്. മാത്രമല്ല ഈ കോഡ് പാസ്സായാൽ വീറ്റോ ചെയ്യുകയോ തിരിച്ചയക്കുകയോ ചെയ്യുമെന്ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദ് പരസ്യ പ്രസ്താവന പുറപ്പെടുവിക്കുക പോലും ചെയ്തു. ഇതോടെ വിവിധ മത ജാതി വിഭാഗങ്ങൾക്ക് ഏകനിയമങ്ങൾ നിർദേശിക്കുന്ന ചട്ടങ്ങൾ ഒന്നടങ്കം ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യുകയും ഒടുവിൽ ജവഹർലാൽ നെഹ്റു ബിൽ അവതരിപ്പിക്കുകയും ചെയ്തു എന്നതാണ് സ്വതന്ത്ര ഭാരതത്തിന്റെ ഗതകാല ചരിത്രമെന്ന് വ്യക്തിനിയമങ്ങൾ എടുത്തു കളഞ്ഞ് ഏകീകൃത നിയമം നടപ്പാക്കാൻ വെമ്പൽ കൊള്ളുന്നവർ തിരിച്ചറിഞ്ഞാൽ നന്നാവും. അല്ലായെങ്കിൽ വിവിധങ്ങളായ അനേകം ഭാഷകളും മതങ്ങളും സംസ്കാരങ്ങളും ആചാരങ്ങളും ഉൾകൊള്ളുന്ന ബഹുസ്വരതയെ അംഗീകരിക്കാൻ കഴിയാത്ത, ഏക മത രാജ്യമെന്ന സങ്കുചിതത്വം തലയിൽപേറുന്ന  ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന ഏകാധിപത്യവാദികളായി പിൽകാലത്ത് ചരിത്രം ഇത്തരക്കാരെ വിലയിരുത്തും, തീർച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter