നാണം കെടാതിരിക്കാൻ 

അന്ന് സദസ്സിൽ നബിതങ്ങൾ ഒരു ചോദ്യം ചോദിച്ചു: സത്യവിശ്വാസിയോട് ഉപമിക്കാവുന്ന ഒരു വൃക്ഷം ഏതെന്ന് ആർക്ക് പറയാനാവും? സ്വഹാബാക്കൾ ചിന്തയിലാണ്ടു. അതിന്റെ പല ഗുണങ്ങളും തങ്ങൾ നൽകി. അവരുടെ ചിന്ത കാടു കേറി. അന്യോന്യം നോക്കിയെന്നല്ലാതെ ശരിയുത്തരം ആർക്കും പറയാനായില്ല. തങ്ങൾ ഉദ്ദേശിക്കുന്നത് ഈത്തപ്പനയാണെന്ന് അറിയാവുന്ന മിടുക്കനായ ഒരു ബാലൻ കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ, തന്റെ പിതാവടക്കം പ്രഗത്ഭരായ സ്വഹാബിവര്യന്മാർക്ക് കിട്ടാത്ത ഉത്തരം താൻ പറയുന്നത് അദബുകേടാകുമെന്ന് ആ കുട്ടി ഭയന്നു. അറിയുമെന്ന് കരുതി എല്ലാം എല്ലായിടത്തും വിളമ്പാനുള്ളതല്ലെന്ന് നമ്മെ പഠിപ്പിച്ച ആ കുരുന്നു സ്വഹാബിയാണ് അബ്ദുല്ലാഹിബ്നു ഉമർ (റ).

നാണം വേണം. സ്ഥലകാല ബോധം വേണം. നാവിനും ചെയ്‌തികൾക്കും കടിഞ്ഞാൺ വേണം. നാണമില്ലാത്തവന്റെ നാവിൽ നിന്ന് വിസർജ്യങ്ങളാകും പുറത്തുവരിക. കേട്ട് നിൽക്കുന്നവർ പോലും നാറിപ്പോകും. ഇസ്‌ലാം മനുഷ്യനെ സംസ്‌കാരിയാക്കുന്നു. ലജ്ജയുള്ളവനാക്കുന്നു. അവൻ സഭയറിഞ്ഞ് പേശും. ജനങ്ങൾക്കിടയിൽ മാത്രമല്ല, അവൻ ഒറ്റക്കായിരിക്കുമ്പോഴും മാന്യനാകും. അല്ലാഹുവിന്റെ കണ്ണുകൾ തന്നെ പിന്തുടരുന്നുണ്ടെന്ന ബോധ്യമാണ് അവനെ നയിക്കുന്നത്.   

Also Read:കള്ളനും സൂഫിയും 

സമൂഹത്തിൽ ആരാധനകളിൽ മുന്നിൽ നിൽക്കുന്ന എത്രയോ ആളുകൾ സ്വകാര്യങ്ങളിൽ ലജ്ജയില്ലാത്തവരായി മാറാറുണ്ട്. ഒരു ഹദീസ് കാണുക. സൗബാന്‍ (റ) വില്‍ നിന്ന് : നബി (സ്വ) പറഞ്ഞു: എന്റെ സമൂഹത്തിലെ ചില ആളുകള്‍ നാളെ പരലോകത്ത് വെളുത്ത തിഹാമ പര്‍വതത്തിന് സമാനമായ നന്മകളുമായി കടന്നു വരും. എന്നാല്‍ അല്ലാഹു ആ നന്മകളെ പറത്തിക്കളയും. സൗബാന്‍ (റ) നബി (സ്വ) യോട് ചോദിച്ചു: പ്രവാചകരേ, അവരെ ഞങ്ങള്‍ക്ക് വിശദീകരിച്ച് തന്നാലും. അവരുടെ കൂട്ടത്തില്‍ ഞങ്ങള്‍ പെട്ടുപോവാതിരിക്കാന്‍ വേണ്ടി.

നബി (സ്വ) പറഞ്ഞു: 'അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്. രാത്രിയില്‍ നിങ്ങള്‍ നമസ്കരിക്കുന്നത് പോലെ നമസ്കരിക്കുന്നവര്‍. പക്ഷെ, അവര്‍ ഒറ്റക്കായാല്‍ ഹറാമുകളില്‍ മുഴുകുന്നവരാണ്.'

അ൯സാരികളിൽ പെട്ട ഒരു വ്യക്തി ലജ്ജയുടെ പേരിൽ ആക്ഷേപിക്കപ്പെട്ടപ്പോൾ
നബി (സ്വ) ഇപ്രകാരം പറയുകയുണ്ടായി: “അദ്ദേഹത്തെ വിട്ട് കളയുക. ലജ്ജ ഈമാനിന്റെ ഭാഗമാണ്.” മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം."ലജ്ജ മുഴുവനും നന്മ മാത്രമാണ്.""ലജ്ജാശീലം നന്മയല്ലാതെ കൊണ്ടുവരികയില്ല." (ബുഖാരി)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter