ഉറുദുഗാന്റെ വിജയവും ഇറാഖിന്റെ കുതിപ്പും

ഭൂരിപക്ഷം ഉറപ്പിക്കാൻ സർവ കക്ഷികളും പരാജയപ്പെട്ടതോടെ  രണ്ടാം ഘട്ടത്തിലേക്ക് നീണ്ടുപോയ  പ്രവാചനാതീതമായിരുന്ന ഇത്തവണത്തെ തുർക്കിയ തിരഞ്ഞെടുപ്പിൽ, രണ്ടാം ഘട്ടത്തില്‍ വിജയം നേടിയ റജബ് ത്വയ്യിബ് ഉറുദുഗാനാണ് ഈ വാരത്തിലെ വാര്‍ത്താതാരം. ഇറാഖിന്റെ ബ്രഹ്മാണ്ഡ വികസന പദ്ധതിയും സുഡാൻ സമാധാന ചർച്ചകളുടെ പുരോഗതിയും പതിവ് പോലെ തുടരുന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളുമാണ് ഈ ആഴ്ച്ചയിലെ മുസ്ലിം ലോകത്തെ മറ്റു വിശേഷങ്ങൾ.

ഉറുദുഗാന്റെ അഞ്ചാം വരവ്

അതിനിർണായകത്വം കൊണ്ടും അതീവ ആഗോളശ്രദ്ധ കൊണ്ടും തുർക്കിയയുടെ രാഷ്ട്രീയ ചരിത്രത്താളുകളിൽ ഇടം പിടിച്ച ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഉർദുഗാന്റെ വിജയപ്രഖ്യാപനത്തോടെ തിരശ്ശീല വീണിരിക്കുകയാണ്. പലവിധ കാരണങ്ങളാല്‍ ഇത്തവണത്തെ തുർക്കിയ തിരഞ്ഞെടുപ്പ് ശ്രദ്ധേയമായിരുന്നു. ഓട്ടെോമൻ ഖിലാഫത്തിന്റെ പതനത്തിനു ശേഷം തുർക്കിയയുടെ അധികാരമേറ്റെടുത്ത മുസ്തഫ കമാൽ അത്താതുർക്ക് രൂപംകൊടുത്ത തീവ്ര സെക്കുലർ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥ തുർക്കിയയിൽ കാലങ്ങളോളം തുടർന്നുപോരുകയും ആത്മീയവും ഭൗതികവുമായ രീതിയിൽ മതവിശ്വാസങ്ങളെ അടിച്ചമർത്തുകയും ചെയ്തു. 

തുർക്കിയയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളെ തീവ്രസെക്കുലർ കമാലിസ്റ്റ് വ്യവസ്ഥയിൽ നിന്നും മോചിപ്പിച്ച്, ഓട്ടോമൻ ഖിലാഫത്തിനോടൊപ്പം വിസ്മൃതിയിലായിപ്പോയ സ്വതന്ത്രമായ ഒരു ആഗോള ആധുനിക ഇസ്‍ലാമിക രാഷ്ട്രീയ അന്തരീക്ഷത്തെ പുനസൃഷ്ടിച്ചെടുക്കാൻ ശ്രമിച്ചു എന്നതുകൊണ്ടാണ് റജബ് ത്വയ്യിബ് ഉർദുഗാൻ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയനാവുന്നതും മുസ്‍ലിം ലോകത്ത് പ്രിയങ്കരനാവുന്നതും. സാമ്പത്തിക പ്രതിസന്ധിയും ഭൂകമ്പങ്ങൾ സൃഷ്‌ടിച്ച ദുരന്താന്തരീക്ഷവും അമിതമായ അധികാരകേന്ദ്രീകരണവുമെല്ലം ഉർദുഗാനെതിരെ മേൽ വിരൽ ചൂണ്ടുമ്പോഴും ഉർദുഗാന്റെ വിജയം അത്യന്താപേക്ഷിതമായതും ജനങ്ങൾ അദ്ദേഹത്തെ അഞ്ചാമത്തെ തവണയും തിരഞ്ഞെടുത്തതും, പ്രതിപക്ഷ കൂട്ടായ്മയായ നാഷനൽ അലയൻസ് നേതാവ് കെമാൽ കെച്ച്ദ്രോഗ്ളു മുന്നോട്ടുവെച്ച തീവ്രസെക്കുലർ കമാലിസ്റ്റ് വ്യവസ്ഥയോടുള്ള ഭയവും അതിന്റെ ഭയാനകമായ ഗതകാല ഓർമകളും ഇപ്പോഴും ബാക്കി നില്ക്കുന്നത് കൊണ്ട് തന്നെ. 

നാറ്റോ അംഗത്വം ഉണ്ടായിരുന്നെങ്കിലും  ആഗോളരാഷ്ട്രീയ സമവാക്യങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ട് രണ്ടാം കിട രാജ്യമായി പ്രമുഖ രാജ്യങ്ങൾക്കിടയിൽ പരിഗണിച്ചു പോന്നിരുന്ന തുർക്കിയ ഉറുദുഗാന്റെ വരവോടെ പാശ്ചാത്യ ലിബറൽ രാഷ്ടീയ ലോകക്രമത്തെ തുറന്നുകാട്ടുകയും ആഗോള രാഷ്ട്രീയത്തിൽ കൂടുതൽ സ്വാതന്ത്രമായി ഇടപെടാൻ ആരംഭിക്കുകയും ചെയ്തുവെന്നതാണ് വസ്തുത. ഇക്കരണങ്ങൾ കൊണ്ടു തന്നെയാണ് ഉർദുഗാൻ പല പാശ്ചാത്യ രാജ്യങ്ങൾക്കും അപ്രിയനാവുന്നതും അദ്ദേഹത്തിന്റെ പരാജയം ഉറപ്പിക്കാൻ പാശ്ചാത്യ മാധ്യമങ്ങൾ കിണഞ്ഞു പരിശ്രമിച്ചതും. ഉറുദുഗാന്റെ വിജയം ആയതു കൊണ്ടു തന്നെ സമകാലിക ലോകക്രമത്തോട് പലതും പറഞ്ഞു വെക്കുന്നുണ്ട്.

അതേ സമയം, ആദ്യഘട്ടത്തില്‍ ഭൂരിപക്ഷം നേടാനാവാത്തതും രണ്ടാം ഘട്ടത്തില്‍ നേരിയ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ എന്നതും ഉര്‍ദുഗാന്റെ സ്വീകാര്യത കുറഞ്ഞുവരുന്നതിന്റെ സൂചകങ്ങളായി വിലയിരുത്തുന്നവരുമുണ്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പ്രതിപക്ഷ പാര്‍ട്ടികളുയര്‍ത്തിയ ഭരണപരാജയങ്ങളുമെല്ലാം പല വോട്ടര്‍മാരെയും സ്വാധീനിച്ചുവോ എന്ന സംശയം ഉയര്‍ത്തുന്നുണ്ട്.

മധ്യപൂര്‍വ്വേഷ്യയുടെ മുഖഛായ മാറ്റാനൊരുങ്ങുന്ന ഇറാഖ്

മിഡിൽ ഈസ്റ്റിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കാൻ ശേഷിയുള്ള ചരിത്രപ്രധാനമായ ഒരു പ്രഖ്യാപനം കഴിഞ്ഞയാഴ്ച്ച ഇറാഖ് പുറപ്പെടുവിക്കുകയുണ്ടായി. വിശാലമായ റോഡ് റെയിൽ ശൃംഘലയിലൂടെ യൂറോപ്പിനെ മിഡിൽ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന ബഹുമുഖ വികസന പദ്ധതിയാണത്. പദ്ധതിപ്രകാരം ഇറാഖിലെ അൽ ഫാവ് തുറമുഖത്തെ ആഗോളനിലവാരത്തിലുള്ള വ്യാപാരതുറമുഖ കേന്ദ്രമാക്കി മാറ്റുകയും എഷ്യയിൽ നിന്നും കിഴക്കിൽ നിന്നും വരുന്ന വ്യാപാരചരക്കുകളെ തുറമുഖത്തു നിന്നും വിശാലമായ റെയിൽ റോഡ് മാർഗങ്ങളിലൂടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും അതുവഴി യൂറോപ്പിലേക്കുമെത്തിക്കലാണ് ലക്ഷ്യം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യൂറോപ്പിലേക്കുള്ള വ്യാപാരങ്ങളുടെ നിലവിലെ ഗതാഗത വഴിയായ സൂയസ് കനാലിന്റെ പ്രാധാന്യം കുറയും. നിലവിലുള്ളതിന്റെ പകുതി സമയം കൊണ്ട് യൂറോപ്പിലേക്ക് ചരക്കുകളെത്തിക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സൗദി അറേബ്യയും യു.എ.ഇയുമെല്ലാം ബഹുമുഖ വികസന പദ്ധതികളുമായി കുതിക്കുമ്പോൾ മേഖലയിൽ തങ്ങളുടെയും ശക്തമായ സാന്നിധ്യം അടയാളപെടുത്താനുള്ള ശ്രമമായിട്ട് ഇറാഖിന്റെ ഈ പദ്ധതിയെ വായിക്കപ്പെടുന്നത്. അതിലുപരി, ആഭ്യന്തരകലാപങ്ങളെ കൊണ്ടും ഇറാന്‍-ഗള്‍ഫ് യുദ്ധങ്ങള്‍കൊണ്ടും തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ ഒരു തിരിച്ചുവരവായും ഇതിനെ വായിക്കാവുന്നതാണ്.

വർധിക്കുന്ന ഇസ്രായേൽ ഇറാൻ വൈര്യം

ഇസ്രായേൽ വ്യോമാക്രമണങ്ങൾ ദിവസം തോറും അനിയന്ത്രിതമായി കൂടിവരികയാണ്. ഗോലൻകുന്നുകളിൽ നിന്ന് ഇസ്രായേൽ തൊടുത്തുവിടുന്ന മിസൈലുകൾ കൊണ്ട്, ദമസ്കസിന്റെ ആകാശം ദിവസങ്ങളോളം ശബ്ദമുഖരിതമായിരിക്കുന്ന അവസ്ഥയാണ്. ഇസ്രായേൽ ഇറാൻ വൈര്യത്തിന്റെ ബാക്കിപത്രമങ്ങളായി ഇത്തരം മിസൈലാക്രമണങ്ങളെ വിശേഷിപ്പിക്കാം. സിറിയയിലെ വർധിച്ചുവരുന്ന ഇറാനിയൻ സ്വാധീനവും ഇറാൻ അനുകൂല സംഘമായ ഹിസ്ബുള്ളയുടെ സാനിധ്യവുമാണ് ഇസ്രായേൽ മിസൈലാക്രമണങ്ങൾക്ക് ദമസ്കസ് വേദിയാവുന്നതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ അയൽരാജ്യങ്ങളിലടക്കം നുഴഞ്ഞുകയറികൊണ്ടിരിക്കുന്ന ഇറാൻ ഇസ്രായേൽ വൈര്യം മിഡിൽ ഈസ്റ്റിന് ഇനിയും കനത്ത നഷ്ടങ്ങൾ വരുത്തുമെന്നതില്‍ സംശയമില്ല.

പ്രതീക്ഷകൾ കൈവിടാതെ സുഡാൻ

ഏപ്രിൽ പകുതിയോടെ ആരംഭിച്ച സുഡാനിലെ സൈനികകലാപ പ്രതിസന്ധി ഒന്നരമാസം പിന്നിടുമ്പോൾ 1800 ലധികം പേരുടെ മരണത്തിനും ലക്ഷകണക്കിനു പേരുടെ കുടിയേറ്റത്തിനും കാരണമായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ അനവധി വെടിനിർത്തൽ കരാറുകളും സമാധാനചർച്ചകളും ആവിഷ്കരിക്കപെട്ടെങ്കിലും നിർഭാഗ്യവശാൽ ചുരുങ്ങിയ ആയുസ്സു മാത്രമേ അവകൾക്കുണ്ടായിരുന്നുള്ളൂ. എന്നാൽ അമേരിക്കയുടെയും സൗദി അറേബ്യയുടെയും മധ്യസ്ഥതയിൽ തുടങ്ങിവെച്ചിരുന്ന ജിദ്ദ ചർച്ചകൾ സമാധാന ശ്രമങ്ങൾക്ക് പുത്തനുണർവേകിയിരുന്നു. മുൻകരാറുകളെല്ലാം പരാജയപ്പെട്ട സ്ഥിതിയിൽ ജിദ്ദ ചർച്ചയിലെടുത്ത കരാറുകൾ പൂർണമായും പാലിക്കപ്പെട്ടു എന്നുറപ്പാക്കാനുള്ള മുൻകരുതലുകളെടുത്തിരുന്നെങ്കിലും പല ഘട്ടങ്ങളിലായി ഇരുകക്ഷികളും കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടെന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങള്‍ പറയുന്നത്. ഇതോടെ കരാർ വ്യവസ്ഥകൾ ഇരുകക്ഷികളും പൂർണമായി പാലിക്കുന്നുണ്ടെന്നുറപ്പുവരുത്താൻ ആസ്ഥി മരവിപ്പിക്കലും വിദേശ യാത്ര നിയന്ത്രണങ്ങളുമടക്കമുള്ള കാര്യങ്ങൾ നടപ്പാക്കി കരാർ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സൗദിയും അമേരിക്കയും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter