ഗബ്രിയേല്‍ റൊമാനി ഇസ്‍ലാമിലെത്തിയത് ഇങ്ങനെയായിരുന്നു

"ഞാൻ സാധാരണ പോവാറുള്ള രാത്രി പാർട്ടിയിൽ ഡാൻസ് ചെയ്യുന്നതിനിടെ ഒരു സ്ത്രീ എന്റെ ശരീരത്തിൽ മൂർച്ചയുള്ള  കത്തിയുമായി ആഞ്ഞ് കുത്തുന്നു, വേദന കൊണ്ട് പുളഞ്ഞ ഞാൻ എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങി, ചുറ്റുപാടും കനത്ത ഇരുട്ടാണ്. അതിനിടയിൽ ഞാൻ ഒരു വാതിൽ കാണുന്നു, അതിൽ പ്രവേശിച്ചതിന് ശേഷം മുകളിലേക്ക് നോക്കിയപ്പോൾ ചെറിയൊരു പ്രകാശം എനിക്ക് കാണാൻ ആയി!!! പെട്ടെന്ന് ഞാൻ ഉറക്കിൽ നിന്ന് ഞെട്ടിയുണർന്നു. പേടി കാരണം ശരീരം മുഴുവൻ വിറക്കാൻ തുടങ്ങി. ആ രാത്രി ഞാൻ ഒരുപാട് കരഞ്ഞു. ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് ഞാൻ കണ്ട ഏറ്റവും ഭീതിദമായ സ്വപ്നമായിരുന്നു ഇത്." ഗബ്രിയേൽ അൽ റൊമാനിയുടെ വാക്കുകളാണിവ.

റൊമാനിയയിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ഗബ്രിയേൽ ജനിക്കുന്നത്. ചെറു പ്രായത്തിൽ തന്നെ ബൈബിൾ വായിക്കാനും ആരാധനാ കർമ്മങ്ങൾ അനുഷ്ഠിക്കാനും മുൻപന്തിയിൽ ഉണ്ടായിരുന്ന ഗബ്രിയേലിനെ, ഒരു ക്രിസ്ത്യൻ പുരോഹിതൻ ആക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ താൽപര്യം. എന്നാല്‍  ക്രിസ്തീയ മതഗ്രന്ഥങ്ങളിൽ നിന്ന് അദ്ദേഹം സ്വന്തമാക്കിയ ജ്ഞാനങ്ങൾ കൊണ്ട് തന്നെ ഇസ്‍ലാം മതം സ്വീകരിക്കനായിരുന്നു അല്ലാഹുവിന്റെ വിധി!!!

പഠന കാലത്ത് തന്റെ സുഹൃത്തും ബോസ്നിയൻ സ്വദേശിയുമായ കമാൽ എന്ന മുസ്‍ലിം സഹോദരനിൽ നിന്നാണ് അൽറൊമാനി ഇസ്‍ലാമിനെ മനസ്സിലാക്കാൻ തുടങ്ങുന്നത്. "ഡ്രൈവിംഗിനിടയിലും മറ്റുള്ള ഒഴിവ് സമയങ്ങളിലുമെല്ലാം പരസ്പരം മത വിഷയങ്ങളിൽ സംവാദത്തിൽ ഏർപ്പെടൽ അവരുടെ പതിവായിരുന്നു. ജീസസ് അല്ലവുവിന്റെ ദൂതനും അടിമയുമായ ഈസാ നബിയാണെന്ന് കമാൽ വാദിക്കുമ്പോഴെല്ലാം അത് സമ്മതിച്ചു നൽകാൻ ഞാൻ തയ്യാറായിരുന്നില്ല. അങ്ങനെ വാദം നീണ്ട് പോവും. പക്ഷേ ഒരു ദിവസം,പരസ്പരം വാദിച്ച് കൊണ്ടിരിക്കുന്നതിനിടക്ക് എന്റെ മനസ്സാക്ഷിയെ എന്തോ പിടിച്ചുവെക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. വാദിക്കാൻ വേണ്ടി മാത്രമല്ലേ ഞാൻ ഇതെല്ലാം പറയുന്നത്.  തീർത്തും നിഷ്കളങ്കമായി സംവദിക്കുന്ന കമാലിന്റെ വാക്കുകൾക്ക് ഞാൻ ഒരിക്കൽ പോലും ചെവി കൊടുക്കാത്തത് ആത്മ വഞ്ചനയല്ലേ...? ഇത്തരം ചോദ്യങ്ങൾ എന്നെ അലട്ടി കൊണ്ടേയിരുന്നു. 

കമാലിന്റെ ജീവിത രീതിയും ഇസ്‍ലാം സ്വീകരിക്കുന്നതിൽ എന്നെ ഏറെ സ്വാധീനിച്ച ഘടകമായിരുന്നു. എത്ര തിരക്കിനിടയിലും ഏത് സ്ഥലത്ത് വെച്ചാണെങ്കിലും നിസ്കാര സമയമായാൽ അത് നിർവ്വഹിച്ചതിന് ശേഷമേ മറ്റുള്ള പണികളിൽ കമാൽ മുഴുകാറുള്ളൂ. ഒരിക്കൽ നല്ല തണുപ്പുള്ള ദിവസം  അതിരാവിലെ എഴുന്നേറ്റ ഞാൻ കമാലിനെ, നിസ്കാരത്തിനായി വിളിച്ചുണർത്താൻ തീരുമാനിച്ചു. എന്നാല്‍ തണുത്ത വെള്ളത്തിൽ അംഗസ്നാനം ചെയ്തു ഫജറ് നിസ്കാരത്തിൽ വ്യാപൃതനായ കമാലിനെയായിരുന്നു എനിക്ക് കാണാൻ സാധിച്ചത്. ഇത്തരത്തിൽ മത വിഷയങ്ങളിൽ കമാൽ കാണിക്കുന്ന കണിഷത എന്നെ ഏറെ അൽഭുതപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ഇസ്‍ലാമിനെ കുറിച്ചുള്ള മതിപ്പ് എന്നിൽ ഉണ്ടാക്കി തീർത്തത് അയാളുമായുള്ള നിരന്തരമായ അടുപ്പമായിരുന്നു." അൽ റൊമാനി തന്റെ പഠന കാലയളവിലെ അനുഭവങ്ങൾ ഓർത്തെടുക്കുന്നു.

"പിന്നീട് ഖുർആനിലൂടെയാണ് ഞാൻ ഇസ്‍ലാമിനെ കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാൻ തുടങ്ങുന്നത്. ഖുർആൻ പാരായണം ചെയ്യുന്ന സമയത്തെല്ലാം അനിർവചനീയമായ ഒരു അനുഭൂതി എനിക്ക് അനുഭവപ്പെട്ടിരുന്നു. ഇസ്‍ലാം ഒരു മതം എന്നതിന് അപ്പുറം ലോകത്തെ സർവ്വ ജനങ്ങൾക്കുമുള്ള മഹത്തായ ഒരു ജീവിത ശൈലിയാണെന്നും, ഇത് തന്നെയാണ് മൂസാ നബിയും ഈസാ നബിയും പിന്നീട് അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയും ഈ ലോകത്ത് പ്രചരിപ്പിച്ചതെന്നും ഞാൻ ഖുർആനിൽ  നിന്ന് മനസ്സിലാക്കി. എന്നെ വല്ലാതെ അലട്ടിയിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഖുർആനിൽ എനിക്ക് കണ്ടെത്താനായി. വിശുദ്ധ ഗ്രന്ഥം എന്നോട് നേരിട്ട് സംസാരിക്കുന്ന പോലെ എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിരുന്നു." വിശുദ്ധ ഖുർആൻ തന്റെ ജീവിതത്തിൽ എത്രത്തോളം സ്വാധീനിച്ചു എന്ന ചോദ്യത്തിനുള്ള അൽ റൊമാനിയുടെ മറുപടിയാണ് ഇതെല്ലാം.

ഇസ്‍ലാമിനെ കുറിച്ച് ഒത്തിരി പഠിച്ച് മനസ്സിലാക്കിയിട്ടും താൻ എന്തിന് ഇനിയും ഇസ്‌ലാം സ്വീകരിക്കാൻ വൈകിക്കണം എന്ന ശങ്ക അപ്പോഴേക്കും ഗബ്രിയേലിനെ  പിടികൂടിയിരുന്നു. അതിനിടയിലാണ് സുഹൃത്ത് കമാലിനെ ലൈബ്രറിയിൽ വെച്ച് അദ്ദേഹം കണ്ട് മുട്ടുന്നത്. തനിക്ക് ഇസ്‍ലാം മതം സ്വീകരിക്കണമെന്നും അതിനുള്ള വാചകം താങ്കൾ ചൊല്ലിത്തരണമെന്നും ഗബ്രിയേല്‍ കമാലിനോടായി പറഞ്ഞു. സുബ്ഹാനല്ലാഹ്!!! നീ സത്യ മതം സ്വീകരിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ നമസ്കാര ശേഷമുള്ള പ്രാർത്ഥനകളിൽ  "അല്ലാഹുവേ എന്റെ സഹോദരനെ നീ സന്മാർഗത്തിൽ ആക്കേണമേ" എന്ന് ഞാൻ നിരന്തരം പ്രാർത്ഥിച്ചിരുന്നു, എന്ന് മറുപടി പറയുമ്പോള്‍ കമാലിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഈ വാചകം തന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി എന്ന് ഗബ്രിയേലും വെളിപ്പെടുത്തുന്നു.

അവസാനമായി മുസ്‍ലിം സഹോദരങ്ങളോട്  നിങ്ങൾക്ക് നൽകാനുള്ള ഉപദേശമെന്തെന്ന ചോദ്യത്തിന് ഗബ്രിയേലിന്റെ മറുപടി ഇപ്രകാരം: "നാം ആത്മാർഥതയുള്ളവരാവുക! പ്രവാചകൻ തന്നെ ഒരിക്കൽ പറഞ്ഞുവല്ലോ, എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നത് ചെയ്യുന്നയാളുടെ നിയ്യത്ത് നോക്കിയിട്ട് മാത്രമാണെന്ന്. അത് കൊണ്ട്, നാം നിർവ്വഹിക്കുന്ന കർമ്മങ്ങളിലെല്ലാം ആത്മാർത്ഥതയുണ്ടാവുക, തീർച്ചയായും അതിന്റെ പരിണതി സത്യവും നന്മയുമായിരിക്കും.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter