വീണ്ടും കാണാം...അടുത്ത വര്‍ഷം, ഇന്‍ ശാ അല്ലാഹ്..
ഇന്ന് ദുല്‍ഹിജ്ജ 14...
മിനായില്‍നിന്ന് മുസ്ദലിഫയിലൂടെ അറഫയിലേക്ക് നമുക്കൊന്ന് സഞ്ചരിച്ച് നോക്കാം. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ലോകത്ത് തന്നെ ഏറ്റവും ജന സാന്ദ്രമായിരുന്ന ഭാഗങ്ങള്‍... ഏതാനും കിലോമീറ്ററുകള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഒരേ വേഷത്തിലും ഭാവത്തിലും ചുറ്റിത്തിരിഞ്ഞ പ്രദേശങ്ങള്‍.... ചുണ്ടില്‍ ഒരേ മന്ത്രവും മനസ്സില്‍ ഒരു പിടി പ്രാര്‍ത്ഥനകളുമായി നടന്നുനീങ്ങിയ വഴിത്താരകള്‍... എത്രമാത്രം കൈകളാണ് ഈ ദിവസങ്ങളില്‍ ഇവിടെ നിന്ന് വാനലോകത്തേക്ക് ഉയര്‍ന്നത്.. എത്രമാത്രം പ്രാര്‍ത്ഥനകളാണ് നഭോമണ്ഡലത്തിന്റെ പാളികള്‍ ഭേദിച്ച് പടച്ച തമ്പുരാന്റെ സമക്ഷത്തിലെത്തിച്ചേര്‍ന്നത്.... എല്ലാം സ്വീകരിക്കപ്പെടട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
ഇന്ന് ഇതിലൂടെ സഞ്ചരിക്കുമ്പോള്‍, എല്ലാം പഴയ പോലെ ഒഴിഞ്ഞ് കിടക്കുകയാണ്. വീണ്ടും ആരുമില്ലാതായതിന്റെ ആകുലതകള്‍ ആ മണല്‍തരികളില്‍ പതിയിരിക്കുന്ന പോലെ തോന്നും. ഹാജിമാരുടെ പുത്തന്‍ കാല്പാദങ്ങളേറ്റ് ജബലുറഹ്മക്ക് മതിവരാത്തത് പോലെ.. മസ്ജിദുന്നമിറയുടെ മിനാരങ്ങള്‍ ദൂരെ മറഞ്ഞ് പോകുന്ന അവസാന ഹാജിയെയും കണ്ണിമ വെട്ടാതെ നോക്കിനില്‍ക്കുന്നത് പോലെ...
അതേ സമയം, വലിയൊരു സമൂഹത്തിന് തങ്ങളുടെ ജീവിതസ്വപ്നം സാക്ഷാല്‍ക്കരിച്ച് കൊടുക്കാന്‍ വേദിയാവാനായതിന്റെ ചാരിതാര്‍ത്ഥ്യവും അവിടെയുള്ള പുല്‍ക്കൊടികളില്‍ പോലും പ്രകടമാണ് താനും.
കോവിഡ് മഹാമാരിക്ക് ശേഷം, വിദേശ ഹാജിമാരെ ഉള്‍പ്പെടുത്തി ആദ്യമായി നടന്ന ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇവിടെ വിരാമമായിരിക്കുകയാണ്. ഇന്നലെ അവസാന ദിന ഏറ് കൂടി നടത്തിയതോടെ, മിനയോട് യാത്ര പറഞ്ഞ്, എല്ലാവരും തമ്പുകളില്‍നിന്ന് ഹറമിന് സമീപമുള്ള റൂമുകളിലേക്ക് തിരിച്ചു പോയിക്കഴിഞ്ഞു. ഭൂരിഭാഗം ഹാജിമാരും സ്വദേശങ്ങളിലേക്ക് തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകളിലാണ്. ചിലരൊക്കെ അല്‍പ ദിവസങ്ങള്‍ കൂടി ഹറമില്‍ തന്നെ കഴിച്ച് കൂട്ടുന്നവരുമുണ്ട്.
സ്വദേശങ്ങളിലേക്ക് തിരിച്ച് പോവുന്നവര്‍ക്ക് കഅ്ബയോട് വിടപറയുന്ന വിദാഇന്റെ ത്വവാഫ് മാത്രമാണ് ഇനി ബാക്കിയുള്ളത്. അല്പദിവസം കൂടി അവിടെ തങ്ങുന്നവര്‍ കൂടുതല്‍ ഉംറകളും ത്വവാഫുകളും ആരാധനാകര്‍മ്മങ്ങളുമായി പരമാവധി സമയം ഹറമില്‍ തന്നെ കഴിച്ച് കൂട്ടുകയും ചെയ്യുന്നു. അവസാനം ഹറമിനോട് യാത്ര പറയാനാവുമ്പോള്‍ അവരും വിദാഇന്റെ ത്വവാഫ് ചെയ്ത് കഅ്ബയോട് സലാം പറഞ്ഞ് പിരിയുന്നു.
അവസാനമായി കഅ്ബാലയത്തെ വീണ്ടും വീണ്ടും നോക്കി സായൂജ്യമടഞ്ഞാണ് ഓരോ ഹാജിയും യാത്ര പറയുന്നത്. ആ സമയത്ത് അവരുടെയെല്ലാം മനസ്സുകളിലും ചുണ്ടുകളിലും ഒരേ പ്രാര്‍ത്ഥനയായിരിക്കും, നാഥാ, ഇത്, ഈ വീടുമായുള്ള ഞങ്ങളുടെ അവസാന കൂടിക്കാഴ്ച ആവാതിരിക്കണേ.. വീണ്ടും വീണ്ടും ഇവിടെയെത്താന്‍ സൌഭാഗ്യം നല്കണേ...
നമുക്കും അവരൊടൊപ്പം ചേരാം.. ഒരു ഹജ്ജുല്‍ അക്ബര്‍ കൂടി സുന്ദരമായി പര്യവസാനിച്ചതില്‍ പ്രപഞ്ച നാഥനുള്ള സ്തുതികീര്‍ത്തനങ്ങളോടെ... നാഥാ, എല്ലാം നീ സ്വീകരിക്കണേ എന്ന പ്രാര്‍ത്ഥനകളോടെ...
Leave A Comment