ഇഅ്തികാഫിനായി രണ്ടര ലക്ഷം പേര്‍.. ഇസ്റാഈല്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു
വിശുദ്ധ റമദാനിലെ ഏറ്റവും പുണ്യകരമെന്ന് വിശ്വസിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവില്‍ ഇഅ്തികാഫിനായി അല്‍അഖ്സാ പള്ളിയിലെത്തിയത് രണ്ടര ലക്ഷത്തിലേറെ പേര്‍. പള്ളിക്കകത്തും മുറ്റത്തുമായി തടിച്ചു കൂടിയ വന്‍ജനാവലിക്കെതിരെ ഇസ്രാഈല്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ച് പരക്കെ പ്രതിഷേധത്തിനിടയാക്കി.
പള്ളിയുടെ മുറ്റത്ത് തടിച്ച് കൂടിയ വിശ്വാസികളെ പിരിച്ചുവിടാനായി, ഇസ്രായേലി സൈന്യം ഡ്രോൺ ഉപയോഗിച്ച് കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകൾ അൽ ജസീറ ചാനല്‍ പുറത്തുവിട്ടു. പള്ളിയിൽ ആരാധന നിർവഹിക്കുന്നവരെ തടഞ്ഞതായും ചാനല്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ക്ഷുഭിതരായ ഫലസ്തീന്‍ യുവാക്കൾ ഡ്രോണിനെതിരെ കല്ലെറിയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
അധിനിവേശ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗ്രീന്‍ ലൈന്‍ മേഖല എന്നിവിടങ്ങളില്‍നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ളവരാണ്, ഇഅ്തികാഫിനെത്തിയതെന്ന് ഫലസ്തീന്‍ ഔഖാഫ് അറിയിച്ചു.
അഖ്‌സ പള്ളിയിലേക്കുള്ള ആവർത്തിച്ചുള്ള നുഴഞ്ഞുകയറ്റവും പള്ളിയുടെ മുറ്റത്ത് വഴിപാടുകൾ നടത്താനുള്ള തീവ്ര ജൂത ഗ്രൂപ്പുകളുടെ ശ്രമങ്ങളും കാരണം വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം മുതൽ തന്നെ അല്‍അഖ്സാ പള്ളി പ്രശ്നകലുഷിതമായിരുന്നു. റമദാനിലെ അവസാന നാളുകളില്‍, പുണ്യ പള്ളിയില്‍ ഇഅ്തികാഫിനായി ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയത്, അധിനിവേശ സൈന്യത്തെ വീണ്ടും പ്രകോപിപ്പിച്ചിരിക്കുകയാണ്.