നവ നാസ്തികതയെയും  ആധുനിക വാദങ്ങളെയും വിലയിരുത്തുന്ന രണ്ട് പുസ്തകങ്ങള്‍

നവ നാസ്തികതയെയും  ആധുനിക വാദങ്ങളെയും വിലയിരുത്തുന്ന രണ്ട് പുസ്തകങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പുതിയ കാലത്ത് ജീവിക്കുന്ന അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ഒരുപോലെ വായിക്കേണ്ടതാണ് ഈ രണ്ട് കൃതികളും. റൈറ്റ് സൊല്യൂഷന്‍സ് ഡയരക്ടര്‍ മുഹമ്മദ് ഫാരിസ് എഴുതിയ ഇവ പ്രസിദ്ധീകരിക്കുന്നത്, ചെമ്മാട് ബുക് പ്ലസ് ആണ്.

1. നവനാസ്തികത: ഒരു വിമർശന പഠനം.

സ്വാതന്ത്ര്യത്തിനും മുമ്പേ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് നിലകൊണ്ട ഒരു ആശയമായിരുന്നു യുക്തിവാദം. നാസ്തികതയായിരുന്നു അതിന്റെ ആണിക്കല്ല്. മതങ്ങളിലും സമൂഹത്തിലും നിലനിന്ന അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുക എന്ന ദൗത്യത്തിനുവേണ്ടി നിലകൊണ്ട പ്രസ്ഥാനമായിട്ടാണ് യുക്തിവാദികള്‍ അവരെ പരിചയപ്പെടുത്തിയത്. എന്നാല്‍, ഒരു സാമൂഹിക പ്രസ്ഥാനം എന്നതില്‍നിന്നു മാറി, കേവലം മുസ്‌ലിംവിരോധവും വംശീയമായ വെറുപ്പുല്‍പാദനവുമായി അധഃപതിച്ച യുക്തിവാദത്തിന്റെ  സാമൂഹിക വിപത്തുകളെയും ന്യായവൈകല്യങ്ങളെയുമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്.  

മതങ്ങളെ, പ്രത്യേകിച്ച് ഇസ്‌ലാമിനെ യുക്തിസഹമല്ലാതെയും ചരിത്രബോധമില്ലാതെയും വിമര്‍ശിക്കുക എന്നതാണ് ഈയിടെ രംഗപ്രവേശം ചെയ്ത നവനാസ്തികരുടെ പൊതുസ്വഭാവം. ഒരു സാമൂഹിക യാഥാര്‍ഥ്യം എന്ന നിലയില്‍ മതങ്ങളെ സമീപിക്കുന്ന രീതിയില്‍നിന്നു മാറി പ്രവാചകനിന്ദ, ഖുര്‍ആന്‍ അവഹേളനം തുടങ്ങിയ കുറുക്കുവഴികളിലൂടെ പ്രശസ്തി നേടുകയും, അതിലൂടെ സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക വരുമാനം അടക്കമുള്ള ലക്ഷ്യങ്ങള്‍ ഉന്നംവക്കുകയും, സംഘ്പരിവാര്‍ അജണ്ടയായ മുസ്‌ലിം ഉന്മൂലനത്തിന് സഹായകമാകുന്ന വിധത്തില്‍ പൊതുസമ്മതിയെ അറിഞ്ഞും അറിയാതെയും നിര്‍മിച്ചെടുക്കുകയുമാണ് ഇപ്പോള്‍ കേരളത്തിലെ നവനാസ്തികത ചെയ്തുകൊണ്ടിരിക്കുന്നത്. ''ഇസ്‌ലാം വിമര്‍ശനം ഫലപ്രദമായി നടക്കണമെന്നുണ്ടെങ്കില്‍ ഹിന്ദുത്വവാദികളുടെ സഹായം വേണം'' എന്ന കേരളത്തിലെ എക്‌സ് മുസ്‌ലിംകളുടെ പ്രസ്താവനയും, എക്‌സ് മുസ്‌ലിം എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്ന ചിലര്‍ ''തൊഴിലെടുക്കാതെ ആഢംബര ജീവിതം നയിക്കുന്നവര്‍'' ആണെന്ന അവരുടെത്തന്നെ രക്തബന്ധുക്കളുടെ സാക്ഷിമൊഴികളും ഇക്കാര്യം ഒട്ടും അതിശയോക്തിപരമല്ലെന്ന് തെളിയിക്കുന്നുണ്ട്. സി. രവിചന്ദ്രനെ പോലുള്ള, വലതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങളെ മൃദുലമായി സമീപിക്കുന്ന സവര്‍ക്കറൈറ്റ് നാസ്തികതരുടെ സാന്നിധ്യവും കേരളത്തിലുണ്ടെന്നത് ശ്രദ്ധേയമാണ്. 

സ്വതന്ത്ര ചിന്തകര്‍ എന്ന വിശേഷണം നവനാസ്തികര്‍ അവരെ സ്വയം പരിചയപ്പെടുത്താന്‍ പതിവായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, സ്വതന്ത്രചിന്ത എന്ന പേരില്‍ സമൂഹത്തിന്റെ ധാര്‍മികമായ അടിത്തറതന്നെ  തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നാസ്തികരുടെ മുന്‍കൈയില്‍ അരങ്ങേറുന്നത്. സ്വതന്ത്രചിന്തയുടെ വിപ്ലവ പ്രവര്‍ത്തനങ്ങളിലൊന്നായ ചുംബനസമരത്തിന് നേതൃത്വം നല്‍കിയവര്‍ പിന്നീട് പെണ്‍വാണിഭം പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിയാലതും, ചുംബനസമരം നടത്തുന്നതില്‍ തങ്ങളുടെ പങ്ക് നിര്‍ണായകമായിരുന്നു എന്ന കേരളത്തിലെ പ്രമുഖ എക്‌സ് മുസ്‌ലിം ആയ ഇ.എ ജബ്ബാര്‍ ഊറ്റംകൊണ്ടതും യാദൃഛികമായി തോന്നുന്നില്ല.  
 
ലിബറലിസം, മുസ്‌ലിംവംശവിരുദ്ധത, ഇസ്‌ലാമോഫോബിയ, ലൈംഗിക അരാജകത്വം തുടങ്ങിയ ചേരുവകള്‍ അടങ്ങിയ ഒരു സങ്കരയിനം ഉള്ളടക്കമാണ് സവര്‍ക്കറൈറ്റ് നാസ്തികരും എക്‌സ് മുസ്‌ലിംകളും ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഈ ഉള്ളടക്കത്തെ സമഗ്രമായി അപഗ്രഥിക്കുകയാണ് മുഹമ്മദ് ഫാരിസ് പി.യു ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്. തത്ത്വചിന്ത, ന്യായവാദം, ദൈവശാസ്ത്രം, ലിബറലിസം, ചരിത്രവിശകലനം തുടങ്ങിയ ഉപാധികളും തെളിമയുള്ള ഉദാഹരണങ്ങളുമുപയോഗിച്ച് നവനാസ്തികതയുടെ ന്യായവൈകല്യങ്ങളെ തുറന്നുകാട്ടുന്ന ഈ പുസ്തകം നാസ്തികര്‍ക്കും യുക്തിവാദികള്‍ക്കും അധ്യാപക-വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്. 
റൈറ്റ് സോലൂഷ്യന്‍സിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഗ്രന്ഥകാരനോട് കലവറയില്ലാത്ത കടപ്പാട് അറിയിക്കുകയാണ്. 
യുക്തിവാദമെന്ന പേരില്‍ രംഗം കൈയടക്കിയ ഇസ്‌ലാമോഫോബിക് എക്‌സ് മുസ്‌ലിംകളെയും സവര്‍ക്കറൈറ്റ് നാസ്തികരെയും സമഗ്രമായി തുറന്നുകാട്ടുന്ന കേരളത്തിലെ ആദ്യത്തെ ശ്രമമായതിനാൽ, സംഘടനാ വ്യത്യാസമോ, പ്രായ വ്യത്യാസമോ ഇല്ലാതെ എല്ലാവരും വാങ്ങി വായിക്കേണ്ട പുസ്തകമാണിത്. 

2. ഇസ്‌ലാമും ആധുനികതാ വാദങ്ങളും

ആധുനിക മനുഷ്യന്റെ ശരിതെറ്റുകള്‍ അതിന്റെ ഏറ്റവും അടിസ്ഥാനപരമായ സ്രോതസ്സുകളെ മുന്‍നിര്‍ത്തി വിചാരണ ചെയ്യുന്ന കൃതിയാണിത്. ആധുനികത എന്നത് മനുഷ്യകുലത്തിന്റെ പ്രവാഹത്തിലെ ഒരു ചരിത്രഘട്ടം മാത്രമാണെന്നും, മനുഷ്യന്റെ ധാര്‍മികത, സാമൂഹിക നിലവാരം എന്നിവയോട് അത്ര മാന്യമായിട്ടല്ല അത് പെരുമാറിയതെന്നുമാണ് ഈ പുസ്തകം മുന്നോട്ടുവക്കുന്ന പ്രധാന തത്ത്വം. 

ആധുനികത സമ്മാനിച്ച ശാസ്ത്ര-സാങ്കേതിക പുരോഗതിയെ ആദരിക്കുമ്പോഴും മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ സുരക്ഷയും സൗന്ദര്യവും സംതൃപ്തിയും പരിരക്ഷിക്കുന്നതില്‍ ആധുനികതയും അതുയര്‍ത്തിവിട്ട പ്രസ്ഥാനങ്ങളും ദയനീയമായി പരാജയപ്പെടുന്നതായി ഗ്രന്ഥകാരന്‍ വാദിക്കുന്നു.    
മോഡേണിസം, ലിബറലിസം, സെക്കുലറിസം, ഹ്യൂമനിസം, ഫെമിനിസം, എല്‍.ജി.ബി.ടി ആക്റ്റിവിസം, സ്വവര്‍ഗലൈംഗികത തുടങ്ങിയ ചിന്താധാരകള്‍ സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് വളര്‍ന്നു വന്നതെങ്കിലും അവയുടെ അകത്തു തന്നെയുള്ള പാരതന്ത്ര്യം, ഏകാധിപത്യ പ്രവണത, മനുഷ്യാവകാശ ലംഘനം എന്നിവ ആധുനിക മനുഷ്യന്‍ കണ്ടില്ലെന്നു നടിച്ചതിന്റെ ദുരന്തങ്ങള്‍ വളരെ വിശദമായി ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്.

ശരിതെറ്റുകളെ നിയന്ത്രിക്കാനുള്ള ചോയ്‌സ് ഓരോ വ്യക്തിക്കുമുണ്ടെന്നും അവയെ ഇസ്‌ലാം ഹനിക്കുന്നുവെന്നും വാദിക്കുന്നവരാണ് ആധുനികതാവാദികള്‍. എന്നാല്‍, തങ്ങളുടെ ചോയ്‌സുകള്‍ വ്യക്തിപരമായ തെരഞ്ഞെടുപ്പല്ലെന്നും, കോര്‍പറേറ്റ് പ്രോപഗണ്ടയിലൂടെയും മാധ്യമ നിര്‍മിതികളിലൂടെയും രൂപപ്പെട്ടുവന്ന മാനദണ്ഡങ്ങളോട് താദാത്മ്യപ്പെടുന്നതിന്റെ ഭാഗമായി പാകം ചെയ്ത് വിതരണം ചെയ്യപ്പെടുന്നതാണെന്നും അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരം മാനദണ്ഡങ്ങളെ മാനിച്ചാല്‍ മാത്രമേ തങ്ങള്‍ പുരോഗമനം നേടിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാവൂ എന്ന നിര്‍ബന്ധിതാവസ്ഥയിലാണ് തങ്ങളുടെ ''ചോയ്‌സുകള്‍'' രൂപപ്പെടുന്നത് എന്ന വൈരുദ്ധ്യം അവര്‍ മനസ്സിലാക്കുന്നില്ല. ഈ വൈരുദ്ധ്യത്തെ ചരിത്രവും, സുഗ്രാഹ്യമായ ന്യായവാദങ്ങളുമുപയോഗിച്ച് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍. 
വെളിപാടും(വഹ്‌യ്) യുക്തിയും തമ്മിലുള്ള അവിഭാജ്യമായ ബന്ധം വിവരിക്കുകവഴി വിശ്വാസം യുക്തിവിരുദ്ധമാണെന്ന പറഞ്ഞുപതിഞ്ഞ അന്ധവിശ്വാസത്തെ ഉടച്ചുകളയുന്ന രീതി ഏറെ ആകര്‍ഷണീയമാണ്. 

ഇസ്‌ലാമിക വിശ്വാസത്തിന്റെ ജ്ഞാനശാസ്ത്രപരമായ ഔന്നത്യത്തില്‍നിന്ന് ഊറിവരുന്ന ആത്മവിശ്വാസത്തിന്റെ ഒരുതരം അന്തസ്സ് ഈ പുസ്തകത്തിന്റെ ഓരോ പുറത്തിലും വായനക്കാരന് കണ്ടെത്താനാവും.  
അക്കാദമിക ഭാഷയുടെ ഭാരങ്ങളില്ലാതെയും, അതേസമയം തത്ത്വചിന്തയും ലോജിക്കും കൈവിടാതെയുമുള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍, പ്രഭാഷകര്‍ തുടങ്ങി പലതുറകളിലുള്ള ആളുകള്‍ക്കും ഉപകാരപ്രദമായിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter