ഉമർ ബ്ൻ സൈദ്: വിജ്ഞാനം കൊണ്ട് അടിമത്വത്തെ അതിജീവിച്ച പണ്ഡിതൻ

യൂറോപ്യൻ സാമ്രാജ്യത്വത്തിന്റെ  കുപ്രസിദ്ധ വികസന പദ്ധതികളുടെ നട്ടെല്ലായിരുന്നു ആഫ്രിക്കയിൽ നിന്നും അറ്റ്‍ലാന്റിക് മഹാസമുദ്രം വഴി നടത്തപ്പെട്ട അടിമക്കച്ചവടങ്ങളൊക്കെയും. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നും   അധിനിവേശ സേനകളാൽ ബന്ദികളാക്കപ്പെട്ട്  അമേരിക്കയിലെ വ്യവസായ തുറമുഖങ്ങളിലേക്കും അടിമചന്തകളിലേക്കും കപ്പൽ കയറ്റപ്പെട്ട് പേരും മേൽവിലാസവുമില്ലാതെ  പാശ്ചാത്യ മുതലാളിതത്തിന്റെ ചരക്കുകൾ മാത്രമായി ജീവിക്കാൻ വിധിക്കപ്പെട്ടത് ലക്ഷക്കണക്കിന് മനുഷ്യരാണ്. കേവലം  നിർജീവ വസ്തുക്കളുടെ മാത്രം വില കൽപ്പിക്കപ്പെട്ടിരുന്ന ഇത്തരം അടിമകളുടെ ചരിത്രമോ അവർക്ക് അനുഭവിക്കേണ്ടി വന്ന പീഢനങ്ങളെ കുറിച്ചുള്ള രേഖകളോ വിവരങ്ങളോ വേണ്ട വിധം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. ശബ്ദിക്കാനോ എഴുതാനോ അക്ഷരം അഭ്യസിക്കാനോ അടിമകളെ അനുവദിച്ചിരുന്നില്ല എന്നതാണ് ഇതിനു പിന്നിലെ കാരണം.

അക്കാരണം കൊണ്ടു തന്നെയാണ്  അറബി ഭാഷയിൽ സ്വന്തമായി ആത്മകഥ രചിച്ച ആദ്യ ആഫ്രിക്കക്കാരനായ ഒമർ ബിൻ സൈദ് എന്ന, അമേരിക്കയിൽ അടിമയായി ജീവിതം കഴിച്ചു കൂട്ടാൻ വിധിക്കപ്പെട്ട സെനഗലിലെ മുസ്‍ലിം പണ്ഡിതന്റെ ജീവചരിത്രത്തിന് പ്രാധാന്യം വർധിക്കുന്നതും. പതിനാറാം നൂറ്റാണ്ടിന്റെയും പത്തൊമ്പതാം നൂറ്റാണ്ടിന്റെയും ഇടയിൽ അമേരിക്കയിലേക്ക് കടത്തപ്പെട്ട ലക്ഷകണക്കിന് ആഫ്രിക്കൻ അടിമകളിൽ ഒമർ ബ്ന് സൈദിനെ പോലെ ചുരുക്കം ചിലരുടെ കഥകൾ മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ.

അന്തരിച്ച് 150 വർഷങ്ങൾക്കു ശേഷമാണ് ഒമർ ബിൻ സൈദിന്റെ ആത്മകഥ വീണ്ടെടുക്കപ്പെടുന്നതും അദ്ദേഹത്തിന്റെ അപൂർവ ജീവിതകഥ പുറം ലോകം അറിയുന്നതും. തന്റെ ബാല്യകാലവും പഠന കാലവും സേവന ജീവിതവും സൈനിക ബന്ധനവും തുടങ്ങി അമേരിക്കയിൽ നിന്ന് നേരിടേണ്ടി വന്ന പീഢനാനുഭവങ്ങളുമെല്ലാം അദ്ദേഹം പതിനഞ്ചോളം കയ്യെഴുത്തു രേഖകളടങ്ങുന്ന തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.

അമേരിക്കയിൽ നിലനിന്നിരുന്ന മനുഷ്യത്വ വിരുദ്ധമായ അടിമ സമ്പ്രദായത്തിനുള്ള മറുപടി സന്ദേശമെന്നോണം ഉടമസ്ഥാവകാശത്തെ കുറിച്ചും അധികാര ബന്ധങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന മുൽക് സൂറത്തിലെ ആയത്തുകൾ കൊണ്ടാണ് ഒമർ ബ്ൻ സൈദ് തന്റെ ആത്മകഥ ആരംഭിക്കുന്നത്. അല്ലാഹുവിന് മാത്രമാണ് ഒരാളുടെ മേൽ പൂർണാധികാരമുള്ളതെന്ന് ഖുർആൻ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. ആത്മകഥയിലെ പിന്നീടുള്ള ഭാഗത്തിൽ അദ്ദേഹം തന്റെ ജീവിത കഥ പറഞ്ഞു തുടങ്ങുകയാണ്.

സെനഗലിലെ ഒരു പണ്ഡിത കുടുംബത്തിൽ ജനിച്ച ഒമർ ബ്ൻ സൈദ്, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആഫ്രിക്കയിലെ വിവിധ വിജ്ഞാന കേന്ദ്രങ്ങളിൽ നിന്നായി രണ്ട് ദശാബ്ദങ്ങളോളം ഖുർആനിക പഠനമടക്കം വിവിധ വിജ്ഞാനങ്ങൾ കരസ്ഥമാക്കുന്നതിനു വേണ്ടി ചെലവഴിക്കുകയും വൈകാതെ തന്നെ സെനഗലിലെ അറിയപ്പെട്ട ഇസ്‍ലാമിക പണ്ഡിതനായി മാറുകയുമായിരുന്നു.

1807-ൽ  മുപ്പത്തിയേഴാം വയസ്സിലാണ് സെനഗലിലെ അധിനിവേശ ആഫ്രിക്കൻ സേന ബന്ദിയാക്കി അദ്ദേഹത്തെ യൂറോപ്യൻ അടിമക്കച്ചവടക്കാർക്ക് വിൽക്കുന്നത്. സെനഗലിലെ ഫുട്ടോ ടോരോ ഗ്രാമത്തിൽ നിന്നും അടിമക്കച്ചവടക്കാർ അദ്ദേഹത്തെ അമേരിക്കയിലെ സെന്റ് ലൂയിസ് തുറമുഖത്തേക്ക് അയച്ചു. 

മാസങ്ങളോളം നീണ്ട യാത്രകൾക്ക് ശേഷം അമേരിക്കയിലെ ചാൾസ്ടണിലെ അടിമചന്തയിൽ എത്തിപ്പെട്ട ഉമർ ബ്ൻ സൈദിനെ  ക്രൂരനായ ഒരു നിരീശ്വരവാദിയാണ് വാങ്ങുന്നത്. അയാൾക്കു കീഴിൽ കൂടുതൽ കാലം നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അയാളുടെ പീഢനങ്ങളിൽ സഹി കെട്ട ഒമർ ബ്നു സൈദ് അവിടെ നിന്നും ഒളിച്ചോടി നൂറുകണക്കിന് മൈൽ അപ്പുറത്തുള്ള കരോലിനയിൽ എത്തിച്ചേരുകയായിരുന്നു. എന്നാൽ അവിടെ വെച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും വീണ്ടും അടിമചന്തയിലേക്ക് എത്തിപ്പെടുകയുമാണ്. നിരന്തരം പീഢനങ്ങളിലും അനീതികളിലും പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ സ്വയം സംഘടിച്ചു തങ്ങളുടെ  ഉടമകൾക്കെതിരെ വിപ്ലവ പ്രവർത്തങ്ങൾക്ക് മുതിരുമോ എന്ന് ഭയന്ന് കഴിവും ബുദ്ധിശക്തിയുമുള്ള അടിമകളായ കറുത്ത വംശജരെ ആഫ്രിക്കയിലേക് തന്നെ തിരിച്ചയക്കാൻ വേണ്ടി പ്രവർത്തിച്ചിരുന്ന അമേരിക്കൻ കോളനൈസേഷൻ സൊസൈറ്റിയിലെ അംഗമായിരുന്ന ജെയിംസ് ഓവൻ എന്ന വ്യക്തിയാണ് ഉമർ ബ്ൻ സൈദിനെ വാങ്ങുന്നത്. പിന്നീട് തന്റെ ജീവിതകാലമത്രെയും അദ്ദേഹത്തിന്റെ കീഴിലായിട്ടാണ് ഒമർ ബിൻ സൈദ് കഴിഞ്ഞുകൂടിയത്. ജെയിംസ് ഓവൻ തന്നോട് മാന്യമായിട്ടാണ് പെരുമാറി പോന്നിരുന്നതെന്നും അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്നും ഒമർ ബ്ന് സൈദ് തന്റെ ആത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്. 

തന്റെ കഴിവ് കൊണ്ടും അപാര ബുദ്ധിശക്തി കൊണ്ടും സ്വദേശികളുടെയിടയിൽ പ്രസിദ്ധനായി തീർന്ന ഒമറിനെ പരിവർത്തനം ചെയ്ത് ക്രിസ്ത്യൻ മതവിശ്വാസിയാക്കുവാൻ വേണ്ടി തന്റെ ഉടമയായിരുന്ന ജെയിംസ് ഓവനും മറ്റു സ്വദേശികളായ പ്രമുഖരും ശ്രമിക്കുന്നുണ്ട്. അവസാന കാലത്ത് അദ്ദേഹം ക്രിസ്ത്യാനിയായി മതപരിവർത്തനം നടത്തിയിട്ടുണ്ടെന്ന തരത്തിൽ വരെ വ്യാഖ്യാനങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ക്രിസ്ത്യൻ മത സ്വാധീനം അദ്ദേഹത്തിൽ വളർത്തുവാൻ വേണ്ടി നൽകപ്പെട്ട ബൈബിളിൽ വരെ അദ്ദേഹം അറബിയിൽ ഇസ്‍ലാമിക വചനങ്ങൾ കുറിക്കുകയായിരുന്നു. 1864- ലാണ് ഒമർ ബിൻ സൈദ് ലോകത്തോട് വിടപറയുന്നത്.

അറ്റ്‍ലാന്റിക്ക് അടിമക്കച്ചവടത്തിന്റെ ക്രൗര്യതയിൽ  നിശബ്ദമായി പോകേണ്ടി വന്ന അടിമകളുടെ വാക്കുകൾക്ക് ശബ്ദം നൽകുകയാണ് ഒമർ ബ്ന് സൈദും അദ്ദേഹത്തിന്റെ ജീവചരിത്രവും എന്ന് വേണം പറയാന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter