ഉമർ മുഖ്താർ, അധിനിവേശ ശക്തികള്‍ക്ക് ആ പേരിനെ പോലും ഇന്നും ഭയമാണ്

ഉമർ അൽ മുഖ്താര്‍.... രക്തസാക്ഷ്യം വഹിച്ച് തൊണ്ണൂറ്റിയൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ആ പേര് പോലും ആവേശമാണ്.. ലിബിയന്‍ ജനതക്ക് മാത്രമല്ല, ലോക മുസ്‍ലിംകള്‍ക്ക് ഒന്നടങ്കം.. 73 വയസ്സുള്ള ആ വീര യോദ്ധാവിനെ ഇറ്റാലിയൻ അധിനിവേശ അധികാരികൾ തൂക്കിലേറ്റിയത്, 1931 സെപ്തംബർ 16 നായിരുന്നു. 

1862-ൽ ലിബിയയുടെ കിഴക്കന്‍ ഗ്രാമമായ സാവിയത്ത് ജൻസൂറിലാണ് ഉമര്‍ മുഖ്താര്‍ ജനിച്ചത്. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്കുള്ള യാത്രയിൽ അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെട്ടു. പിതാവിന്റെ ഇഷ്ടപ്രകാരം, മതപണ്ഡിതനും കുടുംബ സുഹൃത്തുമായ ശൈഖ് ഹുസൈൻ ഗരിയാനിയാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. ഗരിയാനിയുടെ ശിക്ഷണത്തിൽ, ഉമർ ഖുർആന്‍ മനഃപാഠമാക്കി. ശേഷം കിഴക്കൻ ലിബിയയിലെ അൽ-ജഗ്ബൂബിലേക്ക് പോയി. ശൈഖ് മുഹമ്മദ് ബ്നു അലി സനൂസി സ്ഥാപിച്ച ഇസ്‍ലാമിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായിരുന്നു അന്ന് ജഗ്ബൂബ്. സനൂസി ഉൾപ്പെടെയുള്ള പ്രശസ്ത പണ്ഡിതരിൽ നിന്ന് ഇസ്‍ലാമിക വിജ്ഞാനീയങ്ങള്‍ നേടി എട്ട് വർഷത്തോളം അവിടെ ചെലവഴിച്ചു. 

1897-ൽ, അൽ-മഹ്ദി അദ്ദേഹത്തെ ലിബിയയുടെ കിഴക്കൻ പട്ടണമായ സാവിയതുൽ ഖുസൂറിന്റെ ഗവർണറായി നിയമിച്ചു. പഠിച്ചതെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരമായി കണ്ട അദ്ദേഹം, നീതി നടപ്പാക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും പ്രശസ്തനായി. സിദി ഒമർ അല്ലെങ്കിൽ സർ ഉമർ എന്നായിരുന്നു അക്കാലത്ത് അദ്ദേഹം അറിയപ്പെട്ടത്. സനൂസി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശൈഖുമാർക്കും പണ്ഡിതന്മാർക്കും മാത്രം നൽകുന്ന പദവിയായിരുന്നു അത്. ശേഷം സുഡാനിലേക്ക് പോയ അദ്ദേഹം അവിടെ അൽ-മഹ്ദി സനൂസിയുടെ പ്രതിനിധിയായി വർഷങ്ങളോളം സേവനമനുഷ്ഠിച്ചു. അക്കാലത്ത് ലിബിയ ഭരിച്ചിരുന്നത് ഒട്ടോമൻ സാമ്രാജ്യമായിരുന്നു. മഹ്ദിയുടെ മരണ ശേഷം സാവിയതുൽ ഖുസൂറിന്റെ ശൈഖായി അദ്ദേഹം ഔദ്യോഗികമായി നിയമിതനായി. 

Read more: ഉമര് മുഖ്താര് (റ)

പക്ഷെ, കേവലം ഒരു മതപണ്ഡിതനായി ഇരിക്കാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല. അധിനിവേശ ശക്തികൾക്കെതിരായ ചെറുത്തുനിൽപ്പ് തന്റെ കൂടി ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം വൈകാതെ ഒരു പോരാളിയായി രൂപാന്തരപ്പെടുകയാണുണ്ടായത്. ഫ്രഞ്ച്-ഇറ്റാലിയന്‍-ബ്രീട്ടീഷ് ശക്തികള്‍ ലിബിയയില്‍ കണ്ണ് വെച്ച കാലമായിരുന്നു അത്. ലിബിയന്‍-ഈജിപ്ത് അതിർത്തിയിൽ വിന്യസിച്ചിരുന്ന ബ്രിട്ടീഷ് സൈന്യത്തിനെതിരെയാണ് അദ്ദേഹത്തിന്റെ സായുധ പോരാട്ടം ആരംഭിക്കുന്നത്. 1900-ൽ തെക്കൻ സുഡാനും ചാഡും ആക്രമിക്കാൻ ശ്രമിച്ച ഫ്രഞ്ച് കൊളോണിയൽ സേനയ്‌ക്കെതിരെയും അദ്ദേഹം പോരാടി. 1911-ൽ ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ ഇറ്റലി പ്രഖ്യാപിച്ച യുദ്ധത്തിൽ, ഓട്ടോമൻ സൈന്യത്തിൽ ചേരുന്നതിന് മുമ്പ് സാവിയത്തുൽ ഖുസൂറിൽ നിന്ന് ആയിരം പോരാളികളെ അണിനിരത്തി യുദ്ധം തുടങ്ങിയ അദ്ദേഹം "ശൈഖുൽ മുജാഹിദീൻ" എന്നാണ് അറിയപ്പെട്ടത്. 

1912-ൽ ലിബിയ ഇറ്റാലിയൻ കോളനിയായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീടങ്ങോട്ടുള്ള 20 വർഷക്കാലം, ഇറ്റാലിയൻ അധിനിവേശക്കാർക്കെതിരെയുള്ള പടയോട്ടങ്ങളുടെ കാലമായിരുന്നു. അവക്കെല്ലാം നേതൃത്വം നല്കിയത് ഉമർ മുഖ്താർ തന്നെയായിരുന്നു. 1913-ൽ എഴുപത് ഇറ്റാലിയൻ സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത രണ്ട് ദിവസത്തെ യുദ്ധം ഉൾപ്പെടെ ലിബിയയുടെ വടക്കുകിഴക്കൻ നഗരമായ ഡെർണയിലും പരിസരങ്ങളിലും ഏറ്റുമുട്ടലുകളും ഗറില്ലാ യുദ്ധങ്ങളും സര്‍വ്വസാധാരണമായി മാറി. ഇറ്റാലിയന്‍ സൈന്യത്തിന്റെ ഉറക്കം നഷ്ടപ്പെട്ട നാളുകളായിരുന്നു അവ എന്ന് തന്നെ പറയാം.

Read More: ഉമർ മുഖ്‌താർ- ലിബിയൻ പോരാട്ട വഴിയിൽ

1930-ൽ, ഇറ്റാലിയൻ സൈന്യം ഉമര്‍ മുഖ്താറുമായി നേരിട്ട് ഏറ്റുമുട്ടുകയും ഉമർ മുഖ്താറിന്റെ കുതിരയും വ്യാപാരമുദ്രയുള്ള കണ്ണടയും അവർ പിടിച്ചെടുക്കുകയും ചെയ്തു. ഇറ്റാലിയൻ പട്ടാള കമാൻഡർ മാർഷൽ റോഡോൾഫോ ഗ്രാസിയാനി "ഇന്ന് ഞങ്ങൾ ഉമർ മുഖ്താറിന്റെ കണ്ണട എടുത്തു; നാളെ ഞങ്ങൾ അവന്റെ തല എടുക്കും" എന്ന പ്രസ്താവിച്ചത് ഈ സമയത്തായിരുന്നു. 1931 സെപ്റ്റംബർ 11-ന് ഇറ്റാലിയൻ കുതിരപ്പടയുമായുള്ള ഏറ്റുമുട്ടലിൽ, ഉമർ മുഖ്താറിന്റെ കീഴിലുള്ള രണ്ട് കുതിരകൾ കൊല്ലപ്പെടുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം, സെപ്തംബർ 14-ന്, ഗ്രാസിയാനി ബെൻഗാസിയിലെത്തി. അവിടെ ഉമർ മുഖ്താറിനെ വിചാരണ ചെയ്യാനായി ഒരു പ്രത്യേക കോടതി തന്നെ വിളിച്ചുകൂട്ടുകയും വൈകാതെ ആ പ്രതിരോധ നായകനെ തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്തു. സായുധ പോരാട്ടം ഉപേക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന കുറിപ്പ് ഒപ്പിട്ട് തന്നാല്‍ വെറുതെ വിടാമെന്നും രാജ്യം വിടാൻ അനുവാദം നല്കാമെന്നും വിചാരണക്കിടെ അദ്ദേഹത്തെ അവര്‍ പ്രലോഭിപ്പിച്ചു. പക്ഷെ, ഉറച്ച വിശ്വാസവും ധര്‍മ്മസമരവും സിരകളില്‍ പ്രവഹിച്ചിരുന്ന അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, 
"അല്ലാഹു അല്ലാതെ ദൈവമില്ലെന്നും മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും ഓരോ പ്രാർത്ഥനയിലും സാക്ഷ്യപ്പെടുത്തുന്ന എന്റെ ഈ ചൂണ്ടുവിരലിന് ഒരു കള്ളവാക്ക് പോലും എഴുതാൻ കഴിയില്ല. ഞങ്ങൾ കീഴടങ്ങില്ല, ഞങ്ങൾ വിജയിക്കും, അല്ലെങ്കിൽ മരിക്കും"

1931 സെപ്‌റ്റംബർ 16-ന് രാവിലെ, ബെൻഗാസിയിൽ നിന്ന് അമ്പത് കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന സലൂക്കിൽ, അദ്ദേഹത്തെ കൈവിലങ്ങ് കെട്ടി തൂക്കുമരത്തിലേക്ക് ആനയിക്കപ്പെട്ടു. മഹാനായ നേതാവിന്റെ മരണത്തിന് സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയ 20,000 പേരുടെ സാന്നിധ്യത്തിൽ സാഭിമാനം ഉയര്‍ത്തിപ്പിടിച്ച തലയുമായി അദ്ദേഹം തൂക്കുകയറിലേക്ക് കയറി. ഇസ്‌ലാമിന്റെ ആദ്യ സ്തംഭവും വിശ്വാസത്തിന്റെ സാക്ഷ്യവുമാണ് ശഹാദയെന്ന് അദ്ദേഹം അവിടെ കൂടിയിരിക്കുന്നവരോട് ഉപദേശിച്ചു. ആ ഉറച്ച ശബ്ദവും ദൃഢ ചിത്തതയും കണ്ട് ശത്രുക്കള്‍ പോലും മൂക്കത്ത് വിരല്‍വെച്ച് പോയിട്ടുണ്ടാവും, തീര്‍ച്ച. 

1980-ൽ ആന്റണി ക്വിൻ അഭിനയിച്ച "ലയൺ ഓഫ് ദി ഡെസേർട്ട്" എന്ന സിനിമയിൽ അല്‍മുഖ്താറിന്റെ ജീവിതമാണ് ചിത്രീകരിച്ചിരിക്കുന്നത്. ലിബിയൻ മുന്‍ഭരണാധികാരി കേണൽ മുഅമ്മർ ഗദ്ദാഫിയാണ് ഇതിന് സാമ്പത്തിക സഹായം ചെയ്തത്.   ട്രിപ്പോളിയിലെ സിദ്ധീഖ് ഉമർ എന്ന ഒരു ഖുർആൻ അദ്ധ്യാപകനിൽ നിന്ന് രൂപപ്പെടുന്ന ഉമർ മുഖ്താർ എന്ന നീതിയുടെ പോരാളിയെ സിനിമയിലെ ആദ്യ രംഗങ്ങളിൽ തന്നെ ആവിഷ്ക്കരിക്കുന്നുണ്ട്.

Read More: ഉമർ മുഖ്താര്‍ :ലിബിയൻ മരുഭൂമിയിലെ വാരിയൻ കുന്നൻ
2009 വരെ ഇറ്റലിയില്‍ ഈ ചിത്രം നിരോധിക്കപ്പെട്ടിരുന്നു എന്നത് തന്നെ, തൂക്കിലേറ്റി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ മരുഭൂിയിലെ ആ സിംഹത്തെ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ തെളിവാണ്. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതെത്രെ ശരി, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ രക്തസാക്ഷികളായവരെ മരിച്ചവരെന്ന് കരുതരുത്, അവര്‍ അല്ലാഹുവിന്റെ സമീപം ജീവിക്കുന്നവരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter