ഇന്ത്യയിലെ വിവിധ മുസ്‍ലിം ഭരണകൂടങ്ങൾ
ഇന്ത്യയിൽ ഡൽഹി മുസ്‍ലിം സുൽത്താന്മാരുടെയും മുഗളരുടെയും ഭരണകാലം ഏറെ പ്രചാരം നേടിയതാണ്. എന്നാല്‍ പതിനൊന്നാം നുറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ അവിടവിടെയായി രൂപം കൊള്ളുകയും അപ്രത്യക്ഷമാവുകയും ചെയ്ത ചെറുഭരണകൂടങ്ങളുടെ ചരിത്രം പലപ്പോഴും വേണ്ടത്ര വായിക്കപ്പെട്ടിട്ടില്ല. അവയെ സംക്ഷിപ്തമായി പരിചയപ്പെടാം.
1. കാശ്മീർ (1346-1540)
1315-ൽ കാശ്മീരിലെ ഹിന്ദുരാജാവിന്റെ കീഴിൽ ഒരു ഉദ്യോഗസ്ഥനായിരുന്ന, ശാഹ്മീർഷാ എന്ന അതിർത്തി സംസ്ഥാനക്കാരനായ ഒരാളാണ് കാശ്മീരിൽ മുസ്‍ലിം ഭരണകൂടം സ്ഥാപിച്ചത്. 1315-ൽ രാജാവ് മരിച്ചപ്പോൾ, രാജാവിന്റെ കീഴിൽ ഉന്നതോദ്യോഗസ്ഥനായിരുന്ന ശാഹ്‌മീർ കാശ്മീരിലെ രാജാവായി. അദ്ദേഹത്തിന്റെ രാജവംശത്തിലെ ശക്തരായ രണ്ടു ഭരണാധിപന്മാർ സിക്കന്ദറും അദ്ദേഹത്തിന്റെ പുത്രനായ സൈനുൽ ആബിദീനും ആണ്. സിക്കന്ദർ വിഗ്രഹ വിരോധിയായിരുന്നെങ്കിലും ഏറെ സൗഹാര്‍ദ്ദത്തോടെ ഭരണം നടത്തിയതിനാല്‍ പലരും അക്കാലത്ത് ഇസ്‍ലാം മതം ആശ്ലേഷിച്ചു.
അദ്ദേഹത്തിന്റെ പുത്രനായ സൈനുൽ ആബിദീൻ വിദ്യാസമ്പന്നനും വിശാലമനസ്കനുമായിരുന്നു. തന്റെ ആശയങ്ങൾ മറ്റുള്ളവരിൽ അടി ച്ചേൽപ്പിക്കുവാൻ ഒരിക്കലും അദ്ദേഹം ഒരുങ്ങിയില്ല. വിവിധ ഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹം വിജ്ഞാനപ്രിയനായിരുന്നു. തന്റെ പിതാവ് നടപ്പാക്കിയ പല നികുതി സമ്പ്രദായങ്ങളും അദ്ദേഹം നിർത്തലാക്കി. കാശ്മീരിൽ നിന്ന് തന്റെ പിതാവിന്റെ കാലത്തു പുറത്തുപോയ ബ്രാഹ്മണരെ കാശ്മീരിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു. അദ്ദേഹം ഗ്രാമങ്ങളിൽ പഞ്ചായത്തുകൾ സ്ഥാപിക്കുകയും നിരത്തുകളെ കൊള്ളക്കാരിൽ നിന്ന് സുരക്ഷിതമാക്കുകയും ജനക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുകയും, ചെയ്തു. സാഹിത്യോപാസകനായ സൈനുൽ ആബിദീൻ 'മഹാഭാരത'വും 'രാജതരംഗിണി'യും പേർഷ്യൻ ഭാഷയിലേക്കും പല അറബി പേർഷ്യൻ ഗ്രന്ഥങ്ങളും ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തി. അദ്ദേഹം അമ്പതു കൊല്ലം രാജ്യം ഭരിച്ചു. അദ്ദേഹത്തിനുശേഷം ആ രാജവംശം ഏതാണ്ടു നൂറുകൊല്ലത്തോളം നിലനിന്നെങ്കിലും, പിന്നീട് പ്രതാപശാലികളായ രാജാക്കന്മാരെ സൃഷ്ടിക്കാൻ അതിനു കഴിഞ്ഞില്ല. 1540-ൽ ആ ഭരണകൂടം മുഗൾ സാമ്രാജ്യത്തോടു കൂട്ടിച്ചേർക്കപ്പെട്ടു.
2. ജോൻപൂർ-ശർഖീ ഭരണകൂടം
ഫിറോസ് തുഗ്ലക്ക് മരിച്ചപ്പോൾ ജോൻപൂരിലെ ഗവർണറായിരുന്ന ഖാജാ ജഹാൻ ജോൻപുരിൽ ശർഖീ ഭരണകൂടം സ്ഥാപിക്കുകയും അവര്‍ക്ക് കീഴില്‍ രാജ്യം ഏറെ അഭിവൃദ്ധിപ്പെടുകയും ചെയ്തു. ഈ വംശത്തിൽപ്പെട്ട പ്രമുഖ ഭരണാധികാരി ഇബ്രാഹീംഷാ ശർഖിയായിരുന്നു. മുപ്പത്തിനാലുകൊല്ലം രാജ്യം ഭരിച്ച അദ്ദേഹം ജോൻപുരിനെ പണ്ഡിതന്മാരുടെ ആസ്ഥാനമാക്കിത്തീർത്തു. ജോൻപൂർ സർവകലാശാല ഏഷ്യയിലാകമാനം പ്രശസ്തി നേടിയതും അക്കാലത്താണ്. അദ്ദേഹം മനോഹരമായ പല കെട്ടിടങ്ങൾ പണി കഴിച്ചിട്ടുണ്ട്. അതലാ മസ്ജിദ് എന്ന പള്ളിയാണ് അവയിൽ പ്രധാനം, ആ പള്ളി ഇന്നും നിലനിൽക്കുന്നു.
1458-ൽ സിംഹാസനാരോഹണം ചെയ്ത ഹുസൈൻഷാ ശർഖിയാണ് ഈ രാജവംശത്തിലെ മറ്റൊരു വിഖ്യാത ഭരണാധിപൻ. അദ്ദേഹം ഡൽഹിയിലെ സുൽത്താൻ ബഹ്‍ലൂല്‍ ലോധിയുമായി ഒരു ഉടമ്പടിയിലേർപ്പെടുകയും അതിലൂടെ പടിഞ്ഞാറു നിന്നുള്ള ആക്രമണഭീഷണിയിൽ നിന്നു രാജ്യത്തെ ഭദ്രമാക്കുകയും ചെയ്തു. ഒറീസ്സയിലേക്കും ഒരു
സൈന്യത്തെ നയിച്ച ഹുസൈൻഷാ അവിടെ നിന്ന് ഒരു വലിയ ദ്രവ്യസഞ്ചയവുമായിട്ടാണു മടങ്ങി വന്നത്. 1466-ൽ ഗ്വാളിയോറിലെ രാജാ മാനസിംഹനെ അദ്ദേഹം ആക്രമിക്കുകയും രാജപുത്രരുടെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്തു. രാജാമാനസിംഹൻ ആത്മരക്ഷാർഥം വൻതുക നഷ്ടപരിഹാരമായി നൽകാൻ തയാറായി. ഈ ആത്മവിശ്വാസത്തില്‍, ശക്തനായ ബഹ്ലുൽലോധിയോട് അദ്ദേഹം കലഹിക്കുകയും അതോടെ ആ ഭരണം ദുര്‍ബ്ബലപ്പെടുകയും ചെയ്തു. ഹുസൈൻഷായ്ക്കുശേഷമുണ്ടായ സംഘട്ടനത്തിൽ ശർഖീഭരണകൂടത്തിനു നാശം സംഭവിച്ചു.
3. മാൽവ
ഫിറോസ് തുഗ്ലക്കിന്റെ ഭരണകാലത്ത് (1351-1358) മാൽവയിലെ ഗവർണർ ദിലാവർഖാൻ ആയിരുന്നു. ഫിറോസ് തുഗ്രകിന്റെ മരണത്തെ തുടർന്ന് ദിലാവർഖാൻ സ്വതന്ത്രനായി. ഈ വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് ദിലാവറിന്റെ പുത്രനായ ആൽപ്ഖാനായിരുന്നു. അദ്ദേഹം ഹൂഷങ്ങ്ഷാ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു. ധീരസാഹസികമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒറീസ്സയിൽ അദ്ദേഹം നടത്തിയ ആക്രമണത്തില്‍ ഒറീസ്സാരാജാവ് പരാജയപ്പെടുകയും എല്ലാം നഷ്ടമാവുകയും ചെയ്തു. ശേഷം ആല്‍പ്ഖാന്‍ ഖെർലാ കീഴടക്കുകയും അവിടത്തെ രാജാവിനെ ബന്ധനസ്ഥനാക്കുകയും ചെയ്തു. എല്ലാ യുദ്ധങ്ങളും അദ്ദേഹം ജയിച്ചില്ലെങ്കിലും പരാജയങ്ങളെ താങ്ങുവാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു.
എന്നാൽ ആൽപ്ഖാന്റെ പുത്രന് പ്രാപ്തിയുണ്ടായിരുന്നില്ല. മന്ത്രിയായ മഹ്മൂദ്ഖാൻ അദ്ദേഹത്തെ പുറന്തള്ളി, മാൽവയിൽ മഹ്മൂദ് ഖാൻ ഖൽജി ഭരണകൂടം സ്ഥാപിച്ചു. മഹ്മൂദ്ഖാൻ വിശ്രുതനായ യോദ്ധാവു കൂടിയായിരുന്നു. മേവറിലെ രാജാവുമായി അദ്ദേഹം നടത്തിയ ദീർഘകാലയുദ്ധം ചരിത്ര പ്രസിദ്ധമാണ്. ഒടുവിൽ ഇരുകക്ഷിയും വിജയസ്തൂപങ്ങൾ സ്ഥാപിച്ചു. മേവാറിലെ കുംഭ രാജാവ് വിജയസ്തൂപം സ്ഥാപിച്ചത് ചിറ്റൂരിൽ ആയിരുന്നു. മഹ്മൂദ്ഷാ ഏഴുനിലയുള്ള ഒരു വിജയസ്തൂപം മണ്ടുവിൽ സ്ഥാപിച്ചു. അദ്ദേഹം തന്റെ രാജ്യത്തെ വിപുലപ്പെടുത്തുകയും കാര്യക്ഷമതയോടുകൂടി ഭരണം നടത്തുകയും ചെയ്തു. വീരകഥകൾ വായിച്ചു കേൾപ്പിക്കുവാൻ പ്രത്യേകം ആളുകൾ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നിയമിക്കപ്പെട്ടിരുന്നു. എല്ലാ വിഭാഗക്കാരുടെയും ആദരവാർജ്ജിച്ചുകൊണ്ടു മുപ്പത്തിനാലുകൊല്ലം അദ്ദേഹം ഭരണം നടത്തിയ അദ്ദേഹം, 1469-ൽ മരണപ്പെട്ടു. അദ്ദേഹത്തിന്റെ പിൻഗാമികൾ പ്രഗൽഭരായിരുന്നില്ലെങ്കിലും, 1531 വരെ അധികാരം നിലനിറുത്തി. 1531-ൽ ഗുജറാത്തിലെ സുൽത്താൻ മാൾവ പിടിച്ചടക്കി.
4. ഗുജറാത്ത്-സഫർഖാൻ
ഗുജറാത്ത്, കാത്യവാഡ് വളരെക്കാലം സമ്പന്നരാജ്യമായിരുന്നു. അതു കൊണ്ട് ഡൽഹി സുൽത്താന്മാരുടെ നോട്ടം പലപ്പോഴും ഗുജറാത്തിന്റെ മേൽ പതിയുകയുണ്ടായി. 1297-ൽ അലാഉദ്ദീൻ ഖിൽജി ആ രാജ്യം ആക്രമിച്ചു. 1391 വരെ ഡൽഹി സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു പ്രദേശമായി അതു നിലനിന്നു. സഫർഖാനായിരുന്നു അന്നത്തെ ഗുജറാത്ത് ഗവർണർ. ക്രി. 1401-ൽ അദ്ദേഹം കേന്ദ്രത്തോടുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ടു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ആ രാജകുടുംബം സമർഥരായ പല ഭരണാധിപന്മാരെയും സംഭാവന ചെയ്തു. സഫർഖാന്റെ പൗത്രനായ അഹ്മദ്ഷാ മഹ്മൂദ് ബിഗാറാ, അവസാനത്തെ രാജാവായ ബഹദൂർഷാ എന്നിവർ അക്കൂട്ടത്തിൽ പ്രത്യേകം പരാമർശം അർഹിക്കുന്നു.
അഹ്മദ്ഷാ ഒരു ദ്വിഗ്വിജയി മാത്രമല്ല, അതിലുപരി ഒരു ഉത്തമ ഭരണകർത്താവ് കൂടിയായിരുന്നു. അഹ്മദാബദ് നഗരം പണിയിച്ചത് അദ്ദേഹമായിരുന്നു. പ്രജകൾക്കിടയിൽ ജാതിമത വ്യത്യാസങ്ങൾക്ക് അദ്ദേഹം പരിഗണന നൽകിയില്ല. മുപ്പതു കൊല്ലത്തെ അദ്ദേഹത്തിന്റെ ഭരണം ഗുജറാത്തിനെ ഒരു വലിയ വ്യവസായകേന്ദ്രമാക്കി ഉയർത്തി.
ശക്തനും ഭരണനിപുണനുമായ മഹ്മൂദ് ബിഗാറാ 1458-ൽ സിംഹസനാരോഹണം ചെയ്തു. അമ്പത്തിമൂന്നുകൊല്ലം (1458-1511) രാജ്യം ഭരിച്ച ഈ രാജാവ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സുപ്രസിദ്ധനായിരുന്നു. യുദ്ധരംഗങ്ങളിൽ പരാജയം എന്തെന്നറിയാത്ത ഒരു സേനാനായകനായിരുന്നു അദ്ദേഹം. കടൽ കൊള്ളക്കാരെ അദ്ദേഹം കീഴടക്കുകയും ജൂനാഗഡ്കോട്ടയും ചമ്പാനീർ കോട്ടയും പിടിച്ചടക്കുകയും ചെയ്തു. ഇന്ത്യയുടെ പശ്ചിമസമുദ്രത്തിൽ ആധിപത്യം പുലർത്തിയ പോർച്ചുഗീസുകാരെ ഈജിപ്തിലെ ബുർജീ സുൽത്താന്റെ സഹായത്തോടുകൂടി 1508-ൽ മഹ്മൂദ് ബിഗാറാ പരാജയപ്പെടുത്തി. പോർച്ചുഗീസ് വൈസ്റോയിയായ അൽബുക്കർക് 1509-ൽ ഒരു വമ്പിച്ച സൈന്യത്തെ നയിച്ചുകൊണ്ട് ഇന്ത്യയിലേക്കു വന്നു. പീരങ്കികൾ സജ്ജീകരിച്ച കപ്പലുമായി വന്ന ആ സൈന്യത്തോടു മഹ്മൂദ് പരാജയം സമ്മതിച്ചു. അൽബുക്കർക്കുമായി അദ്ദേഹം ഒരു സന്ധിയിലേർപ്പെടുകയും കത്യവാഡിലെ ദിയൂ എന്ന സ്ഥലം, ഒരു കോട്ട പണിയാനായി അവർക്കു വിട്ടുകൊടുക്കുകയും ചെയ്തു. പ്രശസ്തിയുടെ ഉച്ചകോടിയിലായിരുന്നു മഹ്മൂദിന്റെ മരണം. ശക്തനും നീതിമാനും യുദ്ധനിപുണനുമായ മഹ്മൂദ് ബിഗാറയുടെ പ്രശസ്തി യൂറോപ്പിൽ പോലും പ്രചരിച്ചിരുന്നു.
മഹ്മൂദിന്റെ പൗത്രനായ ബഹദൂർഷായാണ് ഈ രാജവംശത്തിലെ അവസാനത്തെ രാജാവ്. ബഹദുർഷായ്ക്കും പോർച്ചുഗീസുകാരോട് യുദ്ധം ചെയ്യേണ്ടി വന്നു. ദിയുവിൽ ഒരു ഫാക്ടറി സ്ഥാപിക്കുവാൻ അവർക്ക് അദ്ദേഹം അനുമതി നൽകാത്തതിനെ തുടര്‍ന്നായിരുന്നു അത്. ഝലാനന്ദ്, ഭിൽസാ, ചന്ദേരി എന്നീ രജപുത്രശക്തികേന്ദ്രങ്ങൾ പിടിച്ചടക്കിയ അദ്ദേഹം ചിറ്റൂർകോട്ടയും ആക്രമിച്ചു. പക്ഷേ, മുഗൾ ചക്രവർത്തിയായ ഹുമയൂൺ ബഹ്ദൂർഷായെ തോൽപ്പിക്കുകയും ഗുജറാത്തിനെ തന്റെ രാജ്യത്തോടു കൂട്ടിച്ചേർക്കുകയുമുണ്ടായി. എങ്കിലും, ഷേർഷാ സൂരിയോട് യുദ്ധം ചെയ്യുവാൻ വേണ്ടി ഹുമയൂൺ സ്ഥലം വിട്ടപ്പോൾ ബഹദൂർഷാ തന്റെ രാജ്യം തിരിച്ചു പിടിച്ചു. പിന്നീടു പോർച്ചുഗീസുകാർ അദ്ദേഹത്തെ ക്രൂരമായി വധിക്കുകയാണു ചെയ്തത്. ബഹ്ദൂർഷായുടെ രാജ്യം 1573-ൽ മഹാനായ അക്ബർ തന്റെ സാമ്രാജ്യത്തോടു കൂട്ടിച്ചേർത്തു.
5. ബാഹ്മനി ഭരണകൂടം
ചെറിയ ഭരണകൂടങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രബലമായിരുന്ന ബാഹ്മനി ഭരണകൂടം ദക്ഷിണേന്ത്യൻ ചരിത്രത്തിൽ സുപ്രധാന സ്ഥാനം കരസ്ഥമാക്കി. ദക്കാനിൽ തുഗ്ലക്ക് സുൽത്താന്റെ കീഴിൽ ഗവർണറായിരുന്ന ഹസനാണ് ഈ ഭരണകൂടത്തിന്റെ സ്ഥാപകൻ. മുഹമ്മദ് തുഗ്ലക്ക് മരിച്ചപ്പോൾ ഹസൻ കേന്ദ്രഭരണത്തോടുള്ള ബന്ധം വിച്ഛേദിക്കുകയും അബുൽ മുസഫ്ഫർ അലാഉദ്ദീൻ ബഹ്മാൻഷാ എന്ന പേരിൽ സ്വയം രാജാവാകുകയും ചെയ്തു. ഗുൽബർഗ നഗരം തലസ്ഥാനമാക്കിക്കൊണ്ട് അദ്ദേഹം ഗോവ, ദഭാൽ, കോലാപൂർ, തെലുംഗാനാ എന്നിവ പിടിച്ചടക്കുകയും ദക്കാനിൽ പ്രബലശക്തിയായിത്തീരുകയും ചെയ്തു. ഇന്ത്യയിൽ അവശേഷിച്ച ഏക ഹിന്ദുരാജവംശമായ വിജയനഗരം മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതിയോഗി. കൃഷ്ണാനദിക്കും തുംഗഭദ്രാ നദിക്കുമിടയിലുള്ള പ്രദേശത്തെ സംബന്ധിച്ച് അവർ തമ്മിൽ ഇടഞ്ഞു. ബഹ്മനിരാജാക്കന്മാരിൽ ഓരോ രാജാവിന്റെ കാലത്തും ഒന്നോ ഒന്നിലധികമോ തവണ വിജയനഗര രാജാക്കന്മാരോട് യുദ്ധം ചെയ്യേണ്ടിവന്നിട്ടുണ്ട്. പല യുദ്ധങ്ങളിലും ബാഹ്മനികള്‍ക്കായിരുന്നു വിജയം. ഒരു വിജയനഗര രാജാവ് 1397-ൽ മുതൽ 1422 വരെ രാജ്യം ഭരിച്ച ഫിറോസ്ഷായ്ക്കു തന്റെ പുത്രിയെ വിവാഹം ചെയ്തു കൊടുത്തതും ചരിത്രത്തില്‍ കാണാം. ബാഹ്മനി രാജാവായ അലാവുദ്ദീൻ രണ്ടാമന്റെയും (1436-1457) സുൽത്താൻ മുഹമ്മദ് മൂന്നാമന്റെ മുഖ്യമന്ത്രിയായിരുന്ന മഹ്മൂദ് ഗവാന്റെയും പേരുകൾ ചരിത്രത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നു.
വാറംഗൽ കീഴടക്കുകയും വിജയനഗര രാജാവിനെ പരാജയപ്പെടുത്തുകയും ചെയ്ത സുൽത്താൻ അഹമ്മദ് ഷായുടെ പുത്രനാണ് അലാഉദ്ദീൻ. ഫെരിസ്തയെപ്പോലുള്ള ചരിത്രകാരന്മാർ അലാഉദ്ദീനെക്കുറിച്ചു പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്. അദ്ദേഹം വിജയനഗര രാജാവിനെ രണ്ടുതവണ പരാജയപ്പെടുത്തുകയും കപ്പം വസൂലാക്കുകയും ചെയ്തു. പല വിദ്യാലയങ്ങളും പള്ളിക്കൂടങ്ങളും അനാഥശാലകളും ബീദാറിൽ ഒരു ആശുപത്രിയും അദ്ദേഹം സ്ഥാപിച്ചു. തന്റെ രാജ്യത്ത് അദ്ദേഹം മദ്യനിരോധം നടപ്പാക്കി.
സുൽത്താൻ മുഹമ്മദ് മൂന്നാമന്റെ മന്ത്രിയായ മഹ്മൂദ്ഗവാൻ (1404-1481) ധീരസേനാനിയും ഭരണനിപുണനുമായിരുന്നു. ഭരണകാര്യങ്ങൾ മുഴുവനും അദ്ദേഹം നേരിട്ടു നിർവഹിച്ചുവന്നു. അദ്ദേഹം നയിച്ച ഒരു യുദ്ധത്തിലും പരാജയപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ഓരോ യുദ്ധത്തിലും ധാരാളം സമ്പത്തു നേടുകയും ചെയ്തു. ഗോവയും മധ്യഡക്കാനിലെ അവശേഷിച്ച പ്രദേശങ്ങളും അദ്ദേഹം പിടിച്ചടക്കി. അഴിമതിക്കാരെ അദ്ദേഹം കഠിനമായി ശിക്ഷിച്ചു. തന്നിമിത്തം അദ്ദേഹത്തിനു ധാരാളം ശത്രുക്കളുണ്ടായി. അവർ ദുർബോധനം കൊണ്ട് സുൽത്താനെ മന്ത്രിക്കെതിരെ തിരിക്കുകയും മാനസിക ദൗർബല്യം ബാധിച്ചു തുടങ്ങിയിരുന്ന സുൽത്താൻ, മന്ത്രിയെ വധിക്കുവാൻ കൽപ്പന നൽകുകയും ചെയ്തു. അതനുസരിച്ച് നീതിമാനായ മഹമൂദ്ഗവാൻ വധിക്കപ്പെട്ടു. 1527-ൽ ബാഹ്മനി രാജവംശം അഞ്ചായി പിളർന്നു. അഹ്മദ്നഗർ, ഗോൽക്കൊണ്ട, ബീറാർ, ബിദാർ, ബിജാപ്പൂർ എന്നീ അഞ്ചു പ്രത്യേക ഭരണകൂടങ്ങൾ സ്ഥാപിതമായി. എങ്കിലും 1565-ൽ വിജയനഗര രാജാവിനെതിരായി ആ അഞ്ചു രാജ്യങ്ങൾ സംഘടിച്ചു യുദ്ധം ചെയ്തു. തലിക്കോട്ട യുദ്ധത്തിൽ വിജയനഗരം രാജാവിനെ അവർ പൂർണമായി പരാജയപ്പെടുത്തി. ക്രമേണ അഞ്ചുരാജ്യങ്ങളും മുഗൾ സാമ്രാജ്യത്തിൽ ലയിച്ചു. 1686-ൽ ഗോൽക്കൊണ്ടയും 1687-ൽ ബീജാപൂറും ഔറംഗസീബ് കീഴടക്കിയതോടുകൂടി നുറ്റാണ്ടുകളോളം നീണ്ട വിവിധ ഭരണ വംശങ്ങളുടെ ചരിത്രം അവിടെ അവസാനിക്കുകയായിരുന്നു.
Leave A Comment