വിയന്ന: തുർക്കികളുടെ കിട്ടാകനിയായ കിസിൽ എൽമ

ഇസ്‍ലാമിൽ മുൻകഴിഞ്ഞ ഭരണകൂടങ്ങളിൽ നിന്നും വ്യത്യസ്മായി സാമ്രാജ്യത്വ താത്പര്യങ്ങളുടെ പൂർണ ശ്രദ്ധ പടിഞ്ഞാറിലേക്ക് തിരിക്കുകയായിരുന്നു ഒട്ടോമൻസ് ചെയ്തത്. അതിന് ഉതകുന്ന രീതിയിലുള്ള ഭരണാധികാരികളും ഭരണകൂട വ്യവസ്ഥയും വികസന ലക്ഷ്യങ്ങളെ കൂടുതൽ ഫലവത്തായി നേടിയെടുക്കുന്നതിലേക്കും നയിച്ചു. യൂറോപ്പിന്റെ മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന രീതിയിലായിരുന്നു പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലെ ഒട്ടോമൻ തേരോട്ടം .

എ.ഡി. 1402 ൽ ഒട്ടോമൻ സുൽത്താൻ ബായസീദ് ഒന്നാമന് അങ്കാറ യുദ്ധത്തിൽ തിമൂറിനോടേറ്റ പരാജയം തുർക്കിഷ് ഭരണകൂടങ്ങളുടെ പൊതുസ്വഭാവം പോലെ, നൂറ് വർഷത്തിനുള്ളിൽ ശിഥിലമായിപോകുമെന്ന രീതിയിൽ വരെ വ്യാഖ്യാനിക്കപ്പെടുന്ന രീതിയിലേക്കെത്തിയിരുന്നു. പക്ഷെ തുടർന്ന് വന്ന ശക്തരായ ഭരണാധികാരികൾക്ക് കീഴിൽ സാമ്രാജ്യം സുശക്തമാകുന്നതും കൂടുതല്‍ വിശാലമാകുന്നതുമാണ് പിന്നീട് നാം കാണുന്നത്. സുലൈമാൻ ഖാനൂനീയുടെ കീഴിൽ മദ്ധ്യയുറോപ്പിലേക്കിരച്ചു കയറിയ ഒട്ടോമൻസ് അദ്ദേഹത്തിന്റെ നൂറ്റാണ്ടിലും തുടർന്ന് പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെയും വലിയ രീതിയിലുള്ള വ്യാപനത്തിന് സാക്ഷിയായി.

യൂറോപിൽ ഹംഗറി, റൊമാനിയ, ബോസ്നിയ , ക്രൊയേഷ്യ, മോണ്ടിനെഗറോ, അൽബേനിയ, ബൾഗേറിയ, മാസിഡോണിയ, ഗ്രീസ്. യുക്രൈൻ റഷ്യ പോളണ്ടിന്റെയും ചില ഭാഗങ്ങളടക്കം കിഴക്കൻ യൂറോപ് പൂർണമായും ഒട്ടോമൻ ആധിപത്യത്തിന് കീഴിൽ വന്നിരുന്നു. ഏഷ്യയിൽ അറേബ്യൻ രാജ്യങ്ങളും അർമീനിയയും അസർബൈജാനും അനാതോലിയയും കീഴടക്കിക്കഴിഞ്ഞിരുന്നു, ഒപ്പം നോർത്ത് ആഫ്രിക്കയുടെ ഭൂരിഭാഗവും. ഇത്രയും വിശാലമായി മൂന്ന് ഭൂഖണ്ഡത്തിലായി പരന്നു കിടന്നിരുന്ന ഒട്ടോമൻ സാമ്രാജ്യത്തിന് കീഴടക്കാനാകാതെ പോയ സുപ്രധാന നഗരമായിരുന്നു വിയന്ന.

മദ്ധ്യ യൂറോപ്പിന്റെ പ്രധാന നഗരങ്ങളിലൊന്നായിരുന്ന വിയന്ന (ഇന്നത്തെ ഓസ്ട്രിയയുടെ തലസ്ഥാനം) യൂറോപ്പിന്റെ ഒരുപാട് കാലത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ യൂറോപ്പിലെ പ്രമുഖ രാജകുടുംബമായിരുന്ന ഹാബ്സ്ബർഗ്സ് വിയന്നയെ തങ്ങളുടെ സുരക്ഷിത കോട്ടയാക്കി ശക്തിപ്പെടുത്തുകയുണ്ടായി. ഇടയ്ക്ക് റോമൻ സാമ്രാജ്യത്തിന്റെ കീരീടമലങ്കരിച്ചിരുന്ന ഹാബ്സ്ബർഗ്സ് വിയന്ന വരുതിയിൽ വരുത്തിയതോടെ മദ്ധ്യയൂറോപ്പിലെ പ്രധാന ശക്തിയായും ഒട്ടോമൻ സാമ്രജ്യത്തിന് വെല്ലുവിളിയായും അത് വളർന്നു.

ലോകം കീഴടക്കുക എന്ന തുർക്കികളുടെ ലക്ഷ്യത്തിലെ പ്രചോദനമായി വർത്തിച്ച, തങ്ങൾ കീഴടക്കാനുദ്ധേശിച്ച നഗരങ്ങളെ  ചുവന്ന ആപ്പിൾ (കിസിൽ എൽമ) യായി കാണുന്ന അവരുടെ ഇതിഹാസം വിയന്ന ഉപരോധത്തിലും തുർക്കികൾക്ക് പ്രചോദനം നൽകിയതായി കാണാം. യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും സാമ്രാജ്യത്തെ വ്യാപിപ്പിക്കുക എന്ന തങ്ങളുടെ സ്വപ്നത്തിന് വിഘ്നമായി നിലനിന്നിരുന്ന റോമൻ സാമ്രാജ്യത്തെ കീഴടക്കുക എന്ന ലക്ഷ്യത്തിൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിന് ശേഷം തുർക്കികൾ അവരുടെ അടുത്ത കിസിൽ എൽമയായി കണ്ടത് വിയന്നയെയായിരുന്നു. ഒട്ടോമൻ സുൽത്താനായി സുലൈമാൻ അൽ ഖാനൂനി അവരോധിതനായ കാലത്ത് തന്നെയാണ് റോമൻ സാമ്രാജ്യത്തിന്റെ അധിപനായി ചാൾസ് അഞ്ചാമനെത്തുന്നതും.

ബൽഗ്രേഡും റോഡസും കീഴടക്കി ഹംഗറിയിലേക്ക് തിരിഞ്ഞ സുലൈമാൻ ഖാനൂനി 1526 ൽ തന്നെ മൊഹാക് യുദ്ധത്തിലൂടെ അന്നത്തെ ഹംഗറിയുടെ ചില ഭാഗങ്ങൾ കീഴടക്കി. രാജാവായിരുന്ന ലൂയിസ് രണ്ടാമൻ കൊല്ലപ്പെടുകയും സുലൈമാൻ ഹംഗറിയെ പൂർണമായും തന്റെ വരുതിയിലാക്കാതിരുന്നതും കിരീടത്തിനായുള്ള വടം വലിക്ക് വഴി തെളിച്ചു. ചാൾസ് അഞ്ചാമന്റെ സഹോദരൻ ഫെർഡിനാന്റ് ഒന്നാമനും ട്രാൻസിൽവാനിയ ഗവർണറായിരുന്ന ജോൺ സപോൾയയുമായിരുന്നു അധികാരത്തിനായി പരസ്പരം പോരടിച്ചത്. ആസ്ട്രിയ-ബൊഹീമിയ ആർക്ക്ഡ്യൂകായി നിയമിക്കപ്പെട്ടിരുന്ന ഫെർഡിനാന്റ് തന്റെ ബന്ധു കൂടിയായ ലൂയിസ് രണ്ടാമന് ശേഷം കിരീടം തന്റേതാണെന്ന അവകാശവാദമുയര്‍ത്തി. 

ഖാനൂനിയുടെ സാമന്തരാജാവായി കൊള്ളാമെന്ന് ജോൺ ഒട്ടോമൻസുമായി സന്ധിയിലെത്തിയതോടെ  ഒട്ടോമൻഹംഗറി, ഹാബ്സ്ബെർഗ്ഹംഗറി എന്നിങ്ങനെ ഹംഗറി രണ്ടായി വിഭജിക്കപ്പെട്ടു. വിയന്നയിലേക്കുള്ള വഴിയിൽ ഒരുപാട് ചെറിയ നഗരങ്ങളെ കീഴടക്കാൻ ജോണിന്റെ സഹായം ഒട്ടോമൻസിന് ലഭിക്കുകയുമുണ്ടായി. സുലൈമാൻ വിയന്ന  ലക്ഷ്യം വച്ച് വരുന്നുണ്ടെന്നറിഞ്ഞയുടനെ ഫെർഡിനാന്റ് ബൊഹീമിയയിലേക്ക് ഓടി രക്ഷപ്പെട്ടു. കമാൻഡർമാരായ നിക്കോളാസും വിൽഹെൽമുമാണ് പിന്നീട് ഒട്ടോമൻ ഉപരോധത്തെ വിജയകരമായി ചെറുത്ത് നിൽക്കുന്നതിൽ നിർണായക സാന്നിദ്ധ്യമായത്.

ഒട്ടോമൻ സൈന്യത്തിന്റെ വലുപ്പത്തെ കുറിച്ചുള്ള പെരുപ്പിക്കൽ മൂന്ന് ലക്ഷം വരെയെത്തുന്നുണ്ടെങ്കിലും അധികവും അതിശയോക്തിപരമാണ്. എന്നാലും വിയന്നയുടെ സൈനിക സജ്ജീകരണങ്ങളേക്കാൾ ആധിക്യത്തിലും ആയുധങ്ങളിലും വളരെ മുൻപന്തിയിലായിരുന്നു ഒട്ടോമൻ സൈന്യം. 1529 ൽ ആദ്യമായി സുലൈമാന്റെ വൻ സൈന്യം വിയന്നയിലേക്ക് മുന്നേറിയെങ്കിലും വലിയ തോതിലുള്ള മഴ കാരണമുണ്ടായ മോശം  കാലവസ്ഥയിൽ ഓട്ടോമൻ പീരങ്കികൾ ഉപയോഗശൂന്യമാവുകയും കിഴക്കിൽ നിന്നെത്തിച്ച ഒട്ടകങ്ങൾക് ജീവഹാനി സംഭവിക്കുകയും ചെയ്തു. 

മൊഹാക്കിൽ വച്ച് സഖ്യകക്ഷിയും സാമന്ത രാജാവുമായ ജോൺ ഒന്നാമന്റെ സൈന്യത്തോട് ചേർന്ന് ഇരു സൈന്യങ്ങളും വിയന്നയിലേക്കുള്ള വഴിയിലെ കോട്ടകൾ ഓരോന്നായി പിടിച്ചടക്കി സെപ്റ്റംബർ 27 ന് വിയന്നയിലെത്തി.  ഉപരോധത്തിനാവശ്യമായ വലിയ ഉപകരണങ്ങൾ ഇല്ലാതെ പോയതും ഉളളവ നശിക്കുകയും നീണ്ട യാത്ര കാരണം ചില സൈനിക ട്രൂപ്പുകൾ ദുർബലരായതും ഒട്ടോമൻ സേനയെ നന്നായി ബാധിച്ചിരുന്നു. നഗരത്തിന്റെ വലിയ കോട്ടമതിലുകൾ തകർക്കാൻ മതിലുകൾക്ക് താഴെ കുഴിച്ച് പൊട്ടിച്ച് തകർക്കാനുള്ള ശ്രമങ്ങള്‍ ഉപരോധത്തിന്റെ പ്രധാന ഭാഗമായിരുന്നു. ഈ തുരങ്കങ്ങൾ കണ്ടെത്തി തകർക്കാൻ വിയന്ന സൈന്യത്തിന് സാധിച്ചതോടെ ദുരന്തങ്ങൾ ഒന്നൊന്നായി ഭവിച്ച ഒട്ടോമൻ സൈന്യം പിന്മാറാൻ നിർബന്ധിതരായി. മഴ ശക്തിയാർജിച്ച് പ്രധാന ഉപകരണങ്ങളിൽ പെട്ട കരിമരുന്നുകള്‍ വെള്ളത്തിൽ കുതിർന്നതോടെ സുലൈമാൻ പിൻവലിയാനായി അടിയന്തിര സൈനിക യോഗം വിളിച്ചു. ഒക്ടോബറിൽ പിൻവലിഞ്ഞ സൈന്യത്തിന് വഴിയിലെ വൻ മഞ്ഞു വീഴ്ച മടക്കയാത്ര ദുഷ്കരമാക്കുകയും ചെയ്തു. 

പിന്നീട് 1532 ൽ രണ്ടാമതൊരു ഉപരോധത്തിന് ശ്രമിച്ചതും ഫലം കാണാതിരുന്നതോടെ ഫെർഡിനാന്റും സുലൈമാനും കോൺസ്റ്റാന്റിനോപ്പിൾ ഉടമ്പടിയിൽ ഒപ്പു വെക്കാൻ ധാരണയിലെത്തി. ചക്രവർത്തിയായി സുലൈമാനെ അംഗീകരിക്കുക, ഹംഗറിയെ ഹാബ്സ്ബർഗിന്നും ഒട്ടോമൻസിനുമിടയിൽ വിഭജിക്കുക തുടങ്ങിയ നിർദേശങ്ങളായിരുന്നു കരാറിലുണ്ടായിരുന്നത്.

വിയന്ന ഉപരോധം പ്രതിരോധിക്കുന്നതിൽ  യൂറോപ്പ്  വിജയിച്ചതോടെ അക്കാലത്ത് അരങ്ങു തകർത്തിരുന്ന കാത്തോലിക് പ്രാട്ടെസ്റ്റന്റ് സംഘട്ടനം വിജയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലേക്ക് നയിച്ചു. പ്രൊട്ടസ്റ്റന്റ് റിഫോർമേഷൻ നയിച്ചിരുന്ന മാർട്ടിൻ ലൂതർ ഒട്ടോമൻ വെല്ലുവിളിയെ മറികടക്കാനായി വിശ്വാസത്തിൽ റിഫോർമേഷൻ അത്യാവശ്യമാണെന്ന് വാദിക്കുകയുണ്ടായി. ഉപരോധ വിജയം കത്തോലിക് അനുഭാവികളായ ഹാബ്സ്ബർഗ് രാജകുടുംബം നേടിയെടുത്തതാണെന്ന നിലക്ക് കൗണ്ടർ റിഫോർമേഷന്റെ ഭാഗമായി കാത്തോലിക് ചർച്ച് അവസരം മുതലെടുത്ത് അവരുടെ ആശയം വ്യാപിപിക്കാൻ വിയന്നയിൽ ഒരുപാട് ചർച്ചുകളും സ്ഥാപിച്ചു.

കോൺസ്റ്റന്റിനോപ്പിൾ ഉടമ്പടിക്ക് ദീർഘക കാല ആയുസ്സുണ്ടായിരുന്നില്ല. തുടർന്നുണ്ടായ ഒട്ടോമൻ ഹംഗറി പ്രശ്നങ്ങൾ ചെറിയ സംഘംർഷങ്ങളായി  നൂറ്റമ്പത് വർഷത്തോളം നീണ്ടു നിന്നു. ദ്രവിച്ചു തുടങ്ങിയ പടു വൃക്ഷത്തെ പോലെയായിരുന്നു പതിനേഴാം നൂറ്റാണ്ടായപ്പോഴേക്കും ഓട്ടാമൻ ഭരണ വ്യവസ്ഥ. ഒട്ടോമൻ ഭരണകൂടം ഒരു തലകീഴായി കിടക്കുന്ന പിരമിഡ് പോലെയായിരുന്നു. ഈ ഘടനയുടെ ക്ഷമത സുൽത്താന്റെ സാമർത്യത്തിലധിഷ്ഠിതമായിരുന്നു താനും. സുലൈമാന്‍ ഖാനൂനിയെ പോലോത്ത കഴിവുറ്റ ഭരണാധികാരികൾക്ക് കീഴിൽ ഭരണകൂടം അഭിവൃദ്ധി പെട്ടപ്പോൾ ദുർബലരും സുഖതത്പരരും രാജ്യകാര്യങ്ങളിൽ അശ്രദ്ധരുമായ സുൽത്താന്മാർക്ക് കീഴിൽ രാജ്യം ശിഥിലമായതും ഇതിന്റെ നേർ സാക്ഷ്യമാണ്.

സുൽത്താന്‍ മഗ്നിഫിഷ്യന്റിന് ശേഷം നൂറ് വർഷങ്ങൾക്കിപ്പുറം മുറാദ് നാലാമനെയൊഴിച്ചാൽ മികവ് തെളിയിച്ച ഭരണാധികാരികൾ വേറെ ഇല്ലായിരുന്നു. അധികപേരും ഭരണകാര്യങ്ങളിൽ വിമുഖത കാട്ടി സുഖോലുപതയിൽ മുഴുകിയിരിക്കുകയായിരുന്നു. പിന്നാലെ ഭരണ വ്യവസ്ഥയിൽ മുഖ്യമന്ത്രിക്ക് (ഗ്രാന്റ് വിസിയർ) സ്ഥാനമേറുകയും ഹറം, വാലിദേ (മാതാവ്) സുൽത്താന്റെ നേതൃത്വത്തിൽ പ്രധാന ശക്തികേന്ദ്രമായി വളരുകയും ചെയ്തു. സ്വഭാവികമായും നിയമനങ്ങൾ കഴിവിനേക്കാൾ സ്വാധീനം ചെലുത്തുന്നതിലൂടെയാവുകയും അഴിമതി നടമാടുകയും ചെയ്തു. കൊട്ടാരത്തിലെയും ഹറമിലെയും പ്രശ്നങ്ങൾക്ക് പുറമേ സൈന്യത്തിനകത്തും പ്രശ്നങ്ങൾ പുകഞ്ഞു കൊണ്ടിരുന്നു.

ഒരേസമയം വിശാലമായ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഒരുപാട്  ശത്രുക്കളോട് യുദ്ധം ചെയ്യേണ്ടി വന്നതും സാമ്പത്തിക പ്രശ്നങ്ങൾ അധികരിച്ചതും  ജാനിസ്റ്ററീസിന്റെ (ഒട്ടോമൻ സൈന്യം) ശമ്പളക്രമം  താളം തെറ്റിക്കുകയും നികുതി പ്രശ്നങ്ങളിലേക്ക് വഴി വെക്കുകയും ചെയ്തു. പുതിയ സൈനിക റിക്രൂട്ട്മെന്റുകൾ പഴയ സൈനികർക്കിടയിൽ അസ്വാരസ്യങ്ങൾക്കിടവരുത്താനും കാരണമായി.

മുറാദ് നാലാമൻ ഒരു പാട് പ്രശ്നങ്ങൾ ഒതുക്കിയപോൾ അദ്ദേഹത്തിന്റെ മരണ ശേഷം കഴിവുള്ള ഭരണാധികാരികളില്ലാത്തതിനാൽ മുഖ്യമന്ത്രിമാരുടെ കൈകളിലായി പ്രധാന ഭരണം. ഇക്കാലത്ത് ശക്തരായ ചില മന്ത്രിമാർ ഭരണകൂടത്തെ ഉലയാതെ പിടിച്ച് നിർത്താൻ ശ്രമിച്ചതായി കാണാം.
1676 ലാണ് യോഗ്യനായ കറാ മുസ്ഥഫ പാഷ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. യൂറോപിലെ പ്രധാന ശക്തിയായി ഓട്ടോമൻസ് വളരണമെന്ന മോഹം മനസ്സിൽ സൂക്ഷിച്ചിരുന്ന മുസ്ഥഫ പാഷ വിയന്ന കീഴടക്കൽ ഓട്ടോമൻസിന്റെ ബാധ്യതയായി കണ്ടിരുന്നു. അതേ സമയം ഓസ്ട്രിയ ഹംഗറിക്കെതിരേ പടനീക്കം തുടങ്ങിയപ്പോൾ, കത്തോലിക്ക് അനുഭാവികളായ ഹാബ്സ്ബർഗിനേക്കാൾ മുസ്‍ലിംകൾക്ക് കീഴിൽ സുരക്ഷിതത്വം ലഭിച്ച പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾക്ക് ഓട്ടോമൻ സഹായം തേടാതെ നിവൃത്തിയില്ലാതായി. ഹംഗറി രാജാവായ തൊകൊളി ഓട്ടോമൻ സഹായത്തോടെ രാജ്യം വികസിപിച്ചെടുത്തു. എന്നാൽ യുദ്ധം ഒഴിവാക്കാൻ ശ്രമിച്ച ഹാബ്‌സ്‌ബർഗ്സ് പാഷയുമായി കരാറിലെത്താൻ തീരുമാനിച്ചു. ഹംഗറി തലസ്ഥാനമായ ബുഡക്കും വിയന്നക്കുമിടയിലെ പ്രധാന കോട്ടയായിരുന്ന ഗിയോർ അടിയറവ് വെച്ചാലേ കരാറിലെത്തുവെന്ന് യുദ്ധം മുന്നിൽ കണ്ട് തന്നെ പാഷ വാശി പിടിച്ചതും യുദ്ധം അനിവാര്യമായി വന്നു.

സുലൈമാൻ  മാഗ്നിഫിഷന്റ് വിയന്നയുടെ കവാടത്തിലാദ്യമായെത്തിയ സെപ്തംബർ 1526 മുതൽ സാഹചര്യങ്ങൾക്ക്  ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു. അക്കാലത്ത് തുർക്കികൾ ഈ മേഖലയിൽ അതിശക്തമായ മേൽക്കോയ്മ ആസ്വദിച്ചിരുന്നു. ആയുധങ്ങളിലും തന്ത്രങ്ങളിലും മുന്നിട്ട് നിന്നിരുന്ന തുർക്കികളുടെ കുതിരപ്പട ലോകത്തിലെ ഏറ്റവും ശക്തരായ സൈന്യമായിരുന്നു. 1683 ആയപ്പോഴേക്കും യൂറോപ്യന്മാർ മെറ്റലർജിയിലും ബാലിസ്റ്റിക്സിലും  ഓട്ടോമൻസിനേക്കാൾ ഒരു പടി മുന്നിലെത്തിയിരുന്നു. തന്ത്രങ്ങളിലും സൈനികഅച്ചടക്കത്തിലും, ഹബ്സ്ബർഗുകളും ജർമ്മൻസും തുർക്കികളെ വെല്ലുവിളിക്കാൻ കഴിയുന്ന രീതിയിലേക്ക് വളർന്നിരുന്നു.  

മുസ്തഫ പാഷ തലസ്ഥാനം ലക്ഷ്യമാക്കി വരുന്നുണ്ടെന്നറിഞ്ഞതും  ഓസ്ട്രിയയിലെ ലിയോപോൾഡ് ഒന്നാമൻ യൂറോപ്യൻ ശക്തികളോട് സഹായത്തിനായി അപേക്ഷിച്ചു. ഇന്നസെന്റ് പതിനൊന്നാമൻ മാർപാപ്പ ഒരു വലിയ ധന സഹായം അയക്കുകയും  കത്തോലിക്കാ സഖ്യം സംഘടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ബവേറിയയിലെ പ്രഭുക്കന്മാരും ജർമ്മനിയിലെ സാക്സോണിയും സൈന്യത്തെ അയച്ചു. പോളണ്ട് രാജാവ് സോബിസ്കി ഹാപ്സ്ബർഗുമായി സഖ്യമുണ്ടാക്കുകയും 40,000 സൈനികരുമായി മുന്നേറുകയും ചെയ്തു. പോർച്ചുഗലും സ്പെയിനും സംഘത്തെ അയച്ചു. വെനീഷ്യക്കാരും സഹായം വാഗ്ദാനം ചെയ്തു.

തുർക്കികളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിദ്ധാരണകളുടെയും തെറ്റായ കണക്കുകൂട്ടലുകളുടെയും ഒരു പരമ്പരയായിരുന്നു പിന്നീടുണ്ടായത്. യൂറോപ്യന്മാർക്ക് അനുകൂലമായ സാഹചര്യങ്ങളും ഒത്തു വന്നതോടെ ഓട്ടോമൻസ് പരാജയം മണത്തു. ഓട്ടോമൻ സൈന്യം 1683 ജൂലൈയിൽ വിയന്നയുടെ കവാടത്തിൽ എത്തി ഉപരോധം തുടങ്ങി. വിയന്നയുടെ മതിലുകൾക്ക് താങ്ങാൻ കഴിയാത്തവിധം നന്നായി ഉപയോഗപെടുത്താവുന്ന പീരങ്കിയും തുരങ്കം നിർമിച്ചെടുക്കലും സമയമെടുക്കുന്ന പ്രക്രിയയായിരുന്നു. അതേസമയം, പോളണ്ട് രാജാവ് സോബിസ്കി തന്റെ സൈനികരുമായി എത്തി ബവേറിയയിൽ നിന്നുള്ള ജർമ്മൻ സൈനികരുമായി സഖ്യം ചേർന്ന് വിയന്നയിലേക്ക് മാർച്ച് ചെയ്തു. ഓസ്ട്രിയൻ തലസ്ഥാനത്തെ സ്ഥിതി വളരെ പരിതാപകരമായിരുന്നു. ഓട്ടോമൻസ് കോട്ട മതിലുകൾകടിയിൽ കുഴികൾ കുഴിക്കുകയും പീരങ്കികൾ മതിലുകളുടെ ഭാഗങ്ങൾ തകർക്കുകയും ചെയ്തു. നഗരം ഒട്ടോമൻ അക്രമണത്തിനു മുന്നിൽ വീഴാൻ തക്ക അവസ്ഥയിലേക്ക് യുദ്ധം നീങ്ങിയ നിർണായക ഘട്ടത്തിൽ, കത്തോലിക്കാ സൈന്യത്തിന് വിയന്നക്ക് സഹായമായി കടന്നുവരാൻ അനുവദിക്കുന്നതിൽ ഓട്ടോമൻമാർ ഗുരുതരവും തന്ത്രപരവുമായ പിഴവ് വരുത്തിയതോടെ സഖ്യസേനയെ കിട്ടുകയും അച്ചടക്കത്തോടെ യുദ്ധം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്ത യൂറോപ്യർക്ക് മുന്നിൽ ഓട്ടോമൻ സൈന്യത്തിന് അടിയറവ് പറയേണ്ടിവന്നു.

യുദ്ധം 1683 സെപ്തംബർ 12-ന് അവസാനിച്ചപ്പോൾ 10,000-ത്തിലധികം തുർക്കികളും ഓസ്ട്രിയൻ സൈന്യത്തിന്റെ എണ്ണത്തിൽ പകുതിയോളം പേരും കൊല്ലപ്പെട്ടുിരുന്നു. ഒരുപാട് നഷ്ടങ്ങൾ സഹിക്കേണ്ടിവന്ന ഓട്ടോമൻസ് പിൻവാങ്ങുകയാണുണ്ടായത്. തുർക്കികൾ യൂറോപ്യർകെതിരെ നേരിട്ട ആദ്യത്തെ വലിയ പരാജയമായിരുന്നു ഇത്. പിന്നാലെ സുൽത്താൻ തോൽവിയുടെ ഭാരം ചുമത്തി മുസ്തഫ പാഷയെ വധിച്ചു കളഞ്ഞു. ഓട്ടോമൻ ഭരണകൂടത്തിനുള്ളിലെ പ്രശ്നങ്ങൾ കലുഷിതമാക്കുന്നതിലേക്ക് വിയന്ന പരാജയം കൊണ്ടെത്തിച്ചു. വിയന്നയിലെ രണ്ടാമത്തെ ഉപരോധം യൂറോപ്പിലെ മുസ്ലീം വ്യാപനത്തിന് അന്ത്യം കുറിച്ചു. ബാൽകൺ പ്രവിശ്യകൾ ഒരോന്നായി നഷ്ടപെടാൻ തുടങ്ങി.

യൂറോപ്യൻമാരുടെ സൈനിക അച്ചടക്കത്തോട് താരതമ്യം ചെയ്യുമ്പോൾ സാങ്കേതികതയിലും തന്ത്രങ്ങളിലും സൈന്യത്തിന്റെ  ദൗർബല്യം വ്യക്തമായി നിഴലിച്ചിരുന്നു. വിയന്നയ്ക്ക് ശേഷം, ഓട്ടോമൻ സൈന്യം നവീകരണത്തിനായി ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും യൂറോപ്പിനൊപ്പമെത്താൻ കഴിയാതെ കിതച്ച് കൊണ്ടിരുന്നു. പിന്നീടങ്ങോട്ട് ഓട്ടോമൻസ് ഏറ്റു വാങ്ങിയ പരാജയങ്ങൾക്കൊക്കെ തുടക്കമിട്ടത് വിയന്നയിലെ ഈ കയ്പേറിയ തോൽവിയായിരുന്നു.

ചില യുറോപ്യൻ രാഷ്ട്രീയ നിരീക്ഷകർ ഈ യുദ്ധത്തിന്റെ സ്വാധീനം ഇന്നത്തെ രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നുണ്ടെന്നവകാശപെടുന്നു. ഈയടുത്തായി തുർക്കിയുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രവേശനത്തെ ഓസ്ട്രിയ തടയാൻ ശ്രമിച്ചതും അതിന് ലഭിച്ച ജനസ്വീകാര്യതയുടെയും കഥ മുന്നൂറ് വർഷം മുമ്പ് 'ഭീകരരായ തുർക്കികൾ' തങ്ങളെ തലസ്ഥാന നഗരത്തെ കീഴടക്കാൻ ശ്രമിച്ച ഭീതിയിൽ നിന്ന് വായിച്ച് തുടങ്ങണ്ടതാണെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നുണ്ട്.
ഈ യുദ്ധത്തെ ക്രിസ്ത്യാനികളുടെ മുസ്‍ലിംകൾകെതിരെയുള്ള പരിശുദ്ധ യുദ്ധ വിജയം എന്ന നിലക്ക് വ്യാഖ്യാനിക്കപ്പെടുന്നത് വസ്തുതാ വിരുദ്ധമാണ്, കാരണം ഓട്ടോമൻ സൈന്യത്തിന്റെ ഒരു വലിയ ഭാഗം  ക്രിസ്ത്യാനികളും പങ്ക് കൊണ്ടിരുന്നു. ഈ അവിശുദ്ധ സഖ്യം കാരണമാണ് പരാജയം നുകരേണ്ടി വന്നതെന്ന് വിമർശിക്കുന്ന ചില മുസ്‍ലിം പണ്ഡിതരെയും കാണാവുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter