നെപ്പോളിയൻ മുസ്‌ലിമായിരുന്നോ? ചരിത്രരേഖകൾ വെളിപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങൾ
ചരിത്രത്തിലെ സങ്കീർണ്ണമായ പല വ്യക്തിത്വങ്ങളെയും സംവാദങ്ങളെയും വസ്തുനിഷ്ഠമായി വിലയിരുത്താൻ ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന് സാധ്യമാണ്. ഇത്തരത്തിൽ ആഗോള ചരിത്രത്തിൽ ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമാണ് ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടിന്റെ മതപരമായ സ്വത്വവും ഇസ്‌ലാം മതവുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും. നെപ്പോളിയന്റെ ജീവിതകാലത്തും അതിനുശേഷവും അദ്ദേഹം ഒരു മുസ്‌ലിമായിരുന്നോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ അദ്ദേഹം തന്നെ താനൊരു മുസ്‌ലിമാണെന്ന് അനുമാനിക്കാവുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടുമുണ്ട്. റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത 'നെപ്പോളിയൻ' എന്ന ചലച്ചിത്രം ഉൾപ്പെടെയുള്ള ആധുനിക ജനകീയ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ യുദ്ധവീര്യത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുമ്പോൾ, ഇസ്‌ലാമിക പാരമ്പര്യത്തോടും പ്രവാചകർ മുഹമ്മദ് നബിയോടും അദ്ദേഹം പുലർത്തിയ സമീപനത്തിന്റെ ചരിത്രപരമായ യാഥാർത്ഥ്യം അന്വേഷിക്കുന്നത് ഏറെ പ്രസക്തമാണ്. ഫ്രാൻസിലെ സർവ്വകലാശാല പ്രൊഫസറും പ്രമുഖ ചരിത്രകാരനുമായ ജോൺ ടോളൻ രചിച്ച Faces of Muhammad: Western Perceptions of the Prophet of Islam from the Middle Ages to today എന്ന വിഖ്യാത ഗ്രന്ഥത്തിലെ ഏഴാം അധ്യായം ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്ന കൃത്യമായ അക്കാദമിക തെളിവുകൾ മുന്നോട്ടുവെക്കുന്നുണ്ട്. ഈ ചരിത്രരേഖകളെയും നെപ്പോളിയന്റെ ഈജിപ്ഷ്യൻ അധിനിവേശത്തെയും മുൻനിർത്തി, ഭൗതികവാദ താല്പര്യങ്ങൾക്കപ്പുറം അദ്ദേഹത്തിന് ഇസ്‌ലാമിനോട് യഥാർത്ഥത്തിൽ ഉണ്ടായിരുന്ന നിലപാട് എന്തായിരുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, കൃത്യമായി പറഞ്ഞാൽ 1789-ൽ നടന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുപതുവയസ്സുകാരനായ നെപ്പോളിയൻ ബോണപ്പാർട്ട് എന്ന സൈനികൻ ചരിത്രത്തിന്റെ മുൻനിരയിലേക്ക് വരുന്നത്. നെപ്പോളിയൻ, വിപ്ലവത്തിന്റെ മതേതരവും കത്തോലിക്കാ വിരുദ്ധവുമായ മൂല്യങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടിരുന്നു. കത്തോലിക്കാ സഭയ്ക്കും രാജഭരണത്തിനും എതിരായിരുന്നു ഫ്രഞ്ച് വിപ്ലവം മുന്നോട്ടുവെച്ച സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ. യൂറോപ്പിലെ Enlightenment കാലഘട്ടത്തിലെ ചിന്തകരായിരുന്ന വോൾട്ടയർ, എഡ്വേർഡ് ഗിബ്ബൺ തുടങ്ങിയവരുടെ എഴുത്തുകളിലൂടെയാണ് നെപ്പോളിയൻ ഇസ്‌ലാം മതത്തെക്കുറിച്ച് ആദ്യമായി വായിച്ചറിയുന്നത്. കത്തോലിക്കാ സഭയുടെ അനാചാരങ്ങളെയും പുരോഹിത വർഗ്ഗത്തെയും വിമർശിക്കാൻ ഈ പാശ്ചാത്യ ചിന്തകർ ഇസ്‌ലാമിനെ ഒരു മാതൃകയായി ഉപയോഗിച്ചിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം എന്നത് പുരോഹിതന്മാരില്ലാത്ത, ലളിതമായ ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു സമത്വ സുന്ദരമായ മതമായിരുന്നു. നെപ്പോളിയന് ഈ ഒരു പാഠപുസ്തക അറിവ് മാത്രമാണ് ഇസ്‌ലാമിനെക്കുറിച്ച് ഉണ്ടായിരുന്നത്. യഥാർത്ഥത്തിൽ ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ നിത്യജീവിതത്തിൽ ആചരിക്കുന്ന ജീവസ്സുറ്റ ഇസ്‌ലാമിനെക്കുറിച്ച് നെപ്പോളിയനോ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കോ യാതൊരു ധാരണയുമില്ലായിരുന്നു എന്ന് വേണം കരുതാന്‍. ഇസ്‌ലാമിനെ Philosophical Deism മായി മാത്രമാണ് അവർ തുല്യപ്പെടുത്തിയത്. പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന് വിശ്വസിക്കുകയും എന്നാൽ ആ സ്രഷ്ടാവ് മനുഷ്യന്റെ പ്രാർത്ഥനകൾക്കോ വെളിപാടുകൾക്കോ പ്രവാചകത്വത്തിനോ കാതോർക്കാതെ പ്രപഞ്ചത്തെ അതിന്റെ വഴിക്ക് വിട്ടിരിക്കുന്നു എന്ന് കരുതുകയും ചെയ്യുന്ന ഒരു തത്വശാസ്ത്രമാണ് diesm. ഈ തെറ്റായ ധാരണയോടെയാണ് ഫ്രഞ്ച് റിപ്പബ്ലിക്കൻ മൂല്യങ്ങൾ മുസ്‍ലിം ലോകത്തേക്ക് കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യത്തോടെ 1798-ൽ നെപ്പോളിയൻ ഈജിപ്തിലേക്ക് സൈനിക നീക്കം നടത്തുന്നത്.
ബ്രിട്ടന്റെ East India Company യെ തളർത്തുക എന്ന സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യത്തോടെയാണ് നെപ്പോളിയൻ 55,000 സൈനികരുമായി ഈജിപ്ത് കീഴടക്കാൻ പുറപ്പെടുന്നത്. യൂറോപ്പ് തനിക്ക് ജീവിക്കാൻ വളരെ ചെറുതാണെന്നും വലിയ പ്രശസ്തി കൈവരിക്കാൻ പൗരസ്ത്യ ദേശങ്ങളിലേക്ക് പോകണമെന്നുമുള്ള അമിതമായ അഹന്തയും ഇതിന് പിന്നിലുണ്ടായിരുന്നു. അന്നത്തെ ഫ്രഞ്ച് ഓറിയന്റലിസ്റ്റുകൾ നെപ്പോളിയനെ ധരിപ്പിച്ചിരുന്നത് ഓട്ടോമൻ ഭരണാധികാരികളിൽ നിന്നും മംലൂക്കുകളിൽ നിന്നും തങ്ങളെ മോചിപ്പിക്കാൻ വരുന്ന ഫ്രഞ്ചുകാരെ ഈജിപ്തിലെ മുസ്‌ലിംകൾ ഇരുകൈകളും നീട്ടി സ്വീകരിക്കും എന്നായിരുന്നു. എന്നാൽ തീർത്തും വ്യത്യസ്തമായ ഒരു യാഥാർത്ഥ്യമായിരുന്നു ഈജിപ്ത് മണ്ണിൽ കാലുകുത്തിയ നെപ്പോളിയന് നേരിടേണ്ടി വന്നത്. ഫ്രഞ്ച് അധിനിവേശത്തെ ഈജിപ്തിലെ ജനങ്ങൾ തങ്ങളുടെ മതത്തിനും പരമാധികാരത്തിനും മേലുള്ള കടന്നുകയറ്റമായാണ് കണ്ടത്. ഇവിടെയാണ് നെപ്പോളിയൻ തന്റെ കപടവും രാഷ്ട്രീയ താല്പര്യങ്ങൾ നിറഞ്ഞതുമായ പ്രഖ്യാപനങ്ങളിലൂടെ മുസ്‌ലിം ജനതയെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്.
ഈജിപ്ഷ്യൻ ജനതയ്ക്ക് അദ്ദേഹം അയച്ച ഔദ്യോഗിക വിളംബരങ്ങളിൽ ഖുർആനിക സൂക്തങ്ങളോട് സാദൃശ്യമുള്ള വാക്കുകളാണ് ഉപയോഗിച്ചത്. "പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ, ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല, അവന് പുത്രനോ പങ്കാളിയോ ഇല്ല" എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിക്കുന്ന ആ കത്തിൽ താൻ നിങ്ങളുടെ മതം നശിപ്പിക്കാൻ വന്നവനല്ലെന്നും, മറിച്ച് മംലൂക്കുകളേക്കാൾ കൂടുതൽ താൻ ദൈവത്തെയും പ്രവാചകർ മുഹമ്മദ് നബിയെയും വിശുദ്ധ ഖുർആനെയും ബഹുമാനിക്കുന്നുണ്ടെന്നും ഇതിലൂടെ നെപ്പോളിയൻ കാണിക്കുകയായിരുന്നു. തങ്ങൾ യഥാർത്ഥ മുസ്‌ലിംകളാണെന്ന് അവകാശപ്പെട്ട അദ്ദേഹം, മുസ്‌ലിംകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച റോമിലെ മാർപ്പാപ്പയെയും മാൾട്ടയിലെ കുരിശുയുദ്ധക്കാരെയും തകർത്തത് തങ്ങളാണെന്ന ചരിത്രവും ഈജിപ്തുകാരെ ഓർമ്മിപ്പിച്ചു.
തങ്ങളെല്ലാവരും മുസ്‍ലിംകളാണെന്ന നെപ്പോളിയന്റെയും ഫ്രഞ്ച് റിപ്പബ്ലിക്കിന്റെയും ഈ പ്രഖ്യാപനം വെറുമൊരു രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നുവെന്ന് ചരിത്രകാരനായ ജോൺ ടോളൻ അടിവരയിട്ടു പറയുന്നുണ്ട്. തൊട്ടടുത്ത വർഷം ഈജിപ്ത് വിട്ടുപോകാൻ തയ്യാറെടുക്കുമ്പോൾ തന്റെ ഫ്രഞ്ച് അഡ്മിനിസ്ട്രേറ്റർമാർക്ക് നെപ്പോളിയൻ നൽകിയ രഹസ്യ നിർദ്ദേശം ഇതിന് തെളിവാണ്. നാം ഖുർആനെ സ്നേഹിക്കുന്നുവെന്നും പ്രവാചകനെ ആദരിക്കുന്നുവെന്നും മുസ്‌ലിംകളെ ബോധ്യപ്പെടുത്താൻ അതീവ ശ്രദ്ധ പുലർത്തണം. നമ്മുടെ ഒരു ചെറിയ പിഴവ് പല വർഷത്തെ അധ്വാനത്തെ തകർത്തു കളയും, എന്നായിരുന്നു അദ്ദേഹം എഴുതിയത്.
കെയ്റോയിലെ പണ്ഡിതന്മാരുടെയും ഇമാമുമാരുടെയും പിന്തുണ ലഭിക്കുന്നതിനായി വെള്ളിയാഴ്ചകളിലെ ഖുതുബയിൽ തന്റെ പേര് പരാമർശിക്കണമെന്ന് നെപ്പോളിയൻ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, നെപ്പോളിയനും സൈന്യവും ഇസ്‌ലാം മതം സ്വീകരിക്കുകയാണെങ്കിൽ അത് ചെയ്യാമെന്ന് ശൈഖ് അബ്ദുല്ലാഹ് ശർഖാവി വ്യക്തമാക്കിയപ്പോൾ നെപ്പോളിയൻ തികച്ചും ഉപരിപ്ലവമായ ഒഴിവുകഴിവുകളാണ് നിരത്തിയത്. തന്റെ സൈനികർക്ക് സുന്നത്ത് (പരിച്ഛേദനം) ചെയ്യുന്നതിനോട് താല്പര്യമില്ലെന്നും അവർക്ക് മദ്യം ഉപേക്ഷിക്കാൻ കഴിയില്ലെന്നുമായിരുന്നു നെപ്പോളിയന്റെ മറുപടി. മദ്യം കഴിച്ചുകൊണ്ട് തന്നെ തങ്ങൾക്ക് മുസ്‌ലിംകളായി ജീവിക്കാൻ പ്രത്യേക അനുമതി നൽകാൻ കഴിയുമോ എന്ന് ചോദിച്ച നെപ്പോളിയന്റെ ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവ് എത്രത്തോളം ബാലിശമായിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്. മുസ്‌ലിം പണ്ഡിതന്മാർ ഈ പുതിയ ഭരണാധികാരിയുമായി നയതന്ത്രപരമായ സംഘർഷങ്ങൾ ഒഴിവാക്കാൻ ഈ ചർച്ചകളെ നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്.
ഈജിപ്തിലെ പ്രമുഖ ചരിത്രകാരനും പണ്ഡിതനുമായിരുന്ന അൽജബർതി ഫ്രഞ്ചുകാരുടെ ഈ മതപരമായ അവകാശവാദങ്ങളെ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. ഫ്രഞ്ചുകാർ വെളിപാടിനെ അംഗീകരിക്കാത്ത, കേവലം യുക്തിയിൽ വിശ്വസിക്കുന്ന ഭൗതികവാദ ദാർശനികരാണെന്ന് അദ്ദേഹം രേഖപ്പെടുത്തി. മൂസാ നബിയെയും ഈസാ നബിയെയും മുഹമ്മദ് നബിയെയും ദൈവത്താൽ നിയോഗിക്കപ്പെട്ട പ്രവാചകന്മാരായി കാണുന്നതിന് പകരം വെറും ആത്മീയ ജ്ഞാനികളായ മനുഷ്യരായി മാത്രമാണ് നെപ്പോളിയൻ കണ്ടിരുന്നത് എന്ന് ജബർതി വിലയിരുത്തുന്നുണ്ട്.
ഇസ്‌ലാമിക വിശ്വാസപ്രകാരം ഒരാൾ മുസ്‌ലിമാകണമെങ്കിൽ അല്ലാഹു ഏകനാണെന്ന് വിശ്വസിക്കുന്നതോടൊപ്പം മുഹമ്മദ് നബി ദൈവത്തിന്റെ പ്രവാചകനും ദൂതനുമാണെന്ന് പൂർണ്ണ ഹൃദയത്തോടെ സാക്ഷ്യം വഹിക്കേണ്ടതുണ്ട്. എന്നാൽ നെപ്പോളിയൻ മുഹമ്മദ് നബിയെ ഒരു പ്രവാചകനായി ഒരിക്കലും അംഗീകരിച്ചിരുന്നില്ല. തന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി പ്രവാചക പദവി പോലും ഉപയോഗിക്കാൻ അദ്ദേഹം മടിച്ചില്ല. ഒരു ഘട്ടത്തിൽ ഈജിപ്തിലെ ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയ ശേഷം, താൻ പടിഞ്ഞാറുനിന്നും ദൈവത്താൽ നിയോഗിക്കപ്പെട്ടവനാണെന്നും ഖുർആനിലെ പല വചനങ്ങളും പ്രവചിച്ചിരിക്കുന്നത് തന്റെ വരവിനെക്കുറിച്ചാണെന്നും വരെ നെപ്പോളിയൻ അവകാശപ്പെട്ടു. മനുഷ്യരുടെ ഹൃദയങ്ങളിലുള്ള രഹസ്യങ്ങൾ മനസ്സിലാക്കാൻ തനിക്ക് അമാനുഷിക കഴിവുണ്ടെന്ന് ഖുർആൻ സൂക്തങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചു.
ഈജിപ്തിലെ ഫ്രഞ്ച് ഭരണം പരാജയപ്പെടുകയും ബ്രിട്ടീഷ്-ഒട്ടോമൻ സഖ്യം ശക്തമാവുകയും ചെയ്തതോടെ നെപ്പോളിയൻ ഈജിപ്ത് വിട്ട് ഫ്രാൻസിലേക്ക് മടങ്ങി. പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിലെ പരാജയത്തിന് ശേഷം ബ്രിട്ടീഷുകാരുടെ തടവുകാരനായി അറ്റ്ലാന്റിക് സമുദ്രത്തിലെ Saint Helena ദ്വീപിലേക്ക് നാടുകടത്തപ്പെട്ടപ്പോഴാണ് നെപ്പോളിയൻ തന്റെ ആത്മകഥ എഴുതുന്നത്. ഈ ഏകാന്ത ജീവിതത്തിൽ അദ്ദേഹം മുഹമ്മദ് നബിയെക്കുറിച്ചുള്ള തന്റെ യഥാർത്ഥ കാഴ്ചപ്പാടുകൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ അദ്ദേഹം പ്രവാചകനെ ഒരു മഹാനായ നിയമദാതാവായും ഭരണാധികാരിയായും സൈനിക തന്ത്രജ്ഞനായുമാണ് ചിത്രീകരിക്കുന്നത്.
Saint Helenaലെ രേഖകളിൽ നെപ്പോളിയൻ എഴുതുന്നത്, ക്രിസ്ത്യാനികൾ Trinity യെക്കുറിച്ച് തർക്കിച്ചുകൊണ്ടിരുന്നപ്പോൾ അറേബ്യയിലെ വിഗ്രഹാരാധനയെ തുടച്ചുനീക്കി അബ്രഹാമിന്റെയും മോശെയുടെയും യേശുവിന്റെയും ദൈവത്തെ പ്രതിഷ്ഠിക്കാൻ മുഹമ്മദിന് സാധിച്ചു എന്നാണ്. മരുഭൂമിയിലെ ദരിദ്രരും അജ്ഞരുമായ അറബികളെ ഒന്നിപ്പിക്കാനും അവരെ ലോകം കീഴടക്കാൻ പ്രാപ്തരാക്കാനും സ്വർഗ്ഗത്തിലെ സുഖസൗകര്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങളിലൂടെ മുഹമ്മദ് എന്ന മഹാനായ മനുഷ്യന് സാധിച്ചുവെന്ന് അദ്ദേഹം വിലയിരുത്തി. കൂടാതെ, പാശ്ചാത്യ ലോകത്തെ വലിയ ശാപമായ വംശീയതയെയും വർണ്ണവിവേചനത്തെയും ഇല്ലാതാക്കാൻ ഇസ്‌ലാമിലെ ബഹുഭാര്യത്വം അടക്കമുള്ള നിയമങ്ങള്‍ എങ്ങനെ സഹായിച്ചുവെന്ന് നെപ്പോളിയൻ ദാർശനികമായി സമർത്ഥിക്കുന്നുണ്ട്. വ്യത്യസ്ത വംശത്തിലുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതിലൂടെ ജനിക്കുന്ന കുട്ടികൾ ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് സഹോദരങ്ങളായി വളരുമ്പോൾ അവിടെ വർണ്ണവിവേചനം ഇല്ലാതാകുന്നുവെന്നും, ഫ്രഞ്ച് കോളനികളിലെ കറുത്തവർഗ്ഗക്കാരുടെ വംശീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ നിയമം മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇത്രയൊക്കെ പ്രശംസിക്കുമ്പോഴും നെപ്പോളിയന്റെ വീക്ഷണത്തിൽ മുഹമ്മദ് നബി ഒരു ഇംപോസ്റ്റർ അല്ലെങ്കിൽ സ്വന്തം ബുദ്ധിയിൽ നിന്നും ആശയങ്ങൾ നിർമ്മിച്ച് ജനങ്ങളെ നയിച്ച ഒരു മനുഷ്യൻ മാത്രമായിരുന്നു. ഖുർആൻ ദൈവത്തിൽ നിന്നുള്ള വെളിപാടല്ല, മറിച്ച് അജ്ഞരായ ജനങ്ങളെ ഒരു വലിയ ലക്ഷ്യത്തിനായി ഒരുമിച്ച് കൂട്ടാൻ മുഹമ്മദ് എന്ന ഭരണാധികാരി ചമച്ച ഒരു ഗ്രന്ഥമാണെന്നാണ് നെപ്പോളിയൻ വിശ്വസിച്ചിരുന്നത്. നെപ്പോളിയൻ മുഹമ്മദ് നബിയിൽ കണ്ടത് തന്നെത്തന്നെയായിരുന്നു; തന്നേക്കാൾ കൂടുതൽ വിജയങ്ങൾ വരിച്ച മറ്റൊരു നെപ്പോളിയനെയാണ് അദ്ദേഹം പ്രവാചകനിൽ ദർശിച്ചത്.
നെപ്പോളിയൻ ഒരു മുസ്‌ലിമായിരുന്നില്ല എന്ന അസന്നിഗ്ദ്ധമായ നിഗമനത്തിലാണ് ചരിത്രകാരന്മാർ എത്തിച്ചേരുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളായ പ്രവാചകത്വത്തിലും ദിവ്യവെളിപാടുകളിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. തന്റെ സാമ്രാജ്യത്വ മോഹങ്ങൾക്കായി, അധിനിവേശം നടത്തിയ ഒരു മുസ്‌ലിം രാജ്യത്തിലെ ജനങ്ങളുടെ മതവികാരത്തെ ചൂഷണം ചെയ്യാൻ അദ്ദേഹം നടത്തിയ കപടമായ രാഷ്ട്രീയ നാടകം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഇസ്‌ലാം വാദങ്ങൾ. ഈജിപ്തിലെ അധിനിവേശ കാലത്ത് ഫ്രഞ്ച് സൈന്യം നടത്തിയ ക്രൂരമായ കൂട്ടക്കൊലകളും പ്രക്ഷോഭ അടിച്ചമർത്തലുകളും നെപ്പോളിയനെ ഒരു വിമോചകനായല്ല, മറിച്ച് ഒരു അധിനിവേശക്കാരനായാണ് ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. നെപ്പോളിയന് ഇസ്‌ലാമിനോട് ഉണ്ടായിരുന്നത് കേവലം ഭൗതികവും തന്ത്രപരവുമായ ഒരു താല്പര്യം മാത്രമായിരുന്നുവെന്നും, അദ്ദേഹം ഒരിക്കലും ഇസ്‌ലാം ആശ്ലേഷിച്ചിരുന്നില്ലെന്നും ചരിത്രരേഖകൾ നിസംശയം തെളിയിക്കുന്നു.



Leave A Comment