ടുണീഷ്യയിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ?

അറബ് വസന്തത്തിന് ശേഷം ജനാധിപത്യ ഭരണക്രമത്തിലേക്ക് മാറിയ രാഷ്ട്രമാണ് ടുണീഷ്യ. 2021-2022 കാലം ടുണീഷ്യ വൻ രാഷ്ട്രീയപ്രതിസന്ധികളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നിലവിലെ പ്രസിഡന്റ് ഖൈസ് സഈദ് പാർലമെന്റ് പിരിച്ചു വിടുകയും പ്രധാനമന്ത്രിയടക്കമുള്ള കാബിനറ്റ് പദവിയിലുള്ള മന്ത്രിമാരെ തൽസ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമാവുന്നത്. 

കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെയും ലോകമെമ്പാടും വ്യാപിച്ച കോവിസ് - 19 പകർച്ചവ്യാധി നിയന്ത്രിക്കുന്നതിലും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും സർക്കാറിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നാരോപണത്തിന്റെയും പശ്ചാത്തലത്തില്‍ നടന്ന രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾക്കൊടുവിലാണ് പ്രസിഡന്റ് ഖൈസിന്റെ നീക്കം. പ്രസിഡന്റ് ഖൈസ് സഈദ് പ്രധാനമന്ത്രിയായിരുന്ന ഹിശാം മിശ്ശീശിയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുകയും നജ്‌ലാ ബൂദൻ എന്ന  ടുണീഷ്യയുടെയും അറബ് ലോകത്തിന്റെയും ആദ്യ വനിതാ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പുതിയ ഗവൺമെന്റിന് രൂപം നൽകുകയും ചെയ്തു. 

പ്രസിഡന്റ് രാഷ്ട്രീയ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് അന്നഹ്ദയും മറ്റു രാഷ്ട്രീയ പാർട്ടികളും ആരോപിച്ചു. എന്നാൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി വരുന്ന അപകട സാഹചര്യങ്ങളിൽ ഉചിതമായ തീരുമാനം  പ്രസിഡന്റിന് കൈക്കൊള്ളാമെന്ന  ഭരണഘടനയിലെ ആർട്ടിക്കിൾ 80 വിനിയോഗിച്ചു കൊണ്ടാണ് താൻ  ഈ നീക്കം  നടത്തിയതെന്ന് പ്രസിഡന്റ് ഖൈസ് വിശദീകരിക്കുന്നു.  ഖൈസിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും  ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും നിരവധി പാർട്ടികളും സംഘടനകളും രാഷ്ട്രങ്ങളും രംഗത്തു വന്നു. രാജ്യത്തെ മുഖ്യപാർട്ടിയായ അന്നഹ്ദ പ്രസിഡന്റിന്റെ തീരുമാനത്തെ ശക്തിയുക്തം എതിർക്കുകയും അതിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുകയുമുണ്ടായി.

ജനാധിപത്യം ടുണീഷ്യയിൽ 

2011- ജനുവരി മുതലുള്ള കാലം ഈജിപ്ത്, യെമൻ, ഇറാൻ, അൾജീരിയ, ലിബിയ, സിറിയ തുടങ്ങിയ മധ്യ കിഴക്കൻ രാഷ്ട്രങ്ങളിൽ ഭരണാധികാരികൾ വലിയ പ്രതിഷേധങ്ങളെ നേരിട്ട കാലമായിരുന്നു. ഈ വിപ്ലവങ്ങളെ ജനാധിപത്യം പൂവണിയിക്കാനുള്ള വസന്തം എന്ന അർത്ഥത്തിൽ 'അറബ് വസന്തം' എന്ന ഓമനപ്പേരിട്ടാണ്  വിളിക്കപ്പെട്ടത്. തദ്ഫലമായി  പല രാഷ്ട്രങ്ങളും ശക്തമായ രാഷ്ട്രീയ പരിവർത്തനത്തിന്റെ വേദികളായി മാറി. ഈജിപ്ത് സൈനിക ഭരണത്തിലേക്കും സിറിയയും മറ്റു ചില രാജ്യങ്ങളും ആഭ്യന്തര യുദ്ധത്തിലേക്കും നീങ്ങുകയാണ്ടായി. പ്രതിഷേധങ്ങളുടെ ഫലമായി ജനാധിപത്യ ഭരണ വ്യവസ്ഥ നിലവിൽ വന്നത് ടുണീഷ്യയിൽ മാത്രമായിരുന്നു.

പോലീസിന്റെ മർദ്ദനത്തിനിരയായ മുഹമ്മദ് ബുവൈസീസി എന്ന  പഴക്കച്ചവടക്കാരൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ടുണീഷ്യയിൽ ജനരോഷം  ആളിക്കത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സൈനുൽ ആബിദീൻ ബിൻ അലിയുടെ സേഛാധിപത്യ ഗവൺമെന്റ്  തകർന്നടിയുകയും അദ്ദേഹം സൗദിയിലേക്ക് പറക്കാൻ നിർബന്ധിതനാവുകയും ചെയ്തു. അങ്ങനെ 2011-ൽ ടുണീഷ്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് നടക്കുകയും ലിബറൽ, ഇസ്‍ലാമിക പാർട്ടികളുടെ സഖ്യം അധികാരത്തിൽ വരികയും ചെയ്തു. 24 വർഷത്തെ ബിൻ അലിയുടെ ഭരണത്തിനു ശേഷം 2011-ൽ മുഹമ്മദ് ഗനൂശി പ്രധാനമന്ത്രിയാവുകയും രാജ്യത്ത് ജനാധിപത്യവല്‍ക്കരണം (Democratization) സാധ്യമാവുകയും ചെയ്തു. 

രാജ്യത്തെ മുല്ലപ്പൂ വിപ്ലവത്തിലേക്ക് നയിക്കുന്നതിനും ജനാധിപത്യവല്‍ക്കരണത്തെ സഹായിക്കുന്നതിനും ഭരണഘടനാപരമായ ഒത്തുതീർപ്പുകൾ കൊണ്ടുവരുന്നതിനും വേണ്ടി രാജ്യത്തിനകത്ത് സിവിൽ സൊസൈറ്റി ഗ്രൂപ്പായി പ്രവർത്തിച്ചിരുന്ന ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടറ്റ് എന്ന സംഘടന 2015-ൽ നൊബേൽ സമ്മാനം നേടിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ടുണീഷ്യയിൽ  പ്രധാന മന്ത്രിമാർ മാറി മാറി വന്നു. 2011 ഫെബ്രുവരി മുതൽ 10 മാസക്കാലം ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദുൽ ബാജി ഖാഇദ് അസിബ്സി അധികാരം ഏറ്റെടുത്തു. അതിനുശേഷം ഹമ്മാദി അൽ ജിബാലി 15 മാസവും അലി അൽ അറയിദ് പിന്നീടുള്ള 10 മാസവും മഹ്ദി ജുമുഅ 13 മാസവും ഹബീബ് അസ്വയ്യിദ് 18 മാസവും യൂസഫ് അശ്ശാഹിദ് ഏകദേശം നാല് വർഷവും ഇല്യാസ് ഫഖ്ഫാഖ് ആറ് മാസവും ഹിശാം മിശ്ശീശി  10 മാസവും പ്രധാന മന്ത്രി പദവിയിൽ ഇരുന്നു. 2011 മുതൽ ടുണീഷ്യയ്ക്ക് എട്ട് പ്രധാനമന്ത്രിമാരുണ്ട് എന്നർത്ഥം. 

വർഷങ്ങളായി അഴിമതിയുടെയും സാമ്പത്തിക തകർച്ചയുടെയും ഗുരുതരമായ ആരോപണങ്ങളാണ് മാറി മാറി വന്ന സർക്കാരുകൾ നേരിട്ടു കൊണ്ടിരുന്നത്. ഈ വർഷം ജനുവരിയിൽ ടുണീഷ്യയുടെ സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലി ആളുകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു കൊണ്ടിരുന്നു. ഇതിനിടയിലുണ്ടായ കോവിഡ് പകർച്ചവ്യാധിയും അത് നിയന്ത്രിക്കുന്നതിൽ സർക്കാറിന് സംഭവിച്ച വീഴ്ചയും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്തു. 

ആരാണ് ഖൈസ് സഈദ് 

യാതൊരുവിധ രാഷ്ട്രീയമായി പശ്ചാത്തലവും ഇല്ലാതിരുന്ന ഒരു നിയമ പ്രൊഫസറായിരുന്നു 63-കാരനായ ഖൈസ് സഈദ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ബാനറിലല്ലാതെ സ്വതന്ത്രനായി അദ്ദേഹം 2019ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ശേഷം ടുണീഷ്യയുടെ പ്രസിഡണ്ടായി അവരോധിതനാവുകയും ചെയ്തു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയായ അന്നഹ്ദ പാർട്ടിയുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. 

എല്ലാ ട്യുണീഷ്യക്കാരെയും പോലെ  സർക്കാറിന്റെ അഴിമതിക്കെതിരെ പോരാടി കൊണ്ടിരുന്ന ഒരു സാധാരണ പൗരനായിരുന്നു അദ്ദേഹം അത് വരെ. ജനകീയമായ ആശയങ്ങളെ ഉയർത്തിപ്പിടിച്ചതുകൊണ്ടുതന്നെ  യുവതലമുറയെ സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഭരണഘടനാ നിയമങ്ങളോട് അനാദരവ് കാണിക്കുന്നതാണ് ടുണീഷ്യയിലെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ധേഹം വാദിച്ചു. അഴിമതിയെ തുടച്ചുനീക്കുക, തെരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്തുക  തുടങ്ങിയ ആവശ്യങ്ങളായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചത്. ഇസ്‍ലാമിസ്റ്റുകളുടെയും ഇടതു പാർട്ടികളുടെയും പിന്തുണ അദ്ധേഹത്തിന് ലഭിച്ചു. അങ്ങനെ തെരഞ്ഞെടുപ്പിലെ രണ്ടാം റൗണ്ടിൽ 72.71% ശതമാനം വോട്ട് നേടി  അദ്ധേഹം വിജയിക്കുകയും 2019 ഒക്ടോബർ 23ന്  പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

എൽ.ജി.ബി.ടി.ക്യൂ അവകാശങ്ങളെ പൂർണ്ണമായി എതിർക്കുന്ന ഒരു കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്.   അധികാരം നേടിയ ശേഷം പുതിയ ഭരണഘടനയുടെയും കൂടുതൽ പ്രസിഡൻഷ്യൽ അധികാരങ്ങളുടെയും ആവശ്യം അദ്ദേഹം പ്രകടിപ്പിച്ചു. പാർലമെന്റിന്റെ സ്പീക്കർ റാശിദ് ഗനൂശിയും പിന്നീട് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി മിശ്ശീശയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ഖൈസുമായി അത്ര രസത്തിലായിരുന്നില്ല.

ജനരോഷവും ഖൈസിന്റെ നീക്കവും

കോവിഡ് 19 പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ ഗവൺമെന്റിന് ഗുരുതരമായ പാളിച്ച സംഭവിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് പ്രതിഷേധക്കാർ രംഗത്ത് വന്നത്. കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചുകൊണ്ട് ആളുകൾ തെരുവിലിറങ്ങി സർക്കാറിനെതിരെ സമരം ചെയ്യുവാൻ തുടങ്ങി. ദ ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്ന കണക്കനുസരിച്ച് 12 മില്യൺ ജനസംഖ്യയുള്ള ടുണീഷ്യയിൽ 1800 ആളുകൾ  കോവിഡ് കാരണം മരണത്തിന് കീഴടങ്ങി. അതുപോലെതന്നെ  ദിനംപ്രതി ആരോഗ്യ സേവന രംഗം  വഷളായി കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ജനസംഖ്യയിലെ കേവലം 7 ശതമാനം ആളുകൾക്ക് മാത്രമാണ് വാക്സിനേഷൻ നൽകിയിട്ടുള്ളത്. 90% ഐ.സി.യു ബെഡ്ഡുകളും കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. 
'ജൂലൈ 25 മൂവ്മെന്റ്' എന്ന പേരിൽ ഒരു കൂട്ടം ആളുകൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ  പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം ഉയര്‍ന്നു. ഇതേ തുടർന്ന് പ്രസിഡൻറ് ഖൈസ് ഭരണഘടനയിൽ നിലനിൽക്കുന്ന അടിയന്തര നിയമമായ ആർട്ടിക്കിൾ 80-വിനിയോഗിച്ചു കൊണ്ട് പ്രധാനമന്ത്രിയും അന്നഹ്‌ദ പാർട്ടി നേതാവുമായ ഹിശാം മിശ്ശീശിയെ 2021 ജൂലൈ 25 -ന്  സസ്പെൻഡ് ചെയ്യുകയും പാർലമെൻറ് പിരിച്ചുവിടുകയും ചെയ്തു. ശേഷം പ്രസിഡണ്ട് പുതിയ നേതാക്കന്മാരെ നിയമിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് എല്ലാ എക്സിക്യൂട്ടീവ് പദവികളും സ്വയം ഏറ്റെടുത്തു. രാജ്യത്തെ ക്യാബിനറ്റ് മന്ത്രിമാരെ ഒഴിവാക്കുകയും പകരം ആക്ടിംഗ് മന്ത്രിമാരെ നിയമിക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയും  പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയുമായ അന്നഹ്‌ദ പാർട്ടി പ്രസിഡന്റ്, ഖൈസ് അട്ടിമറിക്ക് ശ്രമിക്കുന്നു എന്ന് ആരോപിക്കുകയും പ്രസിഡണ്ട് നടത്തിയ നീക്കത്തിന്റെ നിയമ സാധുതയെ ചോദ്യം ചെയ്യുകയും ചെയ്ത് രംഗത്ത് വന്നു. 

ടുണീഷ്യൻ മനുഷ്യാവകാശ സംഘടനകളും വിദേശ മാധ്യമങ്ങളും ഒരു 'സ്വയം അട്ടിമറി' (Self-coup)ആയി പ്രസിഡന്റിന്റെ നീക്കത്തെ വിശേഷിപ്പിച്ചു. ആ ആരോപണങ്ങൾക്ക് മറുപടിയായി താൻ ഏറ്റവും വലിയ ജനാധിപത്യ വിശ്വാസിയാണ് എന്ന് അദ്ധേഹം പേർത്തും പേർത്തും ആവർത്തിച്ചുകൊണ്ടിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും നീക്കം ചെയ്യുകയും പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. വാഷിംഗ്ടണിലെ തുണീഷ്യൻ അംബാസിഡർ, ധനകാര്യ മന്ത്രി, വാർത്താവിതരണ മന്ത്രി, വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി തുടങ്ങിയവരെയെല്ലാം തൽസ്ഥാനങ്ങളിൽ നിന്നും അദ്ദേഹം മാറ്റി. ധനകാര്യം കൈകാര്യം ചെയ്യുവാൻ വേണ്ടി  ആക്ടിംഗ് മന്ത്രിമാരെ നിയമിക്കുകയുണ്ടായി. 

ടുണീഷ്യയിലെ അൽജസീറ ചാനലിന്റെ ഓഫീസുകൾ തകർക്കപ്പെടുകയും അവരുടെ  ഉപകരണങ്ങൾ  നശിപ്പിക്കപ്പെടുകയും പത്രപ്രവർത്തകരെ നാടുകടത്തുകയും ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു. പാർലമെൻറ് പിരിച്ചുവിട്ടതിൻറെ തൊട്ടുപിന്നാലെ പൊതുഇടങ്ങളിൽ മൂന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ചു കൂടുന്നത് നിരോധിച്ചുകൊണ്ട് പ്രസിഡന്റ് രാജ്യവ്യാപകമായി കർഫ്യു നടപ്പിലാക്കി. ഇതിനു ശേഷം  നജ്‌ലാ ബൂദൻ എന്ന വനിതയെ 2021 ഒക്ടോബര്‍ 11 -ന് പ്രധാനമന്ത്രിയാക്കുകയും അവരുടെ കീഴിൽ പുതിയ ഗവൺമെന്റ് സ്ഥാപിക്കുകയും ചെയ്തു. ടുന്നീഷ്യയിലെയും അറബ് ലോകത്തെയും ആദ്യ വനിതാ  പ്രധാനമന്ത്രി എന്ന ബഹുമതിയും ഇതോടെ അവർക്ക് നേടിയെടുക്കാൻ കഴിഞ്ഞു. 

ആർട്ടിക്കിൾ 80

രാഷ്ട്ര സ്ഥാപനത്തിനോ സുരക്ഷക്കോ  സ്വാതന്ത്ര്യത്തിനോ ഭീഷണിയാകുന്ന തരത്തിൽ ആസന്നമായ  അപകടങ്ങൾ ഉണ്ടാകുമ്പോൾ  ആവശ്യാനുസരണം ഏതു നടപടിയും സ്വീകരിക്കാൻ പ്രസിഡണ്ടിന് അധികാരം നൽകുന്ന ടുണീഷ്യന്‍  ഭരണഘടനാ അനുഛേദമാണ്  ആർട്ടിക്കിൾ 80. ഭരണഘടനാപരമായ ഈ അവകാശം വിനിയോഗിച്ചു കൊണ്ടാണ് പ്രസിഡന്റ്  പാർലമെൻറ് പിരിച്ചുവിട്ടത് എന്ന് അദ്ധേഹം അവകാശപ്പെടുന്നു.  പ്രസിഡൻറ് ഇത്തരമൊരു നീക്കത്തിനു തയ്യാറാകുമ്പോൾ  ജനപ്രതിനിധികളുടെ അസംബ്ലി സ്പീക്കറോടു കൂടിയാലോചിക്കണമെന്നും ഭരണഘടന കോടതിയുടെ പ്രസിഡന്റിനോട് ഈ വിവരം അറിയിക്കണമെന്നും ഈ ആർട്ടിക്കിൾ അനുശാസിക്കുന്നുണ്ട്. 

രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള അവസാന ഉപാധിയായാണ് ഇത്തരമൊരു നീക്കത്തിന് പ്രസിഡണ്ട് തയ്യാറാകേണ്ടത് എന്നും ഭരണഘടന പറയുന്നുണ്ട്. അതേസമയം ജനപ്രതിനിധികളുടെ അസംബ്ലി  പിരിച്ചുവിടുക അടക്കമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുത് എന്നും ഈ ആർട്ടിക്കിൾ അനുശാസിക്കുന്നുണ്ട്. നീക്കം നടന്ന് മുപ്പത് ദിവസത്തിന് ശേഷം, സാഹചര്യങ്ങൾ മാറിയോ ഇല്ലയോ എന്ന് പരിശോധിക്കാൻ ജനപ്രതിനിധികളുടെ അസംബ്ലി സ്പീക്കർക്കോ 30 പേർക്കോ ഭരണഘടനാ കോടതിയെ സമീപിക്കാം.  തീരുമാനത്തിലെത്താൻ കോടതിക്ക് 15 ദിവസം വരെ എടുക്കാം എന്നെല്ലാമാണ് ഭരണഘടന പറഞ്ഞുവെക്കുന്നത്.

അന്താരാഷ്ട്ര പ്രതികരണം

രാജ്യത്തെ പലരും, പ്രത്യേകിച്ച് യുവാക്കൾ, ഈ നീക്കത്തെ അഭിനന്ദിച്ചപ്പോൾ, പലരും ഖൈസ് രാജ്യത്ത് അട്ടിമറി നടപ്പാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായ ഒത്തുചേരൽ  ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാനും സംരക്ഷിക്കാനും ടുണീഷ്യൻ പ്രസിഡന്റ് ഖൈസ് സെയ്ദ്  പ്രതിജ്ഞാബദ്ധനാകണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഒരു പരസ്യ പ്രസ്താവനയിൽ പറഞ്ഞു. അൽജസീറയുടെ ഓഫീസുകളില്‍ സുരക്ഷാ സേന റെയ്ഡ് നടത്തുന്നതിലും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്ക് കനത്ത ശിക്ഷ നല്കുമെന്ന പ്രസിഡന്റിന്റെ ഭീഷണിയിലും ആംനസ്റ്റി ഇൻറർനാഷണൽ ആശങ്ക പ്രകടിപ്പിച്ചു.

Also Read: അറബ് വസന്തം-പതിറ്റാണ്ടു കഴിഞ്ഞിട്ടും പരിഹാരമാകാതെ പ്രതിസന്ധി ബാക്കി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ പ്രസിഡണ്ട് ഖൈസിനോട്  ടെലഫോൺ സംഭാഷണം നടത്തുകയും രാജ്യത്ത് ജനാധിപത്യം കൊണ്ടുവരുന്നതിനും മനുഷ്യാവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ടുണീഷ്യയിലെ ജനങ്ങളോടും രാഷ്ട്രീയ പ്രവർത്തകരോടും തുറന്ന സംഭാഷണത്തിലേർപ്പെടാനും  അദ്ദേഹം ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനാ ക്രമത്തിലേക്ക് മടങ്ങി വരുവാനും പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടാനും പാർലമെൻറ് പ്രവർത്തനം പുനഃസ്ഥാപിക്കപ്പെടുവാനും ആവശ്യപ്പെട്ടുകൊണ്ട് ജർമൻ വിദേശകാര്യ മന്ത്രാലയവും ട്വീറ്റ് ചെയ്തു.

പ്രസിഡന്റിന്റെ ആഹ്വാനത്തെ തുടർന്നുണ്ടായ ധാർമികവും നിയമപരവുമായ എല്ലാ  അനന്തരഫലങ്ങൾക്കും അദ്ദേഹം ഉത്തരവാദിയാകുമെന്നും അതോടെ അദ്ദേഹത്തിൻറെ ആഹ്വാനം അസാധുവാകും എന്നും അന്നഹ്‌ദ പാർട്ടി തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഹീനമായ അട്ടിമറി നീക്കത്തിനെതിരെയും അത് രാജ്യ സുരക്ഷക്കും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും മേൽ ഏപ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെയും ജനം  ജാഗ്രത പുലർത്തണമെന്നും അന്നഹ്ദ പാർട്ടി ട്വീറ്റ് ചെയ്തു. 

ഇനിയെന്ത്

പാർലമെന്റ് പിരിച്ചുവിടുന്നതിനും മന്ത്രിസഭയെ സസ്പെൻഡ് ചെയ്യുന്നതിനും രാഷ്ട്രപതിക്ക് പൊതുജന പിന്തുണയുണ്ടെങ്കിലും, ജനാധിപത്യം പുനഃസ്ഥാപിക്കാനും രാജ്യത്തെ സാഹചര്യങ്ങൾ ജനാധിപത്യപരമായി കൈകാര്യം ചെയ്യാനും പലരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടുണീഷ്യൻ ജനറൽ ലാബർ യൂണിയൻ(യു.ജി.ടി.ടി) പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു."യൂണിയൻ പ്രസിഡന്റിന്റെ നീക്കത്തെ വളരെയധികം വിലമതിക്കുന്നു. തുടർച്ചയായ ഭരണസഖ്യങ്ങളുടെ തിരഞ്ഞെടുപ്പുകൾ കാരണം രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആഗ്രഹമാണ് പ്രസിഡന്റിന്റെ നീക്കത്തിലൂടെ നടപ്പിലാകുന്നത്. ജനകീയ സമരങ്ങളോടുള്ള നല്ല പ്രതികരണവും ഗവൺമെന്റിന്റെ തിരുത്തൽ പാതയും സമരങ്ങളുടെ വിജയവുമായാണ് പ്രസിഡന്റിന്റെ പുതിയ നീക്കത്തെ നോക്കി കാണുന്നത്".പ്രത്യേകമായ ഈ അന്തരീക്ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യത്തിനും പാർശ്വവൽക്കരണത്തിനുമെതിരെ പോരാടാനും തൊഴിൽ നഷ്ടം നികത്താനും ആരോഗ്യം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കാനും  പ്രാപ്തനായ പുതിയ ഒരു പ്രധാനമന്ത്രിയെ നിശ്ചയിക്കുകയും ചെയ്യണമെന്ന് കൂടി യൂണിയൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ തുടങ്ങിയ മുസ്‍ലിം രാഷ്ട്രങ്ങൾ പ്രസിഡന്റിന്റെ നീക്കത്തിന് പിന്തുണ അറിയിച്ചപ്പോൾ തുർക്കി ടുണീഷ്യൻ പാർലമെന്റ് പിരിച്ചുവിട്ടതിനെതിരെയാണ് നിലപാട് സ്വീകരിച്ചത്. 2022 - ജൂലൈയിൽ ഭരണഘടനയുടെ മേല്‍ ജനഹിത പരിശോധന നടത്താനിരിക്കുകയാണ് ടുണീഷ്യ.

Read Also: ടുണീഷ്യ

അറബ് വസന്തത്തിലൂടെ ജനാധിപത്യം പുലര്‍ന്ന ഏക രാഷ്ട്രമായ ടുണീഷ്യയുടെ ഭാവി എന്താകുമെന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter