റബാ കൂട്ടക്കൊല ഓർമിക്കപ്പെടുമ്പോൾ

ഈജിപ്തിന്റെ ചരിത്രത്തിലെ എറ്റവും വലിയ കൂട്ടക്കൊല നടന്നിട്ട് പത്ത് വർഷം തികഞ്ഞിരിക്കുകയാണ്. ആഭ്യന്തര യുദ്ധങ്ങളിൽ വലയുന്ന സിറിയയിൽ മറ്റൊരു പ്രക്ഷോഭം കൂടെ തലപൊക്കികൊണ്ടിരിക്കുന്നു. ലോകക്രമത്തെ എകധ്രുവ അച്ചുതണ്ടിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് അറേബ്യൻ രാജ്യങ്ങളെയും ചേർത്തുപിടിച്ച് പ്രവർത്തിക്കാനൊരുങ്ങുകയാണ് ബ്രിക്സ്. ഖുർആൻ കത്തിക്കൽ പോലെയുള്ള വിദ്വേഷക പ്രവർത്തനങ്ങളെ നിരോധിക്കാനൊരുങ്ങുകയാണ് വിവാദത്തിലകപ്പെട്ടിരുന്ന ഡെൻമാർക്ക്. ഈ വാരത്തിലെ മുസ്‍ലിം ലോകത്ത പ്രധാന സംഭവവികാസങ്ങളെ വായിക്കാം.

വിശാലമാകുന്ന ബ്രിക്സ്

ലോകജനസംഖ്യയുടെ നാൽപത് ശതമാനത്തെയും ലോക സമ്പത്തിന്റെ കാൽഭാഗത്തെയും പ്രതിനിധീകരിക്കുന്ന സമകാലിക ഭൗമരാഷ്ട്രീയത്തിൽ അതീവപ്രാധാന്യമേറിയതും അമേരിക്കൻ നിയന്ത്രിത ലോക ക്രമത്തിനു ബദലെന്ന നിലയിൽ നിലകൊള്ളുന്നതുമായ അന്താരാഷ്ട്ര സംഘടനയാണ് ബ്രിക്സ്. ചൈനയുടെ ലോകശക്തിയിലേക്കുള്ള പരിണാമവും ഭൗമരാഷ്ട്രീയത്തിലെ വളർന്നുവരുന്ന മിഡിലീസ്റ്റേൻ ശക്തികളും സോവിയറ്റ് തകർച്ചയോടെ ശക്തിപ്രാപിച്ച അമേരിക്കൻ എകധ്രുവ ലോകക്രമത്തെ വെല്ലുവിളിച്ച് ബഹുധ്രുവ ലോകക്രമത്തിലേക്കുള്ള ചുവടുവെപ്പുകളുടെ വേഗതയേറ്റിയിട്ടുണ്ട്. ആഗോള സൗത്തിനെ കേന്ദ്രീകരിച്ചുള്ള ബ്രിക്സ് പോലൊത്ത സംഘടനകൾക്ക് ആയത്കൊണ്ട് തന്നെ സമകാലിക അന്താരാഷ്ട്ര സാഹചര്യത്തിൽ അതീവ പ്രാധാന്യമുണ്ട്. 

എന്നാൽ ബ്രിക്സ് ഈ ആഴ്ച്ച ചർച്ചകളിൽ നിറഞ്ഞതും ശ്രദ്ധകേന്ദ്രമായതും ചരിത്രപരമായ മറ്റൊരു തീരുമാനം കൊണ്ടാണ്. സൗത്ത് ആഫ്രിക്കൻ നഗരമായ ജോഹന്നാസ് ബർഗിൽ വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നാല് അറേബ്യൻ രാജ്യങ്ങളടക്കം പുതിയതായി ആറ് രാജ്യങ്ങളെ കൂടി ബ്രിക്സിലെ സ്ഥിരം അംഗങ്ങളായി ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മിഡിൽ ഈസ്റ്റിലെ എറ്റവും വലിയ സാമ്പത്തിക ശക്തികളായ സൗദി അറേബ്യയും യു.എ.ഇ യും മേഖലയിലെ തന്ത്രപ്രധാന സാന്നിധ്യമായ ഇറാനും വടക്കൻ ആഫ്രിക്കൻ ശക്തികളായ ഈജിപ്തും എത്യോപ്യയും ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീനയുമാണ് പുതിയതായി ബ്രിക്സിലേക്ക് ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ. പാശ്ചാത്യകേന്ദ്രീകൃത ലോകക്രമത്തെ രാഷ്ട്രീയപരമായും സാമ്പത്തികപരമായും വെല്ലുവിളിക്കാൻ പ്രാപ്തമായ കൂട്ടായ്മയായി ബ്രിക്സ് ഇതൊടെ മാറുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ ഇന്ത്യ, ചൈന. റഷ്യ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങൾ. അമേരിക്കൻ-യൂറോപ്യൻ കേന്ദ്രീകൃത വടക്കൻ ശക്തികൾ രൂപപ്പെടുത്തിയെടുത്ത അന്താരാഷ്ട്ര ലോകക്രമത്തെ ആഗോള സൗത്തിന്റെ പ്രതിനിധികളെന്ന നിലയിൽ അറേബ്യൻ രാജ്യങ്ങൾ ക്ഷണിക്കപ്പെടുന്നത് സമകാലിക ഭൗമരാഷ്ട്രീയത്തിലെ മാറ്റിനിർത്തപ്പെടാൻ പറ്റാത്ത ശക്തികളായി അധിക അറേബ്യൻ രാജ്യങ്ങളും മാറി എന്നതിനുള്ള തെളിവ് കൂടിയാണ്.

റബാ കൂട്ടക്കൊല ഓർമിക്കപ്പെടുമ്പോൾ

അറബ് ലോകത്തെ ഞെട്ടിച്ച അതിക്രൂരമായ കൂട്ടക്കൊല നടന്നിട്ട് പത്ത് വർഷം തികഞ്ഞിരിക്കുകയാണ്. ഈജിപ്തിലെ പ്രശസ്തമായ റബാ ചത്വരത്തിൽ ഒത്തുകൂടിയ ആയിരകണക്കിനു നിരായുധരായ പ്രതിഷേധക്കാർക്കെതിരെ ഭരണകൂടം പ്രയോഗിച്ച അടിച്ചമർത്തലും നരനായാട്ടും ചൈനയിലെ ടിയാൻമെൻ ചത്വരത്തിലെ പ്രശസ്തമായ വിദ്യാർത്ഥി കൂട്ടക്കൊലയെ തോൽപ്പിക്കുന്നതായിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെ ആയിരത്തോളം പേരാണ് ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത്. അൽ അദവിയ്യ ചത്വരവും അന്നഹ്ദ ചത്വരവും ചെഞ്ചായമണിഞ്ഞ ദിനങ്ങളായിരുന്നു, മുഹമ്മദ് മുർസിയുടെ കീഴിൽ അധികാരത്തലേറിയ മുസ്‍ലിം ബ്രദർഹുഡ് ഭരണകൂടത്തെ അട്ടിമറിച്ച് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ കീഴിലുള്ള സൈന്യം ഭരണം എറ്റെടുത്ത ആദ്യ ദിനങ്ങളിൽ ഈജിപ്ത് ദർശിച്ചത്. മുർസിയെ ഭരണത്തിൽ പുനപ്രതിഷ്ഠിക്കണമെന്ന് പറഞ്ഞുകൊണ്ട് തെരുവിലിറങ്ങിയ ആയിരകണക്കിനു പേരാണ് സീസിയുടെ നരനായാട്ടിന് ഇരകളാകാൻ വിധിക്കപ്പെട്ടത്. റബാ കൂട്ടക്കൊല നടന്ന് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും കാര്യക്ഷമമായ ഒരു അന്വേഷണം പോലും ഇതുവരെ നടന്നിട്ടില്ല. ടിയാൻമെൻ സ്ക്വയർ പോലെ റബാ ചത്വരവും ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടും, അധികാര ഭീകരതയുടെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായി.

ഒടുവിൽ ഫലം കണ്ടുതുടങ്ങി

ഖുർആൻ കത്തിക്കലുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ നടന്ന പ്രതിഷേധങ്ങളും ചർച്ചകളും  ഫലം കണ്ടുതുടങ്ങിയിരിക്കുകയാണ്. സ്വീഡനിലെയും ഡെൻമാർക്കിലെയും പ്രകോപനപരമായ ഖുർആൻ കത്തിക്കൽ സംഭവത്തിൽ മുസ്‍ലിം ലോകം ഒന്നടങ്കം അപലപിക്കുകയും അമർഷം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.  ഇത്തരത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്‍ലിം രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പ്രസ്താവനയിറക്കുകയുമുണ്ടായി. സംഭവത്തിൽ ഒരു തീരുമാനം കൈകൊണ്ടില്ലെങ്കിൽ നയതന്ത്രപരമായും രാഷ്ട്രീയപരമായും പ്രത്യാഘാതങ്ങൾ ഏൽകേണ്ടിവരുമെന്ന കൃത്യമായ ബോധ്യം സ്വീഡനും ഡെൻമാർക്കിനുമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനിർമാണവുമായി ഡെൻമാർക്ക് മുന്നോട്ടു വരുന്നത്. പ്രസ്തുത ബില്ല് പ്രകാരം ഖുർആൻ കത്തിക്കൽ പോലെയുള്ള മതവികാരം വ്രണപ്പെടുത്തുന്ന വിദ്വേഷക പ്രവൃത്തികൾക്ക് നിയന്ത്രണമേർപ്പെടുത്തപ്പെടും. ആഗോള മുസ്‍ലിം സമൂഹത്തിന്റെ  പ്രതിഷേധങ്ങൾ അവസാനം ഫലം കണ്ടുതുടങ്ങിയിരിക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരിൽ പ്രോത്സാഹിപ്പിക്കപ്പെടുകയും ആവർത്തിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളെ മാറ്റിനിർത്തി സൗഹാർദപരമായ ആവിഷ്കകാര സ്വാതന്ത്ര്യമാണ് പ്രോത്സാഹപ്പിക്കപ്പെടേണ്ടത്. ഈ നീക്കം അതിന്റെ തുടക്കമാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. 

പ്രക്ഷോഭങ്ങളിൽ നിന്നും മോചനമില്ലാതെ സിറിയ

മുല്ലപ്പൂവിപ്ലവത്തിന്റെ അലയൊലികൾ തീർത്ത പ്രക്ഷോഭ പ്രളയത്തിൽ കഴിഞ്ഞ ദശാബ്ദത്തിന്റെ പ്രാരംഭത്തോടെ അറബ് രാജ്യങ്ങളൊന്നടങ്കം തന്നെ മുങ്ങുകയുണ്ടായി. ചിലയിടങ്ങളിൽ ഗുണപരമായും മറ്റിടങ്ങളിൽ ദോഷകരമായും ആഘാതങ്ങൾ വരുത്തികൊണ്ടാണ് ഇത്തരം പ്രക്ഷോഭങ്ങൾക്ക് പരിണാമം സംഭവിച്ചത്. സിറിയയുടെ കാര്യത്തിൽ മുല്ലപ്പൂ വിപ്ലവം സമ്മാനിച്ചത്, ഇനിയും മോചിതമായിട്ടില്ലാത്ത അതി വിനാശകരമായ ആഭ്യന്തര പ്രതിസന്ധിയായിരുന്നു. ഓരോ പ്രക്ഷോഭങ്ങളും എറ്റുമുട്ടലുകളും സിറിയൻ ജനതയെ സംബന്ധിച്ചിടത്തോളം എരിതീയിലേക്ക് എണ്ണയോഴിക്കലാണ്. കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള നിയമങ്ങളും തീരുമാനങ്ങളും ഭരണകൂടം നിരന്തരം നടപ്പാക്കുമ്പോൾ പ്രതിഷേധിക്കുകയല്ലാതെ വഴിയില്ല താനും.

തെക്കൻ സിറിയൻ നഗരമായ സ്വൈദയിൽ ഇന്ധന സബ്സിഡി നർത്തലാക്കുകയും ശേഷം ഇന്ധനത്തിന്റെ വിലവർദ്ധിപ്പിക്കുകയും ചെയ്ത ബശ്ശാറുൽ അസദിന്റെ തീരുമാനത്തിനമാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കാലങ്ങളായി ദരിദ്രജീവിതം നയിച്ചുകൊണ്ടിരിക്കുന്ന സിറിയൻ ജനതയുടെ വേവലാതികളുടെയും അമർഷത്തിന്റെയും പ്രകടനമായി മാറികൊണ്ടിരിക്കുകയാണ് പുതിയ പ്രതിഷേധം. പണപ്പെരുപ്പവും വിലവർദ്ധനയും തുടങ്ങി ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളാല്‍, രാഷ്ട്രീയ പ്രതിസന്ധകൾക്കു പുറമെ സിറിയൻ സാമൂഹികാവസ്ഥ ആകെ അവതാളത്തിലായിരിക്കുകയാണ്. ആയിരകണക്കിനു പേർ പങ്കെടുക്കുന്ന പ്രതിഷേധം സമീപനഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ശക്തമാവുകയും ഭരണകൂടം അതിനെ അടിച്ചമർത്താനും തുനിഞ്ഞാൽ കാര്യങ്ങൾ  സിറിയൻ ജനതക്ക് ഇനിയും  ദുഷ്കരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണകൂടത്തിന്റെ പ്രതികരണത്തെ ആശ്രയിച്ചാണ് ഇനിയുള്ള സമരത്തിന്റെ സ്വാധീനത്തിന്റെയും ആഘാതത്തിന്റെയും തോത് രേഖപ്പെടുത്തപ്പെടുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter