എവിടെ നിന്ന് തുടങ്ങണം നാം ഇസ്‍ലാമോഫോബിയ വിരുദ്ധ പോരാട്ടങ്ങൾ…?

ആദ്യ ഇസ്‍ലാമോഫോബിയ ദിനം മാര്‍ച്ച് 15ന് ആചരിച്ചതിന്റെ വെളിച്ചത്തില്‍, ഇസ്‍ലാമോഫോബിയ വിരുദ്ധ പോരാട്ടങ്ങളെ കുറിച്ച്, ലോക മുസ്‍ലിം പണ്ഡിത സഭയുടെ വെബ്സൈറ്റില്‍ (iumsonline.org) പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം

ഇസ്‍ലാമോഫോബിയ, ഇസ്‍ലാം ഭീതി എന്നിങ്ങനെയെല്ലം അവതരിപ്പിക്കപ്പെടുന്ന ആശയത്തിന്റെ അർത്ഥം നാം ആത്യന്തികമായി അറിയേണ്ടിയിരിക്കുന്നു. ഇസ്‍ലാമിനോടും മുസ്‍ലിംകളോടും വിദ്വേഷവും മുൻ ധാരണയും ഭീതിയും വെച്ച്പുലർത്തുന്നതിന്റെ സാങ്കേതിക പദപ്രയോഗമാണത്. 1997 ൽ ബ്രിട്ടീഷ് ഇടതുപക്ഷ ചിന്താ സംഘമായ 'റീമൈൻഡ് ട്രസ്റ്റ്' ഇസ്‍ലാമിനും മുസ്‍ലിംകൾക്കുമെതിരായ ഭീതിയെയും വെറുപ്പിനെയും അപലപിച്ച് മുന്നോട്ട് വന്നതോടെയാണ് ഈ പ്രയോഗം ആദ്യമായി ആംഗലേയ ഭാഷയിൽ ഉപയോഗത്തിൽ വരുന്നത്.

ഇസ്‍ലാം, ഫോബിയ എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് ഈ പ്രയോഗം ചേർന്നുണ്ടായിരിക്കുന്നത്. യുക്തിരഹിതമായ ഭയത്തെയും യത്ഥാർത അപകട സാധ്യതക്കപ്പുറത്തുള്ള ഭീതിയെയുമാണ് ഫോബിയ അർത്ഥമാക്കുന്നത്. അത് ഉൾകൊള്ളുന്ന ഭയം എന്ന ഘടകമാണ് പലരെയും ഈ പ്രയോഗത്തെ തെറ്റായി ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്നത്. ഭീതിയുടെ ഉത്തരവാദിത്വം വ്യക്തികളിലേക്ക് ചേർക്കുന്നത് അന്യായമാണ്. പലപ്പോഴും വ്യക്തിപരമായ അനുഭവങ്ങളോ അതിൽ നിന്നുണ്ടാവുന്ന മാനസികാവസ്ഥകളോ ആവാം അതിലേക്ക് അവരെ നയിക്കുന്നത്. ഇവിടെ ഉയർന്നു വരുന്ന ചോദ്യം ഇന്ന് ഇസ്‍ലാമിനെയും മുസ്‍ലിംകളെയും കുറിച്ചുള്ള പൊതു ധാരണ അനുഭവങ്ങളിൽ നിന്നുള്ളതാണോ അതോ മാധ്യമ സൃഷ്ടിയാണോ എന്നതാണ്.

ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ഇസ്‍ലാം മത വിശ്വാസിയെ കണ്ടുമുട്ടിയില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുണ്ട് ലോകത്ത്. അവരുടെ ഉള്ളിലും രക്തദാഹികളായ, വംശീയവാദികളായ, അപരിഷ്കൃതരായ ഇസ്‍ലാമിന്റെ ചിത്രമാണുള്ളത്. വ്യാജ വാർത്തകൾ ഉണ്ടാക്കിയെടുക്കുന്ന ഇത്തരം ഭീകര ചിത്രങ്ങൾ ജനങ്ങളിൽ ഇസ്‍ലാമിനെക്കുറിച്ച് ഉപരിപ്ലവമായ ചിന്തകൾ ജനിപ്പിക്കുന്നു. സത്യത്തിൽ നിന്ന് ഏറെ അകലെയാണെങ്കിലും നിര്‍ഭാഗ്യവശാല്‍ ഭയം ഉൽപാദിപ്പിക്കാൻ അവ തന്നെ ധാരാളം.

ഇതിൽ ചോദ്യം ചെയ്യപ്പെടേണ്ടത് ഇത്തരം ധാരണകളെ ഭയക്കുന്നവരല്ല അവരുടെയുള്ളിൽ ഭീതി ജനിപ്പിച്ചവരാണ്. ഭയത്തിന്റെ ഫലമായി വെറുപ്പ് തോന്നുന്ന വാരാണ് ഇസ്‍ലാമോഫോബിയയുടെ ഉറവിടം. ഇത്തരം ആക്രമണങ്ങളാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നത്. ഭയപ്പെടുന്നു എന്നത് കൊണ്ട് മാത്രം ജനങ്ങളെ വിമർശിക്കുന്നതിൽ അർത്ഥമില്ല. ഭയം ഉൽപാദിപ്പിക്കുന്നവരുടെ ഇരകളായവരെ ഇസ്‍ലാമോഫോബിയയുടെ പ്രഭവ കേന്ദ്രങ്ങളായി കാണാൻ സാധിക്കില്ല എന്നാണ് എന്റെ വിശ്വാസം. ഇസ്‍ലാമിന്റെ യത്ഥാർത്ഥ ചിത്രത്തെക്കുറിച്ചുള്ള 'ബോധവൽകരണ'മാണ് ഇത്തരക്കാർക്കാവശ്യം. ഇസ്‍ലാമിന്റെ ആത്യന്തിക ലക്ഷ്യങ്ങളും ആശയങ്ങളും കാലാന്തരങ്ങളിൽ മറ്റു ആശയ സംഹിതകളുമായുള്ള സഹവർത്തിത്വവുമെല്ലാം അവരിലേക്കെത്തിക്കുകയാണ് വേണ്ടത്.

ഇസ്‍ലാം ഭീതിയുടെ ഉൽപാദനം

ഈ ഭീതിയുൽപാദനത്തിൽ രാഷ്ട്രീയ ഗവേഷണ കേന്ദ്രങ്ങൾക്കും നിരന്തരം വ്യാജ വാർത്തകൾ പടച്ചുവിടുന്ന മാധ്യമ സ്ഥാപനങ്ങൾക്കും പങ്കുണ്ട്. ഈ പ്രക്രിയയിൽ ഉപഭോക്താക്കളും അന്തിമ ഉപഭോക്താക്കളും ഒരു പോലെ ഇരകളാണ്. പലരും ധരിച്ചിരിക്കുന്നത് പോലെ ഇസ്‍ലാമോഫോബിയയുടെ ആദ്യത്തെ ഇരകൾ മുസ്‌ലിംകളല്ല, മറിച്ച് ഇസ്‍ലാമിന്റെ സത്യസന്ദേശമെത്താത്ത, ഇസ്‍ലാമിനെക്കുറിച്ച് ഒന്നുമറിയാത്ത സമൂഹമാണ്. അതിനാൽതന്നെ അവർ അസഹിഷ്ണുതക്കും വെറുപ്പിനും എളുപ്പത്തിൽ ഇരകളാക്കപ്പെടുന്നു. ഇത്തരക്കാർ തീർച്ചയായും ഈ അറിവില്ലായ്മയെപ്പറ്റി ബോധവാൻമാരല്ല. ഇസ്‍ലാമിന്റെ അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുമില്ല അവര്‍. എല്ലായിടത്തും എപ്പോഴും വെറുപ്പിന്റെ പേരിൽ ആക്രമിക്കപ്പെടുന്നത് മുസ്‍ലിംകളാണ്. അഞ്ജാനികളായ ആ സമൂഹത്തിന്റെ കൈകൾ കൊണ്ട് തന്നെയാണ് പലപ്പോഴും ആക്രമണങ്ങളുണ്ടാകുന്നതെന്നത് ഏറെ ഖേദകരമാണ്. കാര്യങ്ങളെ കുറിച്ച് ബോധവാൻമാരല്ലാത്ത അവർ ഭീതി മൂലം ഇസ്‍ലാമിനെതിരെ തിരിയുകയാണ്.

തന്റെ ഇസ്‍ലാം വിശ്വാസം പരസ്യമാക്കുകയും ഹിജാബ് ധരിക്കുകയും ചെയ്തതിനാൽ ഫ്രാൻസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കടുത്ത ഇസ്‍ലാമോഫോബിക് വിദ്വേഷങ്ങൾ നേരിട്ടതായി നൈജീരിയൻ വംശജയായ മുൻ ഫ്രഞ്ച് പ്രഫസർ എൻഷാൻത പറയുന്നുണ്ട്. ഭരണകൂടത്തിന്റെ നിരന്തര സമ്മർദ്ദവും സഹപ്രവർത്തകരുടെ അപകീർത്തിയും കാരണം തനിക്കേറെ പ്രിയപ്പെട്ട അധ്യാപനജോലി ഉപേക്ഷിക്കേണ്ടിവന്നു അവർക്ക്. ഇത് അവരെ കടുത്ത വിഷാദ രോഗിയാക്കുകയും ചെയ്തു.

ഇഫോപ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2019 ലെ പഠനപ്രകാരം മറ്റു മതവിഭാഗങ്ങളെ അപേക്ഷിച്ച് ഫ്രാൻസിൽ മുസ്‍ലിംകൾക്കെതിരായ വിദ്വേഷം നാൾക്കു നാൾ വർദ്ധിച്ചു വരികയാണ്. മറ്റു ചില ഭീതിപ്പെടുത്തുന്ന കണക്കുകളും പഠനം പുറത്ത് വിടുകയുണ്ടായി. അതുപ്രകാരം  നാൽപത് ശതമാനം മുസ്‍ലിംകൾക്കും വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്. നാൽപത്തെട്ട് ശതമാനം പേര്‍ക്ക് പഠന സമയത്തും പതിമൂന്ന് ശതമാനം പേർ നിയമപാലകരിൽ നിന്നും പതിനേഴ് ശതമാനം ജോലി അന്വേഷണത്തിനിടയിലും പതിനാല് ശതമാനം താമസസ്ഥലമന്വേഷിക്കുന്നതിനിടയിലും വംശീയ വിവേചനം നേരിട്ടതായി പറയുന്നു. പുരുഷൻമാരെക്കാളും (38%)സ്ത്രീകളാണ് (46%)വിവേചനത്തിന്റെ ഇരകളെന്നാണ് പഠനം തെളിയിക്കുന്നത്. അതിൽ തന്നെ ഹിജാബ് ധാരികളാണ്(60%) അല്ലാത്തവരെക്കാൾ (44%) വംശീയതക്ക് ഇരയാക്കപ്പെടുന്നത്.

ആധുനിക ഇസ്‍ലാമോഫോബിയയുടെ ചരിത്രം

മൂന്നാം സഹസ്രാബ്ദത്തിലെ ആദ്യ ദശകത്തിന്റെ തുടക്കകാലത്താണ് ഈ ആശയം പൂർണ വളർച്ചയെത്തുന്നത്, പ്രത്യേകിച്ചും 2001 ലെ സെപ്റ്റംബർ ആക്രമണത്തിന്ന് ശേഷം. ഇത് അന്താരാഷ്ട്ര ബന്ധങ്ങൾ വഷളാക്കുകയും ഇറാഖ് അഫ്ഗാൻ എന്നീ രണ്ട് ഇസ്‍ലാമിക രാഷ്ട്രങ്ങളിലെ അമേരിക്കൻ അധിനിവേശത്തിന്ന് വഴി തെളിക്കുകയും ചെയ്തു. ശീതയുദ്ധം മുതൽ തന്നെ പാശ്ചാത്യ ബുദ്ധിജീവികൾ രൂപം നൽകിയ വെസ്റ്റും ഇസ്‍ലാമും തമിലുള്ള ആശയ സംഘട്ടനങ്ങൾക്ക് പുതിയൊരു തലം നൽകുന്നതായിരുന്നു അത്. സോവിയറ്റ് കമ്യൂണിസത്തിന് പകരം ഇസ്‍ലാമിനെ വെസ്റ്റിന്റെ മുഖ്യ ശത്രുവായി അവർ പ്രഖ്യാപിച്ചു.'ചുവപ്പൻ അപായം' മാറി ഇനി 'ഹരിത അപായ' കാലമാണെന്ന് അവർ പറഞ്ഞു പഠിപ്പിച്ചു. 

ഇസ്‌ലാമോഫോബിയയുടെ ആവിർഭാവത്തോടെ പാശ്ചാത്യ ലോകത്ത് തീവ്ര വലതുപക്ഷ രാഷ്ട്രീയവും ഉടലെടുത്തു. സെപ്റ്റംബർ ആക്രമാനന്തര ലോകക്രമം സമർഥമായിത്തനെ അവർ മുതലെടുത്തു. ഇസ്‍ലാമും അറബ് രാജ്യങ്ങളും നേരിട്ട അസ്തിത്വപ്രശ്നങ്ങൾ അവർ നന്നായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇത്തരം സംവേദനങ്ങളുടെ പ്രതിഫലനം മുസ്‍ലിം ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും നേരെ പലതവണയുണ്ടായ ആക്രമണങ്ങളില്‍ വരെയെത്തി. യൂറോപിന്റെ തെരുവുകളിൽ  തീവ്ര വലതുപക്ഷം അവസരം കിട്ടുമ്പോഴെല്ലാം ഇസ്‍ലാമിനെ വലിച്ചുകീറിക്കൊണ്ടിരുന്നു. ഇത്തരം ഘടകങ്ങളുടെ പിൻബലത്തിൽ മുസ്‌ലിം-അറബ് വിരുദ്ധ മനോഭാവം ഗണ്യമായി വർധിച്ചു. ഇസ്‍ലാം വിരുദ്ധരായ ചില മാധ്യമ ഭീമൻമാരായിരുന്നു അതിന്ന് വളം വെച്ചത്.

ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം

വളർന്ന് വരുന്ന ഇസ്‍ലാം ഭീതി തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ 2022 ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് പതിനഞ്ച് ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിക്കുന്നത്.'യഥാർത്ഥ വർധിത ഭീഷണി' എന്നായിരുന്നു യു.എന്നിലെ തുർക്കി പ്രതിനിധി സാദത്ത് ഉനാൽ അഭിപ്രായപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യമെന്ന ലേബലിൽ വരുന്ന ഇസ്‌ലാം വിരുദ്ധത വെച്ച് പൊറുപ്പിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്‍ലിംകളുടെ അവകാശങ്ങളാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നത് എന്നും അദ്ധേഹം ഉറക്കെ പറഞ്ഞു.

ആദ്യ അന്താരാഷ്ട്ര ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനമെന്ന നിലക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു ഈ വർഷത്തെ ദിനാചരണം. ലോകത്തങ്ങോളമിങ്ങോളം വിദ്വേഷ വിരുദ്ധ ശബ്ദങ്ങൾ ഉയർന്ന് കേട്ടു. പാകിസ്താൻ പ്രതിനിധിയുടെ പ്രമേയം അംഗീകരിച്ചാണ് ഈ ദിനാചരണം തുടങ്ങിയത്. യു.എൻ.എ.ഓ.സി(യുനൈറ്റഡ് നേഷൻസ് അലയൻസ് ഓഫ് സിവിലൈസേഷൻ)യുടെ ആഭിമുഖ്യത്തിൽ ഉന്നത തല യോഗം വിളിച്ചു ചേർക്കുകയണ്ടായി ദിനാചരണത്തോടനുബന്ധിച്ച്. ഒർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കണ്ട്രീസ്(ഓ.ഐ.സി) അടക്കം പങ്കു കൊണ്ട യോഗം വിഷയത്തിന്റെ അവഗണിക്കപ്പെടുന്ന ഗൗരവ തലങ്ങൾ എടുത്ത് കാട്ടുന്നതായിരുന്നു.

മുസ്‍ലിംകളോടുള്ള വിവേചനവും പ്രത്യക്ഷമായ വിദ്വേഷവും ‘പകർച്ചവ്യാധി പോലെ’ ഉയരുന്നതായിട്ടാണ് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എന്നിന്റെ പ്രത്യേക റിപ്പോർട്ട് കണ്ടെത്തിയത്. “വംശീയ-ദേശീയത, നിയോ-നാസിസം, വിദ്വേഷ പ്രസംഗം എന്നിങ്ങനെ മുസ്‌ലീംകൾ, ജൂതർ, ന്യൂനപക്ഷ ക്രിസ്ത്യൻ സമൂഹങ്ങൾ തുടങ്ങി സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവേചന പ്രവണതകൾ ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ഭാഗമാണ് മുസ്‍ലിം വിരുദ്ധത. വിശുദ്ധ ഖുർആൻ നമ്മെ ഓർമ്മിപ്പിക്കുന്നത് പോലെ; പരസ്പരം വേർതിരിച്ചറിയുവാൻ വേണ്ടിയാണ് രാഷ്ട്രങ്ങളും ഗോത്രങ്ങളും സൃഷ്ടിക്കപ്പെട്ടത്. വൈവിധ്യം ഒരു സമ്പത്താണ്, ഭീഷണിയല്ല” ആദ്യ ദിനാചരണത്തിലെ യു.എൻ സെക്രട്ടറി ജനറലിന്റെ ഈ വാക്കുകൾ പ്രതീക്ഷകൾ ഏറെ നൽകുന്നുണ്ട്. അധിക്ഷേപിക്കപെടുന്ന വിഭാഗങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടായിരുന്നു ദിനാചരണം പ്രമാണിച്ച് അമേരിക്കൻ ഗവൺമെന്റിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്.

വിശുദ്ധ റമളാനെ വരവേൽക്കാനൊരുങ്ങുന്ന മുസ്‍ലിം സമൂഹത്തോടൊപ്പം നമുക്കും വെറുപ്പിനെതിരായ പോരാട്ടത്തിൽ പങ്കുചേരാമെന്ന പ്രത്യാശ നൽകിയാണ് പത്രക്കുറിപ്പ് അവസാനിക്കുന്നത്.

വെറുപ്പിനെ തുടച്ചു നീക്കാൻ ഇനിയും യത്നങ്ങളുണ്ടാവണമെന്ന ബോധനമാണ് സ്കോട്ട്ലാൻഡിലെ മുസ്‍ലിം സംഘടനകൾ രാജ്യഭരണകൂടത്തിന്ന് ഈ ദിനത്തിൽ നൽകിയത്. ന്യൂകാസിൽ സർവകലാശാലയുടെ പഠനങ്ങളും അവർ ശ്രദ്ധയിലേക്കെത്തിച്ചു. ഇസ്താംബുൾ സ്വബാഹുദ്ദീൻ സഈം സർവകലാശാലയും അന്നേ ദിവസത്തെ അക്കാദമിക്ക് സെമിനാറിൽ പന്ത്രണ്ട് രാഷ്ട്രങ്ങളിൽ നിന്ന് അൻപതിലതികം ഗവേഷകരായിരുന്നു വിഷയമവതരിപ്പിച്ചത്. 2023 ജനുവരി 23ന്, മാധ്യമപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ അൽമിറ എൽഖവാബിനെ തങ്ങളുടെ ഇസ്‌ലാമോഫോബിയ വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രത്യേക പ്രതിനിധിയായി കാനഡ നിയമിച്ചിരുന്നു. പ്രശ്ന പരിഹാര തലത്തിലെ വഴിത്തിരിവായ പ്രഖ്യാപനമായി നമുക്കതിനെ കാണം. ആഗോള തലത്തിൽ ഇസ്‍ലാമോഫോബിയ ഒരു കുറ്റകൃത്യമായി അംഗീകരിക്കപ്പെട്ടു എന്നത് തന്നെയാണ് ആദ്യ ദിനാചരണത്തിന്റെ നേട്ടം.  ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഇസ്‍ലാമോഫോബിയ വിരുദ്ധ മുന്നേറ്റങ്ങളാണ് ദിനാചരണം മൂലം സാധ്യമായത്.

വിവര്‍ത്തനം- ആദില്‍ സംനാസ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter