ഖുർആന്‍ പരാമര്‍ശിച്ച സ്ത്രീകൾ - ഭാഗം 1

പരിശുദ്ധ ഖുർആനിൽ പ്രതിപാദിപ്പിക്കപ്പെട്ട പുരുഷന്മാരുടെ എണ്ണം നിരവധിയാണല്ലോ. പ്രവാചകരുടെ കൂട്ടത്തിൽ തന്നെ ഇരുപത്തി അഞ്ചോളം പേരെ ഖുർആൻ പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്. അതേ സമയം അനേകം സ്ത്രീകളെ കുറിച്ചും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഏകദേശം ഇരുപത്തി നാലോളം സ്ത്രീകളാണ് പ്രത്യക്ഷമായും അല്ലാതെയും ഖുർആനിൽ ഇടം പിടിച്ചിട്ടുള്ളത്. അതിൽ മറിയം ബീവിയെ മാത്രമാണ് പേരെടുത്ത് പരാമർശിച്ചത്. ബീവിയുടെ പേരിൽ പ്രത്യേക സൂറത് (അധ്യായം) തന്നെയുണ്ട്. മറ്റുള്ള സ്ത്രീകളെയെല്ലാം അവരുടെ സ്ഥാനങ്ങളോ വിശേഷണങ്ങളോ പറഞ്ഞാണ് ഖുർആൻ പരിചയപ്പെടുത്തിയത്. ഖുര്‍ആന്‍ പരാമര്‍ശിച്ച മഹിളകളെ പരിചയപ്പെടാം.

ഹവ്വാ ബീവി

ആദം നബിയുടെ ഇണ എന്ന നിലക്കാണ് ഹവ്വാ ബീവിയെ ഖുർആൻ പരിചയപ്പെടുത്തുന്നത്. പതിവിന് വിപരീതമായി മൂന്നു ജന്മങ്ങളാണ് ലോകത്ത് ഉടലെടുത്തത്. ഹവ്വാ ബീവി ഇക്കൂട്ടത്തിൽ പെട്ടവരാണ്. സ്ത്രീ ബന്ധമില്ലാതെയായിരുന്നു ബീവിയുടെ സൃഷ്ടിപ്പ്. സ്ത്രീ പുരുഷ ബന്ധമില്ലാതെ ആദം, പുരുഷ സമ്പർക്കമില്ലാതെ മറിയം ബീവിയിലൂടെ ഈസ നബി എന്നിവരാണ് മറ്റു രണ്ടു പേർ.

ഹവ്വാ ബീവിയുടെ സൃഷ്ടിപ്പിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. ആദം നബിയുടെ വാരിയെല്ലിൽ നിന്നാണ് മഹതിയെ സൃഷ്ടിച്ചതെന്നാണ് ഒന്നാമത്തേതും പ്രബലവുമായ അഭിപ്രായം. അതല്ല, ആദം നബിയെ പോലെ തന്നെ കളി മണ്ണിൽ നിന്നാണ് മഹതിയെയും സൃഷ്ടിച്ചതെന്നാണ് രണ്ടാം അഭിപ്രായം. ഹദീസുകളും ഖുർആൻ വ്യാഖ്യാതാക്കളിലെ ഒട്ടുമിക്ക പേരും ഒന്നാമത്തെ അഭിപ്രായത്തേയാണ് പിന്താങ്ങുന്നത്. സ്വഹീഹ് ബുഖാരിയിലെ 3335മത്തെ ഹദീസിലൂടെയും സ്വഹീഹ് മുസ്‌ലിമിലെ 1468മത്തെ ഹദീസിലൂടെയും അത് വ്യക്തവുമാണ്.

പ്രത്യക്ഷ്യത്തിൽ ഖുർആനിക വചനങ്ങളും പ്രസ്തുത വാദത്തെ തന്നെയാണ് പിന്താങ്ങുന്നത്. മനുഷ്യോല്പത്തിയുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു: "ഹേ മനുഷ്യരേ, നിങ്ങളെ ഒരൊറ്റ ഒരാളില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍നിന്ന് തന്നെ അതിന്‍റെ ഇണയെയും ഉണ്ടാക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക" സൂറത്തുന്നിസാഅ്- 1). മറ്റൊരു സൂക്തം ഇങ്ങനെയാണ്: "ഒരൊറ്റ ദേഹത്തില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്‍റെ ഇണയേയും അവനുണ്ടാക്കി, അവളോടൊത്ത് അവന്‍ മനസ്സമാധാനം നേടാൻ വേണ്ടി (സൂറത്തുൽ അഅ്റാഫ് -189). പരസ്പരം ഇണക്കവും ഐക്യവും ഉണ്ടാകാൻ വേണ്ടിയാണ് ആദം നബിയിൽ നിന്ന് തന്നെ അല്ലാഹു ഹവ്വാ ബീവിയെ പടച്ചത്. (ജവാഹിറുൻ മിൻ അഖ്ബാരി ന്നിസാഇ ഫിൽ ഖുർആൻ - 35)

അൽ ബഖറ, അഅ്റാഫ്, ത്വാഹ സൂറത്തുകളിലാണ് പ്രധാനമായും ആദം നബിയെ കുറിച്ചും ഹവ്വാ ബീവിയെ കുറിച്ചുമുള്ള പരാമർശങ്ങൾ ഖുർആനിൽ വരുന്നത്. ഇരുവരെയും ഒരുപോലെ തന്നെയാണ് ഖുർആൻ അഭിസംബോധന ചെയ്യുന്നത്. ഇരുവർക്കുമുള്ള ഉപദേശ നിർദ്ദേശങ്ങളിലും ഇത് പ്രകടമാണ്. സൂറത്തുൽ ബഖറയിലെ 35, 36 സൂക്തങ്ങള്‍ ഉദാഹരണം.

ആദം നബി ഏകനായി സ്വർഗത്തിൽ കഴിഞ്ഞു കൂടുന്ന സ്ഥിതി വിശേഷത്തിലാണ് അല്ലാഹു ഹവ്വാ ബീവിയെ സൃഷ്ടിക്കുന്നത്. ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഇബ്‌ലീസ് ധിക്കാരം കാണിച്ച വേളയിൽ അല്ലാഹു സ്വർഗത്തിൽ നിന്ന് പുറത്താക്കി. ആദം നബിയെ സ്വർഗത്തിൽ താമസിപ്പിക്കുകയും ചെയ്തു. ആദം നബി ഏകനായി ഇണകളേതുമില്ലാതെ സ്വർഗത്തിലൂടെ നടക്കുകയായിരുന്നു. ഇതിനിടയിൽ നബിക്ക് ഉറക്കം പിടിപെട്ടു. ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ തൊട്ടടുത്ത് ഒരു സ്ത്രീ ഇരിക്കുന്നു. ആദം നബിയുടെ വാരിയെല്ലിൽ നിന്ന് സൃഷ്ടിച്ചതാണവളെ. ആദം നബി ചോദിച്ചു: ആരാണ് നീ? ഹവ്വാ പറഞ്ഞു: സ്ത്രീ. ആദം നബി ചോദിച്ചു: എന്തിനാണ് നിന്നെ സൃഷ്ടിച്ചത്. ഹവ്വാ പറഞ്ഞു: നിന്നിലേക്ക് പ്രാപിക്കാൻ. (ജാമിഉൽ ബയാൻ, 548/1)

നിഷിദ്ധമാക്കപ്പെട്ട പഴം കഴിച്ചതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും സൂറത്തുൽ അഅ്റാഫിൽ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. സൂറത്തുൽ ബഖറയിൽ പ്രസ്തുത സംഭവുമായി ബന്ധപ്പെട്ട് വന്ന പരാമര്‍ശം ഇങ്ങനെയാണ്: "ആദം, നീയും നിന്റെ ഇണയും ‎സ്വര്‍ഗത്തില്‍ താമസിക്കുക. വിശിഷ്ട വിഭവങ്ങള്‍ ‎വേണ്ടുവോളം ഭക്ഷിച്ചു കൊള്ളുക. പക്ഷേ, ഈ ‎വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും ‎അതിക്രമികളായിത്തീരും. എന്നാല്‍ പിശാച് അവരിരുവരെയും അതില്‍നിന്ന് ‎വ്യതിചലിപ്പിച്ചു. അവരിരുവരെയും ‎അവിടെ നിന്നും പുറത്താക്കി. ഉടനെ ആദം അല്ലാഹുവിലേക്ക് തൗബ ചെയ്യുകയും അവനത് സ്വീകരിക്കുകയും ചെയ്തു (ബഖറ 35-37).

മര്‍യം ബീവി

ഖുർആനിൽ പേരെടുത്ത് പറഞ്ഞ ഏക വനിതയാണ്  മര്‍യം ബീവി. മഹതിയുടെ പേരിൽ പ്രത്യേക അധ്യായം തന്നെയുണ്ട്. മര്‍യം എന്ന പേരിന് പുറമെ ഈസ ഇബ്നു മര്‍യം, മര്‍യം ഇബ്‌നത്തി ഇമ്രാൻ എന്ന പേരുകളിലും മഹതിയെ ഖുർആൻ പരാമർശിച്ചിട്ടുണ്ട്. പന്ത്രണ്ട് സൂറത്തുകളിൽ മുപ്പത്തിരണ്ടോളം ഇടങ്ങളിലായാണ് പ്രസ്തുത പേരുകളിൽ മര്‍യം ബീവിയെ ഖുർആൻ പ്രതിപാദിച്ചിട്ടുള്ളത്. കൂടാതെ മര്‍യം ബീവിയുടെ കുടുംബമായ ആലു ഇംറാൻ എന്ന പേരിലും പ്രതേക സൂറത്ത് ഖുർആനിലുണ്ട്.

സുലൈമാൻ നബിയുടെ പരമ്പരയിൽ പെട്ട യാശഹം ബിൻ ആമൂനിന്റെ മകനാണ് ഇംറാൻ. ഹന്ന ബിൻത് ഫാഖൂസ് എന്നവരാണ് ഭാര്യ, അഥവാ മര്‍യം ബീവിയുടെ ഉമ്മ. (ജവാഹിറുൻ മിൻ അഖ്ബാരി ന്നിസാഇ ഫിൽ ഖുർആൻ - 47). മര്‍യം ബീവിയെ ഗർഭം ധരിച്ചതും മര്‍യം ബീവിയുടെ ഗർഭ ധാരണവുമടക്കം ബീവിയുടെ ജീവിതത്തിലെ ഒട്ടു മിക്ക സംഭവങ്ങളും വ്യത്യസ്ത സൂറത്തുകളിലായി ഖുർആൻ പ്രതിപാദിക്കുന്നുണ്ട്. പ്രധാനമായും ആലു ഇംറാൻ, മര്‍യം എന്നീ സൂറത്തുകളിലാണ് മഹതിയെ കുറിച്ചുള്ള ചർച്ചകൾ കൂടുതലായും വരുന്നത്. മര്‍യം ബീവിയുടെ ഗുണങ്ങൾ എടുത്തു പറഞ്ഞ് ഖുർആൻ ബീവിയെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം: പുരുഷന്മാരിൽ നിന്ന് പരിപൂർണ്ണത വരിച്ചവർ ഏറെയാണ്. മറിച്ച് സ്ത്രീകളിൽ നിന്ന് മര്‍യം ബിൻത് ഇംറാനും ഫിർഔനിന്റെ ഭാര്യ ആസിയ ബീവിയും മാത്രമേ പരിപൂർണത കൈവരിച്ചിട്ടുള്ളൂ (ഹദീസ് നമ്പർ: 3435).

മറിയം ബീവിയെ പരിശുദ്ധ ഭവനത്തിലേക്ക് നേർച്ച ചെയ്ത സംഭവം വ്യക്തതയോടെ തന്നെ ഖുർആൻ പ്രതിപാദിക്കുന്നുണ്ട്. താൻ ജന്മം നൽകിയത് പെൺകുട്ടിക്കാണെന്ന ഹന്ന ബീവിയുടെ ആശങ്കയും അപ്പടി ഖുർആൻ കൊണ്ടുവന്നിട്ടുണ്ട്. ആലു ഇംറാനിലെ മുപ്പത്തി ആറാമത്തെ ആയത്തിലൂടെ അത് വ്യക്തവുമാണ്. ഹന്ന ബീവിയുടെ ഈ ആശങ്കക്ക് പിറകിൽ പല കരണങ്ങളുമുണ്ടായിരുന്നു. ഇബ്നു കസീർ(റ) പറയുന്നു : പള്ളി പരിപാലനത്തിലും ഇബാദത്തിലുമുള്ള സ്ത്രീകളുടെ ശാരീരിക ബുദ്ധിമുട്ടുകളെ ഓർത്തിട്ടായിരിന്നു ഈ ആശങ്ക (തഫ്സീറുൽ ഖുർആനിൽ അളീം- 337/2). ഇമാം ബഗ്‍വീ പറയുന്നത് സത്രീകൾക്കുണ്ടാകുന്ന ഹൈള്, നിഫാസ് വഴി വന്നു ചേരുന്ന ബലഹീനതകളും മറ്റുമായിരുന്നു ബീവിയുടെ ആശങ്കക്ക് പിറകിൽ എന്നാണ് (മആലിമുത്തൻസീൽ - 344/1).

ഹന്ന ബീവി മര്‍യം ബീവിക്ക് പ്രസ്തുത പേര് നൽകിയത് പോലും മുമ്പ് ചെയ്ത നേർച്ചയെ അടിസ്ഥാനപ്പെടുത്തിയായിരുന്നുവെന്ന് കാണാം. ഇമാം ശൗകാനി പറയുന്നു: " മര്‍യം എന്ന പേരിനർത്ഥം അല്ലാഹുവിന്റെ ഖാദിം എന്നാകുന്നു" (ഫത്ഹുൽ ഖദീർ-384/1).

തന്റെ മകളെയും മകളിൽ നിന്നുണ്ടാകുന്ന പരമ്പരയേയും ശൈത്വാനിൽ നിന്ന് സംരക്ഷിക്കണമെന്നും മഹതി പ്രാർത്ഥിക്കുന്നുണ്ട്. ആലുഇംറാനിലെ മുപ്പത്തി ആറാമത്തെ ആയത്തിലൂടെയാണ് ഖുർആൻ പ്രസ്തുത സംഭവം സൂചിപ്പിക്കുന്നത്. മുപ്പത്തി ഏഴാമത്തെ ആയത്തിൽ മഹതിയുടെ പ്രാർത്ഥന സ്വീകരിച്ചതും സകരിയ്യ നബിക്ക് മറിയം ബീവിയുടെ ചുമതല നൽകിയതടക്കമുള്ള സംഭവങ്ങളുമാണ് വ്യക്തമാക്കുന്നത്. തന്റെ ജനനത്തിന് മുമ്പേ പിതാവ് മരണപ്പെട്ടത് കൊണ്ടായിരുന്നു സകരിയ്യ നബിക്ക് മര്‍യം ബീവിയുടെ ചുമതല നൽകിയത്. ഇരുവർക്കുമിടയിൽ കുടുംബ ബന്ധവുമുണ്ടായിരുന്നു. മര്‍യം ബീവിയുടെ മാതാവ് ഹന്ന ബീവിയുടെ സഹോദരി ഈശാആയിരിന്നു സകരിയ്യ നബിയുടെ ഭാര്യ. (ജാമിഉൽ ബയാൻ-330/6).

ഹന്ന ബീവിയുടെ നേർച്ചയനുസരിച്ച് മര്‍യം ബീവി മസ്ജിദുൽ അഖ്‌സയിലെ സേവകിയായി മാറി. പ്രസ്തുത സമയത്താണ് ഈസ നബിയെ മര്‍യം ബീവി ഗർഭം ധരിക്കുന്നത്. ആ സമയത്ത് ബീവി അനുഭവിച്ച കഷ്ടപ്പാടും മാനസിക ശാരീരിക ബുദ്ധിമുട്ടുകളും ഖുർആൻ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പ്രാര്‍ത്ഥനയെ തന്റെ ആഗ്രഹങ്ങൾ നിറവേറ്റാനും പ്രശ്നങ്ങള്‍ പരഹരിക്കാനുമുള്ള പ്രധാന മാർഗ്ഗമായിട്ടാണ് ഖുർആൻ മര്‍യം ബീവിയിലൂടെയും മഹതിയുടെ മാതാവിലൂടെയും പരിചയപ്പെടുത്തുന്നത്.


ഈശാഅ' (എലിസബത്ത്)

സകരിയ്യ നബിയുടെ ഭാര്യയും യഹ്‌യാ നബിയുടെ ഉമ്മയും മര്‍യം ബീവിയുടെ മാതാവ് ഹന്ന ബീവിയുടെ സഹോദരിയുമാണ് ഈശാഅ' (എലിസബത്ത്). മര്‍യം സൂറത്തിലാണ് മഹതിയെ കുറിച്ചുള്ള പരാമർശമുള്ളത്. യഹ്‌യാ നബിയുടെ ജനനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആയത്തിലാണ് പ്രസ്തുത പരാമർശം.

ഫിർഔനിന്റെ ഭാര്യ

പേരു പറയാതെ ഇംറഅത്തുഫിർഔൻ (ഫറോവയുടെ ഭാര്യ) എന്നാണ് ആസിയ ബീവിയെ ഖുർആൻ വിശേഷിപ്പിച്ചത്. ആസിയ ബിൻത് മുസാഹിം എന്നാണ് മഹതിയുടെ മുഴുവൻ പേര്. തന്റെ ദേശത്തു ജനിക്കുന്ന സർവ്വ ആൺ കുട്ടികളെയും ഭയം കാരണം കൊന്നൊടുക്കിയ ഫിർഔനിൽ നിന്ന് മൂസ നബിയെ രക്ഷിച്ചതും മുസ്‌ലിമായത് കാരണം ഭർത്താവായ ഫിർഔനിൽ നിന്ന് സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ ക്ഷമയോടെ നേരിടുകയും ചെയ്ത കാരണങ്ങളാലാണ് മഹതി ഖുർആനിൽ ഇടം പിടിച്ചത്.

രണ്ടു സ്ഥലങ്ങളിലാണ് ഖുർആൻ ആസിയ ബീവിയെ കുറിച്ച് പ്രതിപാദിക്കുന്നത്. ഒന്നാമത്തേത് മഹതിയുടെ സന്തോഷ നിമിഷത്തെ കുറിച്ചാണ്. അഥവാ മൂസ നബിയെ കിട്ടിയ സമയത്തെ കുറിച്ച്. സൂറത്തുൽ ഖസസിലെ ഒമ്പതാമത്തെ സൂക്തത്തിലാണ് പ്രസ്തുത സംഭവമുള്ളത്. രണ്ടാമത്തെ സന്ദർഭം അഹങ്കാരിയും അവിശ്വാസിയുമായിരുന്ന ചക്രവർത്തിയുടെ സഹധർമ്മണിയായിരുന്നിട്ട് പോലും ഈമാനിന്റെ കനക ദീപം കെടാതെ മനസ്സിൽ സൂക്ഷിച്ച ആസിയ ബീവിയെ കുറിച്ചാണ്. സൂറത്തു തഹ്‌രീമിലെ പതിനൊന്നാമത്തെ സൂക്തത്തിലാണ് പ്രസ്തുത പരാമർശമുള്ളത്. 

സത്യ മതത്തിൽ അടിയുറച്ച് നിന്നത് കാരണം ഫിർഔനിൽ നിന്ന് ആസിയ ബീവിക്ക് ക്രൂര മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ആ വേളകളിലൊക്കെയും ക്ഷമയും സഹനവും കൈകൊണ്ട് ഇസ്‌ലാമിൽ തന്നെ തുടരുകയായിരുന്നു മഹതി. ആസിയ ബീവി തന്റെ വിശ്വാസം പുറത്തു പ്രകടിപ്പിച്ചിരുന്നില്ല എന്നും ഫിർഔൻ അറിഞ്ഞപ്പോഴാണ് അത് വെളിവാക്കിയത് എന്നും അഭിപ്രായം കാണാം. 

അബുൽ ആലിയ പറയുന്നു: ആസിയ ബീവിയുടെ വിശ്വാസത്തിന്റെ ശക്തി കൂടിയപ്പോൾ അല്ലാഹു ഫിർഔനിന് ബീവിയുടെ വിശ്വാസത്തെ കുറിച്ചുള്ള കാര്യങ്ങൾ വെളിവാക്കി കൊടുത്തു. ഇതറിഞ്ഞ ഫിർഔൻ ജനങ്ങളോട് ചോദിച്ചു: 'ആസിയയെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് '?. അവർ ആസിയ ബീവിയെ പുകഴ്ത്തി കൊണ്ടിരിന്നു. ഉടനെ ഫിർഔൻ പറഞ്ഞു: 'അവൾ മറ്റൊരാളെയാണ് ആരാധിക്കുന്നത്'. അപ്പോൾ അവർ ഫിർഔനിനോടായി പറഞ്ഞു: 'അവളെ കൊല്ലുവിൻ'. തുടർന്ന് ഫിർഔൻ ആസിയ ബീവിയെ ബന്ദിയാക്കി കൈ കാലുകൾ കെട്ടി. ആ സമയത്ത് ആസിയ ബീവി ദുആ ചെയ്തു: അല്ലാഹുവേ, സ്വർഗത്തിൽ എനിക്കൊരു വീട് പണിയേണമേ. (തഫ്സീറുൽ ഖുർആനുൽ അളീം: 327/7). തുടർന്ന് മഹതിക്ക് സ്വർഗത്തിൽ തയ്യാറാക്കപ്പെട്ട വീട് കാണിച്ചു കൊടുത്തുവെന്ന് അബൂ ഹുറൈറ(റ) പറയുന്നുണ്ട് (മവ്സൂഅതുത്തഫസീറുൽ മഅ്സൂർ - 51/22). 

സൽമാനുൽ ഫാരിസി(റ) പറയുന്നു: 'ആസിയ ബീവിയെ വെയിലിൽ നിർത്തി ശിക്ഷിച്ചിരുന്നു. എന്നാൽ ഫിർഔനും പരിവാരവും പിരിഞ്ഞു പോയതോടെ മാലാഖമാർ മഹതിക്ക് തണലേകി'. (മആലിമു ത്തൻസീൽ: 432/4 ). ഖുർആൻ പ്രസ്തുത സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'സത്യവിശ്വാസികൾക്ക് ഒരു ഉപമയായി അല്ലാഹു ഫിർഔൻറെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവൾ പറഞ്ഞ സന്ദർഭം: എൻറെ രക്ഷിതാവേ, എനിക്ക് നീ നിൻറെ അടുക്കൽ സ്വർഗത്തിൽ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിർഔനിൽ നിന്നും അവൻറെ പ്രവർത്തനത്തിൽ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളിൽ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ' (സൂറത്തു തഹ്‌രീം-11).

ഇത്തരത്തിലുള്ള ഒരുപാട് പരീക്ഷണങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ശേഷമാണ് മഹതി വഫാതാകുന്നത്. ഏത് ഘട്ടത്തിലും തന്റെ വിശ്വാസം കൈ വെടിയരുതെന്ന് പഠിപ്പിക്കുകയായിരിന്നു ആസിയ ബീവിയിലൂടെ ഖുർആൻ ചെയ്തത് (ജവാഹിറുൻ മിൻ അഖ്ബാരിന്നിസാഇ ഫിൽഖുർആൻ, 109). ഭർത്താക്കളുടെ അടുത്ത് ഭാര്യമാർ എത്തരത്തിൽ നിലപടുകൾ സ്വീകരിക്കണമെന്നും ആസിയ ബീവിയിലൂടെ ഖുർആൻ പറഞ്ഞു വെക്കുന്നുണ്ട്.

ഫിർഔനിൽ നിന്ന് മൂസ നബിയെ രക്ഷിച്ചെടുത്തതിൽ ആസിയ ബീവിക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. അല്ലാഹു പറയുന്നു: 'ഫിർഔൻറെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കൺ കുളിർമയത്രെ (ഈ കുട്ടി.) അതിനാൽ ഇവനെ നിങ്ങൾ കൊല്ലരുത്‌. ഇവനെ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കിൽ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവർ യാഥാർത്ഥ്യം ഗ്രഹിച്ചിരുന്നില്ല' (സൂറത്തുൽ ഖസസ് - 9). കൊട്ടാരത്തിൽ വളരുന്നതിനിടയിലും മൂസ നബിയെ വധിക്കാൻ ഫിർഔൻ ഒരുമ്പെട്ടിരിന്നു. അപ്പോഴും തടഞ്ഞത് ആസിയ ബീവി തന്നെയായിരുന്നു. ഇമാം ബഗ്‍വി പ്രസ്തുത സംഭവം വിശദീകരിക്കുന്നുണ്ട്: 'മൂസാ നബി ചെറു പ്രായത്തിൽ, ഫിർഔനിന്റെ മുറിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരിന്നു. ഉടനെ ഫിർഔൻ മൂസ നബിയെ അടിക്കുകയും താടി പിടിച്ചു വലിക്കുകയും ചെയ്തു. ശേഷം ആസിയ ബീവിയോട് പറഞ്ഞു: തീർച്ചയായും ഇവൻ എന്റെ ശത്രുവാണ്. തുടർന്ന് മൂസ നബിയെ കൊല്ലുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി. അപ്പോൾ ആസിയ ബീവി പറഞ്ഞു: ഇവൻ ബുദ്ധിയോ വകതിരുവോ ഇല്ലാത്ത കുട്ടിയാണ്. ശേഷമാണ് പവിഴവും തീയും നിറച്ച പാത്രങ്ങൾ കൊണ്ടുളള ചരിത്ര പ്രസിദ്ധമായ സംഭവം അരങ്ങേറുന്നത്'. (മആലിമു ത്തൻസീൽ- 119/3)


മൂസാ നബിയുടെ മാതാവ്

യൂകാബദ് ബിൻത് ലാവിയെന്നാണ് മൂസാ നബിയുടെ മാതാവിന്റെ പേര്. ഉമ്മി മൂസാ എന്നാണ് ഖുർആനിൽ മഹതിയെ വിശേഷിപ്പിക്കുന്നത്. സൂറത്തുൽ ഖസസിലാണ് പ്രസ്തുത പരാമർശം. അല്ലാഹു പറയുന്നു: "മൂസായുടെ മാതാവിന് നാം ബോധനം നൽകി: അവന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവൻറെ കാര്യത്തിൽ നിനക്ക് ഭയം തോന്നുകയാണെങ്കിൽ അവനെ നീ നദിയിൽ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീർച്ചയായും അവനെ നാം നിൻറെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും, അവനെ ദൈവദൂതൻമാരിൽ ഒരാളാക്കുന്നതുമാണ്‌" (സൂറത്തുൽ ഖസസ് - 7). ഖസസിലെ തന്നെ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് സൂക്തങ്ങളിലും മഹതിയെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

മൂസാ നബിയുടെ സഹോദരി

സൂറത്തുൽ ഖസസിൽ തന്നെയാണ് മൂസാ നബിയുടെ സഹോദരിയെ കുറിച്ചുള്ള പരാമർശവുമുള്ളത്. അല്ലാഹു പറയുന്നു: "അവൾ (മൂസാ നബിയുടെ മാതാവ്) അവൻറെ (മൂസായുടെ) സഹോദരിയോട് പറഞ്ഞു: നീ അവൻറെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന് അവൾ അവനെ നിരീക്ഷിച്ചു. അവർ അതറിഞ്ഞിരുന്നില്ല" (സൂറത്തുൽ ഖസസ് - 11). അഥവാ ചെറു പ്രായത്തിൽ ഫിർഔനിനെ ഭയന്ന് മൂസാ നബിയെ പെട്ടിയിലിട്ട് നദിയിലെറിഞ്ഞതും ശേഷം ഫിർഔനിന്റെ തന്നെ കൊട്ടാരത്തിൽ വന്ന് കുട്ടിക്ക് വേണ്ട സംരക്ഷണം ഒരുക്കുന്നതടക്കമുള്ള സംഭവങ്ങൾ പറയുന്ന സ്ഥലത്താണ് മൂസ നബിയുടെ ഉമ്മയെയും സഹോദരിയെയും പരാമർശിക്കുന്നത്.

മൂസാ നബിയുടെ ഭാര്യ

സഫൂറ എന്നാണ് മൂസാ നബിയുടെ ഭാര്യയുടെ പേര്. അനസ് ബിൻ മാലിക്(റ)ന്റെ അഭിപ്രായം അനുസരിച്ച് ഇവർ ശുഐബ് നബിയുടെ മകളാണ്. അങ്ങനെയല്ല എന്ന് പറയുന്നവരുമുണ്ട്. സൂറത്തുൽ ഖസസിലാണ് പ്രസ്തുത പരാമർശമുള്ളത്. മരുഭൂമിയിൽ വെച്ച് രണ്ടു സ്ത്രീകളെ കണ്ടുമുട്ടുന്നതും സഹായിക്കുന്നതും അവരുടെ വയസ്സായ പിതാവ് മൂസാ നബിയെ ജോലിക്ക് വെക്കുന്നതും ശേഷം തന്റെ മക്കളിൽ നിന്ന് ഒരുവളെ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് പ്രസ്തുത ഭാഗത്ത് പരാമർശിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter