സ്നേഹപൂര്‍വ്വം ഇക്കാക്ക് (ഭാഗം 2)   അന്നൊരു ദിവസം എൻ്റെ വീട്ടിലായിരുന്നപ്പോൾ

കഴിഞ്ഞ കത്ത് വായിച്ചുവെന്നറിഞ്ഞു. പറയാനുള്ളതെല്ലാം ഇതുപോലെ എഴുതി അറിയിച്ചോളൂ എന്ന ഇക്കയുടെ മറുപടി കേട്ടപ്പോള്‍ വല്ലാത്ത സന്തോഷമാണ് തോന്നിയത്. മറ്റുള്ളവര്‍ക്ക് കൂടി ഇത് ഉപകാരപ്പെടട്ടെ എന്ന എന്റെ സദ്ചിന്തക്ക് നിങ്ങളും കൂട്ടുണ്ടെന്ന് കേട്ടപ്പോള്‍ മനസ്സറിഞ്ഞ് അല്ലാഹുവിന് നന്ദി പറഞ്ഞു.  നിങ്ങളെപ്പോലെ മറ്റു പലരും അത് വായിച്ചു എന്നും അറിയാനായി, പലരുടെയും പ്രതികരണങ്ങള്‍ കാണുകയും ചെയ്തു. കത്ത് തുടരാനുള്ല ഊര്‍ജ്ജം ലഭിച്ചത് അവയിലൂടെയെല്ലാമാണെന്ന് പറയുന്നതാവും ശരി. ഇനി കാര്യത്തിലേക്ക് വരാം.

ഭാര്യാ-ഭര്‍തൃ ബന്ധത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ച പദത്തെ കുറിച്ച് കഴിഞ്ഞ കത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ. നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം പലപ്പോഴും മനസ്സിലേക്ക് വരാറുള്ളത് അതാണ്. ലിബാസ് അഥവാ വസ്ത്രം എന്നാണ് ആ പ്രയോഗം. അവര്‍ (ഭാര്യമാര്‍) നിങ്ങള്‍ക്ക് വസ്ത്രമാണ്, നിങ്ങള്‍ അവര്‍ക്കും വസ്ത്രമാണ് എന്ന ഖുര്‍ആന്റെ ആ പ്രയോഗം എത്രമാത്രം ഉചിതവും സമ്പൂര്‍ണ്ണവുമാണെന്ന് ഇടക്കിടെ ഞാന്‍ ഓര്‍ത്തുപോകാറുണ്ട്, അതോടൊപ്പം തേന്‍കണങ്ങള്‍ ഉറ്റി വീഴുന്ന വിധം കാവ്യാത്മകവും.

ഒരിക്കല്‍ ഞാനെന്റെ വീട്ടിലായിരിക്കുമ്പോള്‍ ഉമ്മയോട് നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിങ്ങളെകുറിച്ചുള്ള സംസാരത്തിനിടെ നിങ്ങളെ കുറച്ച് കാണിക്കുന്ന എന്തോ ഒരു കാര്യം പറയാന്‍ നാവിന്‍ തുമ്പത്ത് എത്തിയതാണ്. പെട്ടെന്ന് ഈ ഖുര്‍ആന്‍ സൂക്തം എന്റെ മനസ്സിലെത്തി. എന്റെ ഇക്കയുടെ വസ്ത്രമല്ലേ ഞാന്‍, അവര്‍ക്ക് എന്തെങ്കിലും കുറ്റമോ കുറവോ ഉണ്ടെങ്കില്‍ (അതില്ലാത്തവര്‍ ആരുമുണ്ടാവില്ലല്ലോ) അത് മറച്ച് വെക്കേണ്ടവളല്ലേ ഞാന്‍. അത് ചെയ്യാതിരുന്നാല്‍, വസ്ത്രം തന്നെ മറ്റുള്ളവര്‍ക്ക് നമ്മുടെ മറക്കേണ്ട ഭാഗങ്ങള്‍ കാണിച്ചുകൊടുക്കുന്ന പോലെയാവില്ലേ.. ഇങ്ങനെ ചിന്തിച്ചതും പിന്നെ എനിക്ക് അത് പറയാനായില്ല. മാത്രമല്ല, എന്റെ കുറവുകള്‍ പരിഹരിക്കേണ്ട നിങ്ങളും അത് പോലെ എന്നെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞാല്‍ എന്താകും എന്റെ അവസ്ഥ എന്ന് കൂടി ഞാന്‍ ചിന്തിച്ചുപോയി. 

മുമ്പൊരിക്കല്‍ നാം കൂട്ടുകാരോടൊത്ത് നടത്തിയ ഒരു യാത്രക്കിടെ നിങ്ങള്‍ നടത്തിയ ഒരു പരാമര്‍ശം എന്നെ കുറച്ച് കാണിക്കുന്നതാണെന്ന് എനിക്ക് തോന്നുകയും അതേ തുടര്‍ന്ന് നാം തമ്മിലുണ്ടായ വഴക്കും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. അത് കൂടി ഞാന്‍ അതിനോട് ചേര്‍ത്ത് വായിച്ചപ്പോള്‍, അന്ന് മുതല്‍ ഞാനൊരു തീരുമാനം എടുത്തു, എന്ത് തന്നെ സംഭവിച്ചാലും ഇനി മുതല്‍ ഞാന്‍ എന്റെ ഇക്കയെ കുറിച്ച് നല്ലത് മാത്രമേ പറയൂ എന്ന്. 

അല്ലെങ്കിലും, ഒന്ന് ആലോചിച്ച് നോക്കിയാല്‍, നമുക്കിടയിലെ പരാതികളും പരിഭവങ്ങളും മറ്റുള്ളവരോട് പറയുന്നതിലെന്തര്‍ത്ഥമാണുള്ളത്. പരസ്പരം പറഞ്ഞും മനസ്സിലാക്കിയും പരിഹരിക്കാന്‍ നാം തന്നെ ശ്രമിക്കുക. അല്ലാതെ, മറ്റുള്ളവരോട് പറയുന്നതിലൂടെ അവര്‍ക്ക് ചിരിക്കാനും രസിക്കാനുമുള്ള വകയായി എന്നല്ലാതെ മറ്റൊരു ഉപകാരവും പലപ്പോഴും ഉണ്ടാവാറില്ല. പക്ഷേ, മനുഷ്യരുടെ അവസ്ഥ നേരെ തിരിച്ചാണ്. ഒരാളുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവരോടാണ് പറയാറുള്ളത്. അയാളോട് ഒരിക്കലും പറയുകയില്ലെന്ന് മാത്രമല്ല, അയാളെ കാണുമ്പോള്‍ വലിയ സ്നേഹം നടിച്ച് കൂടെ കൂടുകയും ചെയ്യുന്നു. അതിലൂടെ അവ പരിഹരിക്കാനുള്ള അവസരം തന്നെ ഇല്ലാതാവുന്നു. ഓര്‍ത്തു നോക്കിയാല്‍ നാം എത്രമാത്രം പരിഹാസ്യരായിത്തീരുകയാണ് അല്ലേ. 

Also Read:സസ്നേഹം എന്റെ ഇക്കാക്ക

ഏതായാലും നാം ഒന്നാണല്ലോ. നമുക്കെങ്കിലും ഇനി മുതല്‍ ഈ പ്രതിജ്ഞയുമായി മുന്നോട്ട് പോകാം. നമ്മുടെ കുറവുകള്‍ നമുക്ക് പങ്ക് വെക്കാനും തിരുത്താനും ശ്രമിക്കാം, പരസ്പരം കുറവുകള്‍ മറച്ച് പിടിക്കുന്ന വസ്ത്രങ്ങളായി നമുക്ക് മാറാം. ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ, കുറെ മുമ്പ് മുതലേ ഞാന്‍ ഈ പ്രതിജ്ഞ എടുത്തിട്ടുണ്ടെന്ന്. നിങ്ങളും അത് പോലെ ചെയ്തിട്ടുണ്ടാവുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇല്ലെങ്കില്‍ ഇനി മുതലെങ്കിലും അങ്ങനെ ചെയ്യുമെന്ന പ്രതീക്ഷയോടെ,

തല്‍കാലം ഇത് ഇവിടെ നിറുത്തട്ടെ. അടുത്ത കത്തുകളിലൂടെ നമുക്ക് കൂടുതല്‍ പങ്ക് വെക്കലുകളിലേക്ക് കടക്കാം, ഇന്‍ ശാ അല്ലാഹ്..

പ്രാര്‍ത്ഥനകളില്‍ എന്നും എന്നെ കൂടി ചേര്‍ക്കണേ എന്ന് ഒരിക്കല്‍ കൂടി ഉണര്‍ത്തിക്കൊണ്ട്..

നിങ്ങളുടെ സ്വന്തം കുല്‍സു

Leave A Comment

5 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter