വിഷയം: ‍ നരകത്തില്‍ കൂടുതല്‍ സ്ത്രീകള്‍

നരകത്തിൽ കൂടുതലും സ്ത്രീകൾ ആണെന്ന് സൂചിപ്പിക്കുന്ന ഹദീസ് ചില ഓൺലൈൻ പ്ലാറ്റ്-ഫോമുളിൽ യുക്തിവാദികൾ ഇസ്മാം വിമര്‍ശനത്തിനായി ഉപയോഗിക്കുന്നത് കണ്ടു. സത്രീകളുടെ പ്രകൃതിപരമായ ചില ന്യൂനതകള്‍ അവര്‍ കൂടുതലായി നരകത്തിൽ ആവാൻ കാരണമാകുന്നത് എങ്ങനെ? ഇതെല്ലാം അവർക്ക് ദൈവം തന്നെ കൊടുത്ത കുറവുകൾ അല്ലെ?

ചോദ്യകർത്താവ്

Jabir K

Jun 9, 2021

CODE :Oth10199

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

എക്സ് മുസ്ലിംസ് എന്ന പേരിലും യുക്തിവാദികളെന്ന പേരിലും ഇസ്ലാം വിമര്‍ശനത്തിനായി മാത്രം കച്ച കെട്ടിയിറങ്ങിയ ഒരു പറ്റം അതിദുര്‍ഭാഗ്യലബ്ധര്‍ വിശുദ്ധ ദീനിനെതിരെ തീര്‍ത്തും യുക്തിരഹിതവും മൗഢ്യവുമായ ആക്ഷേപങ്ങളുമായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞഴിഞ്ഞാടുന്നത് ചില സാധാരണക്കാരെയെങ്കിലും ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യബോധ്യത്തോടെ ഈ ചോദ്യത്തിന് അല്‍പം വിശദമായി മറുപടി കുറിക്കട്ടെ.

ആദ്യമായി മേല്‍പറയപ്പെട്ട ഹദീസ് നമുക്ക് വായിക്കാം. തിരുനബി(സ്വ) പറഞ്ഞു: ഓ സ്ത്രീസമൂഹമേ, നിങ്ങള്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക. നരകവാസികളില്‍ അധികവും സ്ത്രീകളെയാണ് ഞാന്‍ കണ്ടത്. അപ്പോളവര്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, എന്താണതിന് കാരണം? നബി പ്രതിവചിച്ചു: അവര്‍ ശാപം വര്‍ദ്ധിപ്പിക്കുകയും ഭര്‍ത്താവിന്‍റെ നന്മകള്‍ നിഷേധിക്കുകയും ചെയ്യും (സ്വഹീഹുല്‍ ബുഖാരി- ബാബു സ്വലാതില്‍കുസൂഫ്, ബാബു കുഫ്റാനില്‍ അഷീര്‍)

ആധുനിക ഇസ്ലാം വിമര്‍ശകരോ ഫെമിനിസ്റ്റുകളോ എക്സ്മുസ്ലിംസ് സംഘമോ ഒക്കെ ജന്മം കൊള്ളുന്നതിന്‍റെയും രംഗം കയ്യടക്കുന്നതിന്‍റെയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഹദീസ് പണ്ഡിതന്മാര്‍ മേല്‍പറയപ്പെട്ട ഹദീസിന് നല്‍കിയ വിശദീകരണം ഇത്തരം ആക്ഷേപങ്ങളുടെ അടിവേരറുക്കുന്നതാണെങ്കിലും അതൊന്നും വായിക്കാനോ കണ്ടെത്താനോ പഠിക്കാനോ സമയം കണ്ടെത്താന്‍ കഴിയാത്ത ഈ അല്‍പന്മാരാണ്പോല്‍ വലിയ യുക്തിവാദികള്‍.

ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഈ നബിവചനം ഒന്നു നോക്കൂ.

ഒരിക്കല്‍, സ്വര്‍ഗത്തില്‍ കൂടുതല്‍ ആരാണെന്ന കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ തര്‍ക്കിക്കുകയുണ്ടായി. അപ്പോള്‍ അബൂഹുറൈറ(റ) പറഞ്ഞു. അബുല്‍ കാസിം (തിരുനബി (സ)) ഇപ്രകാരം പറഞ്ഞിട്ടില്ലേ, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ആദ്യ സംഘം പൗര്‍ണമി രാത്രിയിലെ പൂര്‍ണ ചന്ദ്രനെ പോലെയായിരിക്കും. അവര്‍ക്കു ശേഷമുള്ളവര്‍ ആകാശത്തെ ഏറ്റവും തിളങ്ങുന്ന നക്ഷത്രത്തോളം പ്രകാശ പൂരിതരായിരിക്കും. അവരില്‍ ഒരോരുത്തര്‍ക്കും -സ്ത്രീകളില്‍ നിന്നുള്ള- രണ്ടുവീതം ഇണകള്‍ ഉണ്ടായിരിക്കും.” (സ്വഹീഹ് മുസ്‌ലിം)

രണ്ട് ഇണകളുണ്ടാവുമെന്നത് കൊണ്ടുള്ല വിവക്ഷ ഇഹലോകത്തെ സ്ത്രീകളില്‍ നിന്നുള്ള രണ്ട് ഇണകളാണെന്ന് ഇബ്നുഹജര്‍ (റ) വിശദീകരിച്ചിട്ടുണ്ട് (ഫത്ഹുല്‍ബാരീ).

ഇമാം നവവി(റ) ഇങ്ങനെ വിശദീകരിച്ചതായി കാണാം: മേല്‍ഹദീസിന്‍റെ പ്രത്യക്ഷമായ സാരം സ്വര്‍ഗവാസികളില്‍ അധികവും സ്ത്രീകളാണെന്നാണ്. മറ്റൊരു ഹദീസില്‍ നരഗവാസികളധികവും സ്ത്രീകളാണെന്ന് നബി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മനുഷ്യകുലത്തില്‍ മൊത്തത്തില്‍ സ്ത്രീകളാണെന്ന് മനസ്സിലാക്കാം (ശര്‍ഹു മുസ്ലിം).

നരകത്തില്‍ കൂടുതലും സ്ത്രീകളാണെന്ന് പറഞ്ഞ ഹദീസ് പിടിച്ച് ഇസ്ലാമിനെ വിമര്‍ശിക്കുന്ന യുക്തിവാദികള്‍ സ്വര്‍ഗത്തില്‍ സ്ത്രീകളാണ് കൂടുതലെന്ന ഹദീസും അതോടനുബന്ധിച്ച വിശദീകരണങ്ങളുമൊന്നും കാണാതെ പോകുന്നത് അവരുടെ യുക്തിയുടെയും അറിവിന്‍റെയും ആഴവും പരപ്പും എത്ര വരണ്ടതാണെന്ന് വ്യക്തമാക്കുന്നതാണ്.

ആഗോളാടിസ്ഥാനത്തില്‍ തന്നെ ജനസംഖ്യാവിവരങ്ങള്‍ പരിശോദിച്ചാല്‍ സ്ത്രീകളാണ് കൂടുതലെന്ന് വരുമ്പോള്‍ നരകത്തില്‍ കൂടുതല്‍ സ്ത്രീകളാണെങ്കിലല്ലേ നീതിയും യുക്തവുമാവുകയുള്ളൂ എന്നാണ് യുക്തിവാദികള്‍ ചിന്തിക്കേണ്ടത്. ഇനി അഥവാ പുരുഷന്മാരാണ് നരകത്തില്‍ കൂടുതലെന്ന് പറഞ്ഞാല്‍ അവരുടെ യുക്തി എന്താവുമെന്നുമറിയാന്‍ താല്‍പര്യമുണ്ട്. നരകത്തില്‍ സ്ത്രീകളും പുരുഷന്മാരും സമമായാലുള്ള യുക്തി എന്താവുമെന്ന് ഏത് യുക്തിവാദി വിശദീകരിക്കും. ചോദ്യത്തിലുന്നയിക്കപ്പെട്ടത് പോലെ, പ്രകൃതിപരമായി തന്നെ സ്ത്രീകള്‍ക്ക് ചില കുറവുകളുണ്ടായത് തന്നെ യുക്തിരാഹിത്യമല്ലേ എന്ന ചോദ്യത്തിന് യുക്തിവാദികളുടെ മറുപടി എന്താവും. കുറച്ച് പേര്‍ പുരുഷന്മാരായും കുറച്ച് പേര്‍ സ്ത്രീകളായും ജനിച്ചത് തന്നെ യുക്തിവാദികളുടെ അളവുകോലില്‍ യുക്തിരഹിതമായാണല്ലോ വരിക. സ്ത്രീയെ സ്ത്രീയായും പുരുഷനെ പുരുഷനായും സംവിധാനിച്ചതിലെ യുക്തി ആരുടേതാണന്നതിന് ദൈവനിഷേധികളായ എക്സ്-മുസ്ലിംസും യുക്തിവാദികളും മറുപടി കണ്ടെത്തട്ടെ.

ഒരിക്കല്‍ സ്ത്രീകളായ വലിയൊരു സംഘത്തെ അഭിമുഖീകരിച്ച് നബി(സ്വ) സംസാരിച്ചുകൊണ്ടിരിക്കെ,  പ്രകൃതിപരമായി സ്ത്രീകളില്‍ നിന്ന് കൂടുതലായി വന്നുപോകാറുള്ള ചില വീഴ്ചകളെ കുറിച്ച് അവരെ കൂടുതല്‍ ബോധമുള്ളവരാക്കാനും അവയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പഠിപ്പിക്കാനും അത്തരം വീഴ്ചകള്‍ക്ക് ദാനധര്‍മങ്ങള്‍ നടത്തി പ്രായാശ്ചിത്തം നടത്തണമെന്നും അതുവഴി സ്വര്‍ഗപ്രാപ്തി നേടണമെന്നുമാണ് മേല്‍ഹദീസിന്‍റെ വിവക്ഷ. മറിച്ച് ആ ന്യൂനതകള്‍ പുരുഷന്മാരിലില്ല എന്നോ അത്തരം കുറ്റങ്ങള്‍ കാരണം പുരുഷന്മാര്‍ നരകത്തില്‍ പ്രവേശിക്കില്ല എന്നോ അല്ല.

പുരുഷന്മാരില്‍ നിന്ന് കൂടുതല്‍ കണ്ടുവരുന്ന കുറ്റങ്ങളും ന്യൂനതകളും വിശദീകരിക്കുമ്പോള്‍ പുരുഷന്മാരെ മാത്രം അഭിസംബോധനം നടത്തി ഗൌരവമുണര്‍ത്തിയ നിരവധി ഹദീസുകള്‍‌ കാണാം. ആ ഹദീസുകളുടെ ആശയം സ്ത്രീകള്‍ക്ക് ബാധകമേ അല്ലെന്ന് അതുകൊണ്ട് ഉദ്ദേശ്യമില്ല.

ചെറിയ കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന വീഴ്ചകളെ അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന്‍റെ ഭാഗമായി അവരെ മാത്രം അഭിസംബോധനം ചെയ്ത് നാം സംസാരിക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്യുക നമ്മുടെ നിത്യജീവിതത്തില്‍ പതിവുള്ള കാര്യമാണ്. സ്ത്രീപീഠനം വലിയ കുറ്റകരമായി കാണുമ്പോള്‍ പുരുഷപീഠനം നിസാരവല്‍ക്കരിക്കപ്പെടുന്നത് യുക്തിരഹിതമാണെന്ന് പറയുന്ന യുക്തിവാദികളെയൊന്നും എവിടെയും കാണാറില്ല.

സ്വര്‍ഗവാസികളില്‍ സ്ത്രീകള്‍ കുറവാണെന്ന ഒറ്റപ്പെട്ട ഹദീസ് നിവേദനം നരഗവാസികള്‍ കൂടുതലും സ്ത്രീകളാണെന്ന് നബി(സ്വ) പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കിയ തെറ്റിദ്ധാരണ മൂലം ആശയം നിവേദനം ചെ്യതതാണെന്ന് ഹദീസ് പണ്ഡിതര്‍ വിശദീരിച്ചിട്ടമുണ്ട്.

അബുല്‍ബഷര്‍ ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ) വരെയുള്ള മനുഷ്യകുലത്തില്‍ അതിവിശിഷ്ടരും പുണ്യരുമായ നിരവധി മഹാന്മാരായ പുരുഷന്മാര്‍ ജീവിച്ചുപോയിട്ടുണ്ടെങ്കിലും സത്യവിശ്വാസികള്‍ക്കാകമാനം മാതൃകയായി വിശുദ്ധഖുര്‍ആന്‍  പരിചയപ്പെടുത്തിയത് രണ്ട് സ്ത്രീകളെയാണ് (സൂറതുത്തഹ്’രീം 11,12 ആയതുകള്‍ നോക്കുക). വിശ്വാസത്തിന്‍റെ വിശിഷ്ഠതയില്‍ അവരെ രണ്ടു പേരെയും മാതൃകകളാക്കിയ വിശുദ്ധഖുര്‍ആന്‍ അധ്യാപനം പോലെ സ്ത്രീത്വത്തെ ആദരിച്ച മറ്റു വല്ല ഇസങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ ആശയങ്ങള്‍ ഏതെങ്കിലും യുക്തിവാദികള്‍ക്കോ ഫെമിനിസ്റ്റുകള്‍ക്കോ കാണിക്കാനാകുമോ!!?.  

പുരുഷനാവട്ടെ, സ്ത്രീയാവട്ടെ, നന്മകള്‍ ചെയ്യുകയെന്ന സല്‍ഗുണവും തിന്മകള്‍ ചെയ്യുകയെന്ന ദുര്‍ഗുണവും മനുഷ്യനില്‍ സൃഷ്ടിക്കുന്നത് ആത്യന്തികമായി അല്ലാഹുവാണ്.   പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളുടെയും ഏതു തരത്തിലുള്ള ചലനനിശ്ചലനങ്ങളും  അല്ലാഹുവിന്‍റെ ഖുദ്റതും ഇറാദത്തും കൊണ്ട് തന്നെയാണ് സംഭവിക്കുന്നത്. നന്മയും തിന്മയും തിരിച്ചറിഞ്ഞ് തെരഞ്ഞെടുക്കാനുള്ള ബുദ്ധിയും വിവേകവും തിരിച്ചറിവും നല്‍കി  ഇതരസൃഷ്ടികളില്‍ നിന്ന് മാറി മനുഷ്യന് മാത്രം പ്രത്യേകബഹുമതി നല്‍കിയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. അതനുസരിച്ചാണ് നന്മക്ക് രക്ഷയും തിന്മക്ക് ശിക്ഷയും പ്രതിഫലമായി അല്ലാഹു നല്‍കുന്നത്. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter