അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്‍റെ റസൂലാണെന്നും മനസറിഞ്ഞ് വിശ്വസിച്ചുറപ്പിച്ച് നാവ് കൊണ്ട് ഉച്ചരിക്കുക എന്നതാണ് ഇസ്ലാമിലെ പഞ്ചകര്‍മങ്ങളില്‍ പ്രഥമവും പരമപ്രധാനവും.


ശഹാദത്ത് കലിമ ഉച്ചരിക്കുമ്പോള്‍ ചൂണ്ടുവിരലുയര്‍ത്തണമെന്നത് ശാഫിഈ മദ്ഹബില്‍ സുന്നത്തോ നിര്‍ബന്ധമോ ഇല്ല. എന്നാല്‍ നിസ്കാരത്തില്‍ തശഹ്ഹുദ് ഓതുമ്പോള്‍ ‘ഇല്ലല്ലാഹ്’ എന്നുച്ചരിക്കുമ്പോള്‍ ചൂണ്ടുവിരലുയര്‍ത്തല്‍ ശാഫീ മദ്ഹബില്‍ സുന്നത്താണ്. സമയത്തിലും രൂപത്തിലുമുള്ള ചെറിയ വ്യത്യാസങ്ങളോടെ മറ്റു മദ്ഹബുകളിലും ഇത് സുന്നത്തുണ്ട്. എന്നാല്‍ ഇസ്ലാം സ്വീകരിക്കുന്നതിന് വേണ്ടി ശഹാദത്ത് കലിമ ചൊല്ലുമ്പോള്‍ ചൂണ്ടുവിരലുയര്‍ത്തണമെന്ന് കാണുന്നില്ല.


എങ്കിലും നിസ്കാരത്തില്‍ ചൂണ്ടുവിരലുയര്‍ത്തി ശഹാദത്ത് കലിമ ഊട്ടിയുറപ്പിക്കുന്നത് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതില്‍ നിന്ന് മറ്റുസന്ദര്‍ഭങ്ങളിലും ഇത് അനുവദനീയമാണെന്നും ഗുണകരമാണെന്നും മനസിലാക്കാമെന്ന് ചില പണ്ഡതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.