വിശുദ്ധ കഅബക്കകത്ത് എന്തൊക്കെയാണ് ഉള്ളത്, കഅബക്കകത്തെ ഘടനയെ സംബന്ധിച്ച് ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

musammil.nm

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കഅ്ബക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ ആദ്യമായി അനുഭവപ്പെടുന്നത് അതീവസുഗന്ധമാണ്. കസ്തൂരിയും ഊദും മറ്റു ഇനങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സുഗന്ധമാണ് ഇടക്കിടെ കഅ്ബക്കുള്ളില്‍ ഉപയോഗിക്കപ്പെടുന്നത്. വെളുത്ത നിറത്തിലുള്ള മാര്‍ബിള്‍ കല്ലുകളാണ് കഅ്ബയുടെ അടിഭാഗത്ത് വിരിച്ചിരിക്കുന്നത്. കഅ്ബയുടെ ചുമരിനെ സ്പര്‍ശിക്കാത്ത വിധം കറുത്ത കല്ലുകള്‍ കൊണ്ട് നാല് മീറ്റര്‍ ഉയരത്തില്‍ അവക്ക് അതിരുകളും നല്‍കിയിരിക്കുന്നു. ശേഷമുള്ള കഅ്ബയുടെ മുകള്‍ വരെയുള്ള 5 മീറ്റര്‍ ഭാഗത്ത് പച്ച നിറത്തിലുള്ള തുണികളോ പനനീര്‍ നിറത്തിലുള്ള വിരികളോ ആണ് തൂക്കിയിരിക്കുന്നത്. അവയുടെ മേല്‍ വെള്ളി നിറത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉള്ളില്‍ പ്രവാചകര്‍ (സ) സുജൂദ് ചെയ്ത സ്ഥലം പ്രത്യേകം ഒരു മാര്‍ബിള്‍ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. മുല്‍തസമിന്റെ ഭാഗത്ത്, പ്രവാചകര്‍ (സ) തന്റെ വയറും വലത്തേ കവിളും ചുമരിനോട് ചേര്‍ത്ത് വെച്ച സ്ഥലത്തും അതുപോലെ അടയാളപ്പെടുത്തിയിരിക്കുന്നു. നടുവിലായി ഏറെ കൊത്തുപണികളും സ്വര്‍ണ്ണവര്‍ണ്ണത്തില്‍ അലങ്കരിച്ചതുമായ മൂന്ന് മരത്തൂണുകളാണ്. മേല്‍ഭാഗത്ത് ചെമ്പ്, വെള്ളി, ഗ്ലാസ് എന്നിവയാല്‍ തീര്‍ത്ത് ഖുര്‍ആന്‍ ആയതുകള്‍ രേഖപ്പെടുത്തിയ വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്നു. ഇത് ഉസ്മാനിയാ ഖിലാഫത്തിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ്. കഅ്ബയുടെ മേല്‍ഭാഗത്തേക്ക് കയറാനായി, അലൂമിനിയവും ക്രിസ്റ്റലും കൊണ്ട് പണിത കോണിയും ഉള്‍ഭാഗത്ത് തന്നെയാണ്. ഹറം ശരീഫിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ വിവരങ്ങളടങ്ങുന്ന ഫലകങ്ങളും കഅ്ബക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. ഇവ കൂടാതെ, കഅ്ബയുടെ ഉള്‍ഭാഗം വൃത്തിയാക്കാനായി ഓട്ടോമാറ്റിക് മാന്‍ലിഫ്റ്റും വെള്ളവും ക്ലീനിംഗ് പദാര്‍ത്ഥങ്ങളും നിറക്കാനായി ഹൈപ്രെഷര്‍ പൈപ്പുകളും സംവിധാനിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷത്തിലൊരിക്കല്‍ കഅ്ബയുടെ അകം വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുന്നു. ശേഷം വിവിധ സുഗന്ധങ്ങള്‍ ഉപയോഗിച്ച് കഅ്ബയുടെ ചുമരും നിലവും അകവുമെല്ലാം പുരട്ടുകയും വിവിധ സുഗന്ധങ്ങള്‍ പുകയിക്കുകയും ചെയ്യുന്നു. മേല്‍ പറഞ്ഞവയാണ് കഅ്ബയുടെ ആന്തരിക ഘടനയും സംവിധനാവും എന്നാണ് കണ്ടവരും അനുഭവസ്ഥരും വിശദീകരിക്കുന്നത്. വിശുദ്ധ കഅ്ബയെ നെഞ്ചേറ്റാനും ജീവിതാവസാനം വരെ അതിലേക്ക് തിരിഞ്ഞ് നിസകരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter