അധ്വാനമില്ലാതെ മഴ, അടുത്തുള്ള ജലാശയത്തിൽ നിന്നും നിന്നുള്ള വെള്ളം പോലോത്ത കാരണങ്ങൾ കൊണ്ടുണ്ടായ കൃഷിക്ക് 10 ശതമാനവും അധ്വാനത്തിലൂടെ നനച്ചുണ്ടാക്കിയ കൃഷിക്ക് 5 ശതമാനം സകാത്ത് എന്നിങ്ങനെയാണല്ലോ കണക്ക് . അപ്പോൾ സർക്കാരിൽ നിന്നും സബ്‌സിഡി ആനുകൂല്യം കൈപ്പറ്റുന്ന കൃഷിയുടെ സകാത്ത് എങ്ങിനെയാണ് കണക്കാക്കുക
ചോദ്യകർത്താവ്
Saalim jeddah
Feb 24, 2019
CODE :Fin9170
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അധ്വാനമില്ലാതെ മഴ, അടുത്തുള്ള ജലാശയത്തിൽ നിന്നും ഉറവകളിൽ നിന്നുള്ള വെള്ളം പോലോത്ത കാരണങ്ങൾ കൊണ്ടുണ്ടായ കൃഷിക്ക് 10 ശതമാനവും അധ്വാനത്തിലൂടെ നനച്ചുണ്ടാക്കിയ കൃഷിക്ക് 5 ശതമാനം സകാത്ത് നൽകണം എന്നത് തന്നെയാണ് ഇസ്ലാമിന്റെ നിർദ്ദേശം (സ്വഹീഹുൽ ബുഖാരി). സർക്കാർ സബ്സിഡി സ്വീകരിച്ചാലും മറ്റുള്ളവർ സഹായിച്ചാലും ഒരു സഹായവും ആവശ്യമില്ലാത്ത പണക്കാരനായാലും കർഷകന്റെയോ അയാളുടെ മൃഗങ്ങളുടേയോ അയാൾ കൂലി കൊടുത്ത് നിശ്ചയിക്കുന്ന ജോലിക്കാരുടേയോ അധ്വാനത്തിലൂടെ നനച്ചുണ്ടാക്കിയതല്ല ആ കൃഷി എന്ന് പറയാൻ പറ്റില്ലല്ലോ. ഇവിടെ ആ കൃഷിയുടെ വളർച്ചയിൽ മേൽ പറയപ്പെട്ട വിധം സ്വയം അധ്വാനമോ മറ്റുള്ളവരെക്കുൊണ്ട് ജോലി ചെയ്യിക്കാനും മറ്റും ചെലവോ ഉണ്ടായിട്ടുണ്ടോ അതല്ല യാതൊരു ചെലവുമില്ലാതെ മഴയും ജലാശയങ്ങളും നനച്ചതാണോ എന്നതാണ് സകാത്ത് വിഹിതം 10% ആകാനും 5% ആകാനുമുള്ള കാരണം (ഫത്ഹുൽ മുഈൻ). ചുരുങ്ങിയ പക്ഷം സർക്കാർ കൃഷി വളർച്ചക്കായി കൃത്രിമ മഴ പെയ്യിച്ച് കൊടുത്തു കൊണ്ടേയിരിക്കുകയോ കനാൽ വഴി വെള്ളം എത്തിച്ച് അത് കൃഷി സ്ഥലം നനച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലല്ലേ ചോദ്യത്തിന് തന്നെ പ്രസക്തിയുള്ളൂ..
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.