വിഷയം: ‍ കച്ചവടത്തിലിറക്കിയ സ്വര്‍ണത്തിന്‍റെ സകാത്ത്

ഒരാൾ ഒരു കച്ചവടത്തിൽ സ്വർണം ഷെയര്‍ ആയിട്ട് കൊടുത്തു. 22പവൻ സ്വർണം. അയാൾ ഓരോ വർഷം സ്വർണത്തിന്‍റെ സകാത്ത് കൊടുക്കുന്നു. അതിനു പുറമെ ഷെയര്‍ കൂടിയ കച്ചവടത്തിന്‍റെ സകാത്തും കൊടുക്കണോ?

ചോദ്യകർത്താവ്

Zubair

May 13, 2020

CODE :Fiq9802

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ശറഈ നിബന്ധനകള്‍ ഒത്ത ശരിയായ രീതിയിലുള്ള പങ്കുകച്ചവടമാണ്(ശിര്‍കത്ത്) ആണ് നിങ്ങള്‍ ഇവിടെ നടത്തിയതെങ്കില്‍ കച്ചവടത്തില്‍ 22 പവന്‍ സ്വര്‍ണം മുടക്കുമുതലായി ഇറക്കുന്നതോടെ പിന്നെ സകാത്ത് ബന്ധപ്പെടുന്നത് കച്ചവടത്തിന്‍റെ പേരിലാണ്. 22 പവന്‍ സ്വര്‍ണം കച്ചവടച്ചരക്ക് വാങ്ങാനും കച്ചവടത്തിന്‍റെ മറ്റു ആവശ്യങ്ങള്‍ക്കായും ചിലവഴിച്ചിരിക്കുമല്ലോ. 22 പവന്‍ സ്വര്‍ണമാണ് കച്ചവടച്ചരക്കെങ്കിലും അങ്ങനെതന്നെ. വര്‍ഷം തികയുമ്പോള്‍ ചരക്ക് വില കെട്ടി കണക്കാക്കിയ ശേഷം ഓരോ കൂറുകാരനും അവനവന്‍റെ ഓഹരിയനുസരിച്ചുള്ള വിഹിതത്തിന് സകാത്ത് നല്‍കേണ്ടതാണ്.

ഒരാള്‍ക്ക് പണം മുടക്കി സ്വന്തമായി കച്ചവടം നടത്താന്‍ പ്രയാസമാകുമ്പോള്‍ മറ്റൊരാളെ കച്ചവടത്തിന് ഏല്‍പ്പിക്കുന്ന പതിവുണ്ട്. ഇതിന് ഖിറാള് (സംരംഭകത്വ പാര്‍ട്ട്ണര്‍ഷിപ്പ്) എന്നാണ് പേര്. 22 പവന്‍ സ്വര്‍ണത്തിന്‍റെ ഉടമയായ താങ്കള്‍  കച്ചവടം നടത്താന്‍ മറ്റൊരാളെ ഏല്‍പ്പിച്ച് ഉടമയും നടത്തിപ്പുകാരനും ലാഭത്തില്‍ കൂറുള്ള കച്ചവടമാണെങ്കില്‍ അത് മേല്‍പറഞ്ഞ ഖിറാള് കച്ചവമാണ്. ഇവിടെ നടത്തിപ്പുകാരന്‍ അധ്വാനം മാത്രമാണ് മുടക്കുന്നത്. അപരന്‍ പണവും. ലാഭവിഹിതത്തില്‍ രണ്ടാളും പങ്കുകാരാകുന്നു. അപ്പോള്‍, കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ കടയിലുള്ള മുഴുവന്‍ വസ്തുക്കള്‍ക്കും വിലകെട്ടി, മൊ ത്തം ലാഭം അതിലേക്ക് ചേര്‍ത്തിട്ട് അതിന്റെ രണ്ടരശതമാനം സകാത് നല്‍കണം. മൊത്തം സംഖ്യയില്‍ നിന്നു സകാത് വിഹിതം കഴിച്ചിട്ടാണ് ലാഭം ഓഹരി ചെയ്യേണ്ടത്.

സ്വര്‍ണക്കച്ചവടക്കാരനും കച്ചവടത്തിന്‍റെ സകാത്താണ് നല്‍കേണ്ടത്. ആയതിനാല്‍ കടയിലുള്ള സ്വര്‍ണത്തിന്‍റെ രണ്ടര ശതമാനല്ല സകാത്ത് നല്‍കേണ്ടത്. കടയിലുള്ള മൊത്തം ചരക്കിന് മാര്‍ക്കറ്റ് വിലയനുസരിച്ച് വില കെട്ടിയ ശേഷം അതിന്‍റെ രണ്ടര ശതമാനമാണ് സകാത്ത് നല്‍കേണ്ടത്. സ്വര്‍ണത്തിന് കച്ചവടത്തിന്‍റെ സകാത്ത് നിര്‍ബന്ധമായാല്‍ പുറമെ സ്വര്‍ണത്തിന്‍റെ സകാത്ത് വേറെ നല്‍കേണ്ടതില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter