സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് ഹറാമാണോ? നബി (സ)യുടെ കാലത്ത് പോയിരുന്നില്ലേ?

ചോദ്യകർത്താവ്

മുബീന

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇക്കാര്യത്തില്‍ ആദ്യമായി നാം മനസ്സിലാക്കേണ്ടത്, സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതില്‍ തര്‍ക്കമില്ലെന്നും മറിച്ച് ജുമുഅ ജമാഅതില്‍ പങ്കെടുക്കുന്നതിലാണ് തര്‍ക്കമെന്നുമാണ്. നബി(സ)യുടെ കാലത്ത് സ്ത്രീകള്‍ ജമാഅതുകളില്‍ പങ്കെടുത്തതായും അവര്‍ സമ്മതം ചോദിച്ചാല്‍ തടയരുതെന്ന് പറഞ്ഞതായും ചില ഹദീസുകളില്‍ കാണാം. എന്നാല്‍ അതേ ഹദീസുകളിലെ ചില രിവായതുകളില്‍ വീടുകളാണ് അവര്‍ക്ക് ഉത്തമമെന്ന് വ്യക്തമായി വന്നതായും കാണാം. അതോടൊപ്പം പള്ളിയില്‍ വന്ന് നബിയോടൊപ്പം ജമാഅതായി നിസ്കരിക്കാന്‍ പ്രവാചകരോട് ഉമ്മുഹുമൈദിസ്സാഇദിയ്യ(റ) സമ്മതം തേടിയ ഹദീസും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. പ്രവാചകര്‍ അവരോട് പറഞ്ഞു, നിന്‍റെ വീടിന്റെ ഏറ്റവും ഉള്ളിലെ അറയില്‍ നിസ്കരിക്കുന്നതാണ് നിന്‍റെ റൂമില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം, നിന്‍റെ റൂമില്‍ നിസ്കരിക്കുന്നതാണ് വീട്ടില്‍ (മറ്റുറൂമുകളില്‍) നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം, വീട്ടില്‍ നിസ്കരിക്കുന്നതാണ് നിന്റെ കുടുംബപള്ളിയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം, കുടുംബപള്ളിയില്‍ നിസ്കരിക്കുന്നതാണ്, എന്റെ കൂടെ ഈ പള്ളിയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം (ഇമാം അഹ്മദ്, ത്വബ്റാനി). ചുരുക്കത്തില്‍ പ്രവാചകരുടെ കാലത്ത് ചില സ്ത്രീകള്‍ പള്ളിയില്‍ പോകാറുണ്ടായിരുന്നെങ്കിലും അത് ഉത്തമമല്ലായിരുന്നുവെന്നും നിരുല്‍സാഹപ്പെട്ടുത്തപ്പെട്ടിരുന്നുവെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. പിന്നീട് സമൂഹത്തിന്റെ മാനസികൌന്നത്യത്തിന് മാറ്റം വരുകയും പോക്കിലും വരവിലും ഹറാമുകള്‍ വരാനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കും വിധം സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി പോവുകയും ചെയ്തപ്പോള്‍ ആഇശ ബീവി(റ) പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്, സ്ത്രീകള്‍ ഇന്ന് ചെയ്തുകൂട്ടുന്നത് കണ്ടിരുന്നെങ്കില്‍ ബനൂ ഇസ്റാഈലിലെ സ്ത്രീകള്‍ക്ക് പള്ളി വിലക്കിയ പോലെ പ്രവാചകരും വിലക്കുമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍, ഭൌതിക സാഹചര്യങ്ങള്‍ മാറിവരുന്നതിനനുസരിച്ച് കര്‍മ്മങ്ങളുടെ വിധികളും മാറിവരുമെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അതനുസരിച്ചാണ് ഇക്കാലത്ത് ഇത്തരം നിഷിദ്ധ കാര്യങ്ങളുണ്ടാവാനുള്ള സാധ്യത ഉറപ്പാണെന്നതിനാല്‍ സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് നിഷിദ്ധമാണെന്ന് പല പണ്ഡിതരും പറയുന്നത്. ശാഫീ മദ്ഹബിന്‍റെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്നുഹജര്‍ (റ) തന്റെ ഫതാവാ എന്ന ഗ്രന്ഥത്തില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹറമുകളിലെ ഇമാമുമാര്‍ ഇടക്കിടെ ഇക്കാര്യം ഖുതുബകളിലും പ്രസ്താവനകളിലുമായി തുറന്ന് പറഞ്ഞ് സ്ത്രീകള്‍ ഹറമുകളിലേക്ക് വരുന്നത് തന്നെ പരമാവധി നിരുല്‍സാഹപ്പെടുത്താറുമുണ്ട്. പ്രവാചകരുടെ നിരുല്‍സാഹനങ്ങളിലൂടെയും ആഇശ(റ) അടക്കമുള്ള ശേഷം വന്ന പണ്ഡിതരുടെ ഇടപെടലുകളിലൂടെയും സ്ത്രീകള് പള്ളിയില്‍ പോകുന്നത് ഭൂരിഭാഗ ഇടങ്ങളിലും ഇല്ലാതായി എന്നതാണ് സത്യം. അത് വീണ്ടും പ്രോല്‍സാഹിപ്പിച്ച് തിരിച്ചുകൊണ്ടുവരേണ്ടതല്ലെന്ന് എല്ലാ പണ്ഡിതരും അംഗീകരിക്കുന്നതാണ്. ചിലരെങ്കിലും ഇതിനെ ആരാധനാ സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ-പുരുഷ സമത്വത്തിന്‍റെയും ഭാഗമായി തെറ്റിദ്ധരിച്ചോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരാധന പ്രതിഫലം ലഭിക്കാനുള്ളതാണ്. അതിലെ സ്ഥലപുണ്യവും സമയപുണ്യവുമെല്ലാം തീരുമാനിക്കുന്നത് പ്രതിഫലം നല്‍കുന്ന സ്രഷ്ടാവാണ്. അതില്‍ സമത്വത്തിന്റെയോ സ്വാതന്ത്ര്യത്തിന്റെയോ ഘടകങ്ങള്‍ ചികയുന്നത് ശരിയല്ല തന്നെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter