അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


അവയവത്തിലേക്ക് വെള്ളം ചേരുന്നതിനെ തടയുന്ന വസ്തുക്കള്‍ ഇല്ലാതിരിക്കുകയെന്നതാണ് വുളൂഇലും കുളിയിലും ശര്‍ത്ത്. മെഴുക്, കട്ടയായ എണ്ണ, മൈലാഞ്ചിയുടെ തടി പോലോത്തതാണ് വെള്ളം ചേരുന്ന വസ്തുക്കളുടെ ഉദാഹരണമായി ഫുഖഹാഅ് പറഞ്ഞത്. മൈലൈഞ്ചിയുടെ നിറം, മഷിയുടെ നിറം, ദ്രാവകരൂപത്തിലുള്ള എണ്ണ പോലെയുള്ളത് അവയവത്തിലുണ്ടാകുന്നത് (എണ്ണ കാരണം വെള്ളം അവയവത്തില്‍ സ്ഥിരപ്പെട്ടു നില്‍ക്കുന്നില്ലെങ്കില്‍ പോലും) കുഴപ്പമില്ലെന്ന് പണ്ഡിതര്‍ വ്യകത്മായി പറഞ്ഞിട്ടുണ്ട്.  (ഫത്ഹുല്‍മുഈന്‍).


ചോദ്യത്തിലുന്നയിച്ച വെളിച്ചെണ്ണയോ ഭക്ഷ്യവസ്തുക്കളിലെ എണ്ണയോ സോപ്പോ വെള്ളം ചേരുന്നതിനെ തടയുന്ന വസ്തു അല്ലാത്തതിനാല്‍ വുളൂഇലോ കുളിയിലോ ഭംഗം വരുന്നില്ല. സോപ്പ് കലക്കി സോപ്പുവെള്ളമാക്കി  ത്വഹൂറായ വെള്ളത്തിന്‍റെ പരിധിക്ക് പുറത്താവുന്ന തരത്തിലുള്ള വെള്ലമുപയോഗിച്ച് കുളിക്കുന്ന പതിവ് ശൈലി ഇല്ലല്ലോ. ആയതിനാല്‍ സോപ്പുപയോഗിക്കുന്നതും കുഴപ്പമായി വരുന്നില്ല. ഫര്‍ള് കുളിയില്‍ ശരീരിത്തിലെ അഴുക്കുകള്‍ നീക്കാനാവശ്യമായ വസ്തുക്കളുപയോഗിച്ച് അഴുക്കുകള്‍ നീക്കം ചെയ്യുകയെന്നത് കുളിയുടെ ഭാഗമായ സുന്നത്ത് കൂടിയാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.