അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ.. അനിസ്ലാമിക ഭരണം നിലനിൽക്കുന്ന സ്ഥലത്ത് ജീവിക്കുന്ന മുസ്ലിംകൾ പൊതുവെ രാജ്യത്തെ ഭരണ നിയമങ്ങൾ പാലിച്ച് ജീവിക്കണം. എന്നാൽ മതപരമായ വിഷയങ്ങളിൽ രാജ്യ നിയമം എതിരായാൽ അത്തരം വിഷയങ്ങളിൽ അല്ലാഹുവിലേക്കും അവന്റെ തിരു ദുതരിലേക്കും മടങ്ങണം, അതാണ് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർക്ക് ഉത്തമം (സൂറത്തുന്നിസാഅ്).


അപ്പോൾ രാജ്യ നിയമങ്ങളിൽ വ്യക്തമായ സത്യ നിഷേധമോ മതവിരുദ്ധതയോ ഉണ്ടെങ്കിൽ അത് തിരുത്തുവാൻ ഫലപ്രദമായ രീതിയിലുള്ള ഇടപെടലുകൾ നടത്തണം. അതിന് രാജ്യത്ത് കലാപവും ജനജീവിതം കൂടുതൽ ദുസ്സഹവും വിപരീത ഫലം ഉളവാക്കുന്നതുമായ തീവ്രമായ രീതികൾ സ്വീകരിക്കാതെ സമുദായം ഒറ്റക്കെട്ടായി നിന്ന് അത്തരം നിയമങ്ങൾ പ്രായോഗിക തലത്തിൽ കൊണ്ടുവരാൻ ഒരു മത വിശ്വാസിക്കുള്ള പ്രയാസം ഭരണ രംഗത്തുള്ളവരെ ബോധ്യപ്പെടുത്തിയും അഹിംസാ മാർഗത്തിൽ സമ്മർദ്ധം ചെലുത്തിയും തിരുത്തുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണം.


ജനാധിപത്യ രാജ്യങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതും അവ ഭേതഗതി ചെയ്യുന്നതും ജനങ്ങൾ തെരഞ്ഞെടുക്കുന്ന സാമാജികരായതിനാൽ ഇക്കാര്യം വളരേ എളുപ്പമാണ്. പക്ഷെ സമൂദായത്തിലെ ഓരോരുത്തരും ഓരോ പാർട്ടിയും കൊടിയുമായി ഭിന്നിച്ചു നിൽക്കാതെ എല്ലാവരും ഒത്തൊരുമിച്ച് നിന്ന് നാലോ അഞ്ചോ വർഷം തോറും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ വൈയക്തികവും സാമൂഹികവും മതപരവുമായ ഭാവി കൂടിയാണ് വിധിയെഴുതപ്പെടുന്നത് എന്ന ഉത്തമ ബോധ്യത്തോട് കൂടി എല്ലാ തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ ഭാഗദേയം ഉറപ്പു വരുത്തി രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടേയും വിശ്വാസങ്ങളെ മാനിക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുത്താലേ അത് എളുപ്പത്തിൽ സാധ്യമാകുകയുളളൂ. ഏതൊരു വ്യക്തിയേയും നന്മയുടെ പ്രതീകമായി പരിവർത്തിപ്പിക്കുന്ന നമ്മുടെ മത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് മാതൃകാ പരമായി സമൂഹത്തിൽ നാം ജീവിക്കുകയാണെങ്കിൽ എല്ലാ വിഭാഗം ജനങ്ങളേയും നമ്മിലേക്ക് ആകർഷിക്കുവാനും നമ്മുടെ ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമത്തിൽ അവരുടെയെല്ലാം പിന്തുണ നേടുവാനും നമുക്ക് സാധിക്കും.


എന്നാൽ ശക്തനായ ഭരണാധികാരി അയാൾ അക്രമിയും തെമ്മാടിയുമാണെങ്കിൽ കൂടി അയാൾക്കെതിരെ സായുധ സമരത്തിനും കലാപത്തിനും ഇറങ്ങിപ്പുുറപ്പെടൽ അടിച്ചമർത്തപ്പെടലിലും രക്തച്ചൊരിച്ചിലിലും അതിന് മുതിരുന്നവരുടേയും അവരെ പിന്തുണക്കുന്നവരുടേയും അവർ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന്റേയുമടക്കം ജീവിതം കൂടുതൽ ദുരിത പൂർണ്ണമാകുന്നതിലും രാജ്യത്തിന്റെ പൊതു അന്തരീക്ഷം കലാപകലുഷിതമാകുന്നതിലും കലാശിക്കുമെന്നതിനാൽ അത്തരം തീവ്രമായ നിലപാടുകളിലേക്ക് നീങ്ങൽ നിഷിദ്ധമാണ് എന്ന് മഹാന്മാരായ ഇമാമുമാർ വ്യക്തമാക്കിയിട്ടുണ്ട് (ശർഹു മുസ്ലിം, ഫത്ഹുൽ ബാരി). 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.