അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..


ഇവിടെ രണ്ടു കാര്യങ്ങൾ മനസ്സിലാക്കൽ പ്രസക്തമാണ്. ഒന്ന്, താടി വടിക്കുന്നതിന്റ വിധി. രണ്ട്, മതപരമായ ഒരു കാര്യത്തിൽ തൊഴിലുടമയെ അനുസിരക്കൽ.


ഒന്നാമതായി താടി വടിക്കൽ കറാഹത്താണ് എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം (തുഹ്ഫ, ബുജൈരിമി, ഫതാവാ റംലി). എന്നാൽ മദ്ഹബിലെത്തന്നെ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം അത് ഹറാമാണ് എന്നതാണ് (ഫത്ഹുൽ മുഈൻ, ഹാശിയത്തുശർവാനീ, ഹാശിയത്തുൽ കാഫിയ). മറ്റു മൂന്ന് മദ്ഹബുകളിലും താടി വടിക്കൽ ഹാറാമാണ് (ഹാശിയത്തു ഇബ്നു ആബിദീൻ, ഫത്ഹുൽ ഖദീർ, ഹാശിയത്തുൽ അദവി, അദ്ദഖീറഃ, കശ്ശാഫ്, മത്വാലിബ്). ചുരുക്കത്തിൽ താടി വടിക്കാതിരിക്കലാണ് ഗുണകരം.


രണ്ടാമതായി, നബി (സ്വ) അരുൾ ചെയ്തു: “ഒരു മനുഷ്യനേയും അല്ലാഹുവിന് എതിര് കാണിക്കുന്ന വിഷയത്തിൽ അനുസരിക്കരുത്. അനുസരിക്കേണ്ടത് നല്ല കാര്യങ്ങളിലാണ്” (ബുഖാരി, മുസ്ലിം, നസാഈ, അബൂദാവൂദ്, അഹ്മദ്). അത് കൊണ്ട് തന്നെ മദ്ഹബിലെ പ്രബലമായ അഭിപ്രായത്തിൽ താടി വടിക്കൽ കറാഹത്താണ് എന്നതിനാൽ ഒരാൾ അത് ചെയ്യലും തൊഴിലുടമ നിർബ്ബന്ധിച്ചതിനാൽ അത് ചെയ്യലും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് കറാഹത്തും രണ്ടാമത്തേത് ഹറാമുമാകും. കാരണം ആദ്യത്തേത് മഹാന്മാർ തെളിവുകളുടെ വെളിച്ചത്തിൽ രേഖപ്പെടുത്തിയതാണെങ്കിൽ രണ്ടാമത്തേത് തൊഴിലുടമയുടെ വ്യക്തിപരവും ഭൌതികവുമായ താൽപര്യത്തിന് വിധേയപ്പെടലാണ്.


ഇത്തരം ഏത് വിഷയത്തിലും അല്ലാഹുവെ സൂക്ഷിക്കുന്നതാണ് ഉത്തമം. എങ്കിൽ അവൻ അത് മൂലം സംഭവിക്കാവുന്ന ഏത് പ്രയാസത്തിലും തുറന്ന പരിഹാരം ഉണ്ടാക്കിത്തരികയും നാം നിനച്ചിരിക്കാത്ത മാർത്തിലൂടെ ജീവിത വിഭവങ്ങൾ നമുക്ക് പ്രാപ്യമാക്കിത്തരികയും ചെയ്യും (സൂറത്തു ത്വലാഖ്)


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.