മിഅരാജിന്‍റെ രാത്രിയി നബി(സ) അല്ലാഹുവിനെ കണ്ടത് നാമൊക്കെ ഒരു വസ്തുവിനെ കാണുമ്പോഴുള്ള ശരിക്കുമുള്ള കാഴ്ച തന്നെയാണോ? ആ കാഴ്ച്ചയെ ക്കുറിച്ച് സഹാബതിനു വിശദീകരിച്ചു കൊടുത്ത വല്ല ഹദീസും ഉണ്ടോ? വിശ്വാസികള്‍ മാത്രമാണോ അല്ലാഹുവിനെ കാണുകയുള്ളൂ? ഹിസാബിന്‍റെ സമയത്ത് അവിശ്വാസികളും കാണില്ലേ? സജദ സൂറത്തിലെ പത്താം ആയത്തില്‍ അവിശ്വാസികളും കണ്ടുമുട്ടുമെന്ന് പറയുന്നുണ്ടല്ലോ?

ചോദ്യകർത്താവ്

മുഹമ്മദ് ശമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അല്ലാഹുവിനെ കണ്ട ഒരേ ഒരു പ്രവാചകനാണ് മുഹമ്മദ് മുസ്ഥഫാ (സ).  സൂറത്തുന്നജ്മിലെ 11, 13 ആയതുകളുടെ തഫ്സീറുകളില്‍ റസൂല്‍ (സ) അല്ലാഹുവിനെ നേരില്‍ ദര്‍ശിച്ചതായി അഭിപ്രായമുണ്ട്. ബഹുമാനപ്പെട്ട അബ്ദുല്ലാഹ് ബ്ന് അബ്ബാസ് (റ)വിനും ഇതേ അഭിപ്രായമാണ്. തസ്വവ്വുഫിന്‍റെ മഹാന്മാരെല്ലാവരും നബി(സ) അല്ലാഹുവിനെ കണ്ണു കൊണ്ടു ദര്‍ശിച്ചുവെന്ന്  ഐക്യകണ്ഠേന അഭിപ്രായപ്പെടുന്നു. ഇതു തന്നെയാണ് സ്വഹാബികളിലെയും താബിഉകളിലെയും മുഹഖ്ഖിഖുകളുടെ അഭിപ്രായവും.  ഇമാം നവവി (റ) തങ്ങള്‍ ശറഹു മുസ്ലിമില്‍ ഇതു സംബന്ധമായി പറഞ്ഞത് ഏറെ പ്രസ്താവ്യമാണ്.  ((ചുരുക്കത്തില്‍, പ്രബലമായത് റസൂല്‍ (സ) ഇസ്റാഇന്‍റെ രാവില്‍ അല്ലാഹുവിനെ തന്‍റെ തലയിലെ രണ്ടു കണ്ണു കൊണ്ട് കണ്ടിട്ടുണ്ട്.  ഇബ്നു അബ്ബാസ് (റ)വിന്‍റെ ഹദീസ് തന്നെയാണ് ഇതിനു കാരണം. ഇതേ അഭിപ്രായമാണ് ഇക്റിമ, അനസ്, ഹസന്‍, റബീഅ് ബ്ന്  സുലൈമാന്‍ (റ) എന്നിവര്‍ക്കും ഒരു സംഘം മുഫസ്സിറുകള്‍ക്കും))  ഇബ്നു അബ്ബാസ് (റ) റിപോര്‍ട്ട് ചെയ്ത ഹദീസ് താഴെ കൊടുക്കുന്നു.

«إِنَّ اللَّهَ اصْطَفَى إِبْرَاهِيمَ بِالْخُلَّةِ، وَاصْطَفَى مُوسَى بِالْكَلَامِ، وَاصْطَفَى مُحَمَّدًا بِالرُّؤْيَةِ»

(അല്ലാഹു ഇബ്റാഹീം (അ)മിനെ ഖലീലായി തെരഞ്ഞെടുത്തു. മൂസാ (അ)നെ സംസാരത്തിനായി തെരഞ്ഞെടുത്തു. മുഹമ്മദ് (സ)യെ ദര്‍ശനത്തിനായി തെരഞ്ഞെടുത്തു. )

ഥബ്റാനി, ദാറഖുഥ്നി, ഇബ്നു ഖുസൈമ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര് അവരുടെ ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.  വേറെയും ഹദീസുകള്‍ ഇതേ ആശയത്തില്‍ പല ഗ്രന്ഥങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്. തഫ്സീറുകളിലും ചിലത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മുഴുവന്‍ ഹദീസുകളും ഉദ്ധരിക്കാനുള്ള സന്ദര്‍ഭമല്ല ഇത്. നിസ്കാരം 50 വഖ്തില്‍ നിന്ന് 5 വഖ്താക്കാനായി റസൂല്‍ (സ) അല്ലാഹുവിനെ സമീപിച്ചപ്പോഴെല്ലാം റബ്ബിനെ കണ്ടിട്ടുണ്ടെന്ന അഭിപ്രായമാണ് ശാഫിഈ (റ) വിനുള്ളത്. അഹ്മദ് ബ്ന് ഹന്ബല്‍ (റ) വിനും ഇബ്നു അബ്ബാസ് (റ) വിന്‍റെ അഭിപ്രായം തന്നെയാണ്.

നബി (സ) അല്ലാഹുവിനെ കണ്ടത് ഏതെങ്കെലും സൃഷ്ടികളുടെ സാദൃശ്യവുമില്ലാതെ, ഭാഗങ്ങളോ, രൂപങ്ങളോ ഇല്ലാതെയായിരുന്നു.

ആഖിറത്തില്‍ വിശ്വാസികള്‍ക്കു മാത്രമായി ലഭിക്കുന്ന വലിയ ഭാഗ്യമാണ് അല്ലാഹുവിനെ ദര്‍ശിക്കുക എന്നത്.  സ്വര്‍ഗ പ്രവേശത്തിനു മുമ്പും അതിനു ശേഷവും ദര്‍ശനമുണ്ടാകും. പതിനാലാം രാവില്‍ ചന്ദ്രനെ കാണുന്നതുപോലെ നാളെ ആഖിറത്തില്‍ അല്ലാഹുവിനെ വിശ്വാസികള്‍ കാണുമെന്ന് നബി(സ) അരുള്‍ ചെയ്തിരിക്കുന്നു. സൂറതുല്‍ ഖിയാമയിലെ താഴെ കൊടുത്ത ആയതുകളും ഇത് വ്യക്തമാക്കുന്നുണ്ട്.

وُجُوهٌ يَوْمَئِذٍ نَاضِرَةٌ (22) إِلَى رَبِّهَا نَاظِرَةٌ (23) وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ (24)ـ

അന്നേ ദിവസം ചില മുഖങ്ങള്‍ പ്രകാശിതമാണ്. അവയുടെ രക്ഷിതാവിലേക്കു നോക്കുന്നതായിരിക്കും. ചിലമുഖങ്ങള്‍ വല്ലാതെ ചുളിഞ്ഞവയുമായിരിക്കും.

അവിശ്വാസികള്‍ അല്ലാഹുവിനെ ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കുകയില്ല. ഖുര്‍ആനിലെ 83-ാം സൂറത്തിലെ 15-ാം ആയത് കാണുക.

كَلَّا إِنَّهُمْ عَنْ رَبِّهِمْ يَوْمَئِذٍ لَمَحْجُوبُونَ

ഇല്ല, തീര്‍ച്ചയായും അന്നേ ദിവസം അവര്‍ (അവിശ്വാസികള്‍) അവരുടെ റബ്ബില്‍ നിന്നും മറക്കപ്പെടുന്നതാണ് (അഥവാ റബ്ബിനെ കാണുന്നതില്‍ നിന്നും വിലക്കപ്പെടും)

സജ്‍ദ സൂറത്തിലെ പത്താമത്തെ ആയതില്‍ കാഫിറുകള്‍ അല്ലാഹുവിനെ ദര്‍ശിക്കുമെന്നു പറയുന്നില്ല. മറിച്ച് അല്ലാഹുവിനെ ദര്‍ശിക്കുന്നതിനെ അവര്‍ നിഷേധിക്കുന്നു എന്നാണ്. ആ ആയത് താഴെ കൊടുക്കുന്നു.

وَقَالُوا أَإِذَا ضَلَلْنَا فِي الْأَرْضِ أَإِنَّا لَفِي خَلْقٍ جَدِيدٍ بَلْ هُمْ بِلِقَاءِ رَبِّهِمْ كَافِرُونَ

കാഫിറുകള്‍ പറഞ്ഞു ഞങ്ങള്‍ ഭൂമി(ക്കടി)യില്‍ മറഞ്ഞ്  ഇല്ലാതെയായാല്‍ തീര്‍ച്ചയായും ഞങ്ങളെ പുതുതായി സൃഷ്ടിക്കപെടുമെന്നോ. പക്ഷേ, അവര്‍ അവരുടെ റബ്ബിനെ കണ്ടുമുട്ടുന്നതിനെ അവര്‍ നിഷേധിക്കുന്നവരാണ്.

ഇവിടെ ലിഖാഅ് എന്നതു കൊണ്ട് രണ്ടു അര്‍ത്ഥമാണു വ്യാഖ്യാനിക്കപ്പെടുന്നത്. 1) അല്ലാഹുവിനെ വിശ്വാസികള്‍ ആഖിറത്തില്‍ ദര്‍ശിക്കുമെന്നതിനെ ഈ കാഫിറുകള്‍ നിഷേധിക്കുന്നു. 2) ഈ ലോകത്തു ചെയ്തതിനു ആഖിറത്തില്‍ അല്ലാഹുവിന്‍ വിചാരണയും ശിക്ഷയുമുണ്ടാകുമെന്നതിനെ അവര്‍ നിഷേധിക്കുന്നു. - ഈ അര്‍ത്ഥത്തിലാകുമ്പോള്‍ അല്ലാഹുവിനെ  കണ്ടുമുട്ടുക എന്നത് അവന്‍റെ ശിക്ഷയേല്‍ക്കുന്നതിനു പകരമായിട്ടുള്ള ഒരു ആലങ്കാരിക പ്രയോഗമാണ്. ഇത് നാം സാധാരണ മലയാളത്തിലും പ്രയോഗിക്കാറുണ്ടല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter