വിഷയം: ‍ തറാവീഹ് നിസ്കാരം ഇരുപത് റക്അത്

തറാവീഹ് നമസ്കാരം എത്ര റക്അത്താണ്? 20 ആണോ 11 ആണോ 8 ആണോ?

ചോദ്യകർത്താവ്

Bilal

Apr 29, 2020

CODE :Aqe9747

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

`വിശ്രമിക്കുക' എന്നര്‍ത്ഥം വരുന്ന `തര്‍വിഹത്ത്‌' എന്ന പദത്തിന്റെ ബഹുവചനമാണ്‌ തറാവീഹ്‌. നാല്‌ റക്‌അത്തുകള്‍ക്കിടയില്‍ അല്‍പസമയം വിശ്രമിക്കാറുണ്ടായിരുന്നത്‌ കൊണ്ടാണ്‌ ഓരോ നാല്‌ റക്‌അത്തുകള്‍ക്ക്‌ `തര്‍വിഹത്ത്‌' എന്ന പേര്‌ വിളിക്കപ്പെടുന്നത്‌. തര്‍വിവഹത്തിന്‍റെ ബഹുവചനമായ തറാവീഹ്‌ കൊണ്ടുള്ള നാമകരണം ഈ നിസ്‌കാരത്തില്‍ രണ്ടില്‍ കൂടുതല്‍ തര്‍വിഹത്തുകള്‍ ഉണ്ടെന്ന്‌ വ്യക്തമാക്കുന്നു. അപ്പോള്‍ ചുരുങ്ങിയത്‌ 12 റക്‌അത്തുകളെങ്കിലും വേണം. എട്ട്‌ റക്‌അത്താണെന്ന്‌ വാദമുന്നയിക്കുന്നവര്‍ക്ക്‌ തറാവീഹ്‌ എന്ന നാമകരണത്തിന്‌ ചെയ്യാന്‍ ന്യായമില്ല. മറിച്ച്‌ `തര്‍വീഹാനി' എന്നായിരുന്നു പറയേണ്ടിയിരുന്നത്‌.

ഹിജ്റ രണ്ടാം വർഷമാണ് തറാവീഹ് നിസ്കാരത്തിന് തുടക്കംകുറിച്ചത്. പ്രസ്തുത വർഷം 23, 25, 27 എന്നീ ഇടവിട്ട് മൂന്നു രാവുകളിൽ മാത്രമാണ് നബി(സ്വ) തറാവീഹ് നിസ്കാരം സംഘടിതമായി നിർവഹിച്ചത്. നബി(സ്വ) എത്ര റകഅത്ത് നിസ്കരിച്ചുവെന്ന് വ്യക്തമാക്കുന്ന സ്വഹീഹായ പരമ്പരയിലൂടെ റിപോർട്ട് ചെയ്യപ്പെട്ടതായി ഒരു ഹദീസിലും വന്നിട്ടില്ല. പ്രമുഖ സ്വഹാബിവര്യൻ നുഅ്മാനുബ്നു ബശീറി(റ)ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''ഞങ്ങൾ നബി(സ്വ)യുടെ നേത്യത്വത്തിൽ റമളാനിലെ ഇരുപത്തിമൂന്നാം രാവിൽ രാത്രിയുടെ മുന്നിലൊരു ഭാഗം വരെയും ഇരുപത്താഞ്ചാം രാവിൽ രാത്രിയുടെ പകുതി വരെയും ഇരുപത്തേഴാം രാവിൽ പുലർച്ചയോടടുക്കും വരെയും നിസ്കരിച്ചു." (നസാഈ, ദാരിമി, ഹാകിം). തുടർന്നുള്ള എട്ടു വർഷവും നബി(സ്വ) തനിച്ചാണ് തറാവിഹ് നിസ്കരിച്ചത്. സംഘടിതമായി നിസകരിച്ച രാത്രികളിലുള്ള സ്വഹാബത്തിന്‍റെ ആവേശം കണ്ടപ്പോള്‍ സമുദായത്തിന്‍റെമേല്‍ ഇത് നിര്‍ബന്ധമാകുമോ എന്ന ഭയംമൂലം നാലാംദിവസം നിസ്കാരത്തിന് നേതൃത്വം നല്‍കാനായി നബി(സ്വ) പള്ളിയിലേക്ക് വന്നില്ല (തുഹ്ഫ 2-240, നിഹായ 2-115)

ഈ നിസ്ക്കാരത്തിന് തറാവീഹ് എന്ന നാമം സ്വഹാബത്തിന്‍റെ കാലഘട്ടത്തിൽതന്നെ പ്രസിദ്ധമായിരുന്നു. ഹിജ്റ 14ൽ റമളാൻ രാവുകളിൽ തറാവീഹ് നിസ്കാരം നിലനിർത്തുന്നതിനുവേണ്ടി ഉമർ(റ) ഉത്തരവിട്ടതായി ഇമാം മസ്ഊദി(റ)യുടെ മുറുജുദ്ദഹബിൽ (2-328) പ്രസ്താവിച്ചിട്ടുണ്ട്.

ഇമാം അബുലൈസി സമർഖന്ദി(റ) അലിയ്യുബ്നു അബീത്വാലിബി(റ)ൽ നിന്ന് നിവേദനം: "നിശ്ചയം ഉമർ(റ) ഒരു ഇമാമിന്‍റെ പിന്നിൽ ജമാഅത്തായി സംഘടിപ്പിച്ച ഈ തറാവീഹ് നിസ്കാരത്തിന് അവലംബം എന്നിൽനിന്നു കേട്ട ഹദീസായിരുന്നു. ഞാൻ നബി(സ്വ)യിൽ നിന്ന് കേട്ടതാണ് പ്രസ്തുത ഹദീസ്." (തൻബീഹു സമർഖന്ദി: പേജ് 124)

ഉമര്‍(റ) പുനഃസംഘടിപ്പിച്ച ജമാഅത്തായുള്ള തറാവീഹ് നിസ്കാരം 20 റക്സത്തായിരുന്നുവെന്നതിന് നിരവധി തെളിവുകളുണ്ട്. നബി(സ്വ)യുടെ കൂടെ മുമ്പ് വിശദീകരിച്ച രാത്രികളിൽ തറാവീഹ് നിസ്കരിച്ച നിരവധി സ്വഹാബികൾ ഉമർ(റ)ന്‍റെ കാലത്തുണ്ട്. അവർ ഉബയ്യുബ്നു കഅ്ബി (റ)ന്‍റെ പിന്നിൽ മഅ്മൂമുകളായി 20 റക്സഅത്ത് തറാവീഹ് നിസ്കരിച്ചു. അവർ ആരും ഖലീഫാ ഉമർ(റ) നടപ്പിൽ വരുത്തിയ ഈ നല്ല ബിദ്അത്തിനെ എതിർത്തില്ല. അതുകൊണ്ടു തന്നെ സ്വഹാബത്തിന്‍റെ കാലത്ത് തറാവീഹ് 20 റകഅത്തുണ്ടെന്നതിൽ 'സുകുതിയായ ഇജ്മാഅ്' ഉണ്ടായി.

പിന്നീട് ഗവേഷണയോഗ്യരായ പണ്ഡിതർ 20 റകഅത്താണെന്നതിൽ യോജിച്ചപ്പോൾ ഖുർആൻ, സുന്നത്ത്, പ്രമാണങ്ങളെപ്പോലെ ഖണ്ഡിത പ്രമാണമായി 'ഇജ്മാഅ് എന്ന പദവിയിലേക്ക് ഉയർന്നു. ആകയാൽ, തറാവീഹ് 20 റകഅത്താണെന്നതിന് ഇജ്മാഉണ്ട്. ഇജ്മാഇനെ നിഷേധിച്ചവൻ വിശ്വാസം പിഴച്ചവനാണ്.

തറാവീഹ് നിസ്കാരം നാല് മദ്ഹബിലും 20ൽ കുറയാത്ത എണ്ണമുണ്ട്. മാലികീ മദ്ഹബിൽ ചുരുങ്ങിയ എണ്ണം 20ഉം 36 വരെ വർധിപ്പിക്കാവുന്നതുമാണ്. മദീന നിവാസികൾ 36 റക്അത്ത് വരെ നിർവഹിക്കാറുണ്ടെന്നും അവരുടെ പ്രവൃത്തി തെളിവാണെന്നുമാണ് ഇമാം മാലികി(റ)ന്‍റെ പക്ഷം. മക്കക്കാർ നാല് റക്അത്ത് നിസ്കരിച്ചാൽ കഅ്ബ ത്വവാഫ് ചെയ്യും. അവരോട് സാദ്യശ്യമാകാൻ വേണ്ടി മദീനക്കാർ ത്വവാഫിന്‍റെ സ്ഥാനത്ത് നാല് റക്സത്തുകൾ കൂടുതലാക്കിക്കൊണ്ടാണ് 36 റക്അത്താക്കിയത്. (തുഹ്ഫ 2/241).

ശാഫിഈ മദ്ഹബനുസരിച്ചും റമളാനിൽ മദീനയിലുള്ളവര്‍ക്ക് തറാവീഹിന്‍റെ നിയ്യത്തോടുകൂടി തന്നെ 36 റഅത്ത് നിസ്കരിക്കാം. പക്ഷേ, അവരും 20 റകഅത്ത് നിസ്കരിക്കലാണ് ഏറ്റവും പുണ്യം. (തുഹ്ഫ: ശർവാനി 2/241)

തറാവീഹ് 20 റക്അത്താണെന്ന വിശ്വാസത്തോടെ 20ൽ താഴെ എണ്ണത്തിൽ ചുരുക്കി നിസ്കരിച്ചാൽ നിസ്കരിച്ചതിന്‍റെ പ്രതിഫലം തറാവീഹ് എന്ന നിലയ്ക്ക് തന്നെ ലഭിക്കും. (തുഹ്ഫ 2/225). പ്രസ്തുത വിശ്വാസമില്ലാതെ തറാവീഹിന് ഇഹ്റാം ചെയ്താൽ നിസ്കാരം സാധുവാകില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter