സ്വര്‍ഗ്ഗത്തിന്‍റെയും നരകത്തിന്‍റെയും ഇടയിലെ അഅ്റാഫിനെ കുറിച്ച് വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

jasmine

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ അഅ്റാഫ് എന്നത് സ്വര്‍ഗ്ഗത്തിന്‍റെയും നരകത്തിന്‍റെയും ഇടയിലെ സ്ഥലമാണ് എന്ന്. അതൊരു പര്‍വ്വതമാണെന്നും മതിലാണെന്നും അതല്ല ഒരിടമാണെന്നുമൊക്കെ വിവിധാഭിപ്രായങ്ങളുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അഅ്റാഫിലുള്ള ആളുകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് (സുറതുല്‍അഅ്റാഫ് 46). അവര്‍ അഅ്റാഫിലിരുന്നുകൊണ്ട് സ്വര്‍ഗ്ഗക്കാരെയും നരകക്കാരെയും കാണുന്നതായും അവരോട് പലതും ചോദിക്കുന്നതായും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. വിചാരണ നടക്കുന്നതോടെ ജനങ്ങള്‍ മൂന്ന് വിഭാഗമായിത്തീരുമെന്നും, അതില്‍ നന്മകള്‍ കൂടുതലുള്ളവര്‍ സ്വര്‍ഗ്ഗത്തിലേക്കും തിന്മകള്‍ കൂടുതലുള്ളവര്‍ നരകത്തിലേക്കും അയക്കപ്പെടും. നന്മയും തിന്മയും തുല്യമായവരായിരിക്കും ശേഷിക്കുക. അല്ലാഹു ഉദ്ദേശിക്കുന്ന പ്രത്യേക സമയത്തേക്ക് അവരെ അഅ്റാഫില്‍ നിര്‍ത്തുകയും പിന്നീട് സ്വര്‍ഗ്ഗത്തിലേക്ക് പറഞ്ഞയക്കുകയും ചെയ്യുമെന്നാണ് പണ്ഡിതാഭിപ്രായം. ഇബ്നുഅബ്ബാസ്(റ)വിനോട് അഅ്റാഫിനെക്കുറിച്ചും അവിടെയുള്ള ആളുകളെക്കുറിച്ചും ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, അഅ്റാഫ് എന്നത് സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള ഒരു പര്‍വ്വതമാണ്, മരങ്ങളും പഴങ്ങളും നദികളുമെല്ലാം അതിലുമുണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്ത് രക്തസാക്ഷിയാവാനുള്ള ഉല്‍ക്കടമായ ആഗ്രഹം കാരണം, മാതാപിതാക്കളുടെ സമ്മതമില്ലാതെ ജിഹാദിന് പുറപ്പെട്ട് രക്തസാക്ഷികളായവരാണ് അതില്‍ പാര്‍പ്പിക്കപ്പെടുക. രക്തസാക്ഷികളായതിനാല്‍ അവരെ നരകം സ്പര്‍ശിക്കില്ല, എന്നാല്‍ മാതാപിതാക്കളെ അനുസരിക്കാത്തതിനാല്‍ നേരിട്ട് സ്വര്‍ഗ്ഗത്തിലേക്ക് അയക്കുകയുമില്ല. ശേഷം അല്ലാഹു അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുംവരെ അവര്‍ അവിടെ കഴിയുന്നതാണ്. അല്ലാഹു നമ്മെയെല്ലാവരെയും സ്വര്‍ഗ്ഗാവകാശികളില്‍ ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter