എന്താണ് ജൂത മതം എന്ന് വിശദീകരിച്ചു തരാമോ? അവര്‍ ആരെ ആണ് അരാധിക്കുന്നത്?

ചോദ്യകർത്താവ്

മന്‍സൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലോകത്തിലെ പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ ജൂതമതം അഥവാ യഹൂദമതം. യഹോവ എന്ന പേരിലറിയപ്പെടുന്ന ദൈവം ഏകനാണെന്നും, തങ്ങള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ്‌ അവരുടെ കാതലായ വശം. യഅ്ഖൂബ് (അ)ന്റെ പന്ത്രണ്ടു മക്കളില്‍ ഒരാളായ യഹൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. യഅ്ഖൂബ് (അ)ന്‍റെ മറ്റൊരു പേരായ ഇസ്റാഈല്‍ എന്നതിലേക്ക് ചേര്‍ത്തി ഇവരെ ഇസ്റാഈല്യര്‍ എന്നും പറയുന്നു. എബ്രായ ബൈബിള്‍ ആണ് യഹൂദമതസ്ഥരുടെ വിശുദ്ധഗ്രന്ഥം. ഏകനും അരൂപിയും അനാദിയും അനന്ത്യനുമാണ് ദൈവമെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നുമാണ് ജൂതരുടെയും വിശ്വാസം. പ്രവാചകരിലൂടെ ദൈവം മനുഷ്യരാശിയെ ഉല്‍ബോധിപ്പിക്കുന്നു എന്നും ഏറ്റവും വലിയ പ്രവാചകന്‍ മോശെ (മൂസ (അ)) ആണെന്നും അവര്‍ വിശ്വസിക്കുന്നു. രക്ഷാശിക്ഷകളിലും മരണാനന്തരജീവിതത്തിലും അവര്‍ വിശ്വസിക്കുന്നുണ്ട്. ആരാധനാകര്‍മ്മങ്ങളിലും ദൈനംദിന ജീവിതരീതികളിലുമെല്ലാം അവര്‍ക്ക് തങ്ങളുടേതായ നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. മൂസാ (അ)ന്റെ കൈകളിലൂടെ ഫിര്‍ഔനില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവരുടെ സന്താനങ്ങളാണ് ഇന്ന് യഹൂദര്‍ എന്ന പേരിലറിയപ്പെടുന്നത്. ഓരോ പ്രവാചകരുടെയും ആഗമനത്തോടെ സംഭവിച്ചത് തന്നെയാണ് ഇവരുടെയും ഉല്‍ഭവത്തിനും കാരണമായതെന്ന് നമുക്ക് മനസ്സിലാക്കാം. ഓരോ പ്രവാചകരും വരുന്നതോടെ അതുവരെയുള്ള പ്രവാചകരുടെ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുകയും പുതിയ പ്രവാചകരെ ജനങ്ങള്‍ അംഗീകരിക്കേണ്ടതുമാണ്. എക്കാലത്തും ഇതിന് വിരുദ്ധമായി സംഭവിക്കുകയും പഴയ പ്രവാചകനെ തന്നെ പിന്തുടര്‍ന്ന് ഒരു സമൂഹം നിലനില്‍ക്കുകയും ചെയ്തുപോന്നിട്ടുണ്ട്. അങ്ങനെയാണ് ഓരോ മതവും ജന്മം കൊള്ളുന്നത്. യഹൂദാമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ചരിത്രത്തില്‍നിന്ന് തന്നെ ഇത് ഏറെ വ്യക്തമാണ്. മൂസാ (അ) ന് ശേഷം നിയമസംഹിതയും ഗ്രന്ഥവുമായി വന്നത് ഈസാ (അ) ആയിരുന്നല്ലോ. അദ്ദേഹത്തെ പിന്തുടരുന്നതിന് പകരം അവര്‍ പഴയ നിയമങ്ങളുമായി തന്നെ തുടര്‍ന്നതാണ് ജൂതമതമായി പിന്നീട് അറിയപ്പെട്ടത്. ശേഷം മുഹമ്മദ് (സ) പ്രവാചകരായി നിയോഗിക്കപ്പെട്ടപ്പോള്‍ അതുവരെ ഈസാനബിയെ പിന്തുടര്‍ന്നിരുന്നവരും പ്രവാചകരെ അംഗീകരിക്കേണ്ടതായിരുന്നു. അതിന് തയ്യാറാവാതെ ഒരു വിഭാഗം മാറി നിന്നത് ക്രിസ്തുമതത്തിന്‍റെ ഉല്‍ഭവത്തിനും കാരണമാവുകയാണുണ്ടായത്. യഥാര്‍ത്ഥ വിശ്വാസം പിന്തുടരാനും അതനുസരിച്ച് ജീവിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter