ശിര്‍ക്ക്‌ എന്നാല്‍ എന്താണ്? അതിനെ കുറിച്ച് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏകനും നിരാശ്രയനും ജനിച്ചവനോ ജനിപ്പിക്കപ്പെട്ടവനോ അല്ലാത്തവനും തുല്യനായി ഒരാളുമില്ലാത്തവനുമാണ് പടച്ച തമ്പുരാന്‍. അതാണ് വിശുദ്ധ ഇസ്‌ലാമിന്‍റെ അടിസ്ഥാന വിശ്വാസം. സൂറതുല്‍ ഇഖലാസ് ഇക്കാര്യമാണ് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്. മറ്റാരെയും ആശ്രയിക്കാത്തതാണ് പടച്ച തമ്പുരാന്‍റെ കഴിവുകളെല്ലാം. ആ കഴിവുകള്‍ മറ്റാര്‍ക്കെങ്കിലുമുണ്ടെന്ന് വിശ്വസിക്കുകയോ ആരാധനക്കര്‍ഹനോ ഉണ്ടാവല്‍ നിര്‍ബന്ധമായതായി മറ്റാരെങ്കിലും ഉണ്ടെന്നോ വിശ്വസിക്കുന്നതാണ് ശിര്‍ക്.  ഇതാണ് അടിസ്ഥാനം. അല്ലാഹു അല്ലാത്തവര്‍ക്ക് സ്വന്തമായി സഹായിക്കാനാവും എന്ന വിശ്വാസത്തില്‍ മരണപ്പെട്ടവരെയോ ജീവിച്ചിരിക്കുന്നവരെയോ മറ്റു എന്തുവസ്തുവിനെ വിളിച്ച് പ്രാര്‍ത്ഥിച്ചാലും അതൊക്കെ ശിര്‍ക് തന്നെയാണ്. ഈ ആശയം വ്യക്തമാക്കുന്ന ധാരാളം ആയതുകള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. ഡോക്ടര്‍ക്ക് സ്വന്തമായി രോഗം മാറ്റാനാവുമെന്ന വിശ്വാസത്തോടെ ഡോക്ടറെ സമീപിക്കുന്നതും അതിന്റെ പരിധിയില്‍ പെട്ടത് തന്നെ. എന്നാല്‍, അല്ലാഹു നല്‍കിയ കഴിവുകൊണ്ട് സഹായിക്കുമെന്ന ഉദ്ദേശ്യത്തോടെ മറ്റുള്ളവരെ വിളിച്ചാല്‍ അത് ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്നത് വ്യക്തമാണല്ലോ. കാരണം അവിടെയൊക്കെ യഥാര്‍ത്ഥ കഴിവ് അല്ലാഹുവിന്‍റേതാണെന്നും അവന്‍ നല്‍കിയ കഴിവ് കൊണ്ട് മാത്രമാണ് മറ്റുള്ളവരുടേത് എന്നുമാണ് വിശ്വാസം. നബിയും വലിയ്യും ഡോക്ടറുമെല്ലാം തന്നെ അല്ലാഹുവിന്‍റെ സൃഷ്ടികളാണെന്ന് തന്നെയാണ് ഒരു വിശ്വാസിയുടെ വിസ്വാസം. തവസ്സുല്‍, ഇസ്തിഗാസ എന്നിവ വരുന്നത് ഇതിന്റെ പരിധിയിലാണ്, കാരണം ലാഇലാഹഇല്ലല്ലാഹ് എന്ന് ഉറച്ച് വിശ്വസിക്കുന്ന, എല്ലാ കഴിവുകളും അല്ലാഹുവിന്റേത് മാത്രമാണെന്ന് അറിയുന്നവരാണ് അത് ചെയ്യുന്നത് എന്നത് തന്നെ. മരുന്നും അത് കുറിച്ചുതരുന്ന ഡോക്ടറും കേവലം നിമിത്തങ്ങളാണെന്ന് വിശ്വാസത്തോടെ ഡോക്ടറോട് സഹായം തേടുന്ന പോലെത്തന്നെയാണ് അത്. ചുരുക്കത്തില്‍ മേല്‍പറഞ്ഞ വിശ്വാസമാണ് പ്രധാനം, അതില്‍ മരിച്ചവരെന്നോ ജീവിച്ചിരിക്കുന്നവരെന്നോ ഭൌതികമെന്നോ അഭൌതികമെന്നോ വ്യത്യാസമില്ല. ഇവ്വിഷയകമായി കൂടുതലറിയാന്‍ ഇവിടെ നോക്കുക. ശിര്‍ക് എന്നത് ഏറെ അപകടകരമാണ്. അത് ആരോപിക്കുന്നതും അപകടം തന്നെ. ബഹുഭൂരിഭാഗ മുസ്‌ലിംകളുടെ മേലിലും ശിര്‍ക് ആരോപിക്കുന്ന ചില പുത്തന്‍ആശയക്കാരെ കുറിച്ച് തെറ്റിദ്ധരിച്ചവരെന്നേ പറയാനുള്ളൂ. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെങ്കിലും മറ്റുള്ളവരെ മുശ്രിക് ആക്കുന്നത് ഏറെ ഗൌരവമേറിയതാണ്, അത് നിസ്സാരമായി എഴുതിത്തള്ളാവുന്നതല്ല. സത്യം സത്യമായി മനസ്സിലാക്കാനും സത്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം അത് ഉള്‍ക്കൊള്ളാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter