ഞാന്‍ സൂഫി ദര്‍ശനങ്ങള്‍ എന്ന ഭാഗത്ത്‌ ഗസാലി തങ്ങള്‍ അല്ലാഹുവിനെ സ്വപ്നത്തില്‍ കണ്ടതും അല്ലാഹു ഉപദേശിച്ചതും വായിച്ചു. അല്ലാഹുവിനെ സ്വപ്നത്തില്‍ കണ്ടു എന്നതിനു തങ്ങള്‍ എന്തെങ്കിലും വിശദീകരണം നല്‍കുന്നുണ്ടോ. അങ്ങിനെ കാണാന്‍ സാധ്യമാവില്ല, കാണുന്നതൊന്നും അവനെപ്പോലെ അല്ല എന്നല്ലേ അല്ലാഹു പറഞ്ഞിട്ടുള്ളത്. ഒന്ന് വിശദീകരിച്ചു തരുമോ.

ചോദ്യകർത്താവ്

മുജീബ് റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ലാഹുവിനെ സ്വപ്നത്തില്‍ കാണാവുന്നതാണെന്നാണ് അഹ്ലുസ്സുന്നത്തിവല്‍ജമാഅയുടെ വിശ്വാസം. ഉമര്‍ അന്നസഫിയും സഅ്ദുദ്ദീന്‍ അത്താഫ്താസാനിയും ശറഹുല്അഖാഇദില് അഭിപ്രായ വ്യത്യാസമന്യെ അത് സാധ്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇമാം ബഗവി, ഇമാം ദാരിമി തുടങ്ങി അല്ലാഹുവിനെ സ്വപ്നത്തില് കാണാമെന്നു വ്യക്തമായി പറയുന്ന മാഹാന്മാരുടെ നീണ്ട ഒരു പട്ടിക തന്നെ ഉണ്ട്. അതിനു പുറമെ, സ്വഹീഹായ ഹദീസുകളില്‍ നബി(സ) തങ്ങള്‍ അല്ലാഹുവിനെ സ്വപ്നത്തില് കണ്ടതായി കാണാം. ഇമാം തിര്‍മുദി, ദാറഖുത്നി, ഇമാം അഹ്മദ്, ത്വബ്റാനി, സുയൂഥി തുടങ്ങി അനവധി ഹദീസ് പണ്ഡിതന്മാര്‍ സ്വഹീഹാണെന്നു പറഞ്ഞതാണ് പ്രസ്തുത ഹദീസ്. മാത്രമല്ല മുഅ്തസിലകള്‍ മാത്രമാണ് അല്ലാഹുവിനെ സ്വപനം കാണാന്‍ സാധ്യമല്ല എന്നു വാദിച്ചിരുന്നവര്‍. സലഫികളുടെ (വഹാബികളുടെ) നേതാക്കളായ ഇബ്നു തീമിയയും ഇബ്നു ഖയ്യിമും അല്ലാഹുവിനെ സ്വപ്നത്തില് കാണാമെന്നു അംഗീകരിക്കുന്നവരാണ്. മേല് പറഞ്ഞ ഹദീസ് സഹീഹ് ആണെന്ന് അവരുടെ ഹദീസ് പണ്ഡിതനായ അല്ബാനിയും അംഗീകരിക്കുന്നുണ്ട്. സ്വപ്നത്തില് കാണുന്ന രൂപങ്ങള്‍ക്കും അവസരങ്ങള്‌‍ക്കും ചില വ്യാഖ്യാനങ്ങളുണ്ട്. ചില മഹാന്മാര്‍ സ്വപനത്തില്‍ അല്ലാഹുവിനെ കണ്ട രൂപങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും അവയെല്ലാം ആ സ്വപ്ന സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും മാത്രമാണ്. അല്ലാഹു ദിശകള്‍ക്കോ, സ്ഥല കാല മാനങ്ങള്‍ക്കോ അധീനനല്ല. അല്ലാഹുവിന്‍റെ സാന്നിധ്യം അറിയുകയും അല്ലാഹുമായി സംസാരിക്കുകയും ചെയ്താലും അല്ലാഹുവിനെ സ്വപ്നത്തില് കണ്ടു എന്നു പറയാവുന്നതാണ്. "കാണുന്നതൊന്നും അവനെപ്പോലെയല്ല" എന്ന് അല്ലാഹു പറഞ്ഞതായി എവിടെയും ഇല്ല. അല്ലാഹുവിനെ പോലെ ഒന്നുമില്ല. എന്ന ഖുര്‍ആന്‍ വാക്യത്തിന്‍റെ വിശദീകരണത്തില് നാം കാണുന്ന സൃഷ്ടികളില്‍ ഒന്നിനോടും അല്ലാഹുവിന് സാദൃശ്യമില്ല എന്നതില് നിന്ന് ചോദ്യകര്ത്താവ് മനസ്സിലാക്കിയതാവാം ഈ വാക്യം. അല്ലാഹുവിനെ നേരിട്ട് കണ്ണു കൊണ്ടു തന്നെ നാളെ ആഖിറത്തില് കാണുമെന്നാണ് സുന്നത്ത് ജമാഅത്തിന്‍റെ ഏക കണ്ഠമായ വിശ്വാസം. ധാരാളം ഹദീസുകളും ആയതുകളും അത് വ്യക്തമാക്കുന്നുമുണ്ട്. മാത്രമല്ല നബി(സ) മിഅ്റാജിന്‍റെ രാത്രിയില്‍ അല്ലാഹുവിനെ കണ്ണു കൊണ്ട് നേരിട്ട് ദര്‍ശിച്ചു എന്നാണ് ബഹുമാനപ്പെട്ട അബുല് ഹസന് അശ്അരി, നവവി, സുയൂഥി, ഇബ്നഹജര്‍, ഉമര്‍ ന്നസഫി, തഫ്താസാനി, അല്‍അമീനുല്‍ കുര്‍ദി തുടങ്ങി ഒരു വലിയ പക്ഷത്തിന്‍റെ അഭിപ്രായം തന്നെ.  (മുകളില്‍ പറയപ്പെട്ട എല്ലാ മഹാന്മാരിലും അല്ലാഹുന്‍റെ കരുണയും രക്ഷയമുണ്ടാവട്ടെ ... ആമിന്‍) അല്ലാഹു അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍ നമ്മെ അവന്‍ ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter