ഒരു വ്യക്തി തന്‍റെ വിശ്വാസത്തിനു തെളിവ് മാനദണ്ഡമാക്കുന്നു. അഥവാ ഇസ്ലാമിക വിശ്വാസത്തിനു തെളിവ് കൂടിയേ തീരൂ എന്ന് ശക്തമായി വാദിക്കുന്നു. അങ്ങിനെയെങ്കില്‍ അത് യുക്തി വാദത്തിന് സമാനമല്ലേ? തെളിവു കിട്ടിയാലേ വിശ്വസിക്കൂ എന്ന വാദം ശരിയാണോ?

ചോദ്യകർത്താവ്

സാദിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിശ്വസിക്കാന്‍ തെളിവ് വേണമെന്ന് പറയുന്നത് കൊണ്ട് മാത്രം യുക്തിവാദമാകുന്നില്ല. വിശ്വാസ കാര്യങ്ങളെ ബുദ്ധിപരമായും കര്‍മ്മപരമായ കാര്യങ്ങളെ പ്രാമാണികമായും തെളിയിക്കുക എന്നതാണ് അടിസ്ഥാനം. വിശ്വാസ കാര്യങ്ങളെയെല്ലാം തെളിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണല്ലോ പടച്ച തമ്പുരാന്‍ മനുഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുത്തിരിക്കുന്നതും. വിശ്വാസ കാര്യങ്ങളില്‍ ഏറ്റവും പ്രധാനം അല്ലാഹുവിന്‍റെ വുജൂദും വഹ്ദാനിയതുമാണല്ലോ. ആകാശ ഭൂമികളെ ആരാണ് സൃഷ്ടിച്ചതെന്ന് ചോദിക്കുന്നതിലൂടെയും ഒന്നില്‍ കൂടുതല്‍ ഇലാഹുകളുണ്ടായിരുന്നെങ്കില്‍ എല്ലാം നശിച്ചുപോകുമായിരുന്നു എന്ന് പറയുന്നതിലൂടെയും അത്തരം കാര്യങ്ങളെ ബുദ്ധിപരമായി തെളിയിക്കുകയാണല്ലോ ചെയ്യുന്നത്. അത് കഴിഞ്ഞാല്‍ പിന്നെ വരുന്നത് പ്രവാചകത്വമാണ്. അതും തെളിയിക്കാനായി അമാനുഷിക സംഭവങ്ങള്‍ നല്‍കുന്നുണ്ട്. ഈ അടിസ്ഥാന കാര്യങ്ങള്‍ വിശ്വസിച്ച് കഴിഞ്ഞാല്‍, മലകുകളെയും ഗ്രന്ഥങ്ങളെയും അന്ത്യനാളിലും വിശ്വസിക്കേണ്ടിവരുമല്ലോ. വിശ്വാസശാസ്ത്രത്തിലെ ഗ്രന്ഥങ്ങളും ഇത്തരം കാര്യങ്ങളെയെല്ലാം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുന്നതോടൊപ്പം ബുദ്ധിപരമായും അവയെ സ്ഥാപിക്കുന്നുണ്ട്. അതേസമയം, വിശ്വസിക്കാന്‍ യുക്തിഭദ്രമായിരിക്കേണ്ടതുണ്ടോ എന്നത് വ്യക്തികളെ ആശ്രയിച്ച് മാറിക്കൊണ്ടിരിക്കുന്നതാണ്. കാര്യങ്ങളെ ബുദ്ധിയുടെയും യുക്തിയുടെയും കോണിലൂടെ മാത്രം വീക്ഷിക്കുന്ന ആളുകള്‍ക്ക് അത് കൂടിയേ തീരൂ. എന്നാല്‍, വിശ്വാസം എന്നതിനെ വളരെ പവിത്രമായും പാവവനമായും അതിലേറെ അതൊരു അനുഭൂതിയായും കാണുന്നവര്‍ക്ക് പലപ്പോഴും തെളിവുകള്‍ വേണ്ടിവരില്ല. പ്രബോധനരീതിയില്‍ നല്ല രീതിയില്‍ തര്‍ക്കിക്കാനും ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ആയതിന്‍റെ വ്യാഖ്യാനത്തില്‍, തര്‍ക്കത്തിലൂടെ കാര്യങ്ങളുടെ ശരിയും തെറ്റും മനസ്സിലാക്കിയെടുക്കുന്നവരെയാണ് അത്തരത്തില്‍ പ്രബോധനം ചെയ്യേണ്ടത് എന്ന് വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ മറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കുന്നവരെ ഖുര്‍ആന്‍ പ്രത്യേകം എടുത്ത് പുകഴ്ത്തിപ്പറഞ്ഞതായും കാണാം. സൂറതുല്‍ബഖറയുടെ തുടക്കത്തില്‍ തന്നെ ഇത്തരം ഒരു പരാമര്‍ശം കാണാം, മഹത്തായ ഈ ഖുര്‍ആന്‍ പരിപൂര്‍ണമായ ഗ്രന്ഥമാകുന്നു. ഇതില്‍ ഒട്ടും സംശയമില്ല. സൂക്ഷിക്കുന്നവര്‍ക്ക് ഇത് മാര്‍ഗദര്‍ശനമാകുന്നു. അവര്‍ അദൃശ്യങ്ങളില്‍ വിശ്വസിക്കയും നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കയും അവര്‍ക്ക് നാം കൊടുത്തതില്‍ നിന്ന് ചെലവഴിക്കയും ചെയ്യുന്നവരാകുന്നു. ചുരുക്കത്തില്‍, യുക്തിഭദ്രമായ തെളിവുകള്‍ അന്വേഷിക്കുന്നു എന്നത് മാത്രം യുക്തിവാദമല്ല. എന്നാല്‍ എല്ലാം തന്‍റെ യുക്തിക്ക് ഉള്‍ക്കൊള്ളാനാവണം എന്നത് വിശ്വാസകാര്യങ്ങളില്‍ ചിലപ്പോഴെങ്കിലും സാധിക്കാതെ വന്നേക്കാം. ഖബ്റിലെ ശിക്ഷയും രക്ഷയുമെല്ലാം ബുദ്ധികൊണ്ടോ ബാഹ്യേന്ദ്രിയങ്ങള്‍ കൊണ്ടോ തെളിയിക്കപ്പെടാവുന്നതല്ല. എന്നാല്‍, അല്ലാഹുവിലും പ്രവാചകരിലും വിശ്വസിക്കുന്നവര്‍ക്ക് അത് വിശ്വസിക്കല്‍ നിര്‍ബന്ധമാണ് താനും. ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter