അല്ലാഹുവിന്‍റെ പരീക്ഷണങ്ങളില്‍ വിജയം നേടാന്‍ പ്രത്യേകമായി ചെയ്യാവുന്ന വല്ല ദുആകളും ഉണ്ടോ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജീവിതം തന്നെ പരീക്ഷണമാണെന്നതാണല്ലോ നാം വിശ്വസിക്കുന്നത്. വിവിധ മാര്‍ഗ്ഗത്തിലൂടെ അല്ലാഹു മനുഷ്യരെ പരീക്ഷിക്കുമെന്നും ഖുര്‍ആനിലൂടെയും ഹദീസുകളിലൂടെയും മനസ്സിലാക്കാം. സമ്പത്ത് നല്‍കിയും നല്‍കാതെയും മക്കളെ നല്‍കിയും നല്‍കാതെയുമെല്ലാം പരീക്ഷിക്കും. സൂറതുല്‍ ഫജ്റില്‍ ഇങ്ങനെ കാണാം, എന്നാല്‍ മനുഷ്യന്‍- തന്‍റെ റബ്ബ് അവനെ പരീക്ഷിക്കുകയും അങ്ങനെ ആദരിക്കുകയും സൌഖ്യം നല്‍കുകയും ചെയ്താല്‍, എന്റെ റബ്ബ് എന്നെ ആദരിച്ചിരിക്കുന്നു എന്നു അപ്പോള്‍ അവന്‍ പറയും. ഇനി റബ്ബ് തന്നെ പരീക്ഷിക്കുകയും അങ്ങനെ ആഹാരം തന്റെ മേല്‍ കുടുസ്സാക്കുകയും ചെയ്താല്‍, എന്റെ റബ്ബ് എന്നെ അപമാനിച്ചിരിക്കുന്നു എന്നാണവന്‍ പറയുക. (സൂറതുല്‍ ഫജ്ര്‍ 15,16)  അനുഗ്രങ്ങളുണ്ടാവുമ്പോള്‍ നന്ദി രേഖപ്പെടുത്തലും ബുദ്ധിമുട്ടുകളുണ്ടാവുമ്പോള്‍ അതില്‍ ക്ഷമ പാലിക്കലുമാണ് പരീക്ഷണത്തിലെ ഏറ്റവും വലിയ വിജയം. ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, വിശ്വാസിയുടെ കാര്യം അല്‍ഭുതം തന്നെ, അവന്‍റെ കാര്യങ്ങളെല്ലാം ഖൈറാണ്. ഇത് വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. അവന് സന്തോഷകരമായ കാര്യം വന്നുപെട്ടാല്‍ അവന്‍ അല്ലാഹുവിന് ശുക്റ് ചെയ്യും,അത് അവന് ഖൈറാണ്. ഇനി അവന്ന് ബുദ്ധിമുട്ട് ആയ വല്ലതും സംഭവിച്ചാല്‍ അവന്‍ ക്ഷമിക്കും, അതും അവന് ഖൈറ് തന്നെ. പ്രവാചകര്‍ (സ) ത്വാഇഫിലെത്തിയപ്പോള്‍ അവിടത്തുകാരുടെ അക്രമം സഹിക്ക വയ്യാതെ ഒരിടത്ത് ഇരുന്നപ്പോള്‍ നടത്തിയ ദുആ ഏറെ ശ്രദ്ധേയമാണ്. ജീവിതത്തില്‍ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഈ ദുആ ചെയ്യേണ്ടതാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

اللّهُمّ إلَيْك أَشْكُو ضَعْفَ قُوّتِي ، وَقِلّةَ حِيلَتِي ، وَهَوَانِي عَلَى النّاسِ، يَا أَرْحَمَ الرّاحِمِينَ ! أَنْتَ رَبُّ الْمُسْتَضْعَفِينَ وَأَنْتَ رَبّي ، إلَى مَنْ تَكِلُنِي ؟ إلَى بَعِيدٍ يَتَجَهّمُنِي ؟ أَمْ إلَى عَدُوّ مَلّكْتَهُ أَمْرِي ؟ إنْ لَمْ يَكُنْ بِك عَلَيّ غَضَبٌ فَلَا أُبَالِي ، وَلَكِنّ عَافِيَتَك هِيَ أَوْسَعُ لِي ، أَعُوذُ بِنُورِ وَجْهِك الّذِي أَشْرَقَتْ لَهُ الظّلُمَاتُ وَصَلُحَ عَلَيْهِ أَمْرُ الدّنْيَا وَالْآخِرَةِ مِنْ أَنْ تُنْزِلَ بِي غَضَبَك ، أَوْ يَحِلّ عَلَيّ سُخْطُكَ، لَك الْعُتْبَى حَتّى تَرْضَى ، وَلَا حَوْلَ وَلَا قُوّةَ إلّا بِك

അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിച്ച് പരീക്ഷണങ്ങളെ വിജയകരമായി നേരിടാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter