വിശ്വാസിയെ ഒരു മാളത്തിൽ നിന്ന് രണ്ടു തവണ പാമ്പ് കടിക്കില്ല എന്ന ഹദീസിന്‍റെ വിവക്ഷ എന്താകുന്നു?

ചോദ്യകർത്താവ്

ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരേ മാളത്തില്‍ നിന്ന് ഒരു വിശ്വാസിയെ രണ്ട് തവണ പാമ്പ് കടിക്കില്ല എന്ന് ഹദീസില്‍ കാണാം. ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസില്‍ ഇത് കാണാവുന്നതാണ്. ഒരു വിശ്വാസി അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കേണ്ടവനാണ് എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം എന്നാണ് പണ്ഡിതര്‍ വ്യാഖ്യാനിക്കുന്നത്. അബൂഅസ്സതുല്‍ഖുറശീ എന്ന പ്രശസ്തനായ കവിയെ ഉഹ്ദ് യുദ്ധാനന്തരം ബന്ധിയാക്കി പിടിക്കപ്പെട്ട് പ്രവാചകരുടെ മുമ്പില്‍ കൊണ്ട് വന്ന വേളയിലാണ് പ്രവാചകര്‍ ഈ ഹദീസ് പറഞ്ഞത് എന്ന കിതാബുകളില്‍ കാണാം. അബൂഅസ്സ ബദ്ര്‍ യുദ്ധത്തില്‍ പ്രവാചകര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ ഒട്ടേറെ കവിതകള്‍ രചിച്ച് ആവേശം കത്തിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ബന്ധിയായി പിടിക്കപ്പെട്ട അദ്ദേഹം, ഇനി മേല്‍ താന്‍ മുസ്‌ലിംകള്‍ക്കെതിരിലോ പ്രവാചകര്‍ക്കെതിരിലോ ഒന്നും പ്രവര്‍ത്തിക്കില്ലെന്ന് വാക്ക് കൊടുത്തത് പ്രവാചകര്‍ അദ്ദേഹത്തെ വെറുതെ വിട്ടു. പക്ഷേ, ആ വാക്കിന് വിരുദ്ധമായി അയാള്‍ ഉഹ്ദ് യുദ്ദത്തില്‍ പങ്കെടുക്കുകയാണ് ചെയ്തത്. ശേഷം വീണ്ടും പിടിക്കപ്പെട്ടപ്പോള്‍, ഇനി അയാളെ വെറുതെ വിടരുതെന്ന് പറഞ്ഞ വേളയിലാണ്, പ്രവാചകര്‍ ഇത് കൂടി പറഞ്ഞത്, ഒരു വിശ്വാസിയെ ഒരേ മാളത്തില്‍നിന്ന് രണ്ട് തവണ പാമ്പ് കടിക്കില്ല എന്ന്. പാമ്പ് കടിക്കില്ല എന്നാണ് ഹദീസിലെ വാക്യാര്‍ത്ഥമെങ്കിലും അത്തരം അവസ്ഥ ഉണ്ടാവരുതെന്ന് ആവശ്യമായ മുന്‍കരുതലുകള്‍ ഓരോ കാര്യത്തിലും മുന്‍അനുഭവങ്ങളെ അടിസ്ഥാനമാക്കി സ്വീകരിച്ചിരിക്കണമെന്നുമാണ് ഇതിന്‍റെ അര്‍ത്ഥം എന്നാണ് വ്യാഖ്യാതാക്കള്‍ പറയുന്നത്. അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് വിശ്വാസികളായി ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter