ആത്മാര്‍ത്ഥതയോടെ ഭക്തനായി ജീവിച്ച ഒരു പാവപ്പെട്ടവനെ മരണ സമയത്ത്‌ ഇബ്‌ലീസ്‌ പിഴപ്പിച്ചാല്‍ അവന്‍ നരകത്തിലായിരിക്കുമോ? അത്‌ നീതിമാനായ റബ്ബിന്‌ യോജിച്ചതാണോ? കാരണം ധിക്കാരിയായി ജീവിച്ച്‌ മരണ സമയം ഞാന്‍ മൂസയുടെയും ഹാറൂണിന്റെയും റബ്ബില്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞ ഫിര്‌ഔന്റെ പ്രാര്‍ത്ഥന സ്വീകരിച്ചിട്ടില്ലല്ലോ

ചോദ്യകർത്താവ്

ബശീര്‍ പറമ്പില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മരണ വെപ്രാള സമയത്ത്  (സകറാതില്‍) ഇബ്‍ലീസും സൈന്യവും ഒരു അവസാന ശ്രമവും കൂടി നടത്തുമെന്ന് ഹദീസുകളുടെയും മഹാന്മാരായ പണ്ഡിതന്മാരുടെ വിശദീകരണങ്ങളിലൂടെയും നമുക്ക് മനസ്സിലാക്കാം. ഇമാം ഖുര്‍ഥുബി തന്‍റെ തദ്കിറ എന്ന കിതാബില്‍ ഈ വിഷയം അല്പം വിശദമായി തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. മരണമാസന്നമാകുന്ന സമയത്ത് മനുഷ്യന്‍റെ വലതു ഇടതു ഭാഗങ്ങളില്‍ രണ്ട് ശൈഥാന്മാര്‍ വന്നിരിക്കുമെന്നും ഒരാള്‍ പിതാവിനെ പോലെ സംസാരിച്ച് നസ്രാനിയായി മരിക്കാന്‍ പ്രേരിപ്പിക്കുമെന്നും മറ്റൊരാള്‍ മാതാവായി ചമഞ്ഞ് ജൂതനായി മരിക്കാന്‍ പ്രേരിപ്പിക്കുമെന്നും പറയുന്ന ഹദീസ് പറഞ്ഞതിനു ശേഷം ഖുര്‍ഥുബി തങ്ങള്‍ അങ്ങനെയുണ്ടായ ചില സംഭവ കഥകളും ഉദ്ധരിക്കുന്നുണ്ട്. കൂട്ടത്തില്‍ ഇമാം അഹ്‍മദ് (റ)വിനെ പിഴപ്പിക്കാനായി മരണ സമയത് പിശാച് വന്ന സംഭവവും വിശദീകരിച്ചിട്ടുണ്ട്. നിസ്കാരത്തിലെ അവസാനത്തെ അത്തഹിയ്യാത്തിലും (തശഹ്ഹുദ്) മറ്റും നാം ചൊല്ലാറുള്ള പ്രാര്‍ത്ഥനയായ  اللهم إني أعوذ بك ........ ومن فتنة المحيا والممات . എന്നതിലെ ഫിത്നതുല്‍ മഹ്‍യാ എന്നതു കൊണ്ടു വിവക്ഷിക്കുന്നത് മരണ സമയത്തുണ്ടായേക്കാവുന്ന പിശാചിന്‍റെ പിഴപ്പിക്കലാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായ പെട്ടിട്ടുണ്ട്. وأعوذ بك أن يتخبطني الشيطان عند الموت  മരണ സമയത്ത് പിശാച് എന്നെ കീഴടക്കുന്നതില്‍ നിന്ന്  (അല്ലാഹുവേ) ഞാന്‍ നിന്നോടു കാവല്‍ ചോദിക്കുന്നു എന്ന് നബി (സ) പ്രാര്‍ത്ഥിച്ചിരുന്നതായി സ്വഹീഹായി ഹദീസില്‍ വന്നിട്ടുണ്ട്. നസാഇ, അബൂദാവൂദ് എന്നിവര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്. റൂഹ് തൊണ്ട കുഴിയിലെത്തിയതിനു ശേഷവും അവസാന നാളിന്‍റെ വലിയ ഒരടയാളമായ, സൂര്യന്‍ പടിഞ്ഞാറു നിന്നുദിക്കുക എന്ന സംഭവത്തിനു  ശേഷവും അല്ലാഹു അടിമകളുടെ തൌബ സ്വീകരിക്കുകയില്ല. എന്നാല്‍ അതിനു ശേഷവും അവര്‍ തുടരുന്ന സല്‍കര്‍മ്മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലവും അവര്‍ ചെയ്യുന്ന ചീത്ത പ്രവൃത്തികള്‍ക്ക് ശിക്ഷയും നല്‍കുന്നു. പ്രസ്തുത വിഷയത്തിലേക്കാണ് ഈ ഖുര്‍ആന്‍ ആയത് സൂചന നല്‍കുന്നത്. هَلْ يَنْظُرُونَ إِلَّا أَنْ تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آَيَاتِ رَبِّكَ يَوْمَ يَأْتِي بَعْضُ آَيَاتِ رَبِّكَ لَا يَنْفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آَمَنَتْ مِنْ قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا قُلِ انْتَظِرُوا إِنَّا مُنْتَظِرُون (തങ്ങളുടെ അടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്‍റെ രക്ഷിതാവ് തന്നെ വരുന്നതോ, നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ അല്ലാതെ മറ്റെന്താണവര്‍ കാത്തിരിക്കുന്നത്‌? നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്‍മയും ചെയ്ത് വെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്‍റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല.പറയുക: നിങ്ങള്‍ കാത്തിരിക്കൂ; ഞങ്ങളും കാത്തിരിക്കുകയാണ്‌.) ഇതേ അര്‍ത്ഥത്തിലൂള്ള ധാരാളം ഹദീസുകളും വന്നിട്ടുണ്ട്. മരണം വരെ അഹങ്കാരിയായി ജീവിക്കുകയും അല്ലാഹുവിനെ ധിക്കരിക്കുകയും ചെയ്തവന്‍റെ തൊണ്ടകുഴിയില്‍ റൂഹെത്തിയപ്പോള്‍ ഇതു വരെ തനിക്കു ലഭിച്ചിരുന്ന ഉപദേശങ്ങളെല്ലാം ഉള്‍ക്കൊള്ളേണ്ടിയിരുന്നുവെന്നും ഇനി രക്ഷപ്പെടാന്‍ മാര്‍ഗമില്ലെന്നും അറിയുമ്പോള്‍ ഏതൊരാളും മാപ്പു ചോദിച്ചു പോകും. ആ നിര്‍ബന്ധിതാവസ്ഥയിലുള്ള തൌബക്ക് ആയതിനാല്‍ തന്നെയാണ് ഒരു പരിഗണനയും കല്‍പിക്കപ്പെടാത്തതും. എന്നാല്‍ വാസ്തവങ്ങള്‍ ഇത്രയേറെ അടുത്തറിയാനായിട്ടും വീണ്ടും ധിക്കാരത്തിലേക്കു നീങ്ങുന്നവനു മാപ്പു നല്‍കണമെന്നു ഏതു നീതിയാണ് കല്‍പിക്കുക. അല്ലാഹുവിനെ ആത്മാര്‍ത്ഥമായി ആരാധിക്കുന്ന ദാസന്മാരൊരിക്കിലും ഇത്തരം പൈശാചിക ബോധനത്തില്‍ വഴിതെറ്റി പോകുകയില്ല.  قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ،  إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ (അവന്‍ (ഇബ്‍ലീസ്) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്‍പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.)  അതിനാല്‍ മരണ സമയത്തു പിശാചിന്‍റെ ദുര്‍ബോധനത്തിനു വശംവധനാവുന്നവന്‍ അവന്‍റെ ജീവിതത്തില്‍ അവന്‍ ചെയ്ത കളങ്കങ്ങളുടെ പ്രതിഫലമാണെന്നു കൂടി മനസ്സിലാക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter