ഒരാള്‍ ഒരു തെറ്റ് ചെയ്തു, അല്ലാഹുവിനോട് പൊറുക്കലിനെ തേടുകുയം ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും അത് ആവര്‍ത്തിച്ചു. എന്നാല്‍ അദ്ദേഹത്തിന് അത് പൊറുത്ത് കിട്ടുമോ?

ചോദ്യകർത്താവ്

ഉമര്‍ മഞ്ഞമ്പ്ര

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് തന്നെ നന്മയും തിന്മയും ചെയ്യാനുള്ള പക്വതയോടെയാണ്. തെറ്റ് പറ്റുക എന്നത് മനുഷ്യസഹജമാണ്. എല്ലാവരും തെറ്റ് ചെയ്യുന്നവരാണെന്നും തെറ്റ് ചെയ്യുന്നവരില്‍ ഏറ്റവും നല്ലവര്‍ അതില്‍നിന്ന് ഖേദിച്ച് മടങ്ങുന്നവരാണെന്നും ഹദീസുകളില്‍ കാണാം. തൌബയിലൂടെ പൊറുക്കപ്പെടാത്തതായി ഒരു തെറ്റുമില്ല. ഇത് മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് ആദ്യം എടുത്ത തീരുമാനത്തിലെ നിശ്ചയക്കുറവാണ് മനസ്സിലാക്കിത്തരുന്നത്. പൂര്‍ണ്ണമായ ഖേദത്തോടെ നടത്തുന്ന ഏത് തൌബയും അല്ലാഹു സ്വീകരിക്കും. അത് എത്ര തവണ ആവര്‍ത്തിച്ചതാണെങ്കിലും. എന്നാല്‍, അതേ സമയം, വീണ്ടും ചെയ്താലും അല്ലാഹു തൌബ സ്വീകരിക്കുമല്ലോ എന്ന് കരുതി ചെയ്യുന്ന തെറ്റുകള്‍ ഏറെ അപകടകരമാണ്. ഏതോ ദുര്‍ബ്ബല നിമിഷത്തില്‍ നിയന്ത്രണത്തിനതീതമായി ചെയ്തുപോകുന്നതാണ് തെറ്റ്. അല്ലാതെ, ശേഷം തൌബ ചെയ്യാമെന്നും അതിലൂടെ ഇത് പൊറുക്കപ്പെടും എന്നും കരുതി ചെയ്യുന്നത് തൌബയിലൂടെ പൊറുക്കപ്പെടുകയില്ലെന്ന് മാത്രമല്ല, അത് തൌബയെയും അതിലൂടെ അല്ലാഹുവിന്‍റെ കാരുണ്യത്തെയും പരിഹസിക്കുന്നതിന് സമാനമാണ്. അത്തരത്തില്‍ ചെയ്യുന്ന തൌബക്ക് തൌബ എന്ന പേര് പോലും അനുയോജ്യമല്ലെന്നും പറയേണ്ടതില്ലല്ലോ. വാക്കിലും പ്രവൃത്തിയിലും വികാരവിചാരങ്ങളിലും അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കാന്‍ തൌഫീഖ് ലഭിക്കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter