ഖാഫ് മലയെ കുറിച്ച് വിവരിക്കാമോ ?

ചോദ്യകർത്താവ്

മുഹമ്മദ് നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖാഫ് മലയെ കുറിച്ചുള്ള വിവരണങ്ങള്‍ താഴെ പറയുന്നത് പോലെ വായിക്കാം. ഇബ്നു അബ്ബാസ് (റ) രിവായത് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നമ്മുടെ ഭൂമിക്കപ്പുറത്ത് ഭൂമിയെ ചുറ്റുന്ന ഒരു സമുദ്രമുണ്ട് അതിനു പിന്നില്‍ അതിനെ ചുറ്റിക്കൊണ്ട് ഒരു പര്‍വ്വതവുമുണ്ട്. അതിനു ഖാഫ് എന്നാണ് പറയുക. പിന്നെ മറ്റൊരു ഭൂമി പിന്നെ കടല്‍ പിന്നെ ഖാഫ് മല. ഇങ്ങനെ ഓരോന്നും നബി (സ്വ) ഏഴ് വീതം എണ്ണി. അബ്ദുള്ളാഹി ബ്നു ബുറൈദയില്‍ നിന്ന് നിവേദനം. ഖാഫ് മല മരതകം കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്. അത് ദുന്‍യാവിനെയാകമാനം ചുറ്റിക്കിടക്കുന്നു. ആകാശത്തിന്റെ രണ്ട് ഭാഗങ്ങള്‍ അതിനു മുകളിലാണ്. മുജാഹിദ് (റ) വില്‍ നിന്നും ഇതു പോലോത്തത് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഹദീസുകളെല്ലാം പറഞ്ഞതിനു ശേഷം ഇബ്നു ഹജറില്‍ ഹൈതമി പറയുന്നു: ഇങ്ങനെ ഒരു പര്‍വ്വതം ഇല്ലയെന്നതും അത് ഉണ്ടെന്ന് വിശ്വസിക്കല്‍ അനുവദനീയമല്ലെന്നതും ശരിയല്ല. കാരണം മേലുദ്ധരിക്കപ്പെട്ട ഹദീസുകള്‍ കൊണ്ട് അതുണ്ടെന്ന നിഗമനത്തിലെങ്കിലും എത്തിച്ചേരാമല്ലോ. ഇജ്തിഹാദ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ സ്വഹാബികളാരെങ്കിലും പറഞ്ഞാല്‍ അത് നബിയില്‍ നിന്ന് നേരിട്ട് കേട്ട ഹദീസിന്റെ അതേ സ്ഥാനത്താണ് എന്നു കൂടെ ഹൈതമി (റ) പറയുന്നു. (تحفة المحتاج) ഭൂകമ്പമുണ്ടാകാനുള്ള കാരണത്തെ ചര്ച്ച ചെയ്തു കൊണ്ട് ഖസ്‍വീനിയില്‍ നിന്നുദ്ധരിക്കപ്പെടുന്നത് കാണുക: ഖാഫ് പര്‍വ്വതത്തിന്റെ വേരുകള്‍ (കെട്ടിടത്തിന്റെ ഭീമുകളെ പ്പോലെ) ഭൂമിയുടെ എല്ലാ നാടുകളിലൂടെയും സഞ്ചരിക്കുന്നു. ഒരു നാടിനെ ശിക്ഷിക്കാന്‍ അള്ളാഹു ഉദ്ദേശിച്ചാല്‍ ആ വേര് പിടിച്ച് കുലുക്കാന്‍ ഒരു മലക്കിനോട് കല്‍പിക്കും. അങ്ങനെ ആ നാടിനെ ഇളക്കും. ഖാഫ് പര്‍വ്വതമെന്നാല്‍ ദുന്‍യാവിനെ ചുറ്റിക്കിടക്കുന്ന ഒരു പര്‍വ്വതമാണ്. (حاشية البجيرمي) നേരത്തെ തുഹ്ഫയില്‍ പറഞ്ഞ ഹദീസുകളെല്ലാം മഹാനായ ഉമറു ബ്നുല്‍വര്‍ദി തന്റെ خريدة العجائب وفريدة الغرائب എന്ന കിതാബില്‍ ഉദ്ധരിക്കുന്നുണ്ട്. ഇതേ കിതാബില്‍ ഉമറുബ്നു വര്‍ദി (റ) പറയുന്നു: ദുന്‍യാവിലെ ഏറ്റവും വലിയ പര്‍വ്വതം ഖാഫ് പര്‍വ്വതമാണ്. കണ്ണിന്റെ വെള്ള നിറം അതിന്റ കറുപ്പ് നിറത്തോട് ചുറ്റിക്കിടക്കുന്നത് പോലെ ദുന്‍യാവിനോട് ഈ പര്‍വ്വതം ചുറ്റിക്കിടക്കുന്നുണ്ട്. ഇങ്ങനെ തഫ്സീര്‍ സഅ്‍ലബി ഖുര്‍ത്വുബി തുടങ്ങി പല ഗ്രന്ഥങ്ങളിലും ഖാഫ് മലയെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഇബ്നു കസീര്‍ (റ) തന്റെ തഫ്സീറില്‍ പറയുന്നു. ق والقرآن المجيدഎന്നതിലെ ق ഭൂമിയെ ചുറ്റിനിലകൊള്ളുന്ന ഖാഫ് പര്‍വ്വതമാണെന്ന് ചില സലഫുകള്‍ പറഞ്ഞിട്ടുണ്ട്. الله أعلم ഇത് ബനൂ ഇസ്റാഈലുകാരുടെ ഖുറാഫാതുകളില്‍ പെട്ടതായിരിക്കാം. തെറ്റാണെന്നോ ശരിയാണെന്നോ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ അവരില്‍ നിന്ന് ഉദ്ധരിക്കാമെന്ന് മനസ്സിലാക്കിയത് കൊണ്ട് രിവായത് ചെയ്തതാവാം. ശേഷം ഇബ്നു കസീര്‍ (റ) പറയുന്നു: മനുഷ്യര്‍ക്ക് തന്റെ ദീനില്‍ സംശയം ജനിപ്പിക്കാന്‍ വേണ്ടി ചില നിരീശരവാദികള്‍ കെട്ടിപ്പടച്ചുണ്ടാക്കിയതാണ് ഇതും ഇതു പോലോത്തതും എന്നാണെന്റെ അഭിപ്രായം. ഇമാം ഇബ്നു ഹജറുല്‍ ഹൈതമി അതുണ്ടാവാമെന്ന് പറഞ്ഞത് നാം നേരത്തെ ഉദ്ധരിച്ചുവല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ സ്വഹാബതും താബിഉകളും അല്ലാത്തവരും ഉദ്ധരിച്ച ഒരുപാട് ഹദീസുകള്‍ ഖാഫ് പര്‍വ്വതത്തെ കുറിച്ചുണ്ട്. ആ ഹദീസുകളൊന്നും തെളിവ് പിടിക്കാന്‍ പറ്റിയ ഹദീസുകളല്ല. എന്നാല്‍ പല വഴികളിലൂടെ ഈ വിഷയം പ്രതിപാദിക്കുന്ന ഹദീസുകള്‍ വന്നത് കൊണ്ട് അത്തരം ഹദീസുകള്‍ക്ക് ബലം ലഭിക്കുന്നു. ചില പണ്ഡിതര്‍ അത് വെറും മിഥ്യാധാരണയും ഇസ്‍റാഈലി ഖുറാഫാതുകളാണെന്നും മറ്റു ചില പണ്ഡിതര്‍ അതുണ്ടെന്ന് ഉറപ്പിച്ച് പറയുന്നില്ലെങ്കിലും അതുണ്ടാവാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഏതായാലും അതിനെ കുറിച്ചുള്ള ഇല്‍മ് അള്ളാഹുവിലേക്ക് മടക്കാം. ബുദ്ധിക്കുള്‍കൊള്ളാത്തത് കൊണ്ട് അത് നിഷേധിക്കുകയെന്നത് തീരെ ബുദ്ധിയല്ല. അങ്ങനെ തുടങ്ങിയാല്‍ നബി (സ്വ) യില്‍ നിന്നുദ്ധരിച്ച പല ഹദീസുകളും ഖുര്‍ആനിന്റെ ആയതുകള്‍ പോലും ചില വിവരദോഷികള്‍ ചെയ്തത് പോലെ നിഷേധിക്കേണ്ടി വരും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter