ഔലിയാക്കളില്‍ വിവിധ വിഭാഗം ആളുകള്‍ ഉണ്ടല്ലോ , ഖുത്ബ് , ഔതാദ്, അബ്ദാല് , തുടങ്ങിയവ ,,, ഇവരെ കുറിച്ച് വിവരിച്ചാലും ,, ഈ സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ എന്താണ് ചെയ്യേണ്ടത് ..?

ചോദ്യകർത്താവ്

മുഹമ്മദ് നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഔലിയാക്കളില്‍ വിവിധ പദവികളുണ്ട് അത് അഖ്താബ്, അബ്ദാല്‍, നുജബാഅ്, ഔതാദ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇത്തരം പദവികളെ നിഷേധിച്ചവരെ കുറിച്ച് വിവരമില്ലാത്തവരും സത്യം അറിഞ്ഞാലും വിശ്വസിക്കാത്ത ശാഠ്യക്കാരും എന്നാണ് ഇമാം സുയൂഥി (റ) പരിചയപ്പെടുത്തിയത്. അവര്‍ കാരണമാണ് അള്ളാഹു ജീവിപ്പിക്കുക മരിപ്പിക്കുക മഴ വര്‍ഷിപ്പിക്കുക തുടങ്ങിയവ ചെയ്യുന്നതെന്നും സുയൂഥി ഇമാം പറയുന്നു. ഔലിയാക്കളിലെ ഈ മഹാന്മാരെ കുറിച്ച് പറയുന്ന ഹദീസുകളെല്ലാം ഇമാം സുയൂഥി (റ) തന്റെ ഫതാവായില്‍ ഒരുമിച്ച് കൂട്ടിയിട്ടുണ്ട്. മഹാന്മാരായ ഉമര്‍ (റ), അലി (റ) ഹുദൈഫതു ബ്നുല്‍യമാന്‍ (റ), ഉബാദതു ബ്നു സ്വമിത് (റ), ഇബ്നു അബ്ബാസ് (റ), അബ്ദുള്ളാഹിബ്നു ഉമര്‍ (റ), അബ്ദുള്ളാഹിബ്നു മസ്ഊദ് (റ), ഔഫു ബ്നു മാലിക് (റ), മുആദ്ബ്നു ജബല്‍ (റ), വാസിലതുബ്നുല്‍ അസ്ഖഅ് (റ), അബൂ സഈദില്‍ ഖുദ്‍രി (റ), അബൂ ഹുറൈറ (റ), അബു ദ്ദര്‍ദാഅ് (റ), ഉമ്മു സലമ (റ) തുടങ്ങിയ സ്വാഹാബികളും തുടര്‍ന്നു താബിഉകളും അവരെ കുറിച്ചുള്ള ഹദീസുകള്‍ രിവായത് ചെയ്തിട്ടുണ്ടെന്ന് സുയൂഥി (റ) പറയുന്നു. അള്ളാഹു വിന്റെ അടിമകളില്‍ നിന്ന് പ്രത്യേകക്കാരായ മൂന്നുറ് പേരാണ് നുഖബാഅ്, ഇവരുടെ മുകളിലത്തെ പദവിയിലുള്ള എഴുപത് പേര്‍ നുജബാഉം അവര്‍ക്കു മീതെ 40 പേര്‍ അബ്ദാലും അവുരുടെ മുകളിലെ പദവിയിലെത്തിയ ഏഴ് പേര്‍ അഖ്‍യാറും അവര്‍ക്കു മീതെ 4 പേര്‍ ഉമുദും എല്ലാവരേക്കാളും ഉയര്‍ന്ന പദവിയില്‍ ഒരാള്‍ ഗൌസും അല്ലെങ്കില്‍ ഖുതുബും ആയി അള്ളാഹു പദവികള്‍ നിശ്ചയിച്ചിട്ടുണ്ട്. ഒരു പദവിയില്‍ നിന്ന് ഒരാള്‍ വഫാതായാല്‍ തൊട്ടു താഴെ നിന്ന് ഏറ്റവും യോജിച്ച ആള്‍ ആ പദവിയിലേക്ക് ഉയരുന്നു. ഇങ്ങനെ എല്ലാ കാലത്തും ലോകത്ത് ഇവര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ഔതാദ്, ഉറഫാഅ് എന്നിങ്ങനെ പേരില്‍ നേരിയ വിത്യാസം വരുത്തിയും ഹദീസുകള്‍ വന്നിട്ടുണ്ട്. ഇമാം സുയൂഥി (റ) വിനു പുറമെ ഇമാം ഇബ്നു ഹജറില്‍ ഹൈതമിയും തന്റെ ഫാതാവാ അല്‍ ഹദീസിയ്യയില്‍ രിജാലുല്‍ ഗൈബിന്റെ എണ്ണമെത്ര അവരുണ്ടെന്നതിന് തെളിവെന്ത് എന്ന ചോദ്യത്തിനുത്തരമായി ഇതു ഉദ്ധരിച്ചിട്ടുണ്ട് (പേജ് 230). ജീവിതത്തില്‍ സൂക്ഷ്മത പാലിച്ചും മുസ്‍ലിംകള്‍ക്ക് നന്മ മാത്രം കാംക്ഷിച്ചും ആരെയും ആക്ഷേപിക്കുകയോ ബുദ്ധിമുട്ടുകകയോ ആരോടും അസൂയ വെക്കുകയോ നിന്ദിക്കുകയോ ചെയ്യാതെയും ആന്തരിക രോഗങ്ങളില്‍ നിന്ന് മുക്തമായ ഹൃദയം ഉടമപ്പെടുത്തിയും ദുന്‍യാവിന് വേണ്ടിയോ ദുന്‍യാവിനെയോ ഇഷ്ടപ്പെടാതെ അള്ളാഹുവിനെ മാത്രം ലക്ഷ്യം വെച്ച് ജീവിതം സംശുദ്ധമാക്കിയതു മൂലമാണ് അവര്‍ക്ക് ഈ ഉന്നത പദവികള്‍ കരസ്ഥമാക്കാന്‍ സാധിച്ചത്. ഇവരെ പോലെ സംശുദ്ധ ജീവിതം നയിക്കുന്നതിലൂടെ അള്ളാഹുവിന്റെ ഔലിയാഇന്റെ കൂട്ടത്തില്‍ ഉള്‍പെടാം നാഥന്‍ തുണക്കട്ടെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter