ആദ്യമായി അല്ലാഹു പടച്ചത് മുഹമ്മദ്‌ നബി (സ) യുടെ പ്രകാശമാണ് എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ആദ്യമായി പടച്ചത് 'ഖലം' ആണ് എന്ന് പറയുന്നവരും ഉണ്ട്. ഇതിന്റെ വസ്തുത എന്താണ്? വിശദീകരിക്കാമോ?

ചോദ്യകർത്താവ്

M A Rasack Vellila

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ലാഹു സുബ്ഹാനഹു വതആല ആദ്യം സൃഷ്ടിച്ചത് ഏതെന്ന് പണ്ഡിതന്മാര്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആദ്യം ഖലം ആണെന്നും അര്‍ശ് ആണെന്നും ബുദ്ധി (അഖ്‌ല്) ആണെന്നും റസൂല്‍ (സ) തങ്ങളുടെ ജൌഹര്‍ അല്ലെങ്കില്‍ പ്രകാശം ആണെന്നും വ്യത്യസ്ത ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇതിന്റെ വസ്തുത എന്താണെന്നെതിനെ കുറിച്ച് വിശദമായി വിവരച്ചതില്‍ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ് ഗസാലി (റ) ഇമാമിന്‍റെ മആരിജുല്‍ ഖുദുസ്. ഉണ്‍മയിലുള്ളവയെ പിണ്ഡാത്മകമായവ (മുജസ്സമാത്), അലൌകികമായവയ - ആത്മീയമായവ (റൂഹാനിയ്യാത്ത്), ഇവരണ്ടിന്‍റെയും സമഞ്ജസമായവ (മുറക്കബാത്) എന്നിങ്ങനെ വേര്‍തിരിക്കാവുന്നതാണ്. ഇവിടെ മുജസ്സമാത്തില്‍ ആദ്യമായി സൃഷ്ടിച്ചത് അര്‍ശ്, ഖലം എന്നിവയെയും റൂഹാനിയ്യാത്തില്‍ അഖ്‌ലിനെയും മുറക്കബാത്തില്‍ മുഹമ്മദ് മുസ്ഥഫാ (സ) യുടെ സത്ത അഥവാ പ്രകാശവുമാണെന്ന് മനസ്സിലാക്കാം. എന്നാല്‍ സൃഷ്ടിപ്പിന്‍റെ പൂര്‍ണ്ണത ഇവയുടെ സര്‍വ്വ സമഞ്ജസമാകുന്നതിന്റെ പരിപൂര്‍ണ്ണതയിലാണ്. ആ പരിപൂര്‍ണ്ണതയോ നമ്മുടെ റസൂല്‍ (സ)യിലും. അതിനാല്‍ റസൂല്‍ (സ) ന്‍റെ പ്രകാശമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടതെന്ന് വളരെ വിശദമായി ഗസാലി (റ) സമര്‍ഥിക്കുന്നുണ്ട്. മാത്രമല്ല, ആദ്യമായി എന്ന പദത്തിനു സമയക്രമത്തില്‍ ഒന്നാമത്തേത് എന്നോ, സ്ഥാനത്തില്‍ ഒന്നാമത്തേത് എന്നോ പൂര്‍ണ്ണത, സാഫല്യത എന്നിങ്ങനെ എല്ലാ നിലക്കും കൃത്യമായി ആദ്യത്തേത് എന്നോ അര്‍ഥാന്തരങ്ങളുണ്ടെന്ന് കൂടി മനസ്സിലാക്കുമ്പോള്‍ ഇവിടെ പരസ്പര വിരുദ്ധത ഉത്ഭവിക്കുന്നില്ലല്ലോ. ഇങ്ങനെ നോക്കുന്പോഴും പ്രവാചകര്‍ (സ) തങ്ങളുടെ തിരുപ്രകാശം തന്നെയാണ് ആദ്യമായി സൃഷ്ടിക്കപ്പെട്ടതെന്ന് ഇമാം ഗസാലി സമര്‍ഥിക്കുന്നുണ്ട്. ഇതു സംബന്ധിയായ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ഇനിയും നീണ്ടു പോവുന്നുണ്ട്. മുഴുവനും ഇവിടെ ഉദ്ധരിക്കാന്‍ പരിമിതികളുണ്ട്. കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് പ്രസ്തുത ഗ്രന്ഥം അവലംബിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter