വിഷയം: തെറ്റുകൾ
ഞാൻ കോളേജിൽ പഠിക്കുന്നു. അവിടെ നമുക്ക് സൗന്ദര്യം മാക്സിമം പ്രദർശിപ്പിക്കുന്ന യുവതികളായ ടീച്ചർമാർ ഉണ്ട്. എത്ര നല്ല മനസ്സോടെ ആണ് ക്ലാസിലേക്ക് വന്നതെങ്കിലും കുറെ നേരം അവരെ നോക്കി നിൽക്കുമ്പോൾ ഇടക്കുവെച്ച് നോട്ടം തെറ്റായ രീതിയിൽ ആയി പോകുന്നു. പിന്നെയുള്ള നോട്ടങ്ങളും ഇങ്ങനെ തന്നെ ആകുന്നു, ഇനി ക്ലാസ് കഴിഞ്ഞ് ഇറങ്ങി അങ്ങാടിയിൽ പോകുമ്പോഴും പല സൌന്ദര്യമുള്ള പെണ്ണുങ്ങളെ കാണുന്നു. മനസ്സ് ആകെ മാറി പോകും അന്നേരം. വികാരത്തോടെ അന്യ പെണ്ണിനെ കണ്ട് രസിക്കൽ പടച്ചോന് ഇഷ്ടമില്ലല്ലോ. ഇതിനെ ഞാൻ എങ്ങനെയാണ് നേരിടേണ്ടത്? കാരണം ക്ലാസ്സിൽ ടീച്ചർമാരെ നോക്കാതിരിക്കാൻ പറ്റില്ലല്ലോ ? ( ഞാൻ എല്ലാദിവസവും രാത്രി വളരെ കുറച്ചുമാത്രം ഭക്ഷണം കഴിച്ച് നോമ്പ് നോൽകാറുണ്ട്, എന്നാൽ പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുന്നില്ല.)
ചോദ്യകർത്താവ്
ഒരു സുഹൃത്ത്
Jun 11, 2024
CODE :Cou13653
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ആദ്യമായി, ഇത്തരം കാര്യങ്ങളിലുള്ള താങ്കളുടെ സൂക്ഷ്മതയെയും അത് ഒരു തെറ്റാണല്ലോ എന്ന ചിന്തയെയും പ്രത്യേകം പ്രശംസിക്കട്ടെ. തെറ്റുകളില്‍ പെട്ടുപോകുമ്പോഴേക്ക്, ഞാന്‍ ചെയ്യുന്നത് ശരിയല്ലല്ലോ എന്ന ചിന്തയുണ്ടാവുന്നത് തന്നെ വലിയ കാര്യമാണ്, അത് വിശ്വാസത്തിന്റെ ഭാഗവുമാണ്. പ്രവാചകന്മാരൊഴിച്ച് മനുഷ്യരില്‍ തെറ്റ് പറ്റാത്തവര്‍ ആരുമില്ലെന്നതാണ് സത്യം.
ഒരു ഹദീസില്‍ ഇങ്ങനെ കാണാം, മനുഷ്യരെല്ലാം തെറ്റ് ചെയ്യുന്നവരാണ്, തെറ്റ് ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ തൌബ ചെയ്യുന്നവരാണ് (തുര്‍മുദീ, ഇബ്നുമാജ).
തൌബ എന്നത് ഖേദമാണ്. താന്‍ ചെയ്യുന്നത് തെറ്റാണല്ലോ എന്ന ചിന്തയും അതില്‍നിന്നുല്‍ഭവിക്കുന്ന മാനസിക ഖേദവും തന്നെയാണ് പശ്ചാത്താപം. കാരുണ്യവാനായ അല്ലാഹു അത് സ്വീകരിക്കാതിരിക്കില്ല, അതോടെ തെറ്റ് ചെയ്യാത്തവനെ പോലെ ശുദ്ധനാവുകയും കൂടുതല്‍ മഹത്വം ലഭിക്കുകയും ചെയ്യുന്നു എന്നാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.
അതോടൊപ്പം, അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്, അതും തൌബയുടെ ഭാഗം തന്നെയാണ്. കണ്ണിന്റെ ഇത്തരം ചീത്ത നോട്ടങ്ങളെയും തുടര്‍ന്നുള്ള ദുഷ്ചിന്തകളെയും, ക്രമേണയുള്ള മാനസിക പരിശീലനത്തിലൂടെ അനായാസം ഇല്ലാതാക്കാവുന്നതാണ്. Thought Stop എന്ന മാനസിക ശാക്തീകരണ രീതി ഇതിനായി പരീക്ഷിക്കാവുന്നതാണ്.
അനാവശ്യ ചിന്തകളെ പ്രതിരോധിക്കാനും നാം ഉദ്ദേശിക്കുന്ന രീതിയില്‍ അവയെ നിയന്ത്രിക്കാനും പരിശീലനം നല്‍കുന്ന, മനശ്ശാസ്ത്രത്തിലെ ഒരു രീതിയാണ് Thought stop. നിർത്തൂ, നിര്‍ത്തൂ എന്ന് ആവര്‍ത്തിച്ചു സ്വന്തത്തോട് പറഞ്ഞ് ചിന്തകള്‍ക്ക് തടയിടുന്നതാണ് ഇത്. ഏത് കാര്യവും നാം സ്വന്തത്തോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതിലൂടെ, അത് നമ്മുടെ ഉപബോധമനസ്സിലേക്ക് കടക്കുകയും പതുക്കെ അത് നമ്മുടെ ശീലമായി മാറുകയും ചെയ്യുന്നുവെന്ന അടിസ്ഥാന തത്വമാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്.
വീട്ടിനകത്തെ മുറിയിലിരുന്ന് ഇത് പരിശീലിക്കാവുന്നതാണ്. വാതിലുകളടച്ച് ഉറക്കെ സ്വന്തത്തോട് തന്നെ പറയുകയാണ് വേണ്ടത്. ഏത് ചിന്തയാണോ നാം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നത് അത് മനസ്സിലേക്ക് കൊണ്ടുവരുകയും ഉടനെ ഉറച്ച മനസ്സോടെ സ്റ്റോപ് സ്റ്റോപ്പ് എന്ന് നിര്‍ദ്ദേശം നല്‍കി സ്വയം നിയന്ത്രിക്കുകയും ചെയ്യുക. മുഷ്ടി കൊണ്ട് മേശയിലടിക്കുന്നതിലൂടെ ഇത് കൂടുതല്‍ ഫലപ്രദമാവുകയും മനസ്സിനെ അതിലേക്ക് തന്നെ പൂര്‍ണ്ണമായും കേന്ദ്രീകരിക്കാന്‍ സാധിക്കുകയും ചെയ്യുന്നതായും കാണുന്നുണ്ട്.
മേല്‍പറഞ്ഞ തരത്തിലുള്ള ചിന്തകള്‍ക്ക് ഇത് ചെയ്യുമ്പോള്‍, ക്ളാസ് മുറിയേയും താൻ കാണാൻ ആഗ്രഹിക്കുന്ന സ്ത്രീ മുഖത്തേയും മുന്നിൽ കാണുന്നതായി ഒരു വേള സങ്കൽപ്പിക്കുക. വൈകാരിക ചിന്തകൾ മുളപൊട്ടുമ്പോഴേക്കും നിർത്തൂ നിർത്തൂ എന്ന് സ്വയം ചിന്തയെ ഓർമ്മപ്പെടുത്തി അടക്കിപ്പിടിച്ചിരുത്തുക. കൈ മുഷ്ടികൾ രണ്ടും മുറുകെപ്പിടിച്ച് കുതറി മാറുന്ന ചിന്തയെ നിയന്ത്രിച്ചു നിർത്തുന്നതായി ഭാവിക്കുക. മനസ്സിനെ അതില്‍നിന്ന് പൂര്‍ണ്ണമായും മാറ്റുകയും ശരീരം അതിന് സഹായിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ അത്തരം ചിന്തകള്‍ നീങ്ങി മനസ്സ് തെളിയുന്നത് കാണാം. ഇത് വളരെ ഗൌരവത്തോടെയും ശ്രദ്ദയോടെയും ചെയ്യുന്നതോടെ ആത്മനിയന്ത്രണം വരുന്നതായും വല്ലാത്ത സംതൃപ്തി ലഭ്യമാവുന്നതായും കാണാം.
Also Read : ലൈംഗിക ചിന്തകള്‍ നിയന്ത്രിക്കാന്‍ എന്തു ചെയ്യണം.
ഇത് നന്നായി ശീലിച്ച് കഴിഞ്ഞാല്‍, ശേഷം പുറത്ത് പോവുമ്പോള്‍ പരസ്ത്രീ സൗന്ദര്യത്തിലേക്ക് ഒളിഞ്ഞു നോക്കാൻ മനസ്സു വെമ്പുകയും അത്തരം ചിന്തകള്‍ മുളപൊട്ടുകയും ചെയ്യുമ്പോള്‍, സ്റ്റോപ്പ് സ്റ്റോപ്പ് എന്ന് അറിയാതെ മനസ്സ് തന്നെ പറയുന്നത് കാണാം. ആദ്യ ഘട്ടങ്ങളിലൊക്കെ അവിടെയും മറ്റുള്ളവര്‍ ശ്രദ്ധിക്കാത്ത വിധം മുഷ്ടിചുരുട്ടി ശക്തി പകരാവുന്നതാണ്. മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ, പതുക്കെ നമ്മുടെ ചിന്തകള്‍ നാം തെളിക്കുന്ന വഴിയിലേക്ക് വരുന്നതായി കാണാം. പലരും പ്രയോഗിച്ച് വിജയിച്ച രീതിയാണ് ഇതെന്ന് കൂടി പ്രത്യേകം പറയട്ടെ.
അനിസ്‍ലാമിക ചിന്തകളില്‍നിന്ന് വിട്ടുനില്‍ക്കാനാണല്ലോ ഇത് പരിശീലിക്കുന്നത് എന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍, അതിനും പ്രതിഫലം ലഭിക്കാതിരിക്കില്ല. അതോടൊപ്പം, ഇങ്ങനെയെല്ലാം ചെയ്തിട്ടും നമ്മുടെ നിയന്ത്രണത്തിലല്ലാതെ അറിയാതെ വന്നുപോവുന്ന കേവലചിന്തകള്‍ അല്ലാഹു പൊറുത്തുതരാതിരിക്കില്ല, സാധ്യമായത് മാത്രമേ നമ്മോട് കല്‍പിക്കപ്പെട്ടിട്ടുള്ളുവല്ലോ, നാമൊക്കെ കേവല മനുഷ്യരാണല്ലോ.
മനസ്സില്‍ ഇത്തരത്തില്‍ വരുന്ന ചിന്തകള്‍ക്കും വിചാരണയുണ്ടാവുമെന്ന ആയത് ഇറങ്ങിയപ്പോള്‍ സ്വഹാബികള്‍ക്ക് പോലും അതില്‍ പ്രയാസം തോന്നിയിരുന്നു എന്ന് തഫ്സീറുകളില്‍ കാണാം, എങ്കിലും അല്ലാഹുവിനോട് പൊറുക്കലിനെ തേടി അവര്‍ അതില്‍ തൃപ്തിയടയുകയായിരുന്നു. ആ അനുസരണാമനസ്ഥിതിയിലുള്ള സന്തോഷമെന്നോണമാണ്, അല്ലാഹു സൂറതുല്‍ ബഖറയിലെ അവസാന ആയതുകളിറക്കുന്നതും അതിലൂടെ ഇങ്ങനെ പറയുന്നതും, തന്റെ കഴിവില്‍ പെട്ടത് ചെയ്യാനല്ലാതെ ഒരാളെയും അല്ലാഹു നിര്‍ബന്ധിക്കുകയില്ല. (അല്‍ബഖറ 286)
അല്ലാഹു നമ്മെയെല്ലാം എല്ലാ വിധ ദുഷ്ചിന്തകളില്‍നിന്നും രക്ഷിക്കുമാറാവട്ടെ, വന്നപോവുന്ന പിഴവുകള്‍ പൊറുത്ത് തരുമാറാകട്ടെ, ആമീന്‍.