വിഷയം: ‍ ഫാമിലി കൌണ്സിലിംഗ്

വല്ലാത്തൊരു മാനസിക വിഷമത്തോടെയാണ് ഞാൻ ഇവിടെ ചില ചോദ്യങ്ങൾ ചോദിക്കുന്നത് .. ഞങ്ങളുടെ ഉപ്പാക്ക് ഞങ്ങളെ ഒട്ടും ഇഷ്ടമല്ല , മാനസികമായും ശാരീരികമായും ഞങ്ങൾ ആകെ തളർന്നു .. എന്നേക്കാളും ചെറിയ മക്കളാണ് താഴെ, അവരുടെ എല്ലാം മനസ്സിനെ ഇത് വല്ലാതെ ബാധിക്കുന്നുണ്ട്. ചെയ്യാവുന്ന എല്ലാ പ്രാർത്ഥനയും ദുആ യും ഞങ്ങൾ ചെയ്യുന്നുമുണ്ട് ...ഒരു മാറ്റവും ഇല്ല, കൂടുന്നു എന്നതല്ലാതെ. ഇത്തരമൊരവസരത്തിൽ ഉപ്പാനെ ഒന്ന് നേരത്തെ വിളികയോ പടച്ചോനെ എന്ന് വരെ മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു പോവാറുണ്ട്, ഇത് തെറ്റാണോ? നൊമ്പ യിട്ട് പോലും ഒരു ദയ ഉപ്പാടെ ഭാഗത്തു നിന്നും ഇല്ല , ജീവിക്കാൻ സമ്മതിക്കുന്നില്ല .എല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടേലും ഓടിപ്പോവാനുള്ള പ്രാപ്തിയും ഞങ്ങൾക്കില്ല,താഴെ ഉള്ള മക്കളുടെ ഭാവി ഓർത്തു സഹിക്കുകയാണ് .. . ഇത്തരമൊരവസരത്തിൽ ഉപ്പ് മരിച്ചു പോയെങ്കിൽ എന്നാഗ്രഹിക്കുന്നത് പ്രാർത്ഥിക്കുന്നത് പാടുണ്ടോ? അത് പോലെ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ക്യാഷ് കൊണ്ടും കൂടെ കയറ്റിയ വീട് ആണ് , ഉപ്പയുടെ പേരിലാണുള്ളത്. ഇത് പള്ളിയിലേക്ക് എഴുതിക്കൊടുക്കും എന്നാണ് ഉപ്പ പറയുന്നത്. ഞങ്ങൾ മക്കൾക്കു താരത്തെ അങ്ങനെ പള്ളിയിലേക്ക് എഴുതികൊടുക്കൽ ഇസ്ലാമിൽ അനുവദനീയം ആണോ ഞാനും ഉമ്മയും മക്കളും അപ്പോൾ എങ്ങോട്ട് പോകും/ ആരോടും ചോദിക്കാനാവാത്തതു കൊണ്ടാണ് ഇതിൽ ചോദിക്കുന്നത് അല്ലാഹുവിന്റെ പരീക്ഷണത്തിൽ ആവോളം ഞാനും ഉമ്മയും ക്ഷമിക്കുന്നും ഉണ്ട് താഴെ ഉള്ള മക്കൾ അവരുടെ സമനില തെറ്ററായി , അത് കൊണ്ടാണ് ഇങ്ങനൊരു ചോദ്യം ചോദിക്കേണ്ടി വന്നത്

ചോദ്യകർത്താവ്

ഒരു സഹോദരി

Apr 27, 2020

CODE :Par9740

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സ്നേഹവും പരിരക്ഷയും മാത്രം പ്രതീക്ഷിക്കേണ്ട പിതാവില്‍നിന്ന് മോശം പെരുമാറ്റവും സ്നേഹമില്ലായ്മയും അനുഭവിക്കേണ്ടിവരുന്നുവെന്നതാണല്ലോ സഹോദരിയുടെ സങ്കടം. തങ്ങള്‍ കഷ്ടപ്പെട്ട് നിര്‍മ്മിച്ച വീടും സമ്പാദ്യവും പിതാവിന്റെ പേരില്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടതിനാല്‍, അത് പള്ളിക്ക് തീറെഴുതിക്കൊടുക്കുമോയെന്നും ഭാവിജീവിതം വഴിയാധാരമായിപ്പോവുമോ എന്നതുമാണ് മറുവശം. ഇതെല്ലാം ബുദ്ധിപരമായ ചോദ്യങ്ങളാണ്. മക്കള്‍-മാതാപിതാക്കള്‍ എന്ന ബന്ധത്തില്‍ ഇത്തരം ബുദ്ധിപരമായ ചോദ്യങ്ങളേക്കാളേറെ വൈകാരിക തലമാണ് പ്രധാനം.

സഹോദരിയുടെ പിതാവ് നേരത്തെ അത്തരമൊരു സ്വഭാവക്കാരനയിരുന്നില്ലെന്നാണ് ചോദ്യത്തില്‍ നിന്നു മനസ്സിലാവുന്നത്. എന്നു മുതലാണ്‌ ഉപ്പ ഇത്തരമൊരു സ്വഭാവം സ്വീകരിക്കാന്‍ തുടങ്ങിയതെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഏതെങ്കിലും ഒരു പ്രത്യേക സന്ദര്‍ഭത്തിലായിരിക്കും ഇത്തരമൊരു സ്വഭാവത്തിലേക്ക് പിതാവ് എത്തിയത്. എല്ലാഅനിഷ്ടകരമായ പെരുമാറ്റങ്ങള്‍ക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങള്‍ ഉണ്ടാകും.

മറ്റൊരാളോട് തുറന്ന് പറയാനാവാത്ത മാനസികസംഘര്‍ഷങ്ങളോ പ്രാരാബ്ധങ്ങളോ കാരണം ഉണ്ടായ മാനസിക പിരിമുറുക്കങ്ങളാവണം ഈ സ്വഭാവത്തിന്റെ ഹേതു. കുടുംബബന്ധത്തിലോ സാമൂഹ്യജീവിതത്തിലോ അനുഭവിക്കേണ്ടിവന്ന ഏതെങ്കിലും കൈപ്പേറിയ അനുഭവങ്ങളോ മറ്റോ ആവാം അത്. ഉപ്പയും ഉമ്മയും തമ്മിലുള്ള ബന്ധം വിലയിരുത്തപ്പെടണം. ഉപ്പ ഏതെങ്കിലും രീതിയിലുള്ള സാമൂഹികമോ സാമ്പത്തികമോ ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടോ എന്നും ചിന്തിക്കണം.

നേരത്തെ ഊര്‍ജ്ജസ്വലമായി സാമൂഹിക കുടുംബ കാര്യങ്ങളില്‍ ഇടപെട്ടിരുന്ന പിതാവിന് ഇപ്പോള്‍ അതിനൊന്നും സാധിക്കാതെ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം. ഉപ്പ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്ന് നിങ്ങള്‍ മക്കള്‍ കൂടിയിരുന്നു സൂക്ഷ്മമായി പരിശോധിക്കേണ്ട ഒരു സന്ദര്‍ഭമാണിത്.

നിങ്ങളും ഉപ്പയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായ സ്ഥിതിക്ക് നിങ്ങളുടെ മുമ്പില്‍ ഉപ്പ ഇതൊന്നും തുറന്ന് പറഞ്ഞെന്നു വരില്ല. നല്ലൊരു മനശ്ശാസ്ത്ര വിദഗ്ധന്റെയോ ആത്മാര്‍ത്ഥ സുഹൃത്തിന്റെയോ മുമ്പില്‍ ഉള്ളു തുറന്ന് സംസാരിക്കാന്‍ പിതാവിന്, അദ്ദേഹം പോലും അറിയാത്ത വിധം സാഹചര്യം ഒരുക്കിക്കൊടുത്താല്‍ രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമായിരിക്കുമെന്നാണ് മനസ്സിലാകുന്നത്. അതിനനുസരിച്ച് നിങ്ങളുടെ ജീവിത ശൈലിയിലും കുടുംബാന്തരീക്ഷത്തിലും മാറ്റം വരുത്തിയാല്‍ ഇത് പരിഹരിക്കാന്‍ കഴിയും.അതിനു മുന്കൈയെടുക്കകയെന്നതാണ് ഈ പ്രശ്ന പരിഹാരത്തിനു പ്രാഥമികമായി ചെയ്യേണ്ടത്.

നിങ്ങളുടെ സ്വത്ത് ഉപ്പ പള്ളിക്ക് എഴുതികൊടുക്കുകയും അങ്ങനെ നിങ്ങള്‍ വഴിയാധാരമാവുകയും ചെയ്യുമോയെന്ന രീതിയിലുള്ള വിദൂര സാധ്യതകളെ ഓര്‍ത്ത് വിഷമിക്കുന്നത് കൊണ്ടു പ്രശ്നം പരിഹരിക്കപ്പെടുകയില്ലല്ലോ. അങ്ങനെ കൊടുത്തുവെന്ന് സങ്കല്‍പിച്ചാല്‍ തന്നെഅപ്പോഴും ഉപ്പമായുള്ള ബന്ധം സങ്കീര്‍ണ്ണമായി തുടരുകയാണല്ലോ. ഉപ്പയുടെ പെരുമാറ്റത്തിലുള്ള ഈര്‍ഷ്യത കാരണം മനസ്സിന്റെയുള്ളിന്റെയുള്ളില്‍ അറിയാതെ ഉണ്ടാകുന്ന തോന്നലാണ്  പിതാവ് മരിച്ചുകിട്ടിയിരുന്നെങ്കിലെന്നത്. അങ്ങനെ പ്രാര്‍ഥിക്കുന്നത് പോയിട്ട് ചിന്തിക്കുന്നത് പോലും തെറ്റാണെന്ന് നിങ്ങള്‍ക്ക് തന്നെ ബോധ്യമുള്ളത് കൊണ്ടാണല്ലോ അതില്ലാതാക്കാനുള്ള വഴികളെക്കുറിച്ച് ചോദിച്ചത് തന്നെ.

അത്തരം ചിന്തകള്‍ തന്നെ പൈശാചിക ബോധനമായേ കാണാനാവൂ. മനുഷ്യമനസ്സില്‍ എങ്ങനെയൊക്കെ ദുഷ്ചിന്തകള്‍ക്ക് കോപ്പ് കൂട്ടാനാവുമോ, അതെല്ലാം അവന്‍ ശ്രമിച്ചുകൊണ്ടിരിക്കും. കുടുംബബന്ധങ്ങളില്‍ വെറുപ്പും ശത്രുതയും സൃഷ്ടിക്കുക അവന്റെ ദൌത്യമാണ്, അതില്‍ വീഴാതെ നോക്കേണ്ടത് നാമാണ്.


Also Read: ഫാമിലി കൌണ്സിലിംഗ്


അത് കൊണ്ടുതന്നെ ഉപ്പയെക്കുറിച്ചുള്ള നിങ്ങളുടെ ഏകപക്ഷീയമായ ചിന്തകള്‍ ഒന്നു മാറ്റേണ്ടതുണ്ട്. ഉപ്പ സ്വത്ത് എഴുതികൊടുക്കുമോ, ഉപ്പ എന്താ ഇങ്ങനെ എന്നൊക്കെ ചിന്തിക്കുന്നതിനു പകരം ഉപ്പയെ കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കാനും ശ്രമിക്കുകയാണ് മക്കളായ നിങ്ങള്‍ ആദ്യം വേണ്ടത്.ഉപ്പയുടെ പെരുമാറ്റ രീതിയില്‍ മാറ്റം വരുത്താനുള്ള വഴിയൊരുക്കണം. അതിലൂടെ ഉപ്പക്കും നിങ്ങള്‍ക്കും മനസ്സമാധാനം ലഭിക്കുകയും കുടുംബാന്തരീക്ഷം സന്തോഷകരമാവുകയും ചെയ്യും.അങ്ങനെ വരുന്ന മാറ്റം ഉപ്പയുടെ കാലശേഷവും ആരോഗ്യകരമായ കുടുംബാന്തരീക്ഷം നിലനിറുത്താന്‍ നിങ്ങളെ സഹായിക്കും.

പൂര്‍ണ്ണ ബോധ്യത്തോടെ ഇത്തരമൊരു നിലപാട് സ്വീകരിച്ച് ഉപ്പക്ക് മനസ്സുതുറന്ന്സംസാരിക്കാന്‍ ഏറ്റവും വേഗത്തില്‍ അവസരമൊരുക്കണമെന്നു ഒന്നുകൂടെ ഓര്‍മ്മപ്പെടുത്തട്ടെ.

 

അല്ലാഹു നമ്മുടെ വീടുകളിലും കുടുംബങ്ങളിലും ഐശ്വര്യവും സ്നേഹവും സന്തോഷവും പ്രദാനം ചെയ്യുമാറാവട്ടെ, ആമീന്‍.

 

 

ASK YOUR QUESTION

Voting Poll

Get Newsletter