ഒരു ദുശീലം ഉണ്ട്.അത് വളരെ വലിയ തെറ്റാണെന്നു ബോധ്യവും ഉണ്ട്. ഒരുപാട് തൗബ ചെയ്തു മടങ്ങി .പക്ഷെ വീണ്ടും ആ തെറ്റ് ആവർത്തിക്കുന്നു. ഇബാദത്തൊക്കെ ചെയുന്ന ഒരാളാണ്. ഇതിന്റെ ദോഷവും വരും വരായ്കകളും എല്ലാം അറിയാം ..എന്നിട്ടും സംഭവിച്ച പോവുന്നു. പിന്നീട വളരെ പേടിയും ദുഃഖവും ഉണ്ട്. ഇനിയും തൗബ ചെയ്താൽ അത് കളിയാക്കുന്നത് പോലെ ആകുമോ? എന്താണ് സ്ഥിരമായി തെറ്റിൽ നിന്ന് മാറാനുള്ള പ്രാർത്ഥന? മറ്റു വഴികളും ഉപദേശങ്ങളും എല്ലാം പരീക്ഷിച്ച തോറ്റു പോയതാണ് ... ഇനിം തൗബ ചെയ്താൽ ശെരിയാകുമോ?

ചോദ്യകർത്താവ്

salmanul faris.koppam

Jan 16, 2019

CODE :Fiq9072

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അല്ലാഹു തആലാ പറയുന്നു: അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരെ പിശാച് പിടികൂടിയാൽ (അഥവാ അവർ വല്ല തെറ്റും ചെയ്താൽ) ഉടനെ അവർ അല്ലാഹുവിനെ ഓർക്കും (അല്ലാഹുന്റെ ശിക്ഷയെക്കുറിച്ച് ഓർത്ത് തൌബ ചെയ്യും) അങ്ങനെ അവർ ഉൾക്കാഴ്ചയുള്ളവരാകും (അങ്ങനെ അവർ തെറ്റ് തിരുത്തി നേരെ ചൊവ്വെ ജീവിക്കാൻ പ്രാപ്തരാകും) (സൂറത്തുൽ അഅ്റാഫ്). അങ്ങനെ തൌബ ചെയ്യുന്നവർക്ക് അല്ലാഹു പൊറുത്തു കൊടുക്കും. പിന്നീട് അറിഞ്ഞു കൊണ്ട് അവർ ആ തെറ്റിൽ തുടരുകയില്ല (സൂറത്തു ആലു ഇംറാൻ). നബി (സ്വ) അരുൾ ചെയ്തു: ഒരു അടിമ എത്ര തവണ തെറ്റ് ചെയ്തിട്ട് തൌബ ചെയ്താലും അല്ലാഹു അത് സ്വീകരിക്കും (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്ലിം).. ഒരാൾ ഒരേ തെറ്റ് തന്നെ ആയിരമോ അതിലധികം തവണയോ ആവർത്തിച്ചിട്ട് അത്രയും തവണ തൌബ ചെയ്യുകയോ അല്ലെങ്കിൽ അവയ്ക്കെല്ലാറ്റിനും കൂടി ഒറ്റത്തവണയായിട്ട് തൌബ ചെയ്യുകയോ ചെയ്താലും ആ തൌബ അല്ലാഹു സ്വീകരിക്കും (ശറഹു മുസ്ലിം).

ചുരുക്കത്തിൽ തൌബ ചെയ്തിട്ടും പിന്നെയും തെറ്റുകൾ ആവർത്തിക്കുകയെന്നത് മനുഷ്യ സഹജമാണ്. എന്നാൽ എപ്പോഴാണെങ്കിലും തെറ്റ് സംഭവിച്ചു പോയാൽ ഉടൻ അല്ലാഹുവിനെ സ്മരിച്ച് തൌബ ചെയ്ത് ഖേദിച്ച് മടങ്ങാൻ കഴിയുകയെന്നത് അല്ലാഹവിനെ സൂക്ഷിച്ചു ജീവിക്കുന്നവനേ സാധിക്കൂ. തന്റെ എല്ലാ കർമ്മങ്ങൾക്കും പ്രതിഫലം നൽകുന്ന നാഥൻ തന്നെ എപ്പോഴും തന്നെ വിക്ഷിച്ചു കൊണ്ട് കൂടെത്തന്നെയുണ്ട് (സൂറത്തുൽ ഫജ്ർ) എന്ന ചിന്തയും താൻ എന്ത് പറഞ്ഞാലും ചെയ്താലും അത് രേഖപ്പെടുത്താൻ റഖീബ് (അ) മും അതീദ് (അ)മും നമ്മെ പിന്തുടരുന്നുണ്ട് (സൂറത്തുൽ ഖാഫ്) എന്ന ചിന്തയും ഉണ്ടാകലും നിലനിർത്തലുമാണ് പ്രധാനം.

പിന്നെ, തൌബയെന്നാൽ ചെയ്യുന്ന തെറ്റിൽ നിന്ന് വിട്ടു നിൽക്കലും ചെയ്ത തെറ്റിൽ ഖേദിക്കലും ഇനിയൊരിക്കലും തെറ്റിലേക്ക് മടങ്ങുകയില്ലെന്ന് ഉറപ്പിക്കലുമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട് (രിയാളുസ്വാലിഹീൻ, ശറഹു മുസ്ലിം). ഇക്കാര്യങ്ങളെല്ലാം ഗൌരവത്തിലെടുത്ത് (അല്ലാതെ ഇത് വരേയുള്ളതൊക്കെ പൊറുപ്പിച്ച് നാളെ വേറെ എക്കൌണ്ട് തുറക്കാനല്ല) തൌബ ചെയ്യുന്നതോടൊപ്പം തെറ്റിന്റെ വഴികളിലേക്കടുക്കാൻ ശ്രമിക്കാതെ ധാരാളമായി ആരാധനയും ദാനധർമ്മവുമടക്കമുള്ള സൽകർമ്മങ്ങളിൽ മുഴുകി തൌബയിലൂടെ കൈവന്ന ദീവ്യ സാമീപ്യം നിലനിർത്തുന്നത് ആ തൌബ സ്വീകരിക്കപ്പെടുവാനും തുർന്ന് നല്ല നടപ്പ് സാധ്യമാകനും കാരണമാകുമെന്ന് പരിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട് (സൂറത്തുൽ ബഖറ, തൌബ, ഫുർഖാൻ, നിസാഅ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter