ഹുക്ക, ഷീഷ പോലോത്ത സ്‌മോക്കിങ് വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്ത്

ചോദ്യകർത്താവ്

Noufal

Sep 13, 2019

CODE :Oth9428

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നമ്മുടെ ശരീരത്തിന് ഹാനികരമാകുന്നതൊന്നും ഉപയോഗിക്കാൻ നമുക്ക് അനുവാദമില്ല. പരിശുദ്ധ ഖുർആൻ വളരേ വ്യക്തമായി ഇക്കാര്യം ഉണർത്തിയിട്ടുണ്ട് (സൂറത്തുൽ ബഖറഃ). നിങ്ങൾക്ക് ഗുണകരമാകുന്ന നല്ല വസ്തുക്കൾ നിങ്ങൾക്ക് അല്ലാഹു അനുവദിക്കുകയും ചീത്ത വസ്തുക്കൾ നിങ്ങൾക്ക് നിഷിദ്ധമാക്കകയും ചെയ്യുന്നു (സൂറത്തുൽ അഅ്റാഫ്). സത്യ വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കിൽ അവൻ നിങ്ങൾക്ക് നൽകിയതിൽ നിന്ന് നല്ലവയെ മാത്രം നിങ്ങൾ ഭക്ഷിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യുക (സൂറത്തുൽ ബഖറഃ) ഇങ്ങനെ ധാരാളം ശാസനകൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ചോദ്യത്തിൽ പറയപ്പെട്ട ഹുക്കയും ശീശയും ഉപയോഗിക്കുന്നത് കൊണ്ട് നമുക്കും ചുറ്റുമുളളവർക്കും ഗുണമാണോ ദോഷമാണോ ഉണ്ടാകുന്നത് എന്ന കാര്യമാണ്  ഇവിടെ പരിശോധിക്കപ്പെടേണ്ടത്.

ഇന്ന് ധാരാളം പേർ ഉപയോഗിക്കുന്ന ബീഡിയും സികരറ്റും മറ്റു പുകയില ഉൽപ്പന്നങ്ങളും ശരീത്തിന് അപകടകരമാം വിധം ഹാനികരമാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ. വായയിലും കഴുത്തിലും ശ്വാസ കോശത്തിലും ഹൃദയത്തിലും ആമാശയത്തിലുമൊക്കെ അർബുദവും മറ്റു മാരക അസുഖങ്ങളും ബാധിക്കുവാനും പെട്ടെന്നുള്ള മരണത്തിനും അവ  കാരണമകുമെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ലോകാര്യോഗ്യ സംഘടനയുടെ 2008 ലെ റിപ്പോർട്ട് അനുസരിച്ച്  പുകയില ഉപയോഗം മൂലം ദിനേന 14000 ത്തോളം ആളുകളും പ്രതിവർഷം 5.4 മില്യൺ ആളുകളും മരിക്കുന്നുണ്ട്. ഈ പ്രവണത മാറ്റമില്ലാതെ തുടരുകയാണെങ്കിൽ 2020 ആകുമ്പോഴേക്ക് ഓരോ വർഷവും പത്തു ലക്ഷം ആളുകൾ പുകയില ഉപയോഗം മൂലം മരിക്കുന്ന സ്ഥിതിവരും. നാം ഇപ്പോൾ 2020ലാണ് ജീവിക്കുന്നത് എന്നു കൂടി ഓർക്കുക.

എന്നാൽ ഹുക്ക വലിക്കുന്നത് പുകവലി പോലെയോ മറ്റോ വലിയ അപകടമില്ല എന്നാണ് ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇതൊരു അപകടകരമായ തെറ്റിദ്ധാരണയാണ്. കാരണം പുകവലിയേക്കാൾ പതിന്മടങ്ങ് മാരകമാണ് ഹുക്ക വലി എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മുകളിൽ സൂചിപ്പിക്കപ്പെട്ട പുകവലി മൂലം ഉണ്ടാകുന്ന മാരകമായ പ്രത്യാഘാധങ്ങളൊക്കെ ഹുക്ക വലിക്കുന്നത് കൊണ്ടും ഉണ്ടാകം. അതിനു പുറമെ വേറെയും അപകടങ്ങൾ ഹുക്കയിൽ പതിയിരിക്കുന്നുണ്ട്.  ഹുക്കയില്‍ പുകയില എരിക്കുന്നതിനായി കല്‍ക്കരിയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ഇതിന്റെ പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ് പോലെയുള്ള വിഷവായുവും മറ്റു ദോഷകരമായ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് വലിക്കുന്നതോടെ ഈ വിഷ പദാർത്ഥങ്ങൾ ആന്തരിക അവയവങ്ങളിലേക്കും രക്തത്തിലേക്കും പ്രവേശിക്കുകയാണ് ചെയ്യുന്നത്.

സാധാരണ ഗതിയിൽ ഒരാൾ ഒരു മണിക്കൂര്‍ സിഗരറ്റ് വലിച്ചാൽ ഏകദേശം 20 കവിള്‍ പുക മാത്രമാണ് അയാളുടെ ശ്വാസകോശത്തിലെത്തുന്നതെങ്കിൽ ഒരു മണിക്കൂര്‍ ഹുക്ക വലിച്ചാൽ ഏകദേശം 200 കവിള്‍ പുകയാണ് അയാളുടെ ശ്വാസകോശത്തെ മലിനമാക്കുന്നത്. അഥവാ ഒരു മണിക്കുർ ഹുക്ക വലിക്കുന്നത് 5-7 പാക്കറ്റ് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്. സിഗരറ്റ് പുകയെ അപേക്ഷിച്ച് ഹുക്കയുടെ പുകയില്‍  ലെഡ്, ആഴ്സനിക്ക്, നിക്കല്‍, ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയ ശരീരത്തെ കാർന്ന് തിന്നുന്ന വിഷ പദാർത്ഥങ്ങൾ( ധാരാളമായി അടങ്ങിയിട്ടുണ്ട്. പലപ്പോഴും ഒന്നിലധികം പേർ ചേർന്നാണ്  ഹുക്ക ഉപയോഗിക്കാറുള്ളത്, ഇത് അണുബാധയ്ക്ക് കാരണമാകാം. ഹുക്ക വലിക്കുന്നവരുടെ മൂത്രത്തിലെ നിക്കോട്ടിന്‍റെ അളവ് സിഗരറ്റ് വലിക്കുന്നവരുടേതിനേക്കാള്‍ 68 മടങ്ങ് അധികമാണ് എന്ന് ചില സമീപ കാല പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഹുക്കയിൽ പുകയില വെള്ളത്തിലൂടെ അരിച്ചെടുക്കുന്നുവെന്നത് ശരിയാണ്. എന്നാൽ കാൻസർ അടക്കമുള്ള മാരക രോഗങ്ങളുണ്ടാക്കുന്ന ഘടകങ്ങളെ ഈ വാട്ടർ ഫിൽറ്റിറിങ്ങിലൂടെ നീക്കം ചെയ്യാൻ കഴിയില്ല. അതിനാൽ പുകയിലയെ വെള്ളത്തിലൂടെ അരിച്ചെടുക്കുന്നുവെന്ന് കരുതി സമാധാനിക്കുന്നതിൽ അർത്ഥമില്ല. ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാനായി പല രുചികളില്‍ ഹുക്ക ലഭിക്കും. ഹുക്കയുടെ ഈ കൃത്രിമ രുചി കൂടുതലായി അത് വലിക്കാന്‍ പ്രേരണ നല്കും, അതു പോലെ ഹുക്കയിൽ നിക്കോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹുക്ക അത് വലിക്കുന്നവരിൽ അടിമത്തമുണ്ടാക്കും. ഇതൊക്കെ ശരീരത്തിന്റെ ആയുസ്സും ആരോഗ്യവും ഗണ്യമായ അളവിൽ കുറക്കുകയും വേദനാജനകമായ ഖേദത്തിനും അന്ത്യത്തിനും കാരണമാകുകയും ചെയ്യു.

ചുരുക്കത്തിൽ മനുഷ്യനെ ശാരീരികമായി തളർത്തുകയും തകർക്കുകയും ചെയ്യുന്ന തികച്ചും അനഭിലഷണീയമായ ഒരു ദുർവൃത്തിയാണ് ഹുക്ക വലി. മുകളിൽ പറയപ്പെട്ടതടക്കമുള്ള മാരകമായ അപകടങ്ങളുടെ മൊത്ത വിതരണം നടത്തുന്ന ഹുക്കവലി നിഷിദ്ധവും വീട്ടിലും നാട്ടിലും അടുപ്പിക്കാൻ പാടില്ലാത്തതുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter