വിഷയം: ‍ ഇ.എം.ഐ (EMI)

എന്താണ് ഇ.എം.ഐ (EMI)? ഇസ്ലാമിക നിയമപ്രകാരം ഇ.എം.ഐ സംവിധാനം അനുവദനീയമാണോ? അതിന്റെ കാരണങ്ങൾ എന്തെല്ലാം?

ചോദ്യകർത്താവ്

Farzeen Faze

Jun 17, 2026

CODE :Fin16332

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഇന്നത്തെ സാമ്പത്തിക വ്യവസ്ഥയിൽ കടങ്ങളും മറ്റു ബാധ്യതകളും വീട്ടാൻ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മാർഗ്ഗമാണ് ഇ.എം.ഐ (Equated Monthly Instalment) അഥവാ പ്രതിമാസ തുല്യ തവണ വ്യവസ്ഥ. പണമോ മറ്റ് സാധനങ്ങളോ എന്തുമാകട്ടെ, വലിയ തുകകൾ ഒരുമിച്ച് നൽകാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ സഹായിക്കുന്ന ഒരു ജനപ്രിയ സംവിധാനമാണിത്. 'ഇ.എം.ഐ ലഭ്യമാണ്' എന്ന ബോർഡുകൾ ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങൾ ഇന്ന് വളരെ വിരളമാണ്.  നോ-കോസ്റ്റ്, സീറോ-കോസ്റ്റ് എന്നിങ്ങനെ പല വകഭേദങ്ങളും ഇതിലുണ്ട്.

മതപരമായ കാഴ്ചപ്പാടിൽ വില നൽകി ഒരു വസ്തു കൈവശപ്പെടുത്തുന്നതിനെയാണ് കച്ചവടം എന്ന് പറയുന്നത്. ഇത് പ്രധാനമായും മൂന്ന് രീതികളിൽ അനുവദനീയമാണ്:

  1. വസ്തുവും വിലയും തത്സമയം കൈമാറുക.

  2. വസ്തു ഉടൻ നൽകി വില പിന്നീട് വാങ്ങുക (കടം).

  3. വില ആദ്യം വാങ്ങി വസ്തു പിന്നീട് കൈമാറുക. 

കറൻസികൾ, സ്വർണ്ണ-വെള്ളി നാണയങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ പരസ്പരം കൈമാറ്റം ചെയ്യുമ്പോൾ അവധി നിശ്ചയിക്കാൻ പാടില്ല. അത്തരം ഇടപാടുകളിൽ അവധി വെക്കുന്നത് അത് പലിശയായി മാറാൻ കാരണമാകും. കൂടാതെ, ഒരേ സമയം വിലയും വസ്തുവും കടമാകാനും  പാടില്ല.

ഒരു വസ്തു കടമായി നൽകുമ്പോൾ പണം ഉടൻ നൽകുന്നതിനേക്കാൾ അല്പം കൂടിയ വില ഈടാക്കുന്നതിൽ തെറ്റില്ല. തന്‍റെ വസ്തു ഏത് വിലയ്ക്ക് വിൽക്കണമെന്ന് ഉടമസ്ഥന് തീരുമാനിക്കാം. എന്നാൽ വില്പന സമയത്ത് തന്നെ കൃത്യമായ വില ഉറപ്പിച്ചിരിക്കണം. പിന്നീട് തിരിച്ചടവ് വൈകി എന്നതിന്‍റെ പേരിൽ വിലയിൽ മാറ്റം വരുത്താൻ പാടില്ല.

എന്നാൽ അവധി നിശ്ചയിച്ചുള്ള കച്ചവടത്തിന്‍റെ (രണ്ടാം രൂപത്തിന്‍റെ) മറ്റൊരു രൂപമാണ് ഇ.എം.ഐ. ഇവിടെ മൊത്തം തുക ഒറ്റത്തവണയായി അടയ്ക്കുന്നതിന് പകരം തവണകളായി അടയ്ക്കുന്നു എന്ന് മാത്രം. ഇതിൽ പലിശ ഇല്ലെങ്കിൽ പ്രശ്നമില്ല.  ഇന്നത്തെ വിപണിയിൽ കാണുന്ന ഇ.എം.ഐ സംവിധാനങ്ങൾ കച്ചവടക്കാരനും ഉപഭോക്താവിനും പുറമെ ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ കൂടി ഉൾപ്പെടുന്നതാണ്. ഇവിടെ ബാങ്ക് ഉപഭോക്താവിന് വേണ്ടി വസ്തുവിന്‍റെ വില മുഴുവനായി കച്ചവടക്കാരന് നൽകുന്നു (ബാങ്ക് ഉപഭോക്താവിന് ലോൺ നൽകുന്നു എന്നർത്ഥം). പിന്നീട് ഉപഭോക്താവ് ഈ തുക പലിശ സഹിതം തവണകളായി ബാങ്കിലേക്ക് തിരിച്ചടയ്ക്കണം. കടത്തിന്മേൽ അധിക തുക ഈടാക്കുന്നതും, അടവ് വൈകുമ്പോൾ പെനാൽറ്റി ഈടാക്കുന്നതും പലിശ തന്നെയാണ്. അതിനാൽ ഇത്തരം ഇ.എം.ഐകൾ പൂർണ്ണമായും പലിശധിഷ്ഠിതമാണ്.

നോ-കോസ്റ്റ് ഇ.എം.ഐ

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് നമ്മൾ ഫോണോ, ടിവിയോ, വാഷിംഗ് മെഷീനോ ഒക്കെ വാങ്ങുമ്പോൾ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് പോലുള്ള മുൻനിര ബാങ്കുകൾ 'നോ-കോസ്റ്റ് ഇ.എം.ഐ' ഓഫറുകൾ തരാറുണ്ട്. യഥാർത്ഥത്തിൽ, വിറ്റുപോകാതെ കിടക്കുന്ന പഴയ സ്റ്റോക്കുകൾ പെട്ടെന്ന് വിറ്റഴിക്കാനായി കമ്പനികൾ പ്രയോഗിക്കുന്ന ഒരു ബിസിനസ്സ് തന്ത്രമാണിത്. കണ്ടാൺ പലിശയില്ലാത്ത ഇടപാടാണെന്ന് തോന്നുമെങ്കിലും, വാണിജ്യ ബാങ്കുകൾക്ക് പലിശയില്ലാത്ത വായ്പകൾ നൽകാൻ റിസർവ് ബാങ്ക് (RBI) അനുവാദം നൽകുന്നില്ല എന്നതാണ് സത്യം. കാരണം ലാഭമില്ലാതെ പ്രവർത്തിക്കാൻ ബാങ്കുകളൊന്നും ചാരിറ്റി സ്ഥാപനങ്ങളല്ലല്ലോ.

ഈ നോ-കോസ്റ്റ് ഇ.എം.ഐകളിൽ പലിശ ഒളിഞ്ഞിരിക്കുന്നത് പ്രധാനമായും രണ്ട് വഴികളിലൂടെയാണ്. ഒന്നാമതായി, വിലക്കിഴിവ് പലിശയാക്കി മാറ്റുന്ന രീതിയാണ്. ഉദാഹരണത്തിന്, 60,000 രൂപ വിലയുള്ള ഒരു ഫോൺ നിങ്ങൾ നോ-കോസ്റ്റ് ഇ.എം.ഐ വഴി വാങ്ങുമ്പോൾ, കമ്പനി 3,000 രൂപ ഡിസ്കൗണ്ട് കുറച്ച് 57,000 രൂപയ്ക്കാണ് ബാങ്കിന് അത് വിൽക്കുന്നത്. അതായത് ഫോണിന്റെ യഥാർത്ഥ വില അവിടെ 57,000 രൂപയാണ്. എന്നാൽ ബാങ്ക് നിങ്ങളിൽ നിന്ന് തവണകളായി ഈ 57,000 രൂപയും, ഒപ്പം ഡിസ്കൗണ്ട് ചെയ്ത 3,000 രൂപ പലിശയും ചേർത്ത് ആകെ 60,000 രൂപ തന്നെ ഈടാക്കുന്നു. രണ്ടാമതായി, ബാങ്ക് ഈടാക്കുന്ന പലിശയ്ക്ക് തുല്യമായ തുക കമ്പനികൾ ഉപഭോക്താവിന് ക്യാഷ്ബാക്കായി തിരികെ നൽകി പലിശ വാങ്ങുന്നില്ലെന്ന് ബോധ്യപ്പെടുത്തുന്ന രീതിയാണ്. ചുരുക്കത്തിൽ പറയുകയാണെങ്കിൽ, 'നോ-കോസ്റ്റ്' എന്ന ആകർഷകമായ പേര് നൽകിയത് കൊണ്ട് മാത്രം ഇത് അനുവദനീയമായ ഒന്നായി മാറുന്നില്ല, കാരണം ഇതിന്റെ പിന്നാമ്പുറങ്ങളിലും കൃത്യമായി പലിശ ഉൾപ്പെട്ടിട്ടുണ്ട്.

ഇനി ഈ ഇടപാടുകളിൽ പലിശ ഒട്ടും ഇല്ലെന്ന് തന്നെ കരുതിയാൽ പോലും ഇതിൽ മറ്റൊരു വലിയ പ്രശ്നം കൂടിയുണ്ട്. നമ്മൾ നിശ്ചിത സമയത്തിനുള്ളിൽ പണം അടച്ചുതീർത്തില്ലെങ്കിൽ അവർ 'അപരാധപ്പണം' (Late fee അല്ലെങ്കിൽ Penalty) ഈടാക്കുമെന്നൊരു വ്യവസ്ഥ ഇതിലുണ്ട്. നിശ്ചയിച്ച കാലാവധി തെറ്റുമ്പോൾ തുക വർദ്ധിക്കുന്നത് ഇസ്ലാം കർശനമായി വിലക്കിയ പലിശയുടെ പരിധിയിലാണ് വരുന്നത്; ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന പലിശ രീതിയും ഇതുതന്നെയായിരുന്നു. 'ഞാൻ കൃത്യസമയത്ത് തന്നെ അടച്ചുകൊള്ളാം, ഒരിക്കലും അടവ് തെറ്റിക്കില്ല' എന്ന ഉറപ്പിൽ ഇത്തരം ഇടപാടുകളിൽ പങ്കാളികളായാൽ പോലും നമുക്ക് ഇതിന്റെ കുറ്റത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. കാരണം, കാലാവധി തെറ്റിയാൽ പിഴപ്പണം നൽകണം എന്ന തെറ്റായ ഒരു നിബന്ധനയുള്ള കരാറിലാണ് നമ്മൾ ഒപ്പുവെക്കുന്നത്. കടം കൊടുക്കുന്നയാൾക്ക് വാങ്ങുന്നയാൾ എന്തെങ്കിലും തരത്തിലുള്ള ഭൗതിക നേട്ടമുണ്ടാക്കുന്ന നിബന്ധനകൾ കരാറിൽ ഉൾപ്പെടുത്തുന്നത് തന്നെ പലിശയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

അതിനാൽ, അതത് കമ്പനികൾ നല്ല ഉദ്ദേശത്തോടെ തന്നെയാണ് ഈ ഇ.എം.ഐ. സൗകര്യം നൽകുന്നത് എന്ന് കരുതിയാൽ പോലും, കൃത്യമായ ശരീഅത്ത് നിയമങ്ങൾ പരിശോധിക്കുമ്പോൾ മുസ്ലിമീങ്ങൾക്ക് ഇത് അനുവദനീയമല്ല എന്ന് മനസ്സിലാക്കാം. പലിശയുടെ സാന്നിധ്യമോ അല്ലെങ്കിൽ അടവ് വൈകുമ്പോൾ പലിശയായി മാറുന്ന പിഴയോ ഇതിലുള്ളതിനാൽ, മറ്റു മാർഗ്ഗങ്ങളില്ലാത്ത തീർത്തും അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ ഇത്തരം ഇടപാടുകളിൽ ഏർപ്പെടാൻ പാടുള്ളതല്ല.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter