80 വർഷം മുമ്പ് ഒരുരൂപ കടം വാങ്ങിയവന് അത് ഇപ്പോഴാണ് വീട്ടുന്നതെങ്കിൽ ഒരു രൂപ നല്കിയാല് മതിയോ? ഒരു രൂപ കൊണ്ട് ഈ കടം വീടുമോ?
ചോദ്യകർത്താവ്
Rashid
Jan 12, 2020
CODE :Fat9565
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നാണയങ്ങള്‍ കടം വാങ്ങിയാല്‍ അത്രതന്നെ അളവില്‍ നാണയം തിരിച്ചുനല്‍കിയാണ് കടം വീട്ടേണ്ടത്. കടം നല്കുന്നവന് നല്കപ്പെടുന്നവന് ഉപകാരം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണല്ലോ നല്‍കുന്നത്. ഈ നാണയങ്ങള്കൊണ്ടുള്ള ഉപകാരം അത് തിരിച്ചുനല്കപ്പെടുന്നതുവരെ കടം നല്കപ്പെടുന്നവന് ലഭിക്കട്ടെയെന്ന സന്മനസ് കൊണ്ടാണ് കടം നല്‍കുന്നത്. അപ്പോള്‍ കാലങ്ങള്‍ക്ക് ശേഷമോ ചിലപ്പോള്‍ മണിക്കൂറുകള്‍ക്ക് ശേഷമോ കടം നല്കിയ സംഖ്യ തിരിച്ചുതരുമ്പോള്‍ കടം നല്കിയ സമയത്തെ ഉപകാരം അതുകൊണ്ട് ലഭിച്ചുകൊള്ളണമെന്നില്ല.
അപ്പോള്‍ ഒരു രൂപ 80 വര്‍ഷം മുമ്പ് കടം വാങ്ങിയവന് ഇപ്പോഴാണ് കടം വീട്ടുന്നതെങ്കിലും ഒരുരൂപ നല്കിയാല് മതി.
നാണയം ഭരണകൂടം നിര്‍വീര്യമാക്കിയാല്‍ പോലും നല്കപ്പെട്ട അതേ പോലുള്ള നാണയമാണ് തിരിച്ചുനല്‍കേണ്ടത് (ഫത്ഹുല്‍മുഈന്‍, തുഹ്ഫ 6/258)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.